തര്‍ജ്ജനി

സംപ്രീത

ഇ മെയില്‍: sampreethakesavan@gmail.com

Visit Home Page ...

കവിത

മുറിഞ്ഞോട്ടങ്ങള്‍

നാലുചുവരുകളില്‍
തിരിഞ്ഞുമറിഞ്ഞു നടക്കുന്ന കാലം.
ഓടി, ജനാലക്കമ്പിയിലൂര്‍ന്ന്‍
മറുപുറമെത്തുമ്പോള്‍
തിരികെക്കയറിവന്ന്‍
ഇരച്ച് വെളിച്ചത്തിനരികിലെത്തി,
പറക്കുംപൂച്ചികളെപ്പിടിക്കാനാഞ്ഞ് മടുത്ത്
വെളിച്ചവും പാറുകളും
മണവും രുചികളുമെല്ലാം അടങ്ങുന്ന
സമ്പന്നമായ ഒറ്റമുറിയുടെ ഓരത്ത്.

ഏകാന്തതയുടെ മാറാല വീണുരുണ്ട,
പൊടിയും മുടിയുമൊട്ടിയ ബോള്‍ കളിച്ച്,
അന്തംവിട്ട്, പല ചരിവുകളുള്ള ചുവരുകളില്‍
കണ്ണുതുറുപ്പിച്ച് നോക്കിയും ഞെട്ടിയും
എന്തിനോ ഓടിയോടി ഓരോ അറ്റങ്ങള്‍ തൊട്ടും,
അലമാരകളില്‍ ഒളിച്ചും
പാത്രങ്ങളില്‍ വിസര്‍ജ്ജിച്ചും
പുസ്തകങ്ങളില്‍ മുട്ടയിട്ടും,
പൊടുന്നനെ;
ഒരാന്തലാല്‍, ഒരേയൊരന്യശബ്ദത്താല്‍,
താഴേയ്ക്ക് വീണതെന്തിനാണ്?
അംഗത്തെയും മുറിച്ചൊഴിച്ച്
ആശ്വാസം വിഴുങ്ങിയതെന്തിനാണ്?

തട്ടിന്മേലെ കയറിയിരുന്ന്‍
സത്യങ്ങള്‍ ചെറുതായി മന്ത്രിക്കുമ്പോഴും
ഉള്ളിലെ മിടിപ്പിന്റെ
ആന്തല്‍ അടങ്ങിയിട്ടില്ല.
എത്രമേല്‍ എന്തെല്ലാം ഉണ്ടായിട്ടും
മനസ്സിനെ പേടിപ്പിക്കുന്ന
ഉടല്‍,ഒരു ഒഴിയാബാധ തന്നെ.

Subscribe Tharjani |