തര്‍ജ്ജനി

മുഖമൊഴി

അഴിമതിക്കെതിരെ പൊരുതുന്ന പോരാളികള്‍

അസാധാരണം എന്നോ അസംഭാവ്യം എന്നോ പറയാനാവാത്തതാണ് ഇക്കഴിഞ്ഞ നാളുകളില്‍ കണ്ടത് എന്നാണെങ്കിലും, നാം എവിടെ എത്തിനില്ക്കുന്നുവെന്ന് ആലോചിക്കാനെങ്കിലും അത് വഴിയൊരുക്കണമായിരുന്നു. അഴിമതിക്കെതിരെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ഇടതുപക്ഷക്കാരുടെ വേദിയിലേക്ക് അടുത്തകാലം വരെ ഐക്യ ജനാധിപത്യമുന്നണിയിലായിരുന്ന, അതിലെ ന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കുമാര്‍ വന്നെത്തുന്നു. അദ്ദേഹത്തെ ആവേശത്തോടെ നേതാക്കള്‍ സ്വീകരിക്കുന്നു. ആ ആവേശം അണികളിലേക്കും അവര്‍ പകരുന്നു. ഗണേഷിനു പിന്നാലെ അധികം വൈകാതെ ആര്‍.ബാലകൃഷ്ണപിള്ളയും വന്നെത്തുന്നു. അദ്ദേഹത്തെ കരം ഗ്രഹിച്ച് സ്വീകരിക്കുന്നത് വി.എസ്. അച്യുതാനന്ദന്‍. അടുത്ത പ്രഭാതത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഈ കരം ഗ്രഹിച്ച് സ്വീകരിക്കുന്നതിന്റെ ചിത്രത്തോടെയാണ് പുറത്തിറങ്ങിയത്.

ആര്‍. ബാലകൃഷ്ണപിള്ളയും നേരത്തെ ഗണേഷ് കുമാറിനെപ്പറ്റി പറഞ്ഞതുപോലെ ഐക്യജനാധിപത്യമുന്നണിക്കാരനായിരുന്നു. അതിലെ മന്ത്രിയുമായിരുന്നു. എന്നുമാത്രമല്ല, മുന്നണിയുടെ സ്ഥാപകനുമാണ്. എന്നിട്ടും അദ്ദേഹത്തിന് മുന്നണിയില്‍ നിന്നും പോരേണ്ടിവന്നു. ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലാത്ത അവസ്ഥയിലാണ്. ഇടതുമുന്നണിക്കാര്‍ക്ക് അവരെ സ്വീകരിക്കാനും വയ്യ, സ്വീകരികരിക്കാതിരിക്കാനും വയ്യ.

ഇനി ബാലകൃഷ്ണപിള്ളയെ കരം ഗ്രഹിച്ച് സ്വീകരിച്ച വി. എസിന്റെ കാര്യം നോക്കാം. അദ്ദേഹം സ്ഥാപകനായ പാര്‍ട്ടിയുടെ ഉന്നതമായ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കും. കേരളത്തിലെ ജനങ്ങള്‍ അതിനെതിരെ ശബ്ദിക്കും, പ്രതികരിക്കും. അപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ മത്സരിപ്പിക്കും. ഒരിക്കല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ സ്വന്തം സീറ്റില്‍ പരാജയപ്പെടുത്തി. ആര് പരാജയപ്പെടുത്തിയെന്നുകൂടി പറയേണ്ടതാണ്. ചത്തത് കീചകനെങ്കില്‍..... എന്നാണല്ലോ നാട്ടിലെ ചൊല്ല്. അങ്ങനെയെങ്കില്‍ തെളിവെടുപ്പും സാക്ഷിയുമൊന്നുമില്ലെങ്കിലും ആര് തോല്പിച്ചുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ എതിരാളികളുടെ നിരന്തരസമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച് പീഡിതനായിക്കഴിയുന്ന വി. എസിന് താന്‍ പതാകയുയര്‍ത്തി ആരംഭിച്ച പാര്‍ട്ടി അഖിലേന്ത്യാസമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സ്ഥാനം വളരെ പരിതാപകരമായ നിലയിലാണ്.

പാര്‍ട്ടിക്കകത്ത് വി.എസ്. അച്യുതാനന്ദന്‍ എന്തായിരുന്നാലും കേരളത്തിലെ ജനങ്ങള്‍ അല്പമെങ്കിലും പ്രതീക്ഷ പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. അഴിമതിക്കാരനല്ല, അഴിമതിക്കാരുടെ കൂട്ടുകാരനല്ല, ജനകീയസമരങ്ങളോട് ഐക്യപ്പെടുന്ന നേതാവ്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള രാഷ്ട്രീയക്കാരന്‍ എന്നെല്ലാമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ജനസാമാന്യത്തിന്റെ സങ്കല്പങ്ങള്‍. അത് എത്രത്തോളം ശരിയാണ് എന്നതിനേക്കാള്‍ പ്രധാനമായ ചോദ്യം, ഇദ്ദേഹമല്ലാതെ കേരളത്തിലെ വേറെ ഏത് നേതാവിനെക്കുറിച്ചാണ് ഇത്തരം പ്രതീക്ഷകള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ വെച്ചുപുലര്‍ത്താനാവുകയെന്നതാണ്. പാമോയില്‍ കേസ്. ഇടമലയാര്‍ കേസ് തുടങ്ങി അദ്ദേഹം നടത്തിയ നിരവധി നിയമയുദ്ധങ്ങളുണ്ട്. പാര്‍ട്ടി കൂടെ നില്ക്കാതിരുന്നിട്ടും അദ്ദേഹം പൊരുതി. അങ്ങനെയാണ് ഇടമലയാര്‍ പദ്ധതിയിലെ അഴിമതിക്കുറ്റത്തിന് പഴയ മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ജയില്‍വാസം വിധിക്കപ്പെടുകയും ചെയ്യുന്നത്.

അഴിമതിക്കാരനാണെന്ന് നിയമയുദ്ധത്തിലൂടെ തെളിയിച്ച് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്ത ആര്‍. ബാലകൃഷ്ണപിള്ളയെ, നിയമയുദ്ധം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ്.അച്യുതാനന്ദന്‍ നയിക്കുന്ന ഒരു അഴിമതിവിരുദ്ധസമരവേദിയില്‍ അച്യുതാനന്ദന്‍ തന്നെ ആദരപൂര്‍വ്വം സ്വീകരിക്കേണ്ടിവരുന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമായ അവസ്ഥയാണ്. അഴിമതിക്കാരനാണെന്ന് കേരളീയര്‍ പൊതുവേ കരുതുന്ന ഒരാളെ അഴിമതിവിരുദ്ധസമരമുഖത്തേക്ക് വിളിച്ചുകൊണ്ടുവരുന്നവര്‍ ആരായാലും അവരുടെ നിലപാടുകളാണ് അത് വ്യക്തമാക്കുന്നത്. ഏതോ അപൂര്‍വ്വരോഗമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി രക്ഷപ്പെട്ടയാണാണ് ആര്‍. ബാലകൃഷ്ണപിള്ള. നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മെഡിക്കല്‍ സയന്‍സിനെ കൂട്ടപിടിച്ച് നുണ പറഞ്ഞ് കബളിപ്പിക്കുകകൂടിയാണ് ബാലകൃഷ്ണപിള്ള ചെയ്തത്. അഴിമതിക്കും നീതീക്കും ന്യായത്തിനും വേണ്ടി പോരാടാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്!!! ആര്‍ക്കാണ് സംശയം?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രവിടുവായത്തത്തിന്റെ കാലം കഴിഞ്ഞുവെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ച വിധിയെഴുത്തായിരുന്നു ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ കോണ്ഗ്രസ്സിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ച അരവിന്ദ് കെജ്രിവാളിന് അധികം വൈകാതെ രാജിവെച്ച് പോരേണ്ടിവന്നു. അതോടെ ദില്ലിയിലെ ജനങ്ങള്‍ ഉറച്ച രാഷ്ട്രീയതീരുമാനം കൈക്കൊണ്ടു. നരേന്ദ്രമോഡിയുടെ മന്ത്രിസഭയുടെ മുഴുവന്‍ ഊര്‍ജ്ജവും വിഭവങ്ങളും ദില്ലി നിയമസഭയിലെ വിജയത്തിനായി വിനിയോഗിക്കാന്‍ തയ്യാറായിട്ടും ജനങ്ങള്‍ അതിനെയെല്ലാം തള്ളി അഴിമതിക്കെതിരെയുള്ള വിധിയെഴുത്ത് നടത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രവിടുവായത്തത്തിന് വിധേയരാവുന്ന സമ്മതിദായകരെക്കാള്‍ നൈതികതയെക്കുറിച്ചുള്ള വൈയക്തികമായ വിലയിരുത്തലുകളെ ആടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കാലം സമാഗതമായിരിക്കുന്നു. പാര്‍ട്ടിവിധേയത്വത്തിന്റെ കാലം അവസാനിക്കുകയാണ്.വിശ്വാസം അര്‍പ്പിക്കാവുന്ന പാര്‍ട്ടികളോ നേതാക്കളോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ദില്ലിയിലെ വിധിയെഴുത്തിനെത്തുടര്‍ന്ന് നാം കാണുന്നത് ദേശീയതലത്തില്‍ അഴിമതിക്കേസുകളില്‍ അഴിമതിക്കാര്‍ ഒരു പോറലുമില്ലാതെ രക്ഷപ്പെടുന്നതാണ്. കുറ്റവാളികള്‍ രക്ഷപ്പെടുന്നതാണ്. നീതിക്കുപകരം അനീതിയുടെ തേര്‍വാഴ്ചയോ എന്ന് തോന്നിപ്പിക്കാവുന്ന അവസ്ഥ. ജയലളിതയുടെയോ സല്‍മാന്‍ ഖാന്റെയോ മാത്രം കാര്യമല്ല. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന അവസ്ഥ. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഐക്യപ്പെടുന്നത് ഇക്കാര്യംത്തിലാണ്.

രാഷ്ട്രീയമായി, പ്രവര്‍ത്തനരീതിയില്‍, നിലപാടില്‍, പ്രതിച്ഛായയില്‍ എല്ലാം വിരുദ്ധധ്രുവങ്ങളിലുള്ള അച്യുതാനന്ദനും ആര്‍. ബാലകൃഷ്മപിള്ളയും അഴിമതിവിരുദ്ധസമരവേദിയില്‍ ഒരുമിക്കുന്നുവെന്നാണെങ്കില്‍ അത് ഈ പറഞ്ഞ ഐക്യപ്പെടല്‍ കാരണമാണ്.

Subscribe Tharjani |