തര്‍ജ്ജനി

ചിത്തിര കുസുമന്‍

Visit Home Page ...

കവിത

ഉടല്‍വേദം

കൂടുവിട്ടു കൂടുമാറല്‍ ശീലിച്ച ഒരാത്മാവ്
തിരികെ വരാനായി മാത്രം വിട്ടുപോയ ഒരുടല്‍
നഗ്നനായി ആശുപത്രി മേശമേല്‍ കിടന്നു.

അതിന്റെ പേരോ
എവിടെ നിന്നു വന്നെന്നോ
എങ്ങോട്ടുപോകും വഴിയാണ്
അത് വെറും ഉടലായതെന്നോ
ആര്‍ക്കും അറിയില്ലായിരുന്നു
അത് ആരെന്നു കണ്ടെത്താന്‍ ഒരു തെളിവിനായി
അവര്‍ ആ ദേഹമാകെ പരിശോധിച്ചു.

എന്നിട്ടും ആരും കാണാതെ പോയത്.

1. രാവിലെ മകള്‍ കവിളില്‍ കൊടുത്ത ഒരുമ്മ;
അവള്‍ ഓടിപ്പോയതു കൊണ്ട് സൂക്ഷിച്ചു വെച്ച മറുപടിയുമ്മ.

2. തലേന്നു രാത്രി ഭാര്യ കണ്ടെത്തിയ രണ്ടു നരച്ച മുടിയിഴകള്‍.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പിന്‍വിളിയില്‍ നിറഞ്ഞ സ്നേഹം;
കേള്‍വിയില്‍ സൂക്ഷിച്ചത്.

3. തലേ വൈകുന്നേരത്തിന്റെ ഹാങ്ങോവര്‍.
രാഷ്ട്രീയം, നടക്കുംവഴി ഉള്ളില്‍ കുറിച്ചിട്ടത്-
വീണ്ടും തുടങ്ങേണ്ടിയിരുന്നത്.

4. ഉച്ചിയില്‍നിന്ന് നാഭിയിലേക്ക് പല ചുണ്ടുകളുണ്ടാക്കിയ നേര്‍രേഖകള്‍;
പലര്‍ക്ക് പല കാലത്തായി ലിംഗം പകര്‍ന്ന അദ്വൈതം.

5. കാലുകളുടെ നടവഴിയോര്‍മ്മകള്‍

6.സൗഹൃദങ്ങളുടെ ഭാരം കൊണ്ടുണ്ടായ ഒരു കൂന്

7. ഒടുക്കം വായിച്ച പുസ്തകത്തിന്റെ പേജ്, കണ്ണില്‍ തെളിഞ്ഞുനിന്നത്.

8. വിരല്‍ത്തുമ്പിലെ, പകുതിയൂര്‍ന്നുപോയ ഒരു വാക്ക്

9. ഇതാ ഞാനെന്ന് മരണത്തോടു പറഞ്ഞ അവസാനത്തെ വരി

തിരികെ വന്ന ആത്മാവ്
കയറിപ്പറ്റാന്‍ ഇടമില്ലെന്നു കണ്ടിട്ടും
ചിരിച്ചുവശം കെട്ടത് മറ്റൊന്നു കണ്ടിട്ടാണ്;
അയാളെ ഒറ്റിക്കൊടുക്കേണ്ടിയിരുന്ന ഒന്നേയൊന്ന്-
കവിത ചൊല്ലിത്തഴമ്പിച്ചു പോയൊരു നാവ്,
കഴുത്തിനു ചുറ്റും പിണഞ്ഞു കിടന്നിരുന്നു.

Subscribe Tharjani |