തര്‍ജ്ജനി

നിര്‍മ്മല. വി

Visit Home Page ...

കവിത

ഇടനില

'ഒരു നിലാവിലും കറുപ്പു വീഴ്ത്തു മാനാവേണ്ടെന്ന്
എന്റെ വാക്കുദേവതകള്‍ ഉറക്കംതൂങ്ങുന്നു.
അവര്‍ക്കറിയാം,
പണ്ട് 6 ബി പെന്‍സില്‍ കൊണ്ടുവരച്ച
പൈനസ് മെയ്ല്‍ കോണില്‍
പ്രപഞ്ചരഹസ്യമൊന്നും ഒളിഞ്ഞുകിടന്നിരുന്നില്ലെന്ന്…

അവര്‍ക്കറിയാം, ചൊറിച്ചുമല്ലുകളും ഒറ്റച്ചെവിയനക്കങ്ങളും
തന്ന അഹങ്കാരങ്ങളില്‍
മാസങ്ങള്‍കൊണ്ടു പിറവിയെടുത്ത
വവേക്കഥയുടെ ബീജങ്ങള്‍ വലിയ
ഭൂമിശാസ്ത്രങ്ങളില്‍ ഞെരിഞ്ഞമരാനുള്ളതെന്ന്…

അവര്‍ക്കറിയാം, കാര്‍ഡില്‍ തെളിഞ്ഞ രണ്ടു വര
എന്നെ ഞങ്ങളാക്കിയപ്പോഴും
ഞങ്ങളിലിരട്ടി തുടിപ്പു വന്നപ്പോള്‍
രണ്ടിംഗ്ലീഷക്ഷരങ്ങള്‍
ഞങ്ങളെ ഞാനാക്കിയപ്പോഴും
അടുത്തുവന്ന് കണ്ണീരടക്കി,
'എന്റെ കൂടിപ്പിഴ'യെന്ന്
നിശ്വസിക്കാന്‍ അവന്‍ സ്വപ്നത്തിലെ മാലാഖയല്ലെന്ന്…

അവര്‍ക്കറിയാം, തണുത്ത താഴ്‌വരകളില്‍ മണത്ത
കുതിരച്ചാണകത്തിന്റെ ഓര്‍മ്മകള്‍ക്ക്
ആയുസ്സു കൂടുകയാണെന്നത്
ഒരു വിപ്ലവത്തിന്റെയും
തുടക്കമോ ഒടുക്കമോ അല്ലെന്ന്…

ഒന്നുമാത്രമറിയില്ല:
ഈ അറിവുകളുറഞ്ഞ
കടല്‍ഭിത്തിക്ക് വണ്ണവും നീളവുമെത്രയെന്ന് !!

Subscribe Tharjani |