തര്‍ജ്ജനി

ചിന്നു. എസ്

Visit Home Page ...

കവിത

ഞങ്ങള്‍ മനുഷ്യര്‍

ഞാന്‍-
കുരുതിക്കാട്ടിലെ
ജാതിമലയില്‍ കല്ലുരുട്ടുന്നവന്‍.

എന്റെ മകള്‍,
പള്ളിക്കൂടമെത്തിയാല്‍
ചോര തിരിച്ച്
ദളിതയെന്നു മാത്രം
വായിക്കപ്പെടുന്ന
വിലയില്ലാപ്പുസ്തകം.

ഞങ്ങള്‍- വാരത്തിലെപ്പോഴും
വറുതിയെ മറയ്ക്കുവാന്‍,
കമ്പിറൊട്ടിയുണ്ടു,
കടലച്ചമ്മന്തി നുണഞ്ഞ്,
കാലം തന്ന കറുപ്പുകളേറ്റ്,
കരുത്തുറ്റ കൈയാലേ
മെയ്യിലുപ്പുനീരൂറ്റി
പണിയെടുക്കുന്നവര്‍.

പതിവായി വാതില്‍പ്പടിയില്‍
കാവിപൊതിഞ്ഞ വിളികേട്ടു
വിളറി
വീടുകയറാനാകാതെ
കുടിവെള്ളപ്പട്ടിണിയിലാണ്ടു പോകുന്നവര്‍.

പരിവര്‍ത്തനം പാടിപ്പുകഴ്ത്തി
ദരിദ്രനെ ശാന്തനാക്കാമെന്നു
പുലമ്പി,
വിശപ്പെടുക്കാതെ 
വിയര്‍പ്പൊഴുക്കാതെ
വിശുദ്ധനെമാത്രം വിളിക്കുന്ന
'ശാന്തി'ക്കൂനയിലെ വെള്ളവസ്ത്രങ്ങള്‍.

എന്തുകൊണ്ടാണ്
എന്റെ വാതില്‍ക്കലടിക്കടി
കാവിയും
വെള്ളയും വരുന്നത്?

ഞാന്‍ മനുഷ്യനാണ്!
എന്റെ മക്കളും.

നിങ്ങള്‍ പറയുന്നു,
ഞാന്‍ ദളിതയാണ്!
മാംസമില്ലാത്ത,
രക്തമൊഴുകാത്ത,
കുറ്റിച്ചെടികളില്‍
തൂങ്ങി വീഴുന്ന,
മാനഭംഗങ്ങളായ്
മരണമാടുന്ന,
വെറും ദളിത.

ഈ നിങ്ങള്‍ ആരാണ്?
കടലാസു നീങ്ങുമ്പോള്‍
കിറികോട്ടി ചിരിക്കുന്ന
പരിഹാസനാട്ടിലെ
പടയാളികള്‍.

പാവം മനുഷ്യരെ
നിറത്താല്‍ വകഞ്ഞിട്ട്‌,
മതത്താല്‍ മറിച്ചിട്ട്,
പട്ടിണിപ്പട്ടിയായ്
പറഞ്ഞുനടപ്പവര്‍.

പെരുവിരല്‍ പകുക്കുന്ന
പഴയനിഴലിന്റെ
പുതിയ പതിപ്പുകള്‍
കുലംകുത്തികള്‍.

Subscribe Tharjani |