തര്‍ജ്ജനി

സിന്ധു. കെ. വി

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

Visit Home Page ...

കവിത

വിശുദ്ധമുറിവുകള്‍

കുഞ്ഞേ ചുമലില്‍നിന്നും
നിന്റെയാ ഇളം കൈയൊന്നു
മാറ്റിവെക്കൂ, ഭാരം താങ്ങാനാകുന്നില്ല
അകലെയെങ്ങോ മൃദുവായി പാട്ടുമൂളുന്ന
അമ്മയോടും,പതിയെ എന്നു പറയൂ
എനിക്കസഹ്യമാകുന്നു.

ആകെപ്പാടെയഴിഞ്ഞുപോയൊരു
സംഗീതോപകരണംപോലെ
ചിതറിപ്പോയ കഷണങ്ങളില്‍
അത്രയുമുറക്കെ വിലാപശ്രുതിയില്‍
കുനിഞ്ഞ് മുട്ടുകുത്തി
ഉലഞ്ഞ് കരയുകയാണ്
ജീവിതത്തിലാദ്യമായെന്നപോലെ,
ഇത്രയും മനോഹരമായി
കരഞ്ഞിട്ടില്ലെന്നതുപോലെ
അത്രയും സത്യസന്ധമായി
അത്രയും ആസ്വാദ്യമായി
കരയുക തന്നെയാണ്.
ഒഴുകുന്ന കണ്ണീര്‍ച്ചാലുകളാല്‍
വിശുദ്ധയാക്കപ്പെട്ടേക്കാം
ഒഴുകിത്തളംകെട്ടിയ
കളങ്കങ്ങളില്‍ ഭൂമി കറുത്തുപോയേക്കാം
നിലാവും നക്ഷത്രങ്ങളും ഇളം കാറ്റും
മടിച്ചുനോക്കുന്ന രാത്രിയില്‍
അത്രയേറെ പവിത്രയായൊരെന്നെക്കണ്ട്
മിഴിച്ചു നിന്നേക്കാം
ചുറ്റിലും കൃത്യമായ അകലമിട്ട്
ലോകം സഞ്ചരിക്കട്ടെ
മുകളിലും താഴെയും
ഞാന്‍ മാത്രമായി
ഉരുകിയൊഴുകി ഇല്ലാതാകട്ടെ
അലിഞ്ഞുമണ്ണാകട്ടെ
കാല്‍ച്ചുവട്ടില്‍ ഗര്‍ത്തങ്ങളുണ്ടാകട്ടെ
എന്നെയും കൊണ്ട്‌
ഭൗമാന്തര്‍ഭാഗത്തോളം
രക്ഷതേടിയുഴലട്ടെ
ദൂരേക്കു പോവുക
പൂക്കളേ താരകങ്ങളേ പ്രഭാതങ്ങളേ
നിങ്ങള്‍, ദൂരേക്കു പോവുക!

Subscribe Tharjani |