തര്‍ജ്ജനി

അര്‍ജ്ജുന്‍ അടാട്ട്‌

Visit Home Page ...

കഥ

സ്വപ്നമോക്ഷം

ഹാര്‍ബറിന് മുകളിലൂടെ വരുന്ന ഉപ്പുകാറ്റ് ചെതുമ്പലുകള്‍ കൊത്തുന്ന, കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങള്‍ നിറഞ്ഞ പാരീസ് കോര്‍ണര്‍,
കള്ളക്കടത്ത് നടത്തിയെത്തുന്ന വാച്ച് തൊട്ട് വാക്കിങ്ങ്സ്റ്റിക്കുവരെ, ബാഗുതൊട്ട് ബേബി പൗഡര്‍വരെ, അങ്ങിനെ പലതും പരസ്യമായും രഹസ്യമായും വാണിഭം നടത്തുന്ന കടകളുടെ ഒരു വലിയ ശൃംഖല ഇവിടെ കാണാം.

ആട്ടിന്‍കൂട് പോലൊരു മുറിയിലിരുന്ന് കയറ്റുമതി ഇറക്കുമതി ബിസിനസ്സുക്കാര്‍ പറയുന്ന ലക്ഷങ്ങളുടേയും കോടികളുടേയും കണക്കിന് ഇവിടുത്തെ പഴഞ്ചന്‍ചുവരുകള്‍ സാക്ഷി.................................

കൃഷ്ണമൂര്‍ത്തി ഈ സ്ഥലത്തെ വിളിച്ചിരുന്നത് "Goldmine "- സ്വര്‍ണ്ണഖനി എന്നാണ്. അയാളുടെ ഫോട്ടോകോപ്പിയര്‍ ബിസിനസ്സിന് ഇത്രയേറെ സാദ്ധ്യതകളുള്ള ഒരിടം വേറെ ഇല്ല. ചൈനയില്‍നിന്നും മറ്റും വരുന്ന കണ്ടംചെയ്ത പകര്‍പ്പുയന്ത്രങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങി അല്ലറ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി ഒരുവിധം ഓടുന്ന രീതിയിലാക്കിയാല്‍ പിന്നെ ഓരോ കമ്പനികളിലും ചെന്ന് ഓര്‍ഡര്‍ പിടിക്കയായി. മൂന്നു തൊട്ട് അഞ്ചു വര്‍ഷംവരെ കോണ്‍ട്രാക്റ്റില്‍ കുറഞ്ഞ മാസവാടകക്ക് അവ നല്കും മാസത്തില്‍ ഒരു കമ്പനിയുടെ എങ്കിലും ഓര്‍ഡര്‍ കിട്ടിയാല്‍ സ്വസ്ഥം ലാഭം.

വെള്ളത്തില്‍ വരച്ചപോലുള്ള ഇന്ത്യന്‍നിയമങ്ങള്‍ക്കും കാശിന്റെ പിന്‍ബലത്തില്‍ അയഞ്ഞുമുറുകുന്ന ചുവപ്പുനാടകള്‍ക്കും നന്ദി, കൃഷ്ണമൂര്‍ത്തിക്ക് "fx Copiers " എന്നൊരു കമ്പനിയുമുണ്ട്, അയല്‍രാജ്യങ്ങള്‍ ഒരു ഇന്ത്യ ഒരു ചവറ്റുകുട്ട എന്നപോലെ തള്ളുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഏറ്റെടുത്തു വില്കാനും വിലക്കുറവിന്റെ പേരില്‍ അതൊക്കെ വാങ്ങാനും കുറേ പേര്‍.

അന്നും ഒരു പ്രമുഖ കമ്പനിയില്‍നിന്നും പിടിച്ചെടുത്ത ഓര്‍ഡര്‍ ശേഖര്‍ എന്ന കൂട്ടുകാരനുമൊത്ത് ആഘോഷിക്കയായിരുന്നു കൃഷ്ണമൂര്‍ത്തി. എല്ല് തേയ്മാനം സമ്മാനിച്ച കഠിനമായ മുട്ടുവേദന വകവെക്കാതെ, താന്‍ കാരണംകൂടാതെ ചൊരിയുന്ന ശകാരം കേട്ടില്ലെന്നു നടിച്ച്, തന്റെ ഭാര്യ തനിക്കുവേണ്ടി പൊതിഞ്ഞുതന്ന ചോറ്, നിഷ്കരുണം വാഷ്ബേസിനില്‍ ഒഴുക്കിക്കളഞ്ഞ് അജിനോമോട്ടോയും കൃത്രിമനിറക്കൂട്ടുകളും ഒത്തുചേര്‍ന്ന ഭക്ഷണം വിലകൂടിയ മദ്യത്തോടൊപ്പം വിഴുങ്ങിക്കൊണ്ടായിരുന്നു ആഘോഷം.

"താന്‍ കൃഷ്ണമൂര്‍ത്തിയല്ലെടോ, കൃഷ്ണമൃഗമാണ്, ഓര്‍ഡറുകള്‍ വേട്ടയാടുന്ന മൃഗം " ശേഖര്‍ തന്റെ കുഴഞ്ഞ നാവോടു കൂടി മൂര്‍ത്തിയെ പുകഴ്ത്തി.

" കൃഷ്ണമൃഗം ഒരു മാനല്ലെ?" ബോധം കുറച്ചുകൂടി ബാക്കിയുള്ള മൂര്‍ത്തി തിരുത്തി.

" എന്തെങ്കിലുമാവട്ടെ .... മൃഗം അതാണതിന്റെ പഞ്ച് " മദ്യ ഗ്ലാസ്സ് ഒറ്റവലിക്ക് കാലിയാക്കി മുരടനക്കി കൊണ്ട് ശേഖര്‍ പറഞ്ഞു.

.......................................................

ഇരുളും ഈര്‍പ്പവും വിശപ്പിന്റെ ഞരങ്ങലുകളുമുള്ള ആ ഗലിയിലെ വേശ്യാലയത്തില്‍നിന്നും അവിടുത്തെ വില കൂടിയ സ്ത്രീമാംസത്തിന് ആയിരത്തിന്റെ നോട്ടുകള്‍ എണ്ണിക്കൊടുത്ത് വിയര്‍ത്തൊലിച്ച് അയാള്‍ ഇറങ്ങി. ശേഖറിനെ അയാളുടെ വീട്ടില്‍ ഇറക്കിവിട്ട്, അടുത്ത കടയില്‍നിന്നും ഒരു മൗത്ഫ്രഷ്ണര്‍ വാങ്ങി വായിലിട്ട്, വീട് ലക്ഷ്യമാക്കി അയാള്‍ കാറു പായിച്ചു.

" ഞാന്‍ കിടക്കുന്നു ... .ഒരു സുഖമില്ല" എന്ന് വീട്ടില്‍ കയറിയ ഉടനേ ഭാര്യയുടെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു കൊണ്ട് അയാള്‍ കട്ടില്‍ ലക്ഷ്യമാക്കി ഇഴഞ്ഞു.
.....................................

"തന്നിലെ കസ്തൂരിഗന്ധം തേടുന്ന കസ്തൂരിമാനിനെപ്പോലെ മനുഷ്യര്‍ തന്നിലെ ഈശ്വരനെ പുറമേ തേടുന്നു"

കണ്ണില്‍ തറഞ്ഞുകയറുന്ന സൂര്യകിരണങ്ങളോടൊപ്പം തന്റെ മകള്‍ ഉറക്കെ വായിച്ചു പഠിക്കുന്ന കബീര്‍ദാസിന്റെ ദോഹയാണ് അയാളെ ഉണര്‍ത്തിയത് .

"ശല്യം" എന്ന് പിറുപിറുത്ത് പുതപ്പുകൊണ്ട് തല മൂടി അയാള്‍ വീണ്ടും ചെറിയ മയക്കത്തിലേക്ക് വീണു. ആ മയക്കത്തിലെ സ്വപ്നത്തില്‍ അയാള്‍ കൃഷ്ണമൂര്‍ത്തിയല്ലാതായ്. അയാള്‍ അയാളിലേക്ക് മാത്രമായ് ചുരുങ്ങി ഒരു കടുകുമണി വലുപ്പത്തില്‍ ശൂന്യതയില്‍ അയാള്‍ മാത്രം. പെട്ടെന്ന് ഒരു മഹാവിസ്ഫോടനമായ് അയാള്‍ വികസിച്ചു, ഒരു പൂവ് വിടരുന്നതുപോലെ, ഒരു വിത്ത് മുളക്കുന്നതുപോലെ..... പലതായ് വിടര്‍ന്ന് പലതായ് പടര്‍ന്ന്... അയാള്‍ സ്വയം മറന്നു ... ചുറ്റിലും സ്വയം തിരഞ്ഞുനടന്നു... ലഹരികളില്‍, മാംസത്തിന്റെ രുചിയിലും ചൂടിലും... പണത്തിന്റെ പരുപരുപ്പില്‍.. എന്താണ് തേടുന്നതെന്നുപോലും മറന്ന്.....

സ്വപ്നത്തില്‍നിന്നും ദേഹിയിലും ദേഹത്തും ഒരു ചുട്ടുനീറ്റലോടെ ഞെട്ടി ഉണര്‍ന്നുറക്കെ കരയുന്നത് കേട്ട് ഓടിവന്ന ഭാര്യയുടെ തോളില്‍ തലചായ്ച്ച് ചുവന്ന് തുറിച്ച് നിറഞ്ഞ കണ്ണുകളോടുകൂടി ഇരിക്കുമ്പോളും കബീര്‍ദാസിന്റെ ദോഹ അയാളുടെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു..

Subscribe Tharjani |