തര്‍ജ്ജനി

ജിതിന്‍ കെരച്ചന്‍ ഗോപിനാഥ്

Visit Home Page ...

കഥ

എങ്കിലും വേനല്‍മഴ പെയ്യാതിരിക്കട്ടെ.. !!

വീടിനോട് അടുത്തുതന്നെയാണ് പരദേവത വാഴുന്ന മന്താരക്കാവ്. കാലത്തിന്റെ ഏറ്റക്കുറച്ചിലില്‍ ആചാരങ്ങളും ആഘോഷങ്ങളും കാലഹരണപ്പെട്ടുപോയെങ്കിലും
മാസത്തില്‍ ഒരിക്കലുള്ള ദേവീപൂജക്കും കല്‍വിളക്കില്‍ തിരിതെളിയിക്കാനുമായി രാഘവന്‍മാഷും രാധാമണിയമ്മയും കാവില്‍ വരാതിരിക്കില്ല...

മീനവേനല്‍ പൊടിപാറുന്നുണ്ടല്ലെ മണിയേ?...

വിട്ടില്‍നിന്ന് കാവിലേക്കു കഷ്ടി ഒരു പതിനഞ്ചുമിനിട്ട് നടന്നപ്പോഴേക്കും മേലാകെ വെട്ടി വിയര്‍ക്കുന്നു .. മേടമാസം പുലരാറായിട്ടും വേനല്‍മഴ പെയ്തിട്ടില്ല.

ഇനിയിപ്പോ വേനല്‍മഴ പെയ്യാതിരിക്കട്ടെ മാഷെ.. പൂത്തുനില്ക്കുന്ന കണിക്കൊന്നപ്പൂക്കളെല്ലാം കൊഴിഞ്ഞുപോവും.. പിന്നെ എന്ത് വെച്ചിട്ടാ ഭഗവാനെ കണികാണുക..?

രാഘവന്‍മാഷ് ഒന്നും മിണ്ടിയില്ല...

നാളുകള്‍ കണ്മുന്നിലുടെ പാഞ്ഞുപോകുന്നത് എത്ര വേഗമാണെന്ന് അയാള്‍ ഓര്‍ത്തു. തുലാത്തില്‍ പാടത്ത് കൊട്ടിയ വിത്തുകള്‍ എല്ലാം പുന്നെല്ലായിട്ടു പത്തായപ്പുരയിലെ അറകള്‍ നിറഞ്ഞിരിക്കുന്നു.

അങ്ങിനെ മേടമാസവും ഇങ്ങു പടിക്കല്‍ എത്തി..

മീനച്ചൂടിലെ പൊരിവെയിലില്‍ മന്തരക്കാവിലെ കൊന്നമരം ഇലകള്‍ പൊഴിച്ച്,സ്വര്‍ണ്ണവര്‍ണ്ണമുള്ള കണിക്കൊന്നപ്പൂക്കളെക്കൊണ്ട് നിറഞ്ഞ് മറ്റൊരു വിഷുക്കാലത്തിനെ വരവേല്ക്കാന്‍ കാത്തുനില്ക്കുന്നു.. കാവിനുള്ളിലെ ചെമ്പകമരത്തിലും യക്ഷിപ്പാലയിലും കഴിഞ്ഞുപോയ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ച് അങ്ങിങ്ങായി വിരിഞ്ഞുനില്ക്കുന്ന പൂവുകള്‍.

ഭൂമിയെ ചുംബിച്ചുനില്ക്കുന്ന ആല്‍മരത്തിന്റെ കൈവേരുകളെ തട്ടിക്കൊണ്ടു രാധമണിയമ്മ മാഷിനോട് ചോദിച്ചു ..

പണ്ട് വിഷുക്കണിക്കായ് പൂക്കള്‍ പറിക്കാന്‍ കുട്ടന്‍ കൊന്ന മരത്തില്‍ കയറിയത് മാഷ് ഓര്‍ക്കുന്നുണ്ടോ?പിന്നീട് തിരിച്ചു ഇറങ്ങാന്‍ കഴിയാതെ നിലവിളിച്ചത് !! ?.,
അന്ന് അവനെ താഴോട്ട് ഇറക്കുവാനായിപെട്ട പാട് !! ആ ചെയ്തികള്‍ ആലോചിക്കുമ്പോ ഒരല്പം ആവലാതിയും അതിലേറെ ചിരിയും പൊട്ടിവരും .. അല്ലെ മാഷെ?.

രാഘവൻ മാഷ് ഒരൽപം ഗൌരവം ഭാവിച്ചു.രാധമണിയമ്മയെ മാഷിന് നന്നായി അറിയാം, പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽമക്കളെ കണ്ടിട്ട് നാള് കുറെ ആയി എന്ന് പറഞ്ഞു അവർസങ്കടപ്പെടും, പിന്നെ കരയും..

കാവിലെ കൽവിളക്കുകളിൽ എണ്ണ ഒഴിക്കുവോടൊപ്പം ഭാര്യ പറഞ്ഞത് കേട്ടൂ...എന്ന ഭാവത്തിൽ മാഷ് ചെറുതായൊന്നു മൂളി..

ഉം...ഞാൻ ഓർക്കുന്നുണ്ട് മണിയേ..

മാഷെ!! കുട്ടനെയും പാറുവിനെയും കൊച്ചുമക്കെളെയും കാണാൻ എനിക്ക് കൊതിയാവുന്നു. ഈ വിഷുവിനും അവർക്ക് വരാൻ കഴിയില്ല .. ജീവിതം ഒരു ഒറ്റപ്പെടൽ ആവുന്നപോലെ...

രാധമണിയമ്മയുടെ വാക്കുകൾ ഇടറി ഒരു തേങ്ങലിലേക്ക് ഒഴികിയപ്പോഴേക്കും രാഘവൻ മാഷ് അല്പം ഒന്ന് സ്വരം ഉയരത്തി..

രാധാമണി.. .,!!മതിയാക്കു ..വേറെ എന്തെങ്കിലും സംസാരിക്കു.. വിളക്കിൽ തെളിയിക്കാനുള്ള തിരികൾ എവിടെ?

രാധമണിയമ്മ സാരിത്തലപ്പുകൊണ്ട് പൊടിഞ്ഞുവിഴുന്ന കണ്ണുനീർത്തുള്ളികളെ വേഗം മറച്ചുവെച്ചു,.. അവർ കരയുന്നത് മാഷിന് ഇഷ്ടമല്ല !!

തനിക്കു ഞാനില്ലേ.. മണിയേ..ചന്ദുകുട്ടന് നല്ല ഒന്നാന്തരം ജോലി കിട്ടിയതല്ലേ ഇൻഫോ പാർക്കിൽ, അതും വേണ്ടാന്ന് വെച്ചു ആംസ്റ്റെർദാമിൽ മഞ്ഞു കൊള്ളാൻ പോയതല്ലേ. അവിടെ കിടക്കട്ടെടോ..കുറച്ചു കഴിയുമ്പോ നിർത്തി പോന്നോളും.

ഇത്തവണ നമുക്ക് വിഷുവിനു ഗുരുവായൂര് പോവണം.കണ്ണനെ കണ്ടു പ്രാർത്ഥിച്ചാൽ എല്ലാ സങ്കടവും അങ്ങ് മാറും.. പടക്കവും കമ്പിത്തിരിയും പൂത്തിരിയും ഒക്കെ വാങ്ങി പൊട്ടിച്ചു നമ്മൾ വിഷു ആഘോഷിക്കും.., പറ്റ്യാച്ചാൽ പാലടപായസം തയ്യാറാക്കണം,കേമാക്കണം വിഷു.

നിങ്ങൾക്കെന്താ മാഷെ വയസ്സാൻ കാലത്ത് ഭ്രാന്ത് പിടിച്ചോ?

കക്കാടിന്റെ കവിത താനും കേട്ടിട്ടുള്ളതല്ലേ ..
"കാലം ഇന്നും ഉരുളും,
വിഷു വരും,വര്ഷം വരും തിരുവോണം വരും ,
പിന്നെ ഓരോ തളിരിലും പൂ വരും കായ്‌ വരും.
അപ്പോഴും ആരെന്നും എന്തെന്നും ആർക്കറിയാം."

ഈ വരികളിൽ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്, കവിതകൾ കേട്ടത് കൊണ്ട് മാത്രമായില്ല , നല്ലതിനെ ഉൾക്കൊള്ളണം.,!! ഇനിയും ജീവിച്ചു തീരാൻ ഒരുപാടുണ്ട് ,,നഷട്ടപെടുത്തെണ്ട ഓരോ നിമിഷവും..

നേരം സന്ധ്യയോടുത്തു,... മാഷും രാധമണിയമ്മയും കാവിലെ കൽ വിളക്കുകളിൽ ദിപങ്ങൾ കൊളുത്തി കൈകൾ കൂപ്പി കണ്ണടച്ചു...ദീപ നാളങ്ങൾ സാക്ഷിയായി, മന്തരക്കാവ് മുഴുവനും സാക്ഷിയായി ഭഗവതിയോട് മക്കളുടെ നല്ലതിനും സന്തോഷതിനുമായി അവർ ഒരുമിച്ചു പ്രാർത്ഥിച്ചു..

തേങ്ങലുകളും ദുഖങ്ങളും ഒരു ചെറുപുഞ്ചിരിയായി മറഞ്ഞു, അവർ ഒരുമിച്ചു വിഷു ആഘോഷിക്കും!! , എല്ലാവിധ സന്തോഷത്തോടെയും കൂടെ..

വീട്ടിലേക്കുള്ള ഇടവഴിയിൽവെച്ച് പ്രതീക്ഷിക്കാതെയാണ് മഴ പെയ്ത്തത്., പൊരിവെയിലിനെ കുളിരാക്കുന്ന വേനൽ മഴ.. ആ മഴയില്‍ കൊഴിഞ്ഞുവിഴുന്ന കണിക്കൊന്നപ്പൂക്കളെ ഓർത്തു രാധമണിയമ്മ വിഷമിച്ചിട്ടുണ്ടാവണം,,

പക്ഷെ മഴയിൽ അലിഞ്ഞുചേരാതെ..മേടപ്പുലരിയിൽ ഭഗവാനെ കണികാണുവാനായ് മൊട്ടിട്ടുനില്കുന്ന കൊന്നപ്പൂവുകൾ വിരിയാതിരിക്കില്ല....

എങ്കിലും വേനൽ മഴ പെയ്യാതിരിക്കട്ടെ.. !!

Subscribe Tharjani |