തര്‍ജ്ജനി

മഞ്ജരി അശോക്

Visit Home Page ...

ലേഖനം

വേണ്ടത് മനുഷ്യപക്ഷവാദം

ഇന്ത്യയുടെ മകൾ എന്ന പേരിൽ ലെസ്‌ലി ഉട്വിൻ ലോകത്തിനു മുമ്പിലേക്കെത്തിച്ച ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വളരെ ക്രൂരമായി കൊല്ലപ്പെട്ട നിർഭയയുടെ കുടുംബത്തിന്റെയും മറുപുറത്ത് പ്രതികളുടെ കുടുംബത്തിന്റെയും ദൈന്യതകൾ ഈ ഡോക്യുമെന്ററി വരച്ചുകാട്ടി.

പ്രതിയുടെയും വാദിയുടെയും വാദമുഖങ്ങൾക്കപ്പുറത്ത് ഒരു സത്യം മറനീക്കി പുറത്തുവരാൻ ശ്രമിക്കുന്നുണ്ട്. കുറ്റാരോപിതരുടേയും ഇരയുടെയും കുടുംബം അനുഭവിക്കുന്ന ദൈന്യത എത്രത്തോളം ഭീകരമാണെന്ന് 'ഇന്ത്യയുടെ മകൾ' നമ്മെ ഓർമ്മിപ്പിക്കുന്നു.

പിഞ്ചു കുഞ്ഞിന്റെ പിതാവും കുടുംബത്തിന്റെ ഏകആശ്രയവുമായിരുന്ന പ്രതിയെപ്പറ്റി പരിതപിക്കുന്ന, അയാളുടെ ഭാര്യയും ഇന്ത്യയുടെ മകൾതന്നെ. ആശയങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അല്ല, മറിച്ച് ആത്യന്തികമായി സ്ത്രീ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയെയാണ് ഇന്ത്യാസ് ഡോട്ടർ എന്ന ഡോക്യുമെന്ററിയിലൂടെ വായിച്ചെടുക്കാനാവുക.

പ്രതിഭാഗം അഭിഭാഷകനായ എം. എൽ. ശർമ്മയുടെ, സ്ത്രീസമൂഹത്തോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു ഡോകുമെന്ററിയിൽ അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യൻ ഭരണഘടന, ലിംഗഭേദമില്ലാതെ അനുവദിച്ചുതന്നിട്ടുള്ള മൌലികാവകാശങ്ങള്‍ ചോദ്യംചെയ്യുന്നതായിരുന്നു എം. എല്‍. ശർമ്മയുടെ പ്രസ്താവന.

മതിയായ ലൈംഗീകവിദ്യാഭ്യാസം ലഭിക്കാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. ഇടത്തരം കുടുംബങ്ങൾക്ക് മുകളിലേക്കുള്ള സ്ത്രീകൾമാത്രമേ ഇന്നും ഫെമിനിസം എന്ന പ്രസ്ഥാനത്തെ നേരാംവണ്ണം തിരിച്ചറിയുകപോലും ചെയ്യുന്നുള്ളൂ . അവർക്കിടയിൽ മാത്രമേ അത്തരം വിഷയങ്ങൾ ചർച്ചയാകുന്നുമുള്ളൂ. എന്നാൽ അതിനപ്പുറം ഒരു സ്ത്രീ സമൂഹമുണ്ട്. അവരാണ് ഭൂരിഭാഗം. അവർ കുടുംബത്തിന്റെ ഉള്ളിൽ നിന്നുപോലും പലതരം ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും നമ്മളാരും അത് അറിയുന്നില്ല. ഇത്തരം വാർത്തകളും ഡോക്യുമെന്ററികളും അവരിലേക്ക് എത്തുന്നുമില്ല.

സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന വേർതിരിവ് വരുന്നിടത്ത് തന്നെയാണ് യഥാർത്ഥപ്രശ്നം. സ്ത്രീപക്ഷവാദവും പുരുഷപക്ഷവാദവുമല്ല നമുക്ക് വേണ്ടത്. മനുഷ്യപക്ഷവാദമാണ്. ശാരീരികവും മാനസികവുമായുള്ള വ്യത്യാസങ്ങളെ മാനസികമായി കണ്ട് അവയെ ഉൾക്കൊണ്ട്, എതിര്‍ലിംഗത്തെ ബഹുമാനിക്കാനുള്ള മാനസികവലുപ്പം ഉണ്ടായാൽ മാത്രമേ ഇത്തരം ഹീനപ്രവർത്തികൾ ഇനിയും ആവർത്തിക്കാതിരിക്കൂ.

ലെസ്‌ലി ഉട്വിൻ ഇത്തവണത്തെ ലോകവനിതാദിനത്തിന് മുന്നോടിയായി അവതരിപ്പിച്ച ഈ ഡോക്യുമെന്ററി ഒരു ഓര്‍മ്മപ്പെടുത്തലാണ്. മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ വിഷയമാകേണ്ടത് ഇത്തരം പീഡനവിഷയങ്ങളിലൂടെ അല്ല; മറിച്ച് നവീനമായ സൃഷ്ടികളിലൂടെയും ആശയങ്ങളിലൂടെയുമാണ്.

Subscribe Tharjani |