തര്‍ജ്ജനി

സീനത്ത് ജാസിം

Visit Home Page ...

കവിത

അകക്കാഴ്ച

ഒരു ദേശാടനത്തിനു ഭാണ്ഡമൊരുക്കി
നേരുന്നു മംഗളം പൂവിനും പുല്‍നാമ്പിനും
തേരിലേറിയെന്നാത്മാവ് തേങ്ങുന്നു
മിഴി നിറഞ്ഞ പാഴ് സ്വപ്നങ്ങളെ നോക്കി

ചലിച്ചു തുടങ്ങിയെന്‍ രഥം പതുക്കെ
നഷ്ടദശാബ്ദങ്ങളെ പഴിച്ചു നിശ്ശബ്ദം
അശ്വങ്ങളില്ലാതെ സൂതനില്ലാതെ
യാത്രയാകുന്നു ശകടം വിദൂരം

വിട ചൊല്ലുവാനാവാതെ വിരഹം
കരിവിതറിയ വാനത്തെ പുല്‍കി
തളകള്‍ അണിയാത്ത അരുവിയെത്തഴുകി
വിലപിച്ച കാറ്റിനും ചുടുനിശ്വാസം

ഉരുളുന്നിതാ വീണ്ടും ജീവിതരഥചക്രം
കാത്തുനില്ക്കുന്ന യുഗശൈലങ്ങള്‍ക്ക് മീതെ
വസുധയുടെ പേറ്റുനോവുയരുന്നു
നിണമുറഞ്ഞ പൊക്കിള്‍ക്കൊടിയെ ഞെരിക്കുന്നു
അമ്മതന്‍ മടിക്കുത്തഴിക്കുന്നു
സംസ്കാരത്തിന്‍ വേരുകളറുക്കുന്നു
നിലയ്ക്കാത്ത കണ്ണുനീര്‍ക്കയങ്ങളില്‍ തുടി-
കൊട്ടുന്ന പ്രാണന്റെ മുറവിളികളുയരുന്നു

അങ്ങകലെയായ് മര്‍ത്യന്‍ വിളറിവെളുത്ത
പാരമ്പര്യത്തിന്‍ തലപ്പാവു തുന്നുന്നു
ജരാനരകള്‍ വിഴുങ്ങിയ താഴ്വരകളില്‍
ചിതലരിച്ച ചിന്തകള്‍ പുറ്റുപോലുയരുന്നു

Subscribe Tharjani |