തര്‍ജ്ജനി

അര്‍ജ്ജുന്‍ അടാട്ട്‌

Visit Home Page ...

കഥ

ഭഗ്ഗോതീടെ മുല

1
പറയുടെ ഉറച്ച താളം കേൾക്കാം, പുലരി മഞ്ഞുരുകിത്തുടങ്ങുന്ന പള്ളിയാലിനപ്പുറത്തു നിന്നും. തിറയു ടെ വരവാണ്. ഒന്നുകൂടി ചെവിയോർത്താൽ ചിലങ്കയങ്ങിനെ ഒരു താളത്തിൽ കിലുങ്ങുന്നതും കേൾക്കാൻ നല്ല രസമാണ്‌. ആ ചിലങ്കയും പറയും ഇരുട്ടിൽ നിന്നും ചാണകം മെഴുകിയ മുറ്റത്ത്‌ നിറഞ്ഞാടാനായ്‌ വരുംതോറും നെഞ്ചിടിപ്പും കൂടും.

കള്ളും അലറിപ്പൂവും ചേർന്ന ഒരു മണമുണ്ട്‌ തിറക്ക്‌. അത്‌ ദേവീടെ മണമാണ്‌. എനിക്കിഷ്ടോം ഈ ദേവിയെത്തന്നെ ആണ്. നമ്പൂരിടെ വീട്ടിലും പറയന്റെ വീട്ടിലും ഒരു പോ ലെ കള്ളിന്റേം അലറിപ്പൂവിന്റേം മണം തലയിലെ കോപ്പു കൊണ്ട്‌ തഞ്ചത്തിൽ കറക്കി വീശി പരത്തി പറയുടെ താളത്തിൽ ആടുന്ന ദേവി. ഈ ദേവിക്ക്‌ കോവിലിലെ ഇരുട്ടിൽ തളം കെട്ടികിടക്കുന്ന തീര്‍ത്ഥത്തിന്റേയും പാലിന്റേയും ദുഷിച്ച ഗന്ധത്തിൽ മറഞ്ഞിരിക്കുന്ന ദേവിയെക്കാളും ഭംഗിയും സുഗന്ധവുമുണ്ട്‌.

"തിറ എവിടുന്നാ വരണത്‌?" ഒരിക്കൽ പകലോൻ കീറണ നേരത്ത്‌ വൈകിയെത്തിയ തിറയെ കണ്ട്‌ ചോദിച്ചു. ഒന്നു ചിരിച്ചു കൊണ്ട്‌ വടക്കോറത്തെ ഇരട്ട കുന്ന് ചൂണ്ടികാണിച്ചൂ, ദേവി. ആ കുന്നുകൾ വെറും കുന്നുകളല്ല, ഭഗോതിടെ മുലകളാണ്, തീർത്ഥം പോലത്തെ വെള്ളം നമുക്ക്‌ കിണറ്റിലും കൊളത്തിലും പാടത്തും ഒക്കെ വരണില്ല്യെ? അത്‌ വെള്ളല്ല.. ദേവീടെ മൊലപ്പാലാണ്. കുന്ന്പോലത്തെ ആ മുലകളിൽ നിന്നും ദേവി ചുരത്തി തരണ മുലപ്പാൽ. മുത്തശ്ശി പറഞ്ഞതാണ് സത്യാവാനെ വഴിള്ളൂ. ഭഗോതീടെ മുലകളിലൂടെ ഉരസിയിറങ്ങിവന്ന് എല്ലാവരേയും അനുഗ്രഹിക്കണ തിറയെ അപ്പോ അത്രേം ഇഷ്ടാവും ദേവിക്ക്‌. ചിലങ്ക കിലുക്കി പള്ളിയാലും കടന്ന് വേഗം നടക്കണ തിറയെ ഭയം കലർന്ന ഭക്തിയോടെ നോക്കിനിന്നു.

2
" എന്തേ വൈകീ?" വെയിൽ ഉച്ചസ്ഥായീ വരിശകൾപാടുന്ന നേരത്ത്‌ കിതപ്പോടെ ഓടിവന്ന് ദ്രുതഗതിയിൽ കളിച്ചു നീങ്ങുന്ന തിറയോട്‌ ചോദിച്ചു.

"നെറേ വീടോളാ" പുളിച്ച കള്ളിന്റേയും ബീഡിയുടേയും മനംപുരട്ടുന്ന മണമുള്ള കിതപ്പിനുള്ളിലൂടെ പറഞ്ഞുകൊണ്ട്‌ തിറയോടി. വെയിലത്ത്‌ വാടിയതോണ്ടാവ്വാം അലറിപ്പൂക്കൾക്ക്‌ മണം കുറവായിരുന്നു. ഓട്ടത്തിനിടക്ക്‌ പറക്കാരൻ വലിച്ചെറിഞ്ഞ പൊട്ടിയ പറക്കോൽ മുറ്റത്ത്‌ കിടന്നു. അതിനു കൊറേശ്ശെ കള്ളിന്റേയും അലറിപ്പൂവിന്റേയും മണമുണ്ട്‌, ദേവീടെ മണം ഭഗവതിയുടെ മുലകൾ തഴുകി തോടും കണ്ടവും കുളവും കടന്ന് വരുന്ന തിറയുടെ മണം.

എന്നാലും പുലർമഞ്ഞിനെപ്പോലും തീ പിടിപ്പിക്കുന്ന തരത്തിലും താളത്തിലും പറകൊട്ടി തഞ്ചത്തിലും താളത്തിലും ചുവടുവച്ച്‌ ദേവീടെ മണം തലയിലെ കോപ്പ്‌ കൊണ്ട്‌ വീശിയെറിഞ്ഞ്‌ കറങ്ങിനിന്നും അമർന്നിരുന്നും ഓടുന്ന തിറയുടെ ദിവ്യഭാവം, ഇങ്ങനെ നട്ടുച്ചയാവാൻ നേരത്ത്‌ ഓടിവന്ന് മുറ്റംചവുട്ടി പൊളിച്ചോടുന്ന തിറക്കില്ല.

3

"ഇപ്രാവശ്യം തിറേം പൂതനൊന്നൂല്ല്യെ?" വരവു കാണാഞ്ഞ്‌ അമ്മയോട്‌ ചോദിച്ചു .

"ആവോ ആർക്കാപ്പോ അതൊക്കെ നിശ്ചയം?" ചായ ചൂടാറ്റും പോലെ പകല്‍ച്ചൂട്‌ ഊതിയകറ്റാൻ വിഫലശ്രമം നടത്തുന്നതിനിടയിൽ അമ്മ പറഞ്ഞു.

അല്ലെങ്കിലും പൊട്ടിയ പറയുടെ ചിറമ്പിച്ച ഒച്ചക്ക്‌ പുറത്തെ ചൂടിൽ വയറ്റിൽ നിന്നും വാ പിളർന്നു ചാടാൻ നില്ക്കുന്ന വിദേശമദ്യത്തിന്റെ ആട്ടത്തിൽ പേരിനു രണ്ട്‌ ചുവട്‌ വച്ച്‌ പോകുന്ന തിറയെ കാണാൻ ആഗ്രഹം തോന്നിയില്ല... വെറുതെ നാടു കാണാൻ ഇറങ്ങി നടന്നു.

ഇരട്ട കുന്നുകൾക്ക്‌ .... ദേവീടെ മുലകൾക്ക്‌ താഴെ എത്തിയപ്പോൾ കണ്ടു .വലത്തേ മുല ഭഗവതിയുടെ മക്കൾ മുറിക്കുന്നു. പാൽ ചുരത്തി ചുരത്തി കല്ലച്ച മുല മക്കളെ വിളിച്ച്‌ കരഞ്ഞ്‌ തകരുന്നത്‌ ഞാൻ കണ്ടു.

ഇടനെഞ്ചിലെ മണ്ണിൽ നിലക്കാറായ മിടിപ്പിൽ കയ്യൂന്നി തിറക്കോപ്പു കെട്ടി ദേവിയിരിക്കുന്നു. അടുത്തടുത്ത്‌ ചെല്ലും തോറും കള്ളിന്റേയും അലറിപ്പൂവിന്റേയും ഗന്ധം മൂക്കിലേക്ക്‌ അടിച്ചുകയറി.

നിറകണ്ണുകളോടെ എന്നെ നോക്കി ഇനി കാണില്ലെന്നപോലെ. അവസാനമായി രണ്ട്‌ ചുവടുവച്ച്‌ തിരിഞ്ഞുനോക്കാതെ തിറക്കോപ്പ്‌ ഒന്നിളക്കി കുണുങ്ങിനടന്ന് കുന്നിറങ്ങി എങ്ങോട്ടോ മറഞ്ഞു.

4
മുറിഞ്ഞ വലത്‌ മുലയില്‍നിന്നും ചോരനിറമുള്ള ചെമ്മണ്ണൊലിച്ച് തോട്ടിലും കുളത്തിലും പാടത്തും നിറഞ്ഞു . വാ പിളർന്ന ആ മുറിവിന്റെ വിടവിലൂടെ ഏറനാട്ടിൽ നിന്നും പാറപോലെ വരണ്ട പിശറൻ തീ കാറ്റ്‌ അടിച്ചു. അതിൽ പെട്ട്‌ മകരക്കൊയ്ത്തിനു മുൻപേ കതിരുക ളെല്ലാം ഉണങ്ങി. മാമ്പൂക്കൾ വെയി ലെന്ന് കരുതി നിലാവത്ത്‌ കൺ തുറന്ന് കരിഞ്ഞു പോയി. കുളത്തിലും തോട്ടിലും പാടത്തും ചെമ്മണ്ണു കട്ടപിടിച്ചു. മുലമുറിച്ച്‌ ചിലങ്കയെറിഞ്ഞുടച്ച്‌ നാടെരിച്ച കണ്ണകീശാപം .

ഒരു ചെറിയ ഉറവ ഇപ്പഴും ഉണ്ട്‌ അവസാനമായ്‌ ഭഗവതി കയ്യൂന്നി ഇരുന്നിടത്ത്‌, ......... അതിലേക്ക്‌ രണ്ട്‌ തുള്ളി കണ്ണുനീർ ഇറ്റു വീണപ്പോൾ ഓർത്തു
"ഭഗോതീടെ മുലയാണ് :... മുലപ്പാലാണ് "

Subscribe Tharjani |