തര്‍ജ്ജനി

കൃഷ്ണ ദീപക്

ഇ മെയില്‍ : krishnamaliyeckel@gmail.com

Visit Home Page ...

കവിത

വീഞ്ഞുപോലെ നുരയുന്നുണ്ട് നമ്മുടെ രാത്രികള്‍

ഇരുട്ടിലേക്ക് തുറക്കുന്ന രാത്രികളെ മുഴുവനും ഞാനിപ്പോള്‍
നമുക്ക് വേണ്ടി വിലയ്ക്കെടുക്കാറുണ്ട്
തടാകത്തിന്റെ തീരത്ത്‌ ചേര്‍ന്ന്കിടക്കുകയായിരുന്നു നമ്മള്‍
മങ്ങിയ വെളിച്ചമേയുള്ളൂ, കനത്തു പോയ നിശ്ശബ്ധതയാണ് ചുറ്റിലും
ഉപേക്ഷിക്കപ്പെട്ട പിയാനോകളിലെ കറുത്ത കട്ടകളെ
ഇളക്കിയെടുക്കുന്ന തിരക്കിലായിരുന്നു നീ

തടാകത്തിലെ ഇലകളൊഴിഞ്ഞ മരങ്ങളുടെ നിഴലുകളില്‍ ചവിട്ടി
ആകാശത്തിലേക്ക് പോകാനുള്ള കുറുക്കുവഴികളില്‍
പലതും എനിക്കറിയാം
അവിടെ നിന്നാണ്‌
ഒറ്റപ്പെട്ട ദ്വീപുകളുടെ ഏകാന്തതയിലേക്ക്
നിശബ്ദതയെ കുടഞ്ഞിടുന്നത്
വിചിത്രങ്ങളായ മൗനങ്ങൾ കൊണ്ട്‌
ഇരുട്ടിനെ വേവിച്ചെടുക്കുന്നത്

വീഞ്ഞുപോലെ നുരയുന്നുണ്ട് നമ്മുടെ രാത്രികള്‍
പരാജയപ്പെട്ടവര്‍ വന്നുപോയ തെരുവിലേക്കുള്ള
വണ്ടികാത്ത് നില്‍ക്കുകയാണ് ഒരുകൂട്ടമാളുകള്‍
പുകഞ്ഞു തീരാറായ രാജ്യത്തിന്റെ ഭൂപടം മായ്ച്ചു കളയുന്ന
കുട്ടിയുടെ മുഖമാണ് നമുക്കെന്ന് അവരിലാരാണ് പറഞ്ഞത് ?

ഇളക്കിയെടുത്ത പിയാനോ കട്ടകളെ അടുക്കി
പടവുകളാക്കുന്നതിന്റെ
അങ്ങേ അറ്റത്താണ് നമ്മുടെ രാജ്യം

മീനുകള്‍ ഇല്ലാത്ത തടാകങ്ങളിലൂടെ
നീന്തി നടക്കുന്ന കല്ലുകളെ നമ്മള്‍ കണ്ടതേയില്ല
ചുവന്നു പോയ അടിത്തട്ടില്‍, ഉപേക്ഷിക്കപ്പെട്ട
രാത്രികാലങ്ങളെ കുഴിച്ചിടുന്ന സെമിത്തേരിയുണ്ടെന്നും
അവിടേക്ക് പോകാമെന്നും നീ പറയുന്നു
ഒളിച്ചുകടത്തിയ ഈന്തപ്പഴ കുട്ടകളുമായി
ഒരുവന്‍ അവിടേക്ക് പോയത് ഞാന്‍ ഓര്‍ക്കുന്നു

ഒച്ചുകള്‍ നിറഞ്ഞുതിങ്ങിയ എണ്ണപ്പാടങ്ങളിലെ വഴുവഴുപ്പിലേക്ക്
തെന്നി ഇറങ്ങുന്നുണ്ട് ഇരുട്ടില്‍ ആരോ ഒരാള്‍

ഉടുക്ക് കൊട്ടി ആകാശത്തെ പേടിപ്പിച്ചിരുന്ന ഒരുവനെ എനിക്കറിയാം
മറിഞ്ഞു വീഴുന്ന മേഘങ്ങളെ തീവണ്ടിയില്‍ കയറ്റി
നാടുകടത്തുകയാണ് അവന്റെ പതിവ്
കൊമ്പുകളില്‍ ലാടം തറച്ച കുതിരകളെ ഞാന്‍ വിലയ്ക്കെടുത്തത്
അവനെ കുത്തി മലര്‍ത്താന്‍ വേണ്ടി മാത്രമാണ്

ഉന്മാദങ്ങള്‍ കൂട്ടിയിട്ടു വില്കുന്ന കടയില്‍ നിന്നും
പുറത്ത് കടക്കണമെന്ന്
നീ കുറേനേരമായി വിചാരിക്കാന്‍ തുടങ്ങിയെന്ന്
പറയാതെ തന്നെ ഞാന്‍ അറിയുന്നുണ്ട്
പരാജയപ്പെട്ടവരുടെ തിരിച്ചുപോക്ക്
ഞാന്‍ ഇനിയും കൂടുതലായി മനസിലാക്കേണ്ടതുണ്ട്
ശരിയാണ്,
ചതുപ്പുകളിലേക്കാണ്ട് പോകുന്ന,
തടാകം നോക്കിക്കിടക്കുന്ന നമുക്ക്
മരുഭൂമിയുടെ വിള്ളലുകളില്‍
മുറിവെണ്ണ പുരട്ടുന്ന തൂവലുകളെന്തിനാണ് ?

Subscribe Tharjani |