തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

കോതമ്പുമണികളല്ല, ട്രാക്ടറുകളാണ്

ഒ.എന്‍.വിയുടെ 'കോതമ്പുമണികള്‍' ഒരു വായന

ജീവിതത്തിലെ കൊച്ചുകൊച്ചു ദുഃഖങ്ങളോടുപോലും കിന്നരംമീട്ടി പാടുന്ന രുദിതാനുസാരിയായ കവിയായി പ്രതിഷ്ഠനേടിയതാണ് ഒ എന്‍ വി കവിതകള്‍. മരിച്ചാലും ചാരത്തില്‍ നിന്ന് ചിറകടിച്ചുയര്‍ക്കുന്ന ഫീനിക്സ് പക്ഷി കവിതയുടെ ആത്മാവായി നിലകൊള്ളുന്ന, മരണത്തിനുമപ്പുറത്തെ ഉയിര്‍പ്പിന്റെ പ്രത്യാശ വാക്കുകളില്‍ നിറയുന്ന കവിത്വമാണ് ഒഎന്‍വിയുടേത്. മാനവികതയുടെ ഉയര്‍ന്നശബ്ദമായും കാല്പനികതയുടെയും ജനപ്രിയതയുടെയും വിപ്ലവബോധത്തിന്റെയും അടയാളവുമായിട്ടുമാണ് വായനക്കാര്‍ ഈ കവിതകളെ സമീപിക്കുന്നത്. ഭൂമിക്കൊരു ചരമഗീതം, സൂര്യഗീതം പോലുള്ള കവിതകളിലൂടെ പരിസ്ഥിതിയുടെയും ആഴമുള്ള സാമൂഹികജാഗരണത്തിന്റെയും ആത്മതപനത്തിന്റെയുമൊക്കെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിക്കുവാനും അതിലൂടെ മലയാളകവിതയുടെ പില്ക്കാലകാല്പനികതയുടെ ധാരയെ സജീവമാക്കുവാനും ഈ കവിതകള്‍ക്കു കഴിഞ്ഞു. ജനപ്രിയ ചലച്ചിത്രഗാനത്തിന്റെന്റെയും കാല്പനികതയുടെയും ധാരകളെയും കൂട്ടിയിണക്കി കവിതയുടെയും ഗാനത്തിന്റെയും അതിരുകളെ ലോലമാക്കി ഒഎന്‍വി കവിതകള്‍ സംസാരിച്ചത് നവോത്ഥാനനന്തരമലയാളസമൂഹത്തോടാണ്. നവോത്ഥാനമുല്യങ്ങളുടെ പാരമ്പര്യത്തിലും എഴുപതുകളില്‍ രൂപപ്പെടുന്ന ഉപഭോഗ- ആഗോളീകരണ സമൂഹത്തിന്റെ വര്‍ത്തമാനങ്ങളോടും സംവദിക്കുകയായിരുന്നു ഈ കവിതകള്‍. ഇതില്‍ പെങ്ങള്‍, കുഞ്ഞേടത്തി, കോതമ്പുമണികള്‍, ഭൂമിക്കൊരു ചരമഗീതം പോലുള്ള കവിതകള്‍ പെണ്മയുടെ ആവിഷ്കാരങ്ങളായി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ഇന്ത്യന്‍/ കേരളീയ സ്ത്രീയുടെ ദൈന്യത നിറഞ്ഞ ലോകത്തിലേക്കുള്ള കാഴ്ചകളായി അത് ഘോഷിക്കപ്പെട്ടു. ചുരുക്കത്തില്‍ എഴുപതുകള്‍ക്കുശേഷം കേരളസമൂഹം കടന്നുപോയ സാമൂഹികാനുഭവങ്ങളോട് സവിശേഷമായി പ്രതിപ്രവര്‍ത്തിച്ച കവിതകളാണ് കുറപ്പിന്റേത്. ഒഎന്‍വികവിത എന്നൊരു വ്യവഹാരത്തിലൂടെ മലയാളകവിതയില്‍ പ്രത്യേകമൊയൊരിടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. കവിതയുടെ പ്രകടപാഠങ്ങളിലൂടെ ഉന്നയിക്കപ്പെടുന്ന സമവാക്യങ്ങള്‍ക്കപ്പുറത്ത് ഈ കവിതകള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ എന്നന്വേഷണം ഈ പശ്ചാത്തലത്തില്‍ പ്രസക്തമാകുന്നു. അദ്ദേഹത്തിന്റെ ഏറെ കീര്‍ത്തിക്കപ്പെടുന്ന കോതമ്പുമണികള്‍ ഇവിടെ വായിക്കുകയാണ്.

പെണ്ണ്, ദാരിദ്ര്യം, വീട്

പേരറിയാത്തൊരു പെണ്‍കിടാവേ
നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു.... ഗാനാത്മകതയുടെ ലാളിത്യത്തിലൂടെയാണ് കവിതയുടെ ആഖ്യാനം ചിട്ടപ്പെടുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ അതിസാധാരണമായൊരു കുടുംബത്തിലെ പെണ്‍കുട്ടിയുടെ കഥയാണിത്. കവി നേരിട്ടു പറയുന്ന ആഖ്യാനത്തിലൂടെ ഒരു ദയനീയ ഗ്രാമീണകുടുംബത്തിന്റെ അവസ്ഥയെ യാഥാര്‍ഥ്യമെന്നപോലെ അവതരിപ്പിക്കുന്നു. അനുകമ്പയുടെയും സഹാനുഭൂതിയുടെയും വാക്കുകളും കാഴ്ചയുമാണ് കവിയുടെ മൂലധനം. ലോകത്തിലെ ദുഃഖങ്ങളെല്ലാം കവിതയാക്കുന്ന കവി പേരറിയാത്ത പെണ്‍കിടാവിന്റെ നേരുകളും നമ്മോടു പറയുകയാണ്. കോതമ്പുകതരിന്റെ നിറമുള്ള പേടിച്ച കണ്ണുകളുള്ള അവളുടെ കൈയില്‍ വളയും കൊലുസുമില്ല. ശരീരത്തില്‍ അലങ്കാരമൊന്നുമില്ല. വളരുന്ന ശരീരം മറയ്ക്കുവാനുള്ളത് കീറിത്തുടങ്ങിയ ചേലയാണ്. അവളുടെ വീട്ടിലേക്കാണ് തുടര്‍ന്ന് കവി പോകുന്നത്. അവളുടെ അമ്മ ദുരിതജീവിതം കാരണം പ്രാകി കഴിയുകയാണ്. അച്ഛന് വരുമാനം ലഭിക്കുന്ന പണിയല്ല. കൂലിപ്പണിയാണ്. അതിനാല്‍ ദാരിദ്ര്യം അവിടെ നിത്യവും തളംകെട്ടുന്നു. അവള്‍ക്കു താഴെ സഹോദരങ്ങളുണ്ട്. ആ വീടിനെ താങ്ങിനിര്‍ത്തുന്ന ആശയുടെ കൂടാണ് അവള്‍.

കുട്ടിക്കാലം മുതലേ ദാരിദ്ര്യമായിരുന്നു.
കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍
കുഞ്ഞുവയര്‍ നിറച്ചാഹാരം
കല്ലുമണിമാല, കൈവള,യുത്സവ
ച്ചന്തയിലെത്തും പലഹാരം. ഒരു കുട്ടിയുടെ ആശകളുമായി ജീവിതം കളിച്ചു തിമിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ വിലക്കിന്റെ ഭാഷയില്‍ അതെല്ലാം കെട്ടുപോയി. കുട്ടിക്കാലത്ത് തൊട്ടയല്പക്കത്തെ തൊടിയില്‍ അത്തിപ്പഴം കണ്ടെടുക്കവേ ചൂരല്‍പ്പഴത്തിന്റെ കഷായം കുടിക്കേണ്ടിവന്നു. അതോടെ പിന്നെ മധുരിക്കുന്ന പഴമെത്ര കണ്ടാലും വികാരങ്ങള്‍ തോന്നാതായി. പെണ്ണിന്റേതായ നിയന്ത്രണങ്ങളും വിവേചനങ്ങളും ദാരിദ്ര്യവും കൂടിച്ചേര്‍ന്ന് പെണ്‍കിടാവിന്റെ ജീവിതം വല്ലാത്തൊരു തടവറയായി മാറ്റുന്നു എന്നാണ് കവിത വിവരിക്കുന്നത്. സ്വപ്നങ്ങളെല്ലാം വാടിക്കരിയുന്നു.
കൊയ്ത്തു കഴിഞ്ഞൊരാ കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്നങ്ങള്‍
ഒക്കെ കരിഞ്ഞതും കാണുന്നു. എന്നാണ് കവി എഴുതുന്നത്. ആകെ വരണ്ടുങ്ങുന്ന, കത്തിക്കരിയുന്ന അവസ്ഥ, തിരിച്ചുവരവിന്റെയോ പുനര്‍ജന്മത്തിന്റെയോ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതാണ്.

കാര്‍ഷികസംസ്കാരത്തിന്റെ ബിംബങ്ങളിലൂടെയാണ് അവളുടെ ജീവിതത്തെ കെട്ടുപണി ചെയ്യുന്നത്. പാടവും നെല്ക്കതിരും കൊയ്ത്തും കൂടിച്ചര്‍ന്ന ഒന്നായി. കൃഷിയും കൃഷിക്കാരുടെ ജീവിതവും പരസ്പര ബന്ധമുണ്ട്.
ഞാറാണെങ്കില്‍ പറിച്ചു നട്ടീടേണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിനു
മറ്റൊരിടത്തു കുടിവയ്പ് ….......ഞാറ് പാകമെത്തുമ്പോള്‍ പറിച്ചുനടുന്നതു പോലെയാണ് വളരുന്ന പെണ്ണിനെ വിവാഹത്തിലൂടെ ജനിച്ച് വിട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറ്റുന്നത്. അവളുടെ വീടിനടുത്തുള്ള വീട്ടില്‍ വിവാഹഘോഷം നടക്കുമ്പോള്‍ അവള്‍ തന്റെ വിവാഹത്തെക്കിറിച്ചും ചിന്തിക്കുന്നു. പാട്ടും മേളവും നൃത്തവുമായി കുതിരപ്പുറത്ത് മണവാളന്‍ വരുന്നതും തലയാകെ മുല്ലപ്പൂവണിഞ്ഞ് മണവാട്ടി നിന്നതും ധാരാളമാളുകള്‍ കൂടിയതും കണ്ട് അവളുടെ വിവാഹവും അവള്‍ സ്വപ്നം കണ്ടു. കുട്ടിക്കാലത്ത് വിവാഹങ്ങള്‍ കാണവേ അവളും ആഹ്ലാദിക്കുമായിരുന്നു. ആഘോഷത്തില്‍ പങ്കുചേരുമായിരുന്നു. ഇപ്പോളവള്‍ക്ക് ഒന്നിനും താത്പര്യമില്ല. കാരണം അവള്‍ പാടാന്‍ മറന്ന കിളിയാകുന്നു. പറയാനരുതാത്ത ഒരുപാട് ദഃഖങ്ങള്‍ നിറഞ്ഞതാകുന്നു അവളുടെ മനസ്. ആ വേദനകളാണ് കവി പാടുന്നത്.

അവളുടെ വിവാഹസ്വപ്നങ്ങള്‍ക്കു തടസ്സം ആ വീട്ടിലെ ദാരിദ്ര്യമാണ്. പൊന്നില്ല, പൂവില്ല, ബന്ധുബലമില്ല. ആഡംബരപൂര്‍ണമായോ വളരെ ലഘുവായോ പോലും വിവാഹം നടത്താന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതെല്ലാം കണ്ടു വളര്‍ന്നതിനാല്‍ അത്തരത്തിലെന്തെങ്കിലും മോഹിക്കുന്നതിന് അവള്‍ക്കു താത്പര്യവുമില്ല. അവള്‍ അവളുടെ അമ്മൂമ്മയുടെ വാക്കുകളേര്‍ക്കുന്നു-
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളേ ഒന്നുപോലെ
ആറ്റുനോറ്റാരോ വളര്‍ത്തുന്നുകതി
രാരോ കൊയ്തുമെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി
ലെങ്ങോ പോയിത്തുലയുന്നു. ഇതിലും ഭംഗിയായി അവരുടെ അവസ്ഥ വിവരിക്കുക സാദ്ധ്യമല്ല. കോതമ്പ് മണികളെപ്പോലെ നിസ്സാരമാണ് അവ വളര്‍ത്തുന്നവരുടെ ജീവിതവും. ആരോ വളര്‍ത്തുന്നു, ആരോ കൊയ്യുന്നു, ആ മണികളൊക്കെ കമ്പോളങ്ങളില്‍ പൊയി ആരുമരിയാതെ മറയുന്നു. സാധാരണക്കാരുടെ ജീവിതം അങ്ങനെയാണ്. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം ഇത്രയ്ക്കു വിലയില്ലാത്തതായിരിക്കുന്നു.

അങ്ങനെ യൗവനം വലരുന്ന വര്‍ത്തമാനകാലാവസ്ഥയില്‍ അവളുടെ ചിന്തകളും വേദനകളും ഇരട്ടിക്കുന്നു. രാത്രികളില്‍ ഉറങ്ങാനവള്‍ക്കു കവിയുന്നില്ല. അതീവ ജാഗ്രതയോടെ അവളെന്തോ പരതുന്നു. എന്തോ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ ചൂളുന്നു. രാത്രികളെ വല്ലാതെ ഭയക്കുന്നു. വീട്ടിലെല്ലാവരും ഉറങ്ങുമ്പോള്‍ ഉറങ്ങാന്‍ കവിയാതെ അസ്വസ്ഥതയോടെ അവള്‍. മറ്റുള്ളവരുടെ ഉറക്കം അവലുടെ അശാന്തതയാകുന്നു. എന്തോ ഭയത്താല്‍ അവള്‍ പരതുന്നു. അവള്‍ ഭയക്കുകയാണ്. മരണമാണോ പട്ടിണിയാണോ? അതോ മറ്റെന്തിങ്കിലുമോ?നീയിന്നു നിന്നിലൊളിക്കുന്നു/നീയിന്നു നിന്നെ ഭയക്കുന്നു? എന്ന ചോദ്യത്തിലാണ് അത് വന്നു നില്ക്കുന്നത്. ഈ ഭയത്തിന്റെ ഉത്തരം നല്കിയാണ് കവിത തീരുന്നത്.
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയന്നറിവൂ ഞാന്‍
മാരനെയല്ല മണാളനെയല്ല നിന്‍
മാനം കാക്കുമൊരാങ്ങളയെ
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചത്തുന്നതെന്നാവോ?.....യൗവനത്തിലേക്കു വളരുന്ന പേരറിയാത്ത പെണ്‍കിടാവിന്റെ ഭയം തന്റെ ശരീരം കൊത്തിനുറുക്കാനെത്തുന്ന പുരുഷനോട്ടങ്ങളെയാണ്. യാതൊരു ബലവും ഉറപ്പുമില്ലാത്ത വീട്ടില്‍ ഈ ശരീരം സുരക്ഷിതമല്ലെന്നുള്ള ചിന്തയാണവളെ ആകുലയാക്കുന്നത്. പെണ്ണിന്റെ മാനം എന്നത് ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലത്തില്‍ വളരെ നിര്‍ണ്ണായകമായ ഒന്നാണ്. വിവാഹംവരെ സൂക്ഷിച്ചുവയ്ക്കേണ്ട ഒന്നാണ് അതെന്നാണ് സാമൂഹ്യനിയമം. പെണ്ണിന്റെ സ്വതന്ത്രമായ എല്ലാ ഇടപാടുകളെയും തടയുന്നത് ഈ വ്യവഹാരമാണ്. അവിടെയാണവളുടെ പ്രതീക്ഷയായി, തന്റെ ചാരിത്ര്യത്തിന്റെ സംരക്ഷണത്തിനായി കവി ആങ്ങളയെ സങ്കല്പിക്കുന്നത്. അവള്‍ക്കു ഭര്‍ത്താവിനയല്ല കവി കാണുന്നത്, മറിച്ച് മാനം കാക്കുമൊരാങ്ങളയെ എന്നാണെഴുതുന്നത്. അവന്റെ വാളുമായുള്ള വരവിനെ സ്വപ്നമായി നീക്കിവച്ച് കവിത അവസാനിക്കുന്നു. പേരറിയാത്ത പെണ്‍കിടാവിന്റെ പ്രശ്നം ദാരിദ്ര്യമോ വിദ്യാഭ്യാസമില്ലായ്മയോ ഒന്നുമല്ലെന്നും മറിച്ച് മാനം എന്നൊന്നാണെന്നും അത് സംരക്ഷിക്കാന്‍ ഒരാങ്ങളയെ വേണമെന്നും പ്രത്യക്ഷത്തില്‍ വിളിച്ചു പറയുന്ന കവിത എന്താണ് ഉന്നയിക്കാന്‍ ശ്രമിക്കുന്നത്?

മാനം കാക്കുന്ന ആങ്ങളയുടെ രാഷ്ട്രീയം

ഒരു കുട്ടി/മുത്തശ്ശിക്കഥ പോലെ സംസാരിക്കുന്ന കവിത, ഇന്ത്യയിലെ സ്ത്രീകളുടെ ദയനീയവും അരക്ഷിതവുമായ അവസ്ഥയെ വ്യഞ്ജിപ്പിക്കുയാണെന്നാണ് പറയുന്നത്. നമ്മുടെ ഗ്രാമീണവും ദരിദ്രവുമായ അവസ്ഥകളില്‍ സ്ത്രീ ജീവിതം വിശേഷിച്ചും യൗവനാവസ്ഥ ശരീരം എന്ന ബാദ്ധ്യതയാല്‍ ഭീതിജനകമായ ഒന്നാകുന്നു എന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന സ്ത്രീയവസ്ഥയെ സാര്‍വ്വലൗകികമായി സ്പര്‍ശിക്കുകയുമാണ് കവിതയെന്നും വായിക്കാം. പെണ്മയെക്കുറിച്ചുള്ള അവബോധമായി നിറയുന്ന ഈ കവിത പെണ്ണിന്റെ വര്‍ത്തമാനാവസ്ഥയിലേക്ക് വെളിച്ചം വീഴ്ത്തുകയും സ്ത്രീയുടെ സംരക്ഷകരായി തീരേണ്ടുന്നതിന് സമൂഹത്തെ ജാഗ്രതപ്പെടുത്തുകയുമാണെന്നു പ്രത്യക്ഷത്തില്‍ വായിക്കാം. പേരറിയാത്ത പെണ്‍കിടാവുകളാണ് നമ്മുടെ പെണ്‍കിടാവുകളെല്ലാമെന്നും അവരുടെ വേദനകള്‍ മൊത്തം സമൂഹത്തിന്റെ വേദനയായി പ്രതിഫലിക്കുകയാണെന്നും കവിത പറയുന്നു. പക്ഷേ ഈ ബോധത്തിനപ്പുറത്തേക്കു കവിതയെ നോക്കുമ്പോഴാണ് ചില ചോദ്യങ്ങള്‍ അനിവാര്യമാകുന്നത്.

എന്തുകൊണ്ടാണ് കവിതയില്‍ അവളുടെ ദാരിദ്ര്യമോ മറ്റോ അവളെ അലട്ടാത്ത പ്രശ്നമാകാതിരിക്കുകയും അവളുടെ ഉറക്കമില്ലായ്മ അവളുടെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ചുളള ആകുലത മാത്രമായിത്തീരുകയും ചെയ്യുന്നു? മാനം എന്തുകൊണ്ടാണ് പ്രധാനപ്രശ്നമാകുന്നത്? മാനം കാക്കാന്‍ ആങ്ങളയെ കാത്തിരിക്കുവാന്‍ അവളെ പ്രേരിപ്പിക്കുന്നത് എന്താണ്?സ്വന്തം ശരീരത്തിന്റെ കാവല്‍ക്കാരിയാകുവാന്‍ ആങ്ങളെയെത്തന്നെ കാത്തിരിക്കുവാന്‍ അവളെ നിര്‍ബ്ബന്ധിതമാക്കുന്ന സാഹചര്യം എന്താണ്? അഥവാ അവളുടെ ശരീരത്തിന്റെ കാവലും സംരക്ഷണയും ആകുവാന്‍ അവള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങളിലൂടെ പാഠത്തെ വായിക്കുമ്പോഴാണ് പാഠത്തിന്റെ പ്രകടപാഠങ്ങള്‍ ഉലയ്ക്കപ്പെടുന്നത് കാണുന്നത്. സമൂഹത്തിലെ സ്ത്രീ യാഥാര്‍ഥ്യങ്ങളെ അതുപൊലെ 'പച്ചയായി' പ്രതിഫലിപ്പിക്കുകയാണ് സാഹിത്യമെന്ന ധാരണയ്ക്ക് പോറലേല്ക്കുന്നത് കാണുന്നത്. കവിതയെന്ന നിര്‍മ്മിതി ചിലതൊക്കെ ഒഴിവാക്കി ചിലതൊക്കെ നിസ്സംഗമായി പകര്‍ത്തുകയാണെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നതുതന്നെ ഈ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് കാണുന്നത്.

പേരറിയാത്ത പെണ്‍കിടാവിന്റെ വേദന അവളുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയില്‍ തുടങ്ങി അവളുടെ ശരീരത്തില്‍ അവസാനിക്കുന്നതും മാനം എന്നത് കേന്ദ്രപ്രശ്നമാകുന്നതും നമ്മുടെ പെണ്‍ചിന്തകളുടെ പൊതുസ്വഭാവമാണെന്നു കാണാം. പെണ്ണിന്റെ അടിസ്ഥാനപ്രശ്നമായി കവികളും കലാകാരന്മാരും വിവരിക്കുക മാനം എന്നതാണ്. പെണ്ണിന് അവളുടെ ശരീരത്തിലാണ് പൊതുവില്‍ കെട്ടിയിടുകയും അതിനെ അധികരിച്ചുള്ള വ്യവഹാരമായി അവളുടെ സ്വത്വത്തെ വാര്‍ത്തെടുക്കുകയുമാണ് പൊതുസമീപനം. ശരീരത്തിന്റെ സൂക്ഷിപ്പാണ് പെണ്ണിന്റെ പ്രധാന ഉത്തരവാദിത്തം. വിവാഹംവരെ ശരീരം കന്യകാത്വത്തോടെ സൂക്ഷിക്കണമെന്നും അതിനുശേഷവും ഭര്‍ത്തവല്ലാതെ മറ്റൊരാളുമായി ശരീരബന്ധം പാടില്ലെന്നും ഈ വ്യവഹാരങ്ങള്‍ നിരന്തരം ഉരുവിടുന്നു. അങ്ങനെ ശരീരത്തെ 'ബാദ്ധ്യത'യാക്കിക്കൊണ്ട് പെണ്ണിനെ സ്വകാര്യമായൊരിടത്ത് തളച്ചിടുക എന്നതാണ് സാമൂഹ്യാധികാരത്തിന്റെ തന്ത്രം. പുറത്തേക്കിറങ്ങിയാല്‍ പുരുഷന്റെ അക്രമണം ഉണ്ടാകാമെന്നും അത് സംഭവിച്ചാല്‍ ശരീരത്തിന്റെ പാവനത തകരുമെന്നും പിന്നെ ജീവിതം ദുരിതപൂര്‍ണ്ണമാകുമെന്നുമുള്ള പുരുഷചിന്തകളാല്‍ പുറവുമായുള്ള ഇടപാടുകളെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെ അടച്ചിരിക്കുക എന്നതാണ് സ്ത്രീകളുടെ സാമുഹ്യനില. ഇവിടെയാണ് അവള്‍ ദുര്‍ബ്ബലയാണെന്നും മറ്റെന്തെങ്കിലും അക്രമണം നേരിടാന്‍ അവള്‍ അശക്തയാണെന്നുമുള്ള പാഠങ്ങള്‍ ഉറപ്പിക്കപ്പെടുന്നത്. അതിനാല്‍ അവള്‍ സ്വയം രക്ഷിക്കാന്‍ ത്രാണിയുള്ളവളല്ല, മറിച്ച് കരുത്തുള്ള പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവളാണ്.

ഇത്തരത്തില്‍ നോക്കിയാല്‍ ഇരട്ട നുകത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന ജന്മമാണ് അവളുടേത്. ശരീരം ഭാരമായിരിക്കുന്ന അവസ്ഥ. അത് വളരെ ഭദ്രമായി കാത്തുസൂക്ഷിക്കേണ്ടുന്നതാണെന്ന ചിന്ത. എന്നാലത് സൂക്ഷിക്കാനുള്ള കരുത്തില്ലെന്നും മറ്റൊരാളുടെ സംരക്ഷണം ആവശ്യമാണെന്നുമുള്ള ചിന്ത. ഇതിന്റെയെല്ലാം ആകെത്തുകയാണ് മാനം എന്ന പദം. മാനം പരമ്പരാഗതമായി വ്യഞ്ജിപ്പിക്കുന്നത് സ്ത്രീയുടെ സ്വന്തമായ വ്യക്തിത്വത്തിന്റെ ശുദ്ധിയെയും അവളുടെ കുടുംബത്തിന്റെ പേരിനെയുമാണ്. ഇവിടെയും ഇരട്ടഭാരം അവളുടെ ശരീരത്തില്‍ കയറ്റിവച്ചിരിക്കുന്നതായിക്കാണാം. വീടുമായി വല്ലാതെ ബന്ധപ്പെടുത്തിയാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്. അവളുടെ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് അവളുടെ വീടിനെക്കൂടി ബാധിക്കുന്നു. വീടിന്റെ മാനവും സ്ത്രീയുടെ മാനവും പരസ്പരം ബന്ധപ്പെട്ടതാണ്. എന്നാല്‍ ഈ മാനം സംരക്ഷിക്കാനുള്ള കരുത്തവള്‍ക്കില്ലെന്നും സമൂഹം പഠിപ്പിക്കുന്നു. മാനം എന്നത് എന്തുകൊണ്ടാണ് പെണ്‍ശരീരത്തിന് നല്കിയിരിക്കുന്നത്? ചാരിത്ര്യം പെണ്ണിന് നല്കിയതിന്റെ അടിസ്ഥാനം എന്താണ്? എന്തുകൊണ്ടാണ് മാനം സംരക്ഷിക്കേണ്ടുന്ന പെണ്ണിന് അതിനാവശ്യമായ കരുത്ത് സമൂഹം നല്കാത്തത്? അഥവാ കരുത്തുള്ളവളാണ് പെണ്ണെന്ന് പറയാത്തത്? ഈ ചോദ്യങ്ങളൊക്കെ തന്ത്രപൂര്‍വം മറച്ചുവച്ചുകൊണ്ടാണ് മാനം സംക്ഷിക്കുന്ന ആങ്ങളമാരെക്കുറിച്ച് സമൂഹവും സാഹിത്യവും സംസാരിക്കുന്നത്.

കരുത്തുള്ള എന്തിനെയും എതിരിടുന്ന ആങ്ങളമാരുടെ വലിയൊരു പാരമ്പര്യം നമ്മുടെ സാഹിത്യത്തിലും സാഹിത്യേതരവ്യവഹാരങ്ങളിലും കാണാം. പെങ്ങമ്മാരെ ആത്മാര്‍ഥമായി സംരാക്ഷിച്ച് അവരുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കുന്ന ആങ്ങളമാര്‍. തച്ചോളി ഒതേനന്‍ തൊട്ട് നൂറുകണക്കിന് വീരന്മാരായ ആങ്ങളമാരുടെ വംശാവലിചരിതം നമ്മുക്കുകാണാം. അവരാല്‍ സംരക്ഷിക്കപ്പെട്ട പെങ്ങള്‍മാരെയും. അതിലൊരു പെങ്ങളാണ് പേരറിയാത്ത പെണ്‍കിടാവും. പക്ഷേ അവള്‍ക്ക് ആങ്ങളയില്ലെന്നുമാത്രം. പേരറിയാത്ത പെണ്‍കിടാവിന്റെ മാനം പുരുഷസാമൂഹ്യസൃഷ്ടിയായ മാനമാണ്. പെണ്ണിന്റെ ശരീരത്തെ അടക്കവും ഒതുക്കവുമുള്ളതാക്കാന്‍, അവളുടെ സ്വാതന്ത്ര്യത്തെ തടയാന്‍ പുരുഷന്‍ കണ്ടെത്തിയ മാനവും ചാരിത്ര്യവും. അതിനെ കവിതയുടെ കേന്ദ്രത്തിലേക്കുവയ്ക്കുന്ന കവിത, സംരക്ഷിക്കാനുള്ള ആങ്ങളയെ സ്വപ്നം കാണുന്നിടത്ത് സ്ത്രീ ദുര്‍ബലയാണെന്നും അവള്‍ക്ക് അവളെ സംരക്ഷിക്കാനാവില്ലെന്നുമുള്ള പുരുഷധാരണയെ വിളിച്ചുപറയുകയാണ്. അങ്ങനെ പേരറിയാത്ത പെണ്ണിന്റെ ദുഃഖം പാടുന്ന കവിത, പുരുഷസാമൂഹ്യധാരണകളുടെ സന്തോഷത്തെയാണ് വാഴ്ത്തുന്നത്.

ഒ എന്‍ വി കവിതകളില്‍ കണുന്ന പെണ്മ ഇത്തരത്തില്‍ സ്വയം സംരക്ഷിക്കാനാവാത്ത ദുര്‍ബ്ബലരാല്‍ നിറഞ്ഞതാണ്. വ്യക്തിത്വത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്നവര്‍ അവിടെയില്ല. പെങ്ങളും കുഞ്ഞേടത്തിയും അമ്മമാരും ഒക്കെ കോതമ്പുമണികളിലെ പെണ്‍കുട്ടിയുടെ അവസ്ഥയിലാണെന്നു കാണാം. കരുത്തനായ പുരുഷനാല്‍ സംരക്ഷിക്കപ്പെടുന്ന വ്യക്തിത്വവും കരുത്തുമില്ലാത്ത സ്വത്വങ്ങളെയാണ് കവി വാഴ്ത്തുന്നത്. മാനം സംരക്ഷിക്കുന്ന ആങ്ങളമാരെയല്ല, മാനവും ചാരിത്ര്യവും പുരുഷസൃഷ്ടിയാണെന്നും തങ്ങള്‍ക്കത് ആവശ്യമില്ലെന്നും അതിനാല്‍ തങ്ങളെ സംരക്ഷിക്കുന്ന ആങ്ങളമാരെ തങ്ങള്‍ക്കു വേണ്ടെന്നും നിലവിലെ ലിംഗഭേദമെല്ലാം ഉച്ചാടനം ചെയ്യുന്ന സമൂഹമാണ് തങ്ങള്‍ക്കു വേണ്ടതെന്നും വിളിച്ചുപറയുന്ന പെണ്ണുങ്ങളെന്തുകൊണ്ടാണ് നമ്മുടെ സാഹിത്യത്തില്‍ കാണാത്തത്? എങ്ങോ പോയിത്തുലയുന്ന കോതമ്പുണികളല്ല മറിച്ച് പാടം/ സമൂഹം ഉഴുതുമറിക്കുന്ന ട്രാക്ടറുകളോ കലപ്പകളോ ആണ് പെണ്ണെന്ന് എന്നാണാവോ നമ്മുടെ കാവ്യഭാവനകള്‍ ചിത്രീകരിക്കുക?

Subscribe Tharjani |