തര്‍ജ്ജനി

വിവര്‍ത്തനം -സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കഥ

തൂക്കിക്കൊല്ലല്‍

ജോര്‍ജ്ജ് ഓര്‍വലിന്റെ A HANGING (1931) എന്ന കഥയുടെ പരിഭാഷ

ബര്‍മ്മയിലെ മഴയില്‍ കുതിര്‍ന്ന ഒരു പ്രഭാതം. ജയില്‍മുറ്റത്തേയ്ക്ക്, ഉയരമുള്ള മതിലിനുമീതെക്കൂടി വിളറിയ മഞ്ഞവെളിച്ചം ചാഞ്ഞുവീഴുന്നുണ്ടായിരുന്നു. മൃഗക്കൂടുകള്‍പോലെ തോന്നിച്ച, അഴികളിട്ട ഷെഡ്ഡുകളുടെ വെളിയില്‍ കാത്തുനില്ക്കുകയായിരുന്നു ഞങ്ങള്‍. അവ " കണ്ടം‍ഡ് സെല്ലുകളാ‍"ണ്. ഓരോ അറയും പത്തടി വശമുള്ള സമചതുരങ്ങളായിരുന്നു. ഒരു പലകക്കട്ടിലും കുടിവെള്ളത്തിന്റെ ഒരു കലവും ഒഴിച്ചാല്‍ നിശ്ശൂന്യം. അവയില്‍ ചിലതിലെല്ലാം അഴികള്‍ക്കുള്ളില്‍ കമ്പിളിപുതച്ച കറുത്ത മനുഷ്യര്‍ നിലത്തു കുത്തിയിരിക്കുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ആഴ്ചകളില്‍ തൂക്കിക്കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവരാണീ മനുഷ്യര്‍.

ഒരു തടവുകാരനെ അറയ്ക്കുള്ളില്‍നിന്നും പുറത്തേയ്ക്കു കൊണ്ടുവന്നുകഴിഞ്ഞു. ഒരു ഹിന്ദു, മെലിഞ്ഞുവളഞ്ഞ ഒരു മനുഷ്യന്‍. തലമുടി പറ്റെ വെട്ടിയിരിക്കുന്നു. അയാളുടെ ശരീരത്തിന് ചേരാത്തവിധം കട്ടിമീശ, ആകെക്കൂടി സിനിമകളിലെ ഹാസ്യരംഗങ്ങളില്‍ കാണുന്നതുപോലെയുള്ള രൂപം. ഉയരംകൂടിയ ആറ്‌ ഇന്ത്യന്‍ ജയില്‍വാര്‍ഡര്‍മാര്‍ചേര്‍ന്ന് അയാളെ കഴുമരത്തിനായി തയ്യാറാക്കുകയാണ്. വാര്‍ഡര്‍മാരില്‍ രണ്ടുപേര്‍ തോക്കുകളും ബയണറ്റുകളുമായി കാവല്‍നിന്നു, ബാക്കിയുള്ളവര്‍ചേര്‍ന്ന് അയാളുടെ കൈകളില്‍ ചങ്ങലയണിയിച്ചു, അതിന്റെയറ്റം അവരുടെ ബെല്‍റ്റുകളില്‍ കൊളുത്തി. കൈകള്‍ ഇരുവശങ്ങളിലും ചേര്‍ത്തുവച്ച് വരിഞ്ഞുകെട്ടി. അവര്‍ അവനു വളരെ അടുത്തായി ചുറ്റിനിന്നു, ഒരു കരുതല്‍പോലെ കൈകള്‍ അവന്റെമേല്‍ വയ്ക്കുകയും ചെയ്തു. കരയിലിട്ടിട്ടും ജീവന്‍പോകാതെ എപ്പോള്‍ വേണമെങ്കിലും വെള്ളത്തിലേയ്ക്ക് ചാടാമെന്ന രീതിയില്‍ പിടച്ചുകൊണ്ടിരിക്കുന്ന മീന്‍ രക്ഷപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ പോലെയായിരുന്നു അവരുടെ പ്രവൃത്തികള്‍.. അയാള്‍, പക്ഷേ, തീര്‍ത്തും നിര്‍വ്വികാരനായി കൈകള്‍ കയറിനു വിട്ടുകൊടുത്ത്, എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ബോധമില്ലാത്തതുപോലെയായിരുന്നു നിന്നത്.

എട്ടുമണി അടിച്ചു, അകലെയുള്ള ഏതോ ബാരക്കില്‍നിന്ന്, ശൂന്യമായ ഈറന്‍ വായുവിലൂടെ ഒരു സൈറണ്‍ശബ്ദം ഒഴുകിവന്നു. മറ്റുള്ളവരില്‍നിന്നും അകന്ന്, കയ്യിലിരുന്ന ദണ്ഡുകൊണ്ട് നിലത്തെ ചരല്‍ ഇളക്കിക്കൊണ്ടിരുന്ന ജയില്‍ സൂപ്രണ്ട് ശബ്ദംകേട്ട് തല ഉയര്‍ത്തി. പരുക്കന്‍ ശബ്ദവും നരച്ച കുറ്റിമീശയുമുള്ള അയാള്‍ ഒരു പട്ടാളഡോക്ടറായിരുന്നു. " ഫ്രാന്‍സിസ്, ദൈവത്തെയോര്‍ത്ത് ഒന്നു വേഗം .. , ഈ മനുഷ്യന്‍ ഇപ്പോള്‍ മരിച്ചു കഴിയേണ്ടതായിരുന്നു. നിങ്ങള്‍ ഇനിയും തയാറാക്കി കഴിഞ്ഞില്ലേ?“ അയാള്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

ഫ്രാന്‍സിസ് എന്ന ജയില്‍മേധാവി, വെള്ളകുപ്പായവും സ്വര്‍ണ്ണക്കണ്ണടയുംവച്ച തടിച്ച ദ്രാവിഡന്‍, അയാളുടെ കറുത്ത കൈകള്‍ വീശി, " കഴിഞ്ഞു, സര്‍, കഴിഞ്ഞു, എല്ലാം ശരിയായി, ആരാച്ചാര്‍ കാത്തിരിക്കുകയാണ്, നമുക്ക് പോകാം "

" ശരി, നീങ്ങാം, ഈ ജോലി കഴിയാതെ തടവുകാര്‍ക്ക് പ്രഭാതഭക്ഷണം കൊടുക്കാന്‍ കഴിയില്ല "

ഞങ്ങള്‍ കഴുമരത്തിലേയ്ക്ക് നടന്നു. തടവുകാരന്റെ ഇരുഭാഗങ്ങളിലുമായി രണ്ടു വാര്‍ഡന്‍മാര്‍ തോക്കുകളുമായി നടന്നു. മറ്റു രണ്ടുപേര്‍ അയാള്‍ക്കെതിരായി അയാളുടെ കൈയിലും തോളിലും തള്ളുകയും താങ്ങുകയും ചെയ്യുന്നവിധത്തില്‍ പിടിച്ചുനടന്നു. ബാക്കി, ഞങ്ങള്‍ മജിസ്ട്രേറ്റും മറ്റുള്ളവരും അവരെ അനുഗമിച്ചു. കഷ്ടിച്ച് പത്തുവാര നടന്നിട്ട്, ഞങ്ങളുടെ ജാഥ പെട്ടെന്ന് പിടിച്ചുനിര്‍ത്തിയതുപോലെ നിന്നുപോയി, ആജ്ഞയില്ലാതെതന്നെ. ഭയാനകമായ ഒരു കാര്യം സംഭവിച്ചു, എവിടെ നിന്നെന്നറിയാതെ ഒരു നായ ആ മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. അത് ഉച്ചത്തില്‍ കുരച്ചുകൊണ്ട് ഞങ്ങളുടെ നേരെ കുതിക്കുകയായിരുന്നു. ഇത്രയും മനുഷ്യരെ ഒന്നിച്ചു കണ്ടതില്‍ സന്തോഷിക്കുന്നതുപോലെ അത് ദേഹം മുഴുവന്‍ വന്യമായ രീതിയില്‍ ഇളക്കി ഞങ്ങള്‍ക്കുചുറ്റും ചാടാന്‍തുടങ്ങി. ഒരു കൂറ്റന്‍ നായയായിരുന്നു, അത്. ഒരു നിമിഷം ഞങ്ങള്‍ക്ക് ചുറ്റും ചാടിയതിനുശേഷം, പെട്ടെന്ന്, ആര്‍ക്കും തടുക്കാന്‍ കഴിയുന്നതിനു മുമ്പ് അത് തടവുകാരന്റെ നേരെ കുതിച്ചുചാടി, അയാളുടെ മുഖത്തു നക്കുവാന്‍ ശ്രമിച്ചു. എല്ലാവരും അമ്പരന്നുപോയി, അതിനെ പിടിച്ചുമാറ്റാന്‍ ആര്‍ക്കും പെട്ടെന്ന് കഴിഞ്ഞില്ല.

" ആരാണീ നശിച്ച ജന്തുവിനെ അകത്തു കടത്തിയത്, ആരെങ്കിലും അതിനെ പിടിക്കൂ " സൂപ്രണ്ട് അലറി. വാര്‍ഡര്‍മാരിലൊരാള്‍ നിരതെറ്റിച്ച് നായയെ പിടിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് പിടികൊടുക്കാതെ തെന്നിമാറി. ഒരു യൂറേഷ്യന്‍ ജയിലര്‍ നിലത്തുനിന്ന് ചരല്‍ വാരി അതിനെ എറിഞ്ഞോടിക്കാന്‍ ശ്രമിച്ചു, പക്ഷേ കല്ലുകള്‍ കടിച്ചെടുത്ത് നായ ഞങ്ങള്‍ക്കു നേരെ ഓടി വന്നു. അതിന്റെ ഉച്ചത്തിലുള്ള കുര ജയിലിന്റെ മതിലുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു. രണ്ടു കാവല്‍ക്കാരുടെ പിടിയിലായിരുന്ന തടവുകാരന്‍ അശ്രദ്ധനായിത്തന്നെ നിലകൊണ്ടു. ഇതും തൂക്കിക്കൊലയ്ക്കു മുമ്പുള്ള ഔപചാരികതകളില്‍ പെടുമെന്നതുപോലെയായിരുന്നു അയാളുടെ ഭാവം. പിന്നെയും കുറെ സമയമെടുത്തു നായയെ പിടികൂടാന്‍. ഞാന്‍ എന്റെ തുവാല അതിന്റെ കഴുത്തിലെ ബെല്‍റ്റില്‍ കുടുക്കി ഒരുവിധത്തില്‍ പിടിച്ചു വലിച്ചുമാറ്റി. അത് അപ്പോഴും മോങ്ങുകയും വലിയുകയും ചെയ്തുകൊണ്ടിരുന്നു.

കഴുമരത്തിലേയ്ക്ക് നാല്പതുവാര അകലമുണ്ടായിരുന്നു. എന്റെ മുമ്പില്‍ അടിവയ്ക്കുന്ന തടവുകാരന്റെ നഗ്നമായ ഇളംകറുപ്പുനിറമുള്ള പുറംഭാഗം ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ ക്ഷീണിതനായി, എന്നാല്‍ നേരെതന്നെ നടക്കുകയാണ്. ഓരോ അടിവയ്ക്കുമ്പോഴും പേശികള്‍ ഇളകി, അയാളുടെ മുടി തലയോട്ടിയില്‍ ഇളകിക്കളിച്ചു. നനഞ്ഞ മണലില്‍ അയാളുടെ കാലടിപ്പാടുകള്‍ പതിഞ്ഞുകിടന്നു. രണ്ടു തോളിലും മുറുകെ പിടുത്തമുണ്ടായിട്ടും ഇടയ്ക്ക്, വഴിയില്‍ കെട്ടിക്കിടന്ന വെള്ളമൊഴിവാക്കാന്‍ ഒരിക്കലയാള്‍ അല്പം മാറി വശത്തേയ്ക്ക് ചുവടുവയ്ക്കുകയും ചെയ്തു.

ആരോഗ്യവാനായ, സ്വബോധമുള്ള ഒരു മനുഷ്യന്റെ ജീവന്‍ ഇല്ലാതാക്കുക എന്നാല്‍ എന്താണര്‍ത്ഥമാക്കുന്നതെന്ന് ഞാനാ നിമിഷംവരെ ചിന്തിച്ചിരുന്നില്ല. അയാള്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ കാല്‍ വശത്തേയ്ക്ക് മാറ്റി വയ്ക്കുന്നതു കണ്ടപ്പോള്‍ പൂര്‍ണ്ണതയില്‍ നില്ക്കുന്ന ഒരു ജീവനെ മുറിച്ചെറിയുന്നതിലുള്ള, വിവരിക്കാനാകാത്ത തെറ്റ് ഒരു നിഗൂഡതയായി ഞാന്‍ അറിഞ്ഞു, ഈ മനുഷ്യന്‍ മരണാസന്നനല്ല, അയാള്‍ ജീവിക്കുകയാണ്, ഞങ്ങളെയെല്ലാംപോലെ. അയാളുടെ ശരീരാവയവങ്ങളെല്ലാം പ്രവര്‍ത്തനനിരതമാണ്. അമാശയം ആഹാരം ദഹിപ്പിക്കുന്നുണ്ട്, ത്വക്ക് സ്വയം നവീകരിക്കുന്നു, കോശങ്ങളും കലകളും രൂപം കൊള്ളൂന്നു. എല്ലാം ഒരു കഠിനവിഡ്ഡിത്തത്തില്‍ യത്നിക്കുന്നു. തൂക്കുകയറില്‍, ഇനി പത്തിലൊന്നു നിമിഷം മാത്രം ജീവിതത്തില്‍ താങ്ങിനിര്‍ത്തി, വായുവിലൂടെ താഴേയ്ക്ക് ഊര്‍ന്നുവീഴുമ്പോഴും അയാളുടെ നഖം വളരുന്നുണ്ടാകും. അയാളുടെ കണ്ണുകള്‍ നരച്ചഭിത്തികളും മഞ്ഞമണലും കാണുന്നുണ്ട്, അയാളുടെ മസ്തിഷ്കം ചിന്തിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്നു, വഴിയിലെ വെള്ളക്കെട്ടിനെപ്പോലും കണ്ട് വിശകലനം ചെയ്യുന്നു അയാളുടെ മനസ്സ്. അയാളും ഞങ്ങളും ഒന്നിച്ചു നടക്കുകയാണ്, ഒരേ ലോകത്തെ കാണുകയും കേള്‍ക്കുകയും അറിയുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട്. പക്ഷേ ഇനി രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍, ഒരു ദ്രുതചലനത്തിലൂടെ ഞങ്ങളിലൊരാള്‍ പോകും. ഒരു ബോധം, ഒരു ലോകം, ഇല്ലാതാകും.

ജയിലിന്റെ പ്രധാനമുറ്റത്തു നിന്നകന്ന് ഒരു ചെറിയ കളത്തിലാണ് കഴുമരം. കളപ്പുല്ലുകള്‍ ഉയരത്തില്‍ വളര്‍ന്നുനില്ക്കുന്ന ഇടം. ഒരു ഷെഡിന്റെ മൂന്നുവശങ്ങള്‍പോലെ ഇഷ്ടികകള്‍ കെട്ടിയിരിക്കുന്നു. മുകളില്‍ പലക. അതിനു മുകളിലായി രണ്ടു തൂണൂകളില്‍ താങ്ങി കുറുകെ വച്ചിരിക്കുന്ന ദണ്ഡില്‍ തൂക്കുകയര്‍,‍. ആരാച്ചാര്‍, ജയിലിലെ വെളുത്ത യൂണിഫോം ധരിച്ച, നരച്ചമുടിയുള്ള ഒരു തടവുകാരന്‍ തന്റെ ഉപകരണങ്ങളുമായി കാത്തുനിന്നിരുന്നു. അയാള്‍ ഞങ്ങളെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ട്, തടവുകാരനെ പിടിച്ചിരുന്ന രണ്ടു പേരും പിടിമുറുക്കി, വലിച്ചും തള്ളിയുമെന്നപോലെ കഴുമരത്തിലേയ്ക്ക് ആനയിച്ചു. പടവുകള്‍ കയറാന്‍ സഹായിച്ചു. അതിനുശേഷം ആരാച്ചാര്‍ തട്ടില്‍ കയറി, തൂക്കുകയര്‍ തടവുപുള്ളിയുടെ കഴുത്തിലൂടെയിട്ടുറപ്പിച്ചു.

ഞങ്ങള്‍ അഞ്ചുവാരയകലെ കാത്തുനിന്നു. വാര്‍ഡന്മാര്‍ കഴുമരത്തിനുചുറ്റും ഒരു വലയം തീര്‍ക്കുന്നതുപോലെ നിന്നു. പെട്ടെന്ന്, കുരുക്ക് കഴുത്തില്‍ ഉറച്ചപ്പോള്‍, തടവുകാരന്‍ അയാളുടെ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങി. " റാം, റാം, റാം. റാം.. " ഉച്ചത്തില്‍ ഒരു നിലവിളിയുടെ ആവര്‍ത്തനം. സഹായത്തിനായുള്ള പ്രാര്‍ത്ഥനയോ നിലവിളിയോ പോലെ അടിയന്തിരമായിട്ടല്ല, പക്ഷേ ഈണത്തില്‍, ഇടറാതെ, ഒരു മണിനാദത്തിന്റെ താളത്തിലായിരുന്നു അത്. നായ ഒന്നു മോങ്ങി അതിനു മറുപടി നല്കി. അപ്പോഴും തട്ടില്‍ നില്ക്കുകയായിരുന്ന ആരാച്ചാര്‍ ഒരു തുണിസഞ്ചിയെടുത്ത് അയാളുടെ തല മൂടുംവിധം കമഴ്ത്തിയിട്ടു. പക്ഷേ തുണിയിലൂടെ അരിച്ചരിച്ച് ആ ശബ്ദം വീണ്ടും വീണ്ടും ഉയര്‍ന്നുകേട്ടു., " റാം, റാം, റാം , റാം.."

ആരാച്ചാര്‍ താഴെയിറങ്ങി, ലിവര്‍ പിടിച്ച് തയ്യാറായിനിന്നു. നിമിഷങ്ങള്‍ കടന്നുപോകുന്നതായി തോന്നി. ഒരു നിമിഷംപോലും നിലയ്ക്കാതെ, ഇടറാത്ത ആ ശബ്ദം തുടര്‍ന്നുകൊണ്ടിരുന്നു. വടി മണ്ണില്‍ക്കുത്തി, തലകുനിച്ച് നില്ക്കുകയായിരുന്നു സൂപ്രണ്ട്. ഒരുപക്ഷേ പ്രാര്‍ത്ഥന അമ്പതോ നൂറോ തികയ്ക്കാന്‍ അനുവദിക്കുകയായിരുന്നിരിക്കും. എല്ലാവരും വിളറിനിന്നു. ചിലരുടെ ബയണറ്റുകള്‍ വിറച്ചിരുന്നു. തൂക്കുകയര്‍ ധരിച്ച്, തലമൂടി നില്ക്കുന്ന മനുഷ്യനെ ഞങ്ങള്‍ നോക്കി, ആ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചു, ഓരോ നാമജപവും ജീവിതത്തിന്റെ അടുത്ത നിമിഷത്തെ ഓര്‍മ്മപ്പെടൂത്തി. ഞങ്ങളിലെല്ലാം ഈ ചിന്ത തന്നെയായിരുന്നു. : വേഗം കൊല്ലു, ആ നിലവിളിയൊന്നവസാനിപ്പിക്കൂ. "
പെട്ടെന്ന് സൂപ്രണ്ട് തീരുമാനമെടുത്തു. തല ഉയര്‍ത്തി വടി ദ്രുതഗതിയില്‍ ചലിപ്പിച്ച് , ഭയപ്പെടുത്തുന്നത്ര ഉച്ചത്തില്‍ ആജ്ഞ നല്കി " ചലോ " ( നടക്കട്ടെ )

കിലുങ്ങുന്ന ഒരു ശബ്ദം., അതിനുശേഷം കനത്ത നിശ്ശബ്ദത. തടവുകാരന്‍ അപ്രത്യക്ഷനായിരിക്കുന്നു. കയര്‍ സ്വയം ചുറ്റിക്കുരുങ്ങുന്നു. ഞാന്‍ നായയെ സ്വന്തന്ത്രനാക്കി. അതുടനെ തൂക്കുമരത്തിന്റെ പിന്‍ഭാഗത്ത് ചാടിക്കയറി. അല്പനേരം അവിടെ നിന്നു, കുരച്ചു, എന്നിട്ട് മുറ്റത്തിന്റെ ഒരു മൂലയിലേയ്ക്ക് പിന്‍തിരിഞ്ഞു. അവിടെ കളപ്പുല്ലുകള്‍ക്കിടയില്‍ നിന്ന് ആശങ്കയോടെ ഞങ്ങളെ നോക്കി. ഞങ്ങള്‍ കഴുമരത്തിനു ചുറ്റും നടന്ന് തടവുകാരന്റെ അവസ്ഥ നിരീക്ഷിച്ചു. കാല്‍വിരലുകള്‍ താഴേയ്ക്കുന്നി അയാള്‍ കയറില്‍ ആടുന്നു. പതുക്കെ തിരിയുന്നു, ഒരു കല്ലുപോലെ നിര്‍ജ്ജീവമായി.

സൂപ്രണ്ട് വടിയെത്തിച്ച് അയാളുടെ നഗ്നശരീരത്തില്‍ കുത്തിനോക്കി. അതു പതുക്കെ ഉലഞ്ഞു, "ശരിയായി, കുഴപ്പമൊന്നുമില്ല." അതു പറഞ്ഞ് അയാള്‍ പിന്‍തിരിഞ്ഞ് തൂക്കുതറയുടെ കീഴില്‍നിന്ന് മാറിനിന്ന് ദീര്‍ഘശ്വാസമുതിര്‍ത്തു. പെട്ടെന്ന് അയാളുടെ മ്ലാനഭാവം മാറിയതായി കാണപ്പെട്ടു. അയാള്‍ കൈത്തണ്ടയിലെ വാച്ചില്‍ നോക്കി. "എട്ടു കഴിഞ്ഞ് എട്ടു മിനിറ്റ്. ഇന്നത്തെ പ്രഭാതജോലി കഴിഞ്ഞു. ദൈവത്തിനു നന്ദി."
വാര്‍ഡര്‍മാര്‍ ബയണറ്റ്മാര്‍ച്ചുചെയ്തു അകന്നു. നായ തെറ്റു ചെയ്തെന്ന് സ്വയം മനസ്സിലായതുപോലെ മോങ്ങിക്കൊണ്ട് അവരെ അനുഗമിച്ചു. ഞങ്ങള്‍ തൂക്കുമരംവിട്ട് മരണം കാക്കുന്ന തടവുകാരുടെ അറകള്‍ പിന്നിട്ട് ജയിലിന്റെ വലിയ മുറ്റത്തെത്തി. ലാത്തി ധരിച്ച വാര്‍ഡര്‍മാര്‍ അവിടെ തടവുപുള്ളീകള്‍ക്ക് പ്രഭാതഭക്ഷണം നല്കുകയായിരുന്നു. അവര്‍ വരിയായി കുത്തിയിരുന്നു, കൈകളില്‍ തകരപ്പാത്രവും. രണ്ടു വാര്‍ഡര്‍മാര്‍ തൊട്ടികളില്‍നിന്ന് ചോറുവിളമ്പിക്കൊടുത്തു. തൂക്കിക്കൊലയ്ക്കുശേഷമുള്ള ആ ദൃശ്യം തികച്ചും സന്തോഷകരമായ, ഗാര്‍ഹികമായ ഒരു കാഴ്ചപോലെ തോന്നി. ജോലി കഴിഞ്ഞെന്നുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് അത്യധികം ആശ്വാസം അനുഭവപ്പെട്ടു.

പെട്ടെന്നുതന്നെ എല്ലാവരും സന്തോഷത്തോടെ സംസാരിക്കുവാനാരംഭിച്ചു.
എനിക്കു പിന്നില്‍ നടന്നിരുന്ന യൂറേഷ്യന്‍ യുവാവ്, ഞങ്ങള്‍ പിന്നിട്ട വഴിയിലേയ്ക്ക് നോക്കി പരിചിതമായ പുഞ്ചിരിയോടെ പറഞ്ഞു, " സര്‍, താങ്കള്‍ക്കറിയാമോ, നമ്മുടെ ചങ്ങാതി (തൂക്കിലേറ്റപ്പെട്ട മനുഷ്യനെയാണയാള്‍ ഉദ്ദേശിച്ചത്) അയാളുടെ അപേക്ഷ നിരസിച്ചെന്നു കേട്ടപ്പോള്‍ തറയില്‍ മൂത്രമൊഴിച്ചുപോയിരുന്നു. പേടിച്ചിട്ട്... സര്‍, ഈ സിഗററ്റൊന്നെടുക്കൂ, ഈ സില്‍വര്‍ കേയ്സ് നല്ലതല്ലെ? യൂറോപ്യന്‍സാധനം. പെട്ടിക്കാരനോടു രണ്ടു ഉറുപ്പിക എട്ട് അണയ്ക്കു വാങ്ങിയതാ."

എന്തിനാണെന്ന് സ്വയം ഉറപ്പില്ലാതെ പലരും ചിരിച്ചു.

ഫ്രാന്‍സിസ് സൂപ്രണ്ടിന്റെകൂടെ നടക്കുകയായിരുന്നു, നിര്‍ത്താതെ സംസാരിച്ചുകൊണ്ട്.
"നന്നായി, സര്‍, എല്ലാം ഒരു കുഴപ്പവും കൂടാതെ കഴിഞ്ഞു, എപ്പോഴും അങ്ങനെയാകാറില്ല. കഴുമരത്തിന്റെ താഴെയിറങ്ങി ഡോക്ടര്‍ക്ക് ., കാല്‍പിടിച്ചു വലിച്ചുനോക്കേണ്ട അവസ്ഥ വന്ന സംഭവങ്ങള്‍വരെ എനിക്കറിയാം. എത്ര നാണംകെട്ട പണി. "

"അതെ, അതൊക്കെ മോശം തന്നെ". സൂപ്രണ്ട് പറഞ്ഞു.
അവര്‍ വാശിക്കാരാകുമ്പോള്‍ അതിലും കഷ്ടമാകും കാര്യങ്ങള്‍. ഒരിക്കല്‍, ഞാനോര്‍ക്കുന്നു, ഒരാള്‍ അറയില്‍ നിന്നിറക്കാന്‍ സമ്മതിക്കാതെ അഴികളില്‍ മുറുകെപ്പിടിച്ചു നിന്നു, താങ്കള്‍ക്ക് വിശ്വസിക്കാനാകുമോ, അന്ന് ആറുപേര്‍ വേണ്ടിവന്നു അയാളെ വെളിയിലിറക്കാന്‍.. മുമ്മൂന്നുപേര്‍ ഓരോ കാലിലും പിടിച്ചാണ് പുറത്തേയ്ക്കെത്തിച്ചത്. ഞങ്ങള്‍ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രമിച്ചു, "ചങ്ങാതീ, നീ ഞങ്ങള്‍ക്ക് എത്ര കഷ്ടപ്പാടാണ് വരുത്തുന്നതെന്നറിയാമോ? "പക്ഷേ അതൊന്നും അയാളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല, ആകെക്കൂടി കുഴപ്പക്കാരനായ ഒരാള്‍".

ഞാന്‍ വളരെ ഉറക്കെ ചിരിക്കുകയായിരുന്നുവെന്ന് എനിക്കു മനസ്സിലായി. എല്ലാവരും ചിരിക്കുകയായിരുന്നു. സൂപ്രണ്ട്പോലും അമര്‍ത്തിച്ചിരിക്കുന്നുണ്ടായിരുന്നു."എല്ലാവരും വന്നാല്‍ നമുക്കൊരു പാനോപചാരമാകാം". അയാള്‍ തികച്ചും ഊഷ്മളമായിത്തന്നെ പറഞ്ഞു. "കാറില്‍ ഒരു കുപ്പി വിസ്ക്കിയുണ്ട്. നമുക്കതെടുക്കാം" അയാള്‍ പറഞ്ഞു.

ഞങ്ങള്‍ ജയിലിന്റെ വലിയ കവാടംപിന്നിട്ട് റോഡിലേയ്ക്ക് കടന്നു. "അവന്റെ കാലില്‍ പിടിച്ചു വലിക്കുക " ഒരു ബര്‍മീസ് മജിസ്റ്റ്രേറ്റ് പെട്ടെന്നൊരു ആശ്ചര്യപ്രകടനം നടത്തി. എന്നിട്ടയാള്‍ ഉച്ചത്തിലൊരു ചിരിയിലേയ്ക്ക് മാറി. ഞങ്ങളെല്ലാവരും വീണ്ടും ചിരിക്കുവാന്‍ തുടങ്ങി. ആ അവസരത്തില്‍ ഫ്രാന്‍സിസിന്റെ വിവരണം അസാധാരണമാംവിധം ഫലിതം നിറഞ്ഞതായി തോന്നി. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് മദ്യപിച്ചു, സ്വദേശികളും യൂറോപ്യന്മാരും ഏകമനസ്സോടെ, സ്നേഹഭാവത്തില്‍. മരിച്ച മനുഷ്യന്‍ നൂറുവാര അകലെയായിരുന്നു.

Subscribe Tharjani |
Submitted by renju renjith (not verified) on Thu, 2015-09-10 12:42.

നന്നായിട്ടുണ്ട്..