തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

മണ്ണിനെ പെണ്ണാക്കുമ്പോള്‍ : പഴഞ്ചൊല്ലിലെ മണ്ണും പെണ്ണും


നമ്പൂതിരിയുടെ ഒരു രേഖാചിത്രം

മലയാളത്തിലെ സാഹിത്യ-സംസ്കാരികപഠനങ്ങളില്‍ ഏറെ ആദര്‍ശവല്ക്കരിക്കപ്പെട്ടവയാണ് പഴഞ്ചൊല്ലുകള്‍. കേരളത്തിനൊരു വിപുലവും സ്വയംപൂര്‍ണ്ണവുമായ കാര്‍ഷികസംസ്കാരവും മറ്റും ഉണ്ടെന്നും അതിന്റെ മഹിമകള്‍ നൂറ്റാണ്ടുകളോളം കാത്തുസൂക്ഷിക്കേണ്ടതാണെന്നും മിക്കപ്പോഴും വാദിക്കുന്നതും പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ചാണ്. പരിപാവനമായ ഇത്തരം അറിവുകളുടെ പത്തായമാണ് ചൊല്ലുകളെന്നാണ് സങ്കല്പം. മണ്ണ്, കാര്‍ഷികസംസ്കാരം എന്നിവയെക്കുറിച്ചുള്ള ചൊല്ലുകളുടെ ആവര്‍ത്തനത്തിലൂടെ വിപുലമായ ഒരു കാര്‍ഷികസംസ്കാരത്തിന്റെയും മണ്ണിനെ സ്നേഹിച്ച ജനതയുടെയും പാഠങ്ങള്‍ കാണാമെന്ന് ഈ വായനകള്‍ സൂചിപ്പിക്കുന്നു. പഴഞ്ചൊല്ലുകളും മുന്നറിയിപ്പുകള്‍തന്നെ. 'അറിയാത്തപിള്ള ചൊറിയുമ്പം അറിയും' എന്ന മുന്നറിപ്പ് പഴഞ്ചൊല്ലുകളുടെ പ്രധാനധര്‍മ്മം വ്യക്തമാക്കുന്നു. അനുഭവത്തെ ദീര്‍ഘകാലം ഓര്‍ത്തുവയ്ക്കുവാനുള്ള കഴിവും വ്യവസ്ഥാപിതമായ ശാബ്ദികവിന്യാസമാക്കിയ ഭാഷയുടെ പ്രയോഗക്ഷമതയും ഒത്തുചേര്‍ന്ന് അനന്തരതലമുറയ്ക്ക് നല്കുന്ന മുന്നറിയിപ്പുകളാണ് വാസ്തവത്തില്‍ പഴഞ്ചൊല്ലുകള്‍. 'ഏറെത്തിളച്ചാല്‍ കലത്തിനു പുറത്തെ'ന്ന നിയതമായ പരിധി വ്യക്തികള്‍ക്കു കല്പിക്കുമ്പോഴും പഴഞ്ചൊല്ലുകളിലൂടെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ ദിശാബോധം സൂചിതമാകുന്നുണ്ട് (വിഷ്ണുനമ്പൂതിരി). അതുകൊണ്ടുതന്നെ അവയെ ഗ്രാമത്തിന്റെ തത്ത്വശാസ്ത്രമായി കാണുകയുമാകാം. എല്ലാവരും അംഗീകരിക്കേണ്ടുന്ന ശരിയായ, ദൈവികമായ അറിവുകളുടെ കൂട്ടായ്മയാണെന്ന നിഷ്പക്ഷചിന്തകളെ പുതിയ സമീപനങ്ങള്‍ ചോദ്യംചെയ്യുന്നതായി കാണാം.

മലയാളിയുടെ പഴഞ്ചൊല്ലുകളുടെ തെളിമയില്‍ നിഴലിച്ചു കാണുന്നത് വികസിതമായ ഒരു കാര്‍ഷികസമൂഹക്രമവും അതിന്റെ ലോകബോധവും ജീവിതവീക്ഷണവുമാണ് എന്ന് രാഘവവാര്യര്‍ നിരീക്ഷിക്കുന്നു. ഈ സംസ്കാരത്തിന്റെ വിവിധ അധികാര- ശ്രേണീക്രമങ്ങളും ജാതി-വര്‍ഗ-ലിംഗ വ്യത്യാസങ്ങളുെ ഇവയില്‍ കൃത്യമായി കാണാം. അറിവുകളാണ് ഇത്തരം ചൊല്ലുകള്‍. ഇവയുടെ ഉപയോഗത്തിലൂടെ ഇത്തരത്തില്‍ ശ്രേണീവല്കരിക്കപ്പെട്ട സാമൂഹ്യക്രമം അതിന്റെ ആശയാവലിയെ ഊട്ടിയുറപ്പിക്കുകയാണെന്നു വ്യക്തം. അതിനാല്‍ ഇവയിലെ ആശയാവലികളെ കൂടുതലായി നിരീക്ഷിക്കുന്ന പ്രവണത ഇക്കാലത്തു ശക്തമായിട്ടുണ്ട്. കേവലമായി ചില അറിവുകള്‍ സമൂഹത്തില്‍ ഇവ ഉറപ്പിക്കകയല്ലെന്നും മറിച്ച് സവിശേഷമായിട്ടുള്ള പ്രത്യയശാസ്ത്ര ഇടപെടല്‍ നടത്തുകയാണെന്നും പറയാം. കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന ചൊല്ലിനെ മറിച്ചിട്ട് കൊക്കുകുളിച്ചാല്‍ കാക്കയാകുമോ എന്നുചോദിച്ച് ചൊല്ലുകളുടെ ജാതിസ്വഭാവത്തെ വിവരിച്ച കെ ഇ എന്നിന്റെ ഇടപെടല്‍ പഴഞ്ചൊല്ലുകളുടെ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ കാര്‍ഷികസംസ്കാരത്തിന്റെ ഭാഗമായ മണ്ണിനെക്കുറിച്ചുള്ള ചൊല്ലുകള്‍ പെണ്ണിനെക്കൂടി അതിന്റെ ഭാഗമായി അടയാളപ്പെടുത്തുന്നത് മനസ്സിലാക്കേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് രീതിയില്‍ മണ്ണുസങ്കല്പം പഴഞ്ചൊല്ലുകളില്‍ കാണാം.

1. വിപുലമായ കാര്‍ഷികസംസ്കാരത്തിന്റെ ഭാഗമായി മണ്ണിനെ സമീപിക്കുന്ന ചൊല്ലുകള്‍. മണ്ണിലിട്ടാല്‍ പൊന്ന്, മണ്ണുകൊടുത്തു പൊന്ന് വാങ്ങരുത്, മണ്ണെറിഞ്ഞാലും പൊന്നു കായ്ക്കും, മണ്‍ പറിച്ചുണ്ണരുത്. മണ്ണറിഞ്ഞു വളം ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം, മണ്ണറിഞ്ഞു വിത്ത്, മണ്ണിനു മത്തി, മണ്ണെറിഞ്ഞാലും പൊന്നു കായ്ക്കും, മണ്ണേറിയാല്‍ വെള്ളമുണ്ട്, വെള്ളമേറിയാല്‍ മണ്ണുമുണ്ട്, എന്നിങ്ങനെയുള്ള ചൊല്ലുകള്‍ മണ്ണിന്റെ പ്രസക്തിയും വിലയും കാണിക്കുന്നു. മണ്ണിലെ കൃഷിയെയും ഉപജീവനത്തെയും ലക്ഷ്യംവയ്ക്കുന്ന ഒരു സാമൂഹികത ഇവയില്‍ കാണാം. മണ്ണും പൊന്നും തമ്മിലുള്ള ബന്ധവും ശ്രദ്ധിക്കണം.സാമ്പത്തികമായി പൊന്ന് നിര്‍ണ്ണായകയമായ കാലത്താണ് ഈ ചൊല്ലുകള്‍ രൂപംകൊണ്ടിട്ടുള്ളതെന്നു വ്യക്തം. അത്തരം സാമ്പത്തികചിന്തകള്‍ക്കുമീതെയും കീഴടക്കിയും മണ്ണിനെ നിര്‍വ്വചിക്കുന്നു, ഈ ചൊല്ലുകള്‍. ഒന്നിലേറെ നൂറ്റാണ്ടുകളുടെ പഴക്കം ഈ ചൊല്ലുകള്‍ക്കു കാണാം. വ്യത്യസ്തകാലത്തെ സാമൂഹികപരിണാമങ്ങളുടെ മുഴക്കം ഇവയില്‍ വ്യക്തം. ആധുനികമായ കലത്ത് ഇവ പൊതുവായ തത്വം- എല്ലാവരേയും ജാതി-മത-ലിംഗ-വര്‍ഗ്ഗ ഭേദമെന്യേ- ബാധിക്കുന്ന ജീവിതചിന്ത- എന്നനിലയിലാണ് നാം സാധാരണ കാണുക. എന്നാല്‍ ജാതിവ്യവസ്ഥയിലൂടെ എല്ലാം നിര്‍ണ്ണയിക്കപ്പെട്ട, മണ്ണില്‍ അടിയാളര്‍ പണിയെടുക്കുകയും ജന്മിമാര്‍ അതിന്റെ ഫലം അനുഭവിക്കുകയുംചെയ്ത ഫ്യൂഡല്‍കാലത്ത് മണ്ണിനെ നേട്ടങ്ങളും പൊന്നുമായിട്ടുള്ള അതിന്റെ ബന്ധങ്ങളും എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന പ്രശ്നം അത്ര നിസ്സാരമല്ലെന്നു കാണാം. മണ്ണിന്റെ ഉടമസ്ഥതയുള്ള, മണ്ണിന്റെ നേട്ടങ്ങളൊക്കെ പാട്ടമായും മറ്റും എത്തിച്ചേരുന്ന ജന്മിത്വത്തിന്റെ നേട്ടമായിട്ടാണ് ഇവ വരിക.

2. മണ്ണിനെ വളരെ നിസാരമാക്കിയോ ദുര്‍ബ്ബലമാക്കിയോ ആണ് വ്യവഹരിക്കുന്നത്. ഇത്തരത്തില്‍ ധാരാളം ചൊല്ലുകള്‍ കാണാം. മണ്‍പടപടയല്ല പെണ്‍പടപടയല്ല, മണ്‍പൂച്ച എലിയെ പിടിക്കില്ല, മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട, മണ്‍കുതിരയില്‍ കയറി പുഴകടക്കാനൊക്കുമോ?, മണല്‍കൊണ്ട് അണകെട്ടൊലാ എന്നിങ്ങനെയുള്ള ചൊല്ലുകള്‍ സൂചിപ്പിക്കുന്നത് മണ്ണ് എന്നത് ദുര്‍ബ്ബലമായ ഒന്നാണെന്നും അതുകൊണ്ട് വലിയ കാര്യങ്ങള്‍ സാദ്ധ്യമല്ലെന്നുമാണ്. ഒന്നിനെയും നേരിടാവുന്ന ചെറുക്കാനാവുന്ന ഒന്നല്ല മണ്ണെന്ന സൂചന എന്താണ് അടയാളപ്പെടുത്തുന്നത്? മണ്ണിന്റെ ജൈവികമായ സ്വഭാവത്തെയാണോ ഇത് കുറിക്കുന്നത്? മണ്ണ് സാംസ്കാരികഘടനയില്‍ മൂല്യവത്തായിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് അതിന്റെ ജൈവികതയിലൂടെ അത് ദുര്‍ബ്ബലമാണെന്നു സ്ഥാപിക്കുന്നത്? ആദ്യം പറഞ്ഞ ചൊല്ലുകളും ഈ ചൊല്ലുകളും തമ്മില്‍ വൈരുദ്ധ്യം സൃഷ്ടിക്കപ്പെടുന്നതുംകാണാം.

മണ്ണും പെണ്ണും ഒന്നാകുമ്പോള്‍

മണ്ണുമായി ബന്ധപ്പെട്ട ചൊല്ലുകളില്‍ ഭൂരിപക്ഷവും മണ്ണിനെ സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് വിവരിക്കുന്നത്.
പെണ്ണ് മുറിച്ചാല്‍ മണ്ണു മുറിയുമോ?,
അന്തിയ്ക്കാകാത്ത പെണ്ണും ചന്തിയ്ക്കാകാത്ത മണ്ണും ഇല്ല,
പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നത്,
പെണ്ണുകെട്ടി കണ്ണും പൊട്ടി,
മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ,
വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല ആണിനൊതുങ്ങാത്ത പെണ്ണുമില്ല,
മണ്ണാലെ ചത്തു പെണ്ണാലെ ചത്തു,
മണ്ണായാലും മനയായാലും പെണ്ണായാലും പേണിയവര്‍ക്ക്
മണ്ണിനെയും പെണ്ണിനെയും രക്ഷിച്ചാല്‍ അവരും രക്ഷിക്കും
മണ്ണിളകിയില്ലെങ്കില്‍ പെണ്ണിളകും
മണ്ണുണ്ടെങ്കില്‍ പെണ്ണുമുണ്ട്
മണ്ണുമൂത്താല്‍ പൊന്ന് പെണ്ണുമൂത്താല്‍ മണ്ണ്
മണ്ണുമൂത്താല്‍ വെട്ടിവാഴും പെണ്ണുമൂത്താല്‍ കെട്ടിവാഴും
മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി
പെണ്ണാശ ഒരുവശത്ത് മണ്ണാശ ഒരുവശത്ത്
പെണ്ണിനു പൊന്നിട്ടു നോക്കുക ചുവരിനു മണ്ണിട്ടു നോക്കുക
പെണ്ണിനെയും മണ്ണിനെയും ദണ്ഡിപ്പിച്ചാല്‍ ഗുണമുണ്ട്
തുടങ്ങി നിരവധി ചൊല്ലുകള്‍ ഉണ്ട്. പെണ്ണിനെ മലയാളം പഴഞ്ചൊല്ലുകള്‍ വിവരിക്കുന്നത് ആണിനു കീഴടങ്ങി നില്ക്കുന്ന നില്ക്കേണ്ടുന്ന അങ്ങനെ നിന്നാല്‍ നേട്ടങ്ങളൊക്കെയുണ്ടാകുന്ന സ്വത്വമായാണ്. പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി, പെണ്‍ബുദ്ധി പിന്‍ബുദ്ധി ഇങ്ങനെ നിരവധി ചൊല്ലുകളിലൂടെ പെണ്ണുമായി ബന്ധപ്പെട്ടതെല്ലാം പിന്നാക്കമാണെന്നും ആണ്‍കോയ്മയാണ് ശരിയെന്നും സ്ഥാപിച്ചിട്ടുണ്ട്. ഐസിഎസായാലും പെണ്ണ് ആണിനു കീഴെ എന്നപോലെയുള്ള വളരെ ആധുനികമായ ചൊല്ലുകള്‍ ഓര്‍ക്കുക. അതേസമയം ആണിനെയും ആണത്തത്തെയും നിര്‍വ്വചിക്കുന്നത് അധികാരത്തിന്റെ അടയാളമായാണ്. ആണായാല്‍ കണക്കിലാവണം, പെണ്ണായാല്‍ പാട്ടിലാവണം, ആണത്തം വിട്ടാല്‍ കൊണത്തിലിരിക്കും, ആണിരിക്കും കുടുംബത്തു പെണ്ണു കാര്യം നോക്കിയാല്‍ പെരയിരിക്കും തൂണു താഴെ, ആണിരിക്കും പുര പാല്, ആണില്ലാത്ത നാട്ടില്‍ ആമ്പട്ടന്‍ രാജാവ്, ആണു തുമ്മിയാല്‍ ആന ഞെട്ടണം...... അധികാരപരമായി ലിംഗപരമായ ദുര്‍ബ്ബലതയുടെ അടയാളമായാണ് സ്ത്രീയെ ചിഹ്നവല്കരിച്ചിരിക്കുന്നത്.

വ്യത്യസ്തകാലഘട്ടങ്ങളിലെ ആണും പെണ്ണും എല്ലാ ജാതികളിലെയും ആണിനെയും പെണ്ണിനെയും അടയാളപ്പെടുത്തിയിരുന്നോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പ്രത്യേകിച്ച് കീഴാളരെ മനുഷ്യരായിപ്പോലും കരുതാതിരുന്ന ഫ്യൂഡല്‍കാലത്തിന്റെ വിനിമയങ്ങളില്‍. എന്നാല്‍ ആധുനികമായ കാലത്ത് ഇത് എല്ലാ ആണിനെയും പെണ്ണിനെയും കുറിക്കുന്നു എന്നുകാണാം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട പ്രശ്നം മരുമക്കത്തായം പോലെ പെണ്ണിന് പലതരം അധികാരങ്ങള്‍ (സാങ്കേതികമായിട്ടെങ്കിലും) നിലനിന്ന സമൂഹക്രമത്തില്‍ - നായര്‍ ആദിയായവരില്‍- ആ അധികാരത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളൊന്നും ചൊല്ലുകളായി കാണുന്നില്ലെന്നതാണ്. പെണ്‍പടപടയല്ല എന്ന ചൊല്ലിലൂടെ ഒരുകാലത്ത് കേരളത്തില്‍ അപൂര്‍വമായി ഉണ്ടായിരുന്ന സ്ത്രീഭരണത്തെയും പട്ടാളശക്തിയെയുമൊക്കെ നിസ്സാരവല്‍കരിക്കുകയാണ്. അധികാരരഹിതയായ പെണ്ണും അധികാരത്തിന്റെ മൂര്‍ത്തിയായ ആണും എന്ന വിഭിന്ന സ്വത്വങ്ങളാണ് ചൊല്ലുകളിലെ ലിംഗഘടന.

ആണിനെ ഭരിച്ചാലോ താന്‍കോയ്മ കാണിച്ചാലോ അപകടം ഉണ്ടാവുകയും പെണ്ണത്തം ശരിയല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു ഈ ചൊല്ലുകള്‍. വ്യക്തമായ കേരളീയമായ പുരുഷാധികാരത്തിന്റെ നടുവിലാണ് ഇത്തരം ചൊല്ലുകള്‍ ഉണ്ടായതെന്നു വ്യക്തം. ഇവിടെ, മണ്ണും പെണ്ണും തുല്യമാണെന്നും പെണ്ണെന്നു പറയുന്ന ദൗര്‍ബ്ബല്യത്തിന്റെ അടയാളമായി പെണ്ണിനെയും മണ്ണിനെയും ഉപമിക്കുന്നതാണ് കാണുന്നത്. പുരുഷന്‍ കരുത്തനാണെന്നും സ്ത്രീ ദുര്‍ബലയാണെന്നും പുരുഷനാല്‍ സംരക്ഷിക്കപ്പടേണ്ടുന്നവരാണ് മണ്ണും പെണ്ണും എന്നത് ഇവിടെ ആവര്‍ത്തിക്കുന്നു. പെണ്ണ് മുറിച്ചാല്‍ മണ്ണു മുറിയുമോ?, അന്തിയ്ക്കാകാത്ത പെണ്ണും ചന്തിയ്ക്കാകാത്ത മണ്ണും ഇല്ല, പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നത്...തുടങ്ങിയവയില്‍ കാണുന്നത് പെണ്ണത്തത്തെ വളരെ നിസ്സാരീകരിക്കുകയും മണ്ണിനെ അതുമായി കൂട്ടിച്ചേര്‍ക്കുകയുമാണ്. അക്രമസ്വഭാവവും കടന്നുകയറ്റവുമില്ലാതെ നിസ്സംഗയായി ഇരിക്കുന്നവളാണ് സ്ത്രീയും മണ്ണെന്നുമുള്ള താരതമ്യം ഇവിടെ കാണുന്നു. കേവലം ദൗര്‍ബല്യത്തിന്റെ അടയാളങ്ങളായി മണ്ണിനെ വായിക്കുന്ന സമീപനം കാര്‍ഷിക സംസ്കാരത്തെക്കുറിച്ചുള്ള കേരളീയയുക്തികളെ ചോദ്യംചെയ്യുന്നു എന്നു പറയാം. സങ്കീര്‍ണവും അധികാരപൂര്‍ണവുമായ ഒരു പുരുഷാധികാരത്തിനു കീഴിലാണ് കേരളീയ സാമൂഹികത പ്രവര്‍ത്തിച്ചത് എന്നിത് ചൂണ്ടിക്കാണിക്കുന്നു. ആ അധികാരത്തിനു കീഴിലെ ക്രയവിക്രയ വസ്തുവായിരുന്നു മണ്ണും പെണ്ണും. രണ്ടിന്റെയും കീഴടങ്ങലിന്റെ പാഠങ്ങളാണ് ഈ ചൊല്ലുകളുടെ രാഷ്ട്രീയം.
ക. കേവലമായ, ദുര്‍ബലമായ വസ്തുവല്കരണം
ഖ. ഭിന്നലൈംഗിക വിവാഹത്തിന്റെ താത്പര്യങ്ങള്‍.
ഗ. കുടുംബത്തിന്റെ അകത്തെ ജീവിതം മാത്രം.
ഘ. പുരുഷന്റെ ഉടമസ്ഥത
ങ. സ്വാതന്ത്ര്യമോ കര്‍തൃത്വമോ ഇല്ല. മറ്റുള്ളവരാല്‍ ദണ്ഡിപ്പിക്കുകയോ രക്ഷിക്കുകയോ നയിക്കുകയോ വേണം.

സങ്കീര്‍ണമായ കേരളീയ സാമൂഹികതയുടെ പാഠങ്ങളാണ് പഴംഞ്ചൊല്ലുകള്‍. വിവിധകാലത്തെ സാമൂഹികാധികാരക്രമങ്ങളുടെ വിനിമയപാഠങ്ങളാല്‍ കലുഷിതമാണ് അവ. സ്ത്രീയെക്കുറിച്ചും അവ ഉല്പാദിപ്പിക്കുന്ന വിവക്ഷകള്‍ കൃത്യമായ പുരുഷാധികാരത്തെ നിര്‍വ്വചിക്കുന്നു. മണ്ണിനെ സ്ത്രീയുമായി ചേര്‍ക്കുകയും അവളുടെ 'ദുര്‍ബ്ബലത'യെ മണ്ണുമായും കൂട്ടിയിണക്കുയും ചെയ്യുന്ന ചൊല്ലുകളുടെ പാഠങ്ങള്‍ മണ്ണിനെയും പെണ്ണിനെയും നിര്‍വ്വചിക്കുകന്നത് കേലവം ഉപഭോഗ, ക്രയവിക്രയ വസ്തു എന്ന നിലയിലാണ്. അല്ലെങ്കില്‍ കൊടുക്കാന്‍ പാടില്ലാത്ത ഒന്നെന്ന നിലയിലും. ഭക്ഷണം പോലുള്ളവയിലൂടെ നിലനില്പ് സാദ്ധ്യമാക്കുന്ന വസ്തുവെന്ന നിലയിലാണ് ഇതെല്ലാം വരുന്നത്. ഇത് മണ്ണെന്ന/പെണ്ണെന്ന 'പവിത്രമായ' സങ്കല്പത്തെ ചോദ്യം ചെയ്യുന്നു. കേവലമായ ജൈ/ദൈവികതയെന്ന നിലയില്‍ മണ്ണ് കേരളത്തിന്റെ സംസ്കാരികാന്തരീക്ഷത്തില്‍ നിലനിലനില്ക്കുന്നില്ല. മറിച്ച് ഓരോ കാലത്തെയും ജാതി-ലിംഗാധികാര-സാമ്പത്തിക താത്പര്യങ്ങളുടെ ഘടനയ്ക്കകത്താണ് മണ്ണും പെണ്ണും രൂപംകൊണ്ടത്. അങ്ങനെ, സാമൂഹികബന്ധങ്ങളിലെ അധികാരഘടനകളെ നീതിമത്കരിക്കുന്ന വ്യവഹാരമായി ചൊല്ലുകള്‍ മാറുന്നു. എന്തുകൊണ്ടാണ് മണ്ണിനെയും പെണ്ണിനെയും കീഴടക്കിയവരുടെ അധികാരത്തിനെതിരേ എതിര്‍ചൊല്ലുകള്‍ രൂപപ്പെടാഞ്ഞതെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.

ഗ്രന്ഥസൂചി
1. പി. സി. കര്‍ത്താ: പഴഞ്ചൊല്‍ പ്രപഞ്ചം, ഡിസി ബുക്സ്, കോട്ടയം.
2. എം.വി വിഷ്ണുനമ്പൂതിരി: നാടോടി വിജ്ഞാനീയം, ഡിസി ബുക്സ്, കോട്ടയം.
3. എം. ആര്‍ രാഘവവാര്യര്‍,2006: അമ്മവഴിക്കേരളം, കേരള സാഹിത്യഅക്കാദമി, തൃശൂര്‍.

Subscribe Tharjani |