തര്‍ജ്ജനി

മുഖമൊഴി

ഗ്യാസുകുറ്റിയും സബ്സിഡിയും പിന്നെ മനഃസാക്ഷിക്കുത്തും

പാചകവാതകവിതരണവുമായി ബന്ധപ്പെട്ട ഒരു മഹാസംഭവം നടക്കുന്നതായി കുറച്ചുകാലമായി റേഡിയോ പരസ്യം കേള്‍ക്കാറുണ്ട്. മേ നരേന്ദ്രമോഡി എന്ന് ആരംഭിക്കുന്ന പരസ്യം ഹിന്ദിയിലാണ്. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി സബ്സിഡിപ്പണം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ എത്തിച്ച് അത്യാചാരം അവസാനിപ്പിക്കാം എന്നാണ് പറയുന്നതെന്നാണ് നമ്മുടെ പരിമിതമായ ഹിന്ദി പരിജ്ഞാനത്തിലൂടെ മനസ്സിലാക്കിയത്. അങ്ങനെയെങ്കില്‍ തമാശയാണ്. ഈ പരിപാടി നരേന്ദ്രമോഡി തുടങ്ങിവെച്ചതാണെന്ന് തോന്നും പറച്ചില്‍ കേട്ടാല്‍. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച പരിപാടിയാണിത്. ഒരേയൊരു വ്യത്യാസം, മേ മന്‍മോഹന്‍സിംഗ് എന്ന് തുടങ്ങുന്ന റേഡിയോ പരസ്യം ഇല്ലായിരുന്നുവെന്നതാണ്. ആധാര്‍ കാര്‍ഡിനെതിരെ വലിയ എതിര്‍പ്പ് ഉണ്ടായിരുന്നതായി നമ്മുക്ക് ഓര്‍ത്തെടുക്കാനാകും. അതിനെ എതിര്‍ത്തവരില്‍ ഇപ്പോഴത്തെ ഭരണക്കാര്‍ ഉണ്ടായിരുന്നതായാണ് ഓര്‍മ്മ. മാത്രമല്ല, അവര്‍ അധികാരത്തില്‍ വന്നാല്‍ ആധാര്‍ കാര്‍ഡ് സംവിധാനം തന്നെ പൂട്ടിക്കുമെന്നും പറഞ്ഞിരുന്നതായാണല്ലോ നമ്മുടെ ഓര്‍മ്മ! എന്നിട്ടും ഇങ്ങനെ ഒരു പരസ്യവുമായി രാജ്യംഭരിക്കുന്ന പ്രധാനമന്ത്രിതന്നെ കച്ചകെട്ടിയിറങ്ങുന്നുവെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഇത്രയുമാണെങ്കില്‍ സാരമില്ലായിരുന്നു. സബ്സിഡിയുടെ ആനുകൂല്യം ആവശ്യമില്ലാത്ത സമ്പന്നരായവര്‍ സ്വയം സബ്സിഡി വേണ്ടെന്നുവെക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. തരക്കേടില്ല! സബ്സിഡി ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയാണ്. റേഷനിംഗ് സംവിധാനം തന്നെ അതിനാണല്ലോ. ആളുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ യഥേഷ്ടം വിപണിയില്‍ ലഭ്യമല്ലാതിരിക്കുകയും വിലക്കയറ്റം ഉണ്ടാകാന്‍ ഇടവരികയും ചെയ്യുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങളെ സഹായിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തെയാണല്ലോ റേഷനിംഗ് എന്ന് വിളിക്കുന്നത്. റേഷന്‍ കൈപ്പറ്റാന്‍ കാര്‍ഡ് കാണിക്കണം. ഓരോ കാര്‍ഡിനും ഏത് അളവില്‍ സാധനം കിട്ടുമെന്നെല്ലാം വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കും. ഉപഭോക്താക്കളെ സഹായിക്കാനായി വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കും. അതിനായി വിലയുടെ ഒരു ഭാഗം സര്‍ക്കാര്‍ നല്കും. അതിനെ സബ്സിഡിയെന്ന് വിളിക്കും. പാചകവാതകം ഇങ്ങനെ നിയന്ത്രിതമായി വിതരണം ചെയ്യപ്പെട്ടിരുന്ന ഉല്പന്നങ്ങളിലൊന്നാണ്. അതിന്റെ വില നിയന്ത്രിക്കാന്‍ സബ്സിഡി നല്കുകയും ചെയ്തിരുന്നു. പക്ഷെ, നമ്മുടെ നാട്ടിലെ ഭരണസംവിധാനത്തിന്റെ ഭാഗമായ കാര്യങ്ങളെല്ലാം അഴിമതിയുടെ പലതരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അരങ്ങാണെന്നതുപോലെ പാചകവാതകക്കച്ചവടവും അഴിമതിക്കാര്യമായി. നിയമത്തിന്റെയും വ്യവസ്ഥകളിലെയും അവ്യക്തതകളും പഴുതുകളുമെല്ലാം തട്ടിപ്പിനും വെട്ടിപ്പിനുമുള്ള മാര്‍ഗ്ഗങ്ങളാണ്. അവയെ പിന്‍പറ്റിയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന അധോലോകം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടെയും പിന്തുണയില്ലാതെ ഇത്തരം ഒരു വെട്ടിപ്പ്, തട്ടിപ്പ്, കുംഭകോണം നടക്കില്ല. പക്ഷെ, വെട്ടിക്കുന്നവന്‍ ആവേശംവന്ന് ഒരു മറയുമില്ലാതെ വെട്ടിപ്പ് നടത്തുമ്പോള്‍ ജനമദ്ധ്യത്തില്‍ വിശ്വാസ്യത നഷ്ടമാകുന്ന അവസ്ഥ നേരിടുക, അവരുടെ സംരക്ഷകരാണ്. അപ്പോള്‍ ആത്മരക്ഷാര്‍ത്ഥം അവര്‍ ചില വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.

എണ്ണയുടെയും പാചകവാതകത്തിന്റെയും വില ഇന്ത്യന്‍ അവസ്ഥയില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ ആകാത്ത പ്രഹേളികയാണ്. ആഗോളവിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് നേരത്തെ ഉണ്ടയിരുന്നതില്‍ നിന്ന് ഇത്ര വര്‍ദ്ധിച്ചതിനാല്‍ എണ്ണ, പാചകവാതകവില ഇങ്ങനെ വര്‍ദ്ധിപ്പിക്കുവാന്‍ മന്ത്രാലയം തീരുമാനിച്ചുവെന്നായിരുന്നു പണ്ടത്തെ സ്ഥിരം പല്ലവി. പിന്നെ എണ്ണ-പാചകവാതകവില നിശ്ചയിക്കുവാനുള്ള അധികാരം ഉല്പാദകരായ കമ്പനികള്‍ക്ക് നല്കി. അതായത് സര്‍ക്കാര്‍ ഉടമസ്ഥതയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സ്വകാര്യ ഉടമസ്ഥതയിലുമുള്ള കമ്പനികള്‍ക്കും. അതില്‍ അംബാനിയുടെ റിലയന്‍സാണ് ഒരു വന്‍സ്രാവ്. അവരുടെ നഷ്ടക്കണക്ക് പറഞ്ഞ് ഇടയ്ക്കിടെ വില കൂട്ടുവാനും സബ്സിഡി എടുത്തുകളയുവാനും അവര്‍ സമ്മര്‍ദ്ദം ചെലുത്തി. കഴിഞ്ഞ കുറേക്കാലമായി ഈ കളി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആഗോളവിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞത്. മന്‍മോഹന്‍സിംഗ് ഭരണകാലത്ത് ബാരലിന് 115 ഡോളര്‍ വരെ വിലകയറിയ ക്രൂഡോയിലിന് ഇപ്പോള്‍ അന്താരാഷ്ട്രവിപണിയിലലെ വില 50 ഡോളറിന് ചുറ്റുപാടുമായിട്ടാണ്. അപ്പോള്‍ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച വില ആനുപാതികമായി കുറയ്ക്കേണ്ടതല്ലേ? എന്തുകൊണ്ടാണ് അങ്ങനെ കുറയാത്തത് എന്ന ചോദ്യത്തിന് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന ഉത്തരം ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് ഉല്പന്നങ്ങളുടെ വിലകൂട്ടുന്ന എണ്ണക്കമ്പനികളുടെ വാര്‍ഷിക കണക്ക് നഷ്ടത്തിന്റേതല്ല, ലാഭത്തിന്റേതാണ് എന്ന വേറെ ഒരു കൌതുകംകൂടി കാണാതിരിക്കാനാവില്ല. ക്രൂഡോയിലിന്റെ വില പരമാവധി വര്‍ദ്ധിച്ച കാലത്തെ വിലയില്‍ത്തന്നെയാണ് ഇപ്പോഴും പാചകവാതകവും പെട്രോള്‍-ഡീസലുകളും വില്ക്കുന്നത് എന്നു പറഞ്ഞാല്‍ അതില്‍ അശേഷം അതിശയോക്തിയില്ല.

പാചകവാതകത്തിനുള്ള സബ്സിഡി ഒഴിവാക്കാനുള്ള മാര്‍ഗ്ഗം അതിന്റെ വില യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണമോ ആ നിലയില്‍ നിശ്ചയിക്കുകയെന്നതാണ്. ക്രൂഡോയില്‍ വിലയുടെ അനുപാതത്തില്‍ യഥാര്‍ത്ഥത്തിലുള്ള ചിലവുകളുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചാല്‍ പ്രശ്നം പരിഹരിക്കാവുന്നതാണ്. എണ്ണക്കമ്പനികളുടെ ലാഭത്തിനായി നിലനിശ്ചയിക്കുകയും അതിനായി വര്‍ദ്ധിപ്പിച്ച തുക പൊതുഖജനാവില്‍ നിന്ന് സബ്സിഡിയായി നല്കുകയും ആ സബ്സിഡി ഇടനിലക്കാര്‍ അഴിമതിയിലൂടെ വെട്ടിച്ചെടുക്കുകയും ചെയ്യുന്ന ഒരു തുടര്‍പ്രക്രിയയുടെ തുടരാണ് മുറിക്കേണ്ടത്. അവിടെയാണ് യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതമായ സാമ്പത്തികാസൂത്രണം ആരംഭിക്കുക. ഇടനിലക്കാര്‍ വഴി ചോരുന്ന സബ്ഡിസിത്തുക തടയാനായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആരംഭിച്ച ആധാര്‍-ബാങ്ക് അക്കൌണ്ട് ബന്ധിത പരിപാടി അതിന്റെ തുടക്കമാണ്. അതിനപ്പുറമാണ് മോഡി പോകേണ്ടത്. അതിനു പകരം ദരിദ്രരും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുമായ ജനങ്ങള്‍ക്കു നല്കുന്ന സര്‍ക്കാര്‍ ആനുകൂല്യമായ സബ്സിഡി അതിന് അര്‍ഹതയില്ലാത്തവര്‍ വാങ്ങുന്നത് നിറുത്തണം എന്നാണ് മോഡി പറയുന്നത്. അര്‍ഹതിയില്ലാത്തത് കൈപ്പറ്റുന്ന അധമസ്വഭാവം ഒരു ജനതയുടെമേല്‍ കെട്ടിവെച്ച് അവരില്‍ ആത്മനിന്ദയും പാപബോധവും ജനിപ്പിച്ച് അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുവാനുള്ള മാനസികയുദ്ധത്തിന്റെ പ്രാരംഭമാണ് ഇതെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

ശരാശരി വരുമാനമുള്ളവര്‍ ആദായനികുതിമുതല്‍ പലതരം നികുതികള്‍ നല്കി സര്‍ക്കാരിനെ നിലനിറുത്തുന്നവരാണ്. പത്തുശതമാനം മുതല്‍ മുപ്പത് ശതമാനം വരെയാണ് ആദായനികുതി. വില്പനനികുതി, മുല്യവര്‍ദ്ധിതനികുതി,കെട്ടിടനികുതി, വിദ്യാഭ്യാസസെസ്സ് എന്നിങ്ങനെ സ്വന്തം ശമ്പളത്തില്‍ നിന്നും ശരാശരിവരുമാനക്കാരന്‍ നല്കുന്നതെല്ലാം കണക്കുകൂട്ടിയാല്‍ ഒരാളുടെ വരുമാനത്തിന്റെ അമ്പത് ശതമാനത്തോളം അയാള്‍ സര്‍ക്കാരിന് നല്കുകയാണെന്ന് കാണാം. അങ്ങനെയുള്ളവരാണ് വര്‍ദ്ധിപ്പിച്ച വിലയില്‍ പാചകവാതകക്കുറ്റി വാങ്ങണം എന്ന് നരേന്ദ്രമോഡി പറയുന്നത്. സാമ്പത്തികമായും രാഷ്ട്രീയവുമായും കാര്യങ്ങള്‍ നിയന്ത്രണത്തിലാന്‍ സാധിക്കാതെ വരുമ്പോള്‍ വൈകാരികമായി ദുര്‍ബ്ബലപ്പെടുത്തുകയും മനഃശാസ്ത്രപരമായ കീഴ്പ്പെടുത്തല്‍ നടത്താനും ശ്രമിക്കുകയാണോ സര്‍ക്കാര്‍?

ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്ര ശതകോടീശ്വരന്മാര്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അധികം കഴിയുന്നതിനുമുമ്പേ പലരും അന്വേഷിച്ച് വെളിപ്പെടുത്തുകയുണ്ടായി. സഭയിലെ 443 പേര്‍ കോടീശ്വരന്മാരാണ്. അതായത് സഭയിലെ അംഗങ്ങളില്‍ 82 ശതമാനം.2009ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ 58ശതമാനം അംഗങ്ങള്‍ കോടീശ്വരന്മാരായിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍ നിന്ന് മറ്റൊന്നിലെത്തുമ്പോഴുണ്ടായ പുരോഗതി നോക്കൂ. നമ്മമുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന ഒരു പരസ്യത്തിലെ വാചകമാണ് ഇത് ഓര്‍മ്മയിലെത്തിക്കുന്നത്. പാര്‍ലമെന്റിലെ കോടീശ്വരന്മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും അമ്പതിനായിരം രൂപ ശമ്പളം നല്കുന്നുണ്ട്. പാര്‍ലമെന്റിലെ റജിസ്റ്ററില്‍ ഒപ്പിടുന്ന ഓരോ ദിവസവും രണ്ടായിരം രൂപ അലവന്‍സും ലഭിക്കും. മുപ്പത്തിനാല് സൌജന്യവിമാനയാത്രകള്‍, സൌജന്യ തീവണ്ടിയാത്രകള്‍ എന്നിങ്ങനെ സൌജന്യങ്ങളുടെ ഒരു പരമ്പരയാണ് പാര്‍ലമെന്റിലെ ജനസേവകരായ അംഗങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നത്. അവരുടെ വരുമാനത്തിലെ അമ്പതിനായിരം രൂപ ശമ്പളത്തിന് മാത്രമേ നികുതി നല്കേണ്ടതുള്ളൂ. പാര്‍ലമെന്റിലെ കാന്റീനില്‍ വമ്പിച്ച സബ്സിഡിയോടെ അവര്‍ക്ക് തിന്നാനും കുടിക്കാനും കിട്ടും. സ്വന്തം ആവശ്യങ്ങള്‍ക്കുള്ളതൊന്നും കാശുകൊടുത്ത് വാങ്ങേണ്ടി വരാത്തവരാണിവര്‍.

അര്‍ഹതയില്ലാത്ത സബ്സിഡി വേണ്ടെന്നുവെക്കണം എന്ന് ജനസാമാന്യത്തോട് പറയുന്നതിനു മുമ്പേ മോഡി പറയേണ്ടിയിരുന്നത്, പ്രിയപ്പെട്ട ശതകോടീശ്വരന്മാരേ, കോടീശ്വരന്മാരെ, ഇവിടെ നേരത്തെ ഏര്‍പ്പെടുത്തിയ സബ്സിഡികളും ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ്, അതെല്ലാം വേണ്ടെന്ന് വെക്കുക എന്നാണ്. രാഷ്ട്രീയക്കാരുടെ തണലില്‍ ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടുന്നവരോട് പറയുക, നിങ്ങള്‍ക്കും ഈ ഇളവുകള്‍ ആവശ്യമില്ലാത്തതാണ്, അത് വേണ്ടെന്ന് വെക്കുക. പൊതുഖജനാവിന് ചോര്‍ച്ചവരുത്തുന്ന പരിപാടികളില്‍ ഏര്‍പ്പെടാതിരിക്കുക. കോര്‍പ്പറേറ്റ് ദാസ്യം കാരണം നയരൂപീകരണസമയത്ത് ജനവഞ്ചന കാട്ടാതിരിക്കുക.... സബ്സിഡി വേണ്ടെന്ന് വെക്കണം എന്ന തന്റെ ആഹ്വാനംകേട്ട് ലക്ഷക്കണക്കിന് ആളുകള്‍ അത് വേണ്ടെന്നുവെച്ചുവെന്ന് യൂറോപ്യന്‍ പര്യടനത്തിനിടെ ഇന്ത്യക്കാരോട് സംസാരിക്കവേ മോഡി പറഞ്ഞതായി പത്രങ്ങള്‍. നല്ലത്. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ അങ്ങനെ പലരും ചെയ്തുവെന്നുവരും. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കാനായി വിലപെരുപ്പിക്കുന്നതിന് പകരം യഥാര്‍ത്ഥവിലയ്ക്ക് എണ്ണ-പ്രകൃതിവാതകോല്പന്നങ്ങള്‍ വില്ക്കാനും പറയുക. മാസാവസാനം എണ്ണിവാങ്ങുന്നതിന്റെ പാതിയും നികുതിയായി നല്കേണ്ടിവരുന്നവരോട് നീതികാണിക്കുക. അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നവരാണ് അവര്‍ എന്ന് അവരെ അപമാനിക്കാതിരിക്കുക, കബളിപ്പിക്കാതിരിക്കുക.

Subscribe Tharjani |