തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

Visit Home Page ...

ലേഖനം

ചിരിക്കുരുതിയിലെ ചിരിയില്ലാപ്പഴുത്

ഈയിടെ അന്തരിച്ച കവി അസ്മോ പുത്തന്‍ചിറയുടെ കവിതയും വ്യക്തിത്വവും

"നക്ഷത്രത്തുളയുള്ള
ആകാശ തമ്പിന്‍കീഴില്‍
പലരാവില്‍ പതിവായി
കുരുതി കൊടുക്കും കരി-
നീല ഞരമ്പുകളോടും
കളിരംഗക്കരുക്കള്‍." (ചിരിക്കുരുതി)

തീവ്രമായ വേദനയിലും, പിടയുള്ള ഉള്ളിനെ ഉലയ്ക്കുന്ന കവിതകളിലൂടെ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളോളം മലയാളത്തില്‍ നിറഞ്ഞുനിന്ന കവിയാണ്‌ അസ്മോ പുത്തന്‍ചിറ. ഇടറിയ ഒരു നോട്ടത്തില്‍ ചങ്കുപൊട്ടുന്ന വേദനയില്‍ അസ്മോക്ക ജിവിതത്തിന്റെ വിവിധ വശങ്ങളെ അക്ഷരത്തുണ്ടുകളാക്കി കവിതയിലേക്ക് ഉരുക്കിയൊഴിച്ചതുകൊണ്ടാണ് "ഒരു കവിത/ വക്കുപൊട്ടിയ അക്ഷരങ്ങള്‍കൊണ്ട്/ ജീവിതം വരച്ചു" എന്ന് എഴുതാന്‍ കഴിയുന്നത്.

"ഇനിയേതു പുനര്‍ജന്മത്തില്‍
തണല്‍തേടി; തളര്‍ന്നുലഞ്ഞ
ഭാരവുംപേറി നടന്നു നീങ്ങുന്നു നീ? കവിതയുടെ ഭാരം പേറി ജീവിതമത്രയും നടന്നു നീങ്ങിയ കവി.

“ഒടുവില്‍
രംഗമൊഴിയുമ്പോഴാണ്
നാമറിയുക
അവന്റെ കാലില്‍
ചങ്ങലയില്ലായിരുന്നെന്ന്" അതെ അസ്മോ രംഗമൊഴിഞ്ഞു. ഇനി കവിതയോ അക്ഷരങ്ങളോ ഇല്ലാത്ത ലോകത്ത് പാറിക്കളിക്കുന്നുണ്ടാവും. നിഷ്കളങ്കമായ ജീവിതം ഒരു സാക്ഷിയെപ്പോലെ നമുക്ക് മുന്നില്‍ തുറന്നിട്ട്‌ അസ്മോകവിതയുടെ നാല് അതിരുകള്‍ക്കപ്പുറത്തേക്ക് എന്തിനാണ് ഇത്ര പെട്ടെന്ന് ചാടിക്കടന്നത്, ചതിയുടെ ചിലന്തിവലകള്‍ കണ്ണിമ വെട്ടുമ്പോള്‍ നമ്മെ മൂടുന്ന ഈ ലോകത്ത് എവിടെയോ അസ്മോയും നിരന്തരം വേട്ടയാടപ്പെട്ടിരുന്നോ?

"നല്ലവനെ
ചതിക്കാനെളുപ്പം
പറയുന്നതില്‍
സത്യമേ കാണൂ"
(ചതി)

"നീതിക്ക് കുരുതി കൊടുക്കും
നിണമൊഴുകും തെരുവില്‍
നിലവിട്ട് കേഴുമ്പോ-
ളെങ്ങനെ ഞാന്‍ നിന്നോടു മിണ്ടാന്‍"
(മൗനമുദ്രകള്‍)

“പോര്‍ക്കളത്തില്‍
ശാപവാക്കുകള്‍ തേരൊലികള്‍
ഖഡ്ഗശീല്‍ക്കാരങ്ങളില്‍
കൂടപ്പിറപ്പിന്‍ ഗദ്ഗദം
വാര്‍ന്നിറ്റുവീഴുന്ന നൊമ്പരം"
(പടയണി)

കടുത്ത വേദന ഉള്ളില്‍ പേറിയുള്ള കവിയുടെ തീനടത്തമാകാം ഈ വരികള്‍. എന്നാലും ആരോടും പരിഭവം പറയാതെ ഒരു മുയല്‍ക്കുഞ്ഞിന്റെ മുഖത്തോടെ ചെറുപുഞ്ചിരി ചുണ്ടില്‍ ബാക്കി നിര്‍ത്തി കവി മൌനം മരുന്നായി സ്വീകരിക്കുന്നു.

“എല്ലാവരേയും
മിത്രങ്ങളാക്കാന്‍
കഴിഞ്ഞില്ലെങ്കിലും
ആരേയും
ശത്രുക്കളാക്കാതിരിക്കാന്‍
മൗനം കുടിക്കുക"
(മരുന്ന്)

കവി സമാധാനത്തിന്റെ തണല്‍തേടി ഏറെ അലയുന്നവനാണ്. അസ്വസ്ഥമായ ഇടങ്ങളാണല്ലോ ഓരോ കവിഹൃദയങ്ങളും.

“ചിലര്‍ക്ക് കരച്ചില്‍ ഒരു തണലാണ്
നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ
പരിഹാസശരങ്ങളെ പ്രതിരോധിക്കാന്‍
എത്തുന്നത് അവിടെയാണ്."
(തണല്‍)

നിരന്തരാന്വേഷണത്തിലൂടെ അസ്മോ കവിതയുടെ പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അധികം ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ അലയുകയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം നല്കിയ പാഠങ്ങള്‍ കവിതയിലൂടെ ആവാഹിക്കുകയായിരുന്നു മരുഭൂമിയുടെ കടുത്ത ചൂടും അപ്രതീക്ഷിതമായി അതിനെ നോക്കി ചിരിക്കുന്ന മഴയും വന്മരങ്ങളുടെ നിഴല്‍ പതിക്കാത്ത മരുഭൂമിയും കവിതയില്‍ ഒഴിവാക്കാനവാത്ത അടയാളമായി മാറുന്നു. അസ്മോയുടെ ലോകം വിശാലമാണ്. അതുകൊണ്ടാണ് മുസഫ്ഫയില്‍ നിന്നും ബസ്സില്‍ വരുമ്പോള്‍ ലോകത്തിന്റെ പരിച്ഛേദമാകുമീ മണല്‍ നഗരത്തെത്തന്നെ ജീവിതത്തിനൊപ്പം കൂട്ടിക്കെട്ടി തീഷ്ണമായ ജീവിതയാഥാര്‍ത്ഥ്യം വരച്ചുകാട്ടുമ്പോള്‍ 'ബസ്സില്‍ മുസഫ്ഫയില്‍ നിന്നു അബുദാബിയിലേക്ക്’എന്നൊരു കവിതയില്‍

“വാലറ്റത്ത് ഒരിടവുമില്ലാതെ
അനാഥമായി
തൂങ്ങിപ്പിടിച്ചുനില്ക്കുന്ന കവിത” എന്ന് താന്‍തന്നെ തൂങ്ങിനില്ക്കുന്നത്. എന്നും അസ്മോ അങ്ങനെയായിരുന്നു. കവിതയില്‍ അല്ലാതെ കവി എവിടെയും ഉറച്ചു നിന്നില്ല “നേടിയില്ലെന്ന ഖേദം
നോട്ടപ്പിശകിന്
വെച്ചുമാറുന്നു
ഓട്ടപ്പന്തയത്തിലെ
മുയല്‍"
(ഓട്ടം)

സ്വന്തം ജീവിതാനുഭവം 'പിന്ഗാമി' എന്ന കവിതയില്‍ അദ്ദേഹം യാഥാര്‍ത്ഥ്യബോധത്തോടെ തന്നെ പറയുന്നുണ്ട്.
''ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞ് ജനിച്ചിട്ടില്ല.
കവി പ്രതികരിച്ചു
നമുക്കല്ലാതെ
ഈ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടില്ല'' ഇങ്ങനെ പറയാന്‍ അസ്മോയ്ക്ക് മാത്രമേ സാധിക്കൂ.

കലര്‍പ്പില്ലാത്ത തന്റെ ജീവിതത്തിലൂടെ താന്‍ സ്വായത്തമാക്കിയ സങ്കീര്‍ണ്ണമല്ലാത്ത അറിവുകള്‍ കുറഞ്ഞ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു. അതിനാല്‍ കവിത ലളിതം. തന്റെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും പ്രവാസിയായി കഴിയുകയും ഓരോ നിമിഷവും മലയാളമണ്ണിനെ മനസ്സിലേറ്റിയാണ് കവി ജീവിച്ചത്. ജീവിതം മുഴുവന്‍ ഒരു സാഹിത്യപ്രവര്ത്തകനാവുക സാഹിത്യകൂട്ടായ്മകള്‍ സംഘടിപ്പിക്കുക, സൗഹൃദം വളര്ത്തുക, സൗഹൃദത്തെ കാത്തു സൂക്ഷിക്കുക ഇതായിരുന്നു അസ്മോ.

മനുഷ്യര്‍ക്കിടയില്‍ സ്പര്ദ്ധയുടെ വേരുകള്‍ ആഴ്ന്നിറങ്ങി സമൂഹം വല്ലാതെ ഭിന്നിച്ചുപോകുമ്പോള്‍ കവി വല്ലാതെ ആകുലപ്പെട്ടിരുന്നു. കവിതകളാല്‍ അദ്ദേഹം അതിന്റെ നേര്ചിത്രം വരക്കുമ്പോള്‍ തന്റെ ശരീരവും ചൂടേറി പോകുന്നു എന്ന് പലവട്ടം കവി പറയുന്നു. അബുദാബിയിലെ പോയട്രി കോര്‍ണറിന്റെ ക്യാപ്റ്റനായി ഏറെക്കാലം അസ്മോ വിവിധരാജ്യങ്ങളിലെ കവികളുമായി സംവദിച്ചു. കോലായ എന്നാ സാഹിത്യകൂട്ടായ്മയിലൂടെ പുതുവഴി തേടുന്ന പലരെയും അത്യന്തം ആഹ്ലാദത്തോടെ സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി എത്ര സമയം ചെലവഴിക്കാനും സഹൃദയകനാകാനും തയ്യാറാകുന്ന രീതിയാണ് അസ്മോയെ ഏറെ വ്യത്യസ്തനാകുന്നത്.
'പുസ്തകം തുറന്ന്
ചിക്കിപ്പെറുക്കി
കിട്ടിയ കതിരുംകൊണ്ട്
അടുത്ത കോലായയിലേക്ക്
പറന്നു പോയി വായന" എന്ന് അസ്മോ തന്റെ കോലായയെപ്പറ്റി എഴുതുന്നു. തുറന്ന മനസും ആരെയും സ്വീകരിക്കാനും അവരെ നന്നായി കേള്ക്കാനും ഉള്ള സന്മനസ്സും വേണ്ടുവോളം ഉള്ള അപൂര്‍വ്വം കവികളില്‍ ഒരാളാണ് അസ്മോ. ഇറോം ഷര്‍മ്മിളയെപ്പറ്റി അസ്മോ ഏറെ അഭിമാനിച്ചിരുന്നു അത്തരം പത്തുപേര് മതി ചരിത്രം തിരുത്താന്‍ എന്ന് അസ്മോ നിരന്തരം പറയുന്നു.
"ജീവിതം ത്യാഗഭരിതം
അര്പ്പിതം ജനസേവനം
ചരിത്രമേ നിനക്കന്യം
കരുത്തിന്റെ പെണ്ചരിതം" ഇറോം ഷര്‍മ്മിള എന്നാ കവിത തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. "മാദ്ധ്യമപ്പോരിനിടമില്ലാതെ നക്ഷത്രപ്പോളിമയുടെ തിളക്കമില്ലാതെ നന്മയുടെ ഹൃദയത്തിലെക്ക് / പതുക്കെ കയറിയവര്‍ " എന്ന് കവിത അവസാനിപ്പിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ ചീന്തും തിരുകുന്നുണ്ട്.

കവിതയിലൂടെ നടത്തം അവസാനിപ്പിക്കാതെ ഒരു ചെറുപുഞ്ചിരി ബാക്കിയാക്കി നടന്നകന്നു അസ്മോ എന്ന കവി. "ചുടുചോരച്ചിരി കാട്ടി പടുചതിയില്‍ കുഴൽ വെട്ടി/ തരം നോക്കി തല വെട്ടി / കുരുതിക്കായ് കരുവാക്കി / പലരിവിടെ പതിവായി" അങ്ങനെ ചോദിക്കാൻ തര്ക്കിക്കാൻ... കലഹിക്കാൻ... കവിത ചൊല്ലി കേൾപ്പിക്കാൻ ഇനി അസ്മോ ഇല്ല. ഈ ശൂന്യത വല്ലാതെ അലട്ടുന്നുണ്ട്. ഇതിനെ മറികടക്കാനാവാത്ത വിധം ഉലയുന്നു മലയാളകവിതയും പ്രവാസലോകവും. ഇക്കാലത്തിനിടയില്‍ ഒരേയൊരു കവിതാസമാഹാരമാണ് "ചിരിക്കുരുതി" ഇറങ്ങിയിട്ടുള്ളത്.

Subscribe Tharjani |