തര്‍ജ്ജനി

വി. ബി. ഷൈജു

Visit Home Page ...

കവിത

വീട് മഴ നനഞ്ഞു നില്ക്കുന്ന ഒരു പശു

പകുതിയില്‍ പണിമുടങ്ങിപ്പോയ വീട്
അഴിക്കാന്‍ മറന്ന പശുവായി
മഴ നനഞ്ഞ്
കരച്ചില്‍നീട്ടി തൊഴുത്തിലേക്ക്‌ കാല്‍പറിക്കുന്നു
വൃത്തത്തിന്റെ ആരം കഴുത്തില്‍മുറുകി വേദനിച്ച്‌
ചെവി ഒതുക്കിപ്പിടിച്ച്
ചാറി വീഴുന്ന മഴയോട് കുളിര് വാങ്ങുന്നു

വീട്
മഴ നനഞ്ഞുനില്ക്കുന്ന ഒരു പശു

വാക മരങ്ങള്‍ക്ക് ചുവടെ
പൂവ് വീണു കിടക്കുന്ന നിരത്തില്‍
വളവു നിവര്‍ന്നുനീണ്ട്
ബസ് ഇടത്തോട്ടു വെട്ടിത്തിരിഞ്ഞു
'പ' എഴുതി പൂര്‍ത്തിയാക്കി

ഷട്ടറിടാത്ത ഒരേയൊരു സൈഡ് സീറ്റില്‍
തല താങ്ങി
വീട്ടുടമ വീട്ടിലേക്കു നോക്കാതെ.

വീട് അയാളെ നോക്കിനില്ക്കുന്നു
മഴ നനയുന്നതിന്റെ അമര്‍ഷം
പുറകില്‍ നിന്ന് കൈനീട്ടി
ഷട്ടറിട്ട്
വീടിനു
വീട്ടുടമയെ നിഷേധിച്ചുവല്ലോ

വണ്ടി അടുത്ത വളവിലേക്ക്
കുതിച്ച്
പൂക്കളില്ലാത്ത നിരത്തില്‍
മറ്റൊരു സ്റ്റോപ്പില്‍.

ഇപ്പോള്‍ അയാള്‍ സഞ്ചരിച്ച ദൂരം 'ഹ'
എല്ലാ അക്ഷരങ്ങളിലൂടെയും
അവരവരുടെ ലിപികളില്‍ യാത്രചെയ്യുന്നുണ്ട് നാം
അവസാനം കടന്നുപോകുന്ന ചിഹ്നം
ആശ്ചര്യജനകവും ആശ്ചര്യവുംതന്നെ

അയാള്‍ വാകമരങ്ങളുടെ പൂവ് കിടക്കുന്ന
സ്റ്റോപ്പിലിറങ്ങി
വീട്ടിലേക്കു ചെല്ലുമായിരുന്നെങ്കില്‍
രണ്ടു പറമ്പിനു തണല്‍പകുത്തു
അതിരില്‍നിന്ന മരം അപ്പോള്‍വരെ
കരഞ്ഞ കവിള്‍ തുടച്ചു
ദീര്‍ഘചതുരത്തിലൂടെ
അയാളെ ഉള്ളിലേക്ക് കടത്തുമായിരുന്നു
പണ്ടെങ്ങോ നിലച്ച കാറ്റ് ഏങ്ങലടിച്ച്‌
അയാളെ താങ്ങി നിന്ന് കിതക്കുമായിരുന്നു.

പാവകള്‍ കൊണ്ട് നിറയ്ക്കാന്‍
മകള്‍ ഒരുമ്പെടുന്ന ഷോക്കെയ്സ്
ഉള്ളുപൊള്ളയായ സമചതുരത്തിലൂടെ
മകന്റെ മുറിയിലേക്ക് അയാളെ കൊണ്ട് പോകുമായിരുന്നു

മുത്തശ്ശനെ വലത്ത് വച്ചോടുന്ന
കുട്ടികളുടെ നിലയ്ക്കാത്ത കൌതുകം
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ക്ക് വെള്ളം തളിക്കുന്ന
മുത്തശ്ശിയുടെ ശുഷ്ക്കിച്ച വിരല്‍ത്തുമ്പില്‍ച്ചെന്ന് ഞാലുമായിരുന്നു

വീടിനു മേല്‍ക്കൂര പണിയുന്ന മഴ
വക്ക് കെട്ടാത്ത കിണറിന്റെ
നശിച്ച വൃത്തത്തിലേക്ക്
ചെറുജീവിതങ്ങളെ ഒഴുക്കിവിടുന്ന
നിലവിളി കേള്‍ക്കാന്‍ അയാളവിടെ ഇറങ്ങുന്നില്ല
ഒരിക്കല്‍ പോലും

ഇല്ലാത്ത വാതില്‍ ചേര്‍ത്തടച്ചു
വിളക്കുകള്‍ കെടുത്തിയിട്ടും പ്രകാശിക്കുന്ന മുഖത്തോടെ
നനഞ്ഞ കൈ സാരിത്തുമ്പിലൊപ്പി
ഒരുവള്‍ തന്റെ നെഞ്ചില്‍ പായവിരിച്ചത് പോലൊരോര്‍മ്മ
കഫംകുറുകി ചുമച്ചു അയാള്‍ വേച്ച് വീണുപോകുന്നു

എവിടെയോ ഒരിടത്ത്
വണ്ടികള്‍ കൂട്ടിമുട്ടിയ ഒച്ചയില്‍
വീട് തന്റെ കരച്ചില്‍ തൊഴുത്തിലേക്കെന്നപോലെ
വീട്ടുടമയിലേക്ക് അഴിച്ചുവിടുന്നു

Subscribe Tharjani |