തര്‍ജ്ജനി

ജയേഷ്. എസ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

സിനിമ

അപ്രതീക്ഷാനിര്‍ഭരമായ ഗാനം

കോയെന്‍ സഹോദരന്മാരുടെ Inside Llewyn Davis എന്ന ചലച്ചിത്രം തുടങ്ങുന്നത് ഗ്യാസ്ലൈറ്റ് കഫേയില്‍ പാടുന്ന ലെവിന്‍ ഡേവിസ് എന്ന ഫോക്ക് സംഗീതജ്ഞനില്‍ നിന്നാണ്. ഡേവ്വാൻറോങ്ക് എന്ന സംഗീതജ്ഞന്റെ Hang me, Oh hang me, and I'll be dead and gone എന്നഗാനമാണ് അയാള്‍ ആലപിക്കുന്നത്.

അമേരിക്കന്‍ ഫോക്ക് സംഗീതജ്ഞനായിരുന്ന ഡേവ്വാൻറോങ്കിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ലെവിന്‍ ഡേവിസിന്റെ കഥാപാത്രരൂപീകരണം. വാൻറോങ്കിന്റെ സംഗീതം തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. സിനിമയില്‍ ലെവിന്റെ ആൽബത്തിന്റെ കവർപോലും ഡേവ് റാങ്കിന്റേതുമായി സാമ്യംപുലർത്തുന്നു. സിനിമയുടെ മുന്നോട്ടുള്ള യാത്രയിലേയ്ക്കുള്ള സൂചനയാകുന്നു ഈ ഗാനം.

ലെവിൻഡേവിസ് ദസ്തേവിസ്കിയുടെ കഥാപാത്രത്തിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരാളായിട്ടാണ് സിനിമയിലുടനീളം പെരുമാറുന്നത്. ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നും വച്ചുപുലർത്താത്ത, അല്ലെങ്കിൽ നിരാശതകളിൽനിന്നും നിരാശതകളിലേയ്ക്ക് കൂപ്പുകുത്തുന്ന ഒരാൾ. അയാളുടെ സോളോ ആൽബം വിൽക്കപ്പെടുന്നില്ല. കിടന്നുറങ്ങാൻ മറ്റുള്ളവരുടെ സോഫകളിൽ ഇടംഇരക്കേണ്ടിവരുന്നു. പണം ഒട്ടുമില്ല. ഇങ്ങിനെയൊക്കെയാണെങ്കിലും കടകവിരുദ്ധമെന്ന് തോന്നുന്ന നിലയിൽ ഒട്ടേറെ വാശികളും പിടിവാദങ്ങളും അയാൾ വച്ചുപുലർത്തുന്നു. അതിന്റെ പേരിൽ നല്ലഇടിയും ഇരന്നുമേടിക്കുന്നുണ്ട്.

ഗർഭിണിയായ തന്റെ കൂട്ടുകാരി, ആ കുഞ്ഞിന്റെ പിതാവ് ലെവിൻ ആകുമെന്ന ഭയത്തിൽ ഗർഭഛിദ്രത്തിനൊരുങ്ങുന്നു. അത്രയും അപമാനിക്കുന്നവിധത്തിൽ ശകാരിക്കുന്ന (മിഡാസിന്റെ മണ്ടൻസഹോദരൻ!) അവളോട് അതിനുള്ള പണം ചിലവാക്കാമെന്നും അയാൾ സമ്മതിക്കുന്നു. ഇത്തരത്തിൽ പുറംതള്ളപ്പെടുമ്പോഴും അയാൾ ഒന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. അല്ലെങ്കിൽ, കാഴ്ചക്കാരനെ മണ്ടന്മാരാക്കുന്നത് പോലെ നിസ്സംഗത ഭാവിക്കുന്നു. അയാൾക്ക് തന്റെ സംഗീതമൊഴിച്ച് വേറൊന്നും പ്രശ്നമല്ലെന്ന ജീനിയസ്സായ കലാകാരന്റെ നിഷ്കളങ്കതയുമാകാം.

സാധാരണസിനിമകളിലെപ്പോലെ ശുഭപര്യവസാനിയായ ഒരു അന്ത്യമൊന്നും കോയൻസഹോദരന്മാർ ലെവിൻ ഡേവിസിന്ന് നല്‍കുന്നില്ലെന്ന് സിനിമ ആദ്യംമുതലേ തുടരുന്ന സംഘർഷത്തിന് അടിവരയിടുന്നു. അയാളുടെ ജീവിതം മുന്നോട്ടെന്നല്ല, എങ്ങോട്ടുംനീങ്ങുന്നില്ല. മടുപ്പിക്കുന്ന നിശ്ചലതയാണ് അയാളുടെ ജീവിതത്തിന്. പ്രതീക്ഷ എന്ന വാക്കിന് ഒരു വിലയും നൽകാത്ത ജീവിതം. ആവർത്തനവിരസമായ ഗാനംപോലെ അയാളുടെ ദിവസങ്ങളും വീട്ടിൽ നിന്നിറങ്ങി തിരിച്ചുകയറുന്നു. ഇടയ്ക്ക് അയാളെ അല്പമെങ്കിലും ഇളക്കുന്നത് ഒരു പൂച്ചയാണ്. സിനിമയുടെ തുടക്കത്തിൽ ആ പൂച്ച അയാൾക്കൊപ്പം പുറത്തുചാടുന്നു. സുഹൃത്തിന്റേതാണ് യൂളിസിസ് എന്ന് പേരുള്ള ആ പൂച്ച. തട്ടിമുട്ടിപോകുന്ന ലെവിന്റെ ജീവിതത്തിൽ നഷ്ടപ്പെടുന്ന പൂച്ച ഒരു വേദനയാകുന്നു (A pain in the ass). പിന്നീട് പൂച്ചയെ കണ്ടെത്തി കൂട്ടുകാരന് അതിനെ തിരിച്ചേൽപ്പിക്കാൻ പോകുമ്പോൾ രണ്ടാമതും കബളിപ്പിക്കപ്പെടുന്നു. ഒരുപക്ഷേ, ലെവിന്റെ ജീവിതത്തിൽ അയാളോട് അത്രയും സ്നേഹത്തോടെ പെരുമാറിയിട്ടുള്ളതും ആ പൂച്ചയായിരുന്നിരിക്കണം. ഒരു യാത്രയ്ക്കിടയിൽ കാറിന്റെയുള്ളിൽ അതിനെ ഉപേക്ഷിക്കുന്നതോടെ ലെവിന്റെ ഏകാന്തത വീണ്ടും പൂർണ്ണമാകുന്നു. സിനിമയിലെ ആദ്യരംഗങ്ങൾ അവസാനഭാഗത്തും ആവർത്തിക്കുന്നതിലൂടെ ലെവിന്റെ നിശ്ചലമായ ദിവസങ്ങളെ അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. പൂച്ചയെ പുറത്തുചാടാൻ അനുവദിക്കുന്നില്ലെന്ന വിത്യാസം മാത്രമേ കാണാൻ കഴിയൂ. സംവിധായകൻതന്നെ പറയുന്നു: "the film doesn't really have a plot. That concerned us at one point; that's why we threw the cat in.

അയാൾ വീണ്ടും തന്റെ രീതികളിലേയ്ക്ക് ഉണരുന്നു. വഴക്കുണ്ടാക്കുന്നു. ഇടിമേടിക്കുന്നു. ലെവിന്റെ ജീവിതം ദുരിതചക്രങ്ങളിലേയ്ക്ക് ഉരുളുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു കോഫീഹൌസ് ആയിരുന്നു ദ ഗ്യാസ് ലൈറ്റ് കഫേ. ഫോക്ക്സംഗീതത്തിന് പ്രശസ്തമായിരുന്നു ഗ്യാസ് ലൈറ്റ് കഫേ. തുടക്കത്തിൽ ഗ്യാസ് ലൈറ്റ് കഫേ ഒരു ബാസ്ക്കറ്റ് ഹൌസ് ആയിരുന്നു. പ്രതിഫലമില്ലാത്ത ഗായകർ പാടിയതിന് ശേഷം ബാസ്ക്കറ്റുമായി പണം പിരിയ്ക്കാനിറങ്ങി കിട്ടുന്നതാണ് അവരുടെ വരുമാനം. ബോബ് ഡിലനെപ്പോലുള്ള ലോകപ്രശസ്ത ഫോക്ക്/കണ്ട്രി ഗായകർ ഗ്യാസ് ലൈറ്റ് കഫേയിൽ പാടിയിട്ടുണ്ട്. സിനിമയുടെ അവസാനം ലെവിൻ ഇനി വയ്യ എന്ന് പറയുന്നത് ഈ ബാസ്ക്കറ്റ് പിരിവ് തന്നെ.

Subscribe Tharjani |