തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

36 ചൌരംഗി ലെയിന്‍

നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമകളുടെ ഗണത്തിലേയ്ക്ക് സംവിധായികയും നടിയുമായ രേവതി അടുത്തിടെ തെരഞ്ഞെടുത്ത ചിത്രമാണ് 1981ല്‍ ഇറങ്ങിയ 36 ചൌരംഗി ലെയിന്‍. കാലങ്ങള്ക്കിപ്പുറം സംഭവിക്കേണ്ടുന്ന തലമുറകളുടെ ഒരു പ്രതിസന്ധി വളരെ യഥാര്ത്ഥമായി അന്നേ അടയാളപ്പെടുത്തി വയ്ക്കുകയായിരുന്നു, ഈ സിനിമ. അതുവരെ അഭിനയരംഗത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന അപര്ണ്ണ സെന്നിന്റെ ആദ്യത്തെ സംവിധാനസംരംഭമായിരുന്നു,ശശി കപൂര്‍ നിര്മ്മിച്ച ഈ ഇംഗ്ലിഷ്-ബംഗാളി ചിത്രം. ഓരോ തലമുറകളും എങ്ങനെ വരുംതലമുറകളെ കൈകാര്യം ചെയ്യുന്നു എന്ന വസ്തുത സത്യസന്ധമായി അവതരിപ്പിക്കുകവഴി അനിവാര്യമായ ഒരു ജീവിതാവസ്ഥയുടെ ഹൃദയസ്പര്ശിയായ ദൃശ്യാവിഷ്കാരമായി മാറിയ ഈ ചിത്രം ഈ കാലത്തും പ്രസക്തി നഷ്ടപ്പെടാതെ നിലനില്ക്കുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ഹാങ്ങ് ഓവര്‍ നിലനില്ക്കുന്ന കൊല്‍ക്കത്തയാണ് സിനിമയുടെ പശ്ചാത്തലം. അവിടുത്തെ ഒരു ആംഗ്ലോ-ഇന്ത്യന്‍ സ്കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപികയാണ് വിധവയായ വയലറ്റ സ്റൊന്ഹോം. വിരസവും ഏകാന്തവുമായ അവരുടെ ജീവിതത്തില്‍ കുറച്ചെങ്കിലും ശബ്ദം നിറയ്ക്കുന്നത് അവരുടെ യൌവനത്തിന്റെ ഓര്മ്മയായ ഒരു പഴയ ഗ്രാമഫോണും പൂച്ചക്കുട്ടി ടോബിയും മാത്രം. ജീവിതം പ്രത്യേകതകളൊന്നുമില്ലാതെ ഒരു ടൈംടേബിള്‍ അനുസരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. എല്ലാ ദിവസവും സഞ്ചരിക്കുന്ന ഒരേ വഴികള്‍, കയറുന്ന ഒരേ പടവുകള്‍, ജീവിതത്തിന്റെ ഒരേ താളം, ഒരേ സംഗീതം. സ്കൂള്‍ സമയം കഴിഞ്ഞാല്‍ എന്നും വൈകുന്നേരം അടുത്തുള്ള വൃദ്ധസദനത്തിലുള്ള ഏക ബന്ധുവായ സഹോദരന്‍ എഡ്ഡിയെ സന്ദര്ശിക്കുക എന്നത് മിസ്സിസ് സ്റൊന്ഹാമിന്റെ ദിനചര്യയുടെ ഭാഗമാണ്. എഡ്ഡിയുടെ മകളായ ആന്‍ മേരി ഇടയ്ക്കിടയ്ക്ക് ഓസ്ട്രേലിയയില്‍നിന്ന് അയയ്ക്കുന്ന കത്തുകള്‍ മാത്രമാണ് അവരുടെ ജീവിതത്തെ കുറച്ചെങ്കിലും സജീവമാക്കുന്നത്. സ്കൂളില്‍ അവരുടെ ഷേക്സ്പിയര്‍ ക്ലാസ്സുകള്‍ കാലഹരണപ്പെട്ടതും വിരസവുമാണ്.

ഒരു ക്രിസ്തുമസ് ദിവസം പള്ളിയില്‍വെച്ച് മിസ്സിസ് സ്റൊന്ഹോം തന്റെ പൂര്‍വ്വവിദ്യാര്ത്ഥിനിയായ നന്ദിതയെയും എഴുത്തുകാരനായ അവളുടെ കാമുകന്‍ സമരേഷിനെയും കണ്ടുമുട്ടുന്നു. നന്ദിത പണ്ട് കുറച്ചുനാള്‍ അവരുടെ ഒപ്പം ആ വീട്ടില്‍ താമസിച്ചിരുന്നു. ശിഷ്യയെ വര്ഷങ്ങള്ക്കുശേഷം കണ്ട് സന്തുഷ്ടയായ അദ്ധ്യാപിക അവരെ വീട്ടിലേയ്ക്ക് ചായയ്ക്ക് ക്ഷണിക്കുന്നു. കാത്തിരുന്നു കിട്ടിയ ഒരു അവധി ദിവസത്തില്‍ വന്നുചേര്ന്ന ഒരു അനാവശ്യശല്യമായി കണ്ട് സ്നേഹപൂര്‍വ്വമുള്ള ആ ക്ഷണം ഒഴിവാക്കാന്‍ അവര്‍ നോക്കുന്നു. പ്രണയസല്ലാപങ്ങളുടെ ഒരു വിലപ്പെട്ട ദിവസം ഒരു വൃദ്ധയോടൊപ്പം ചെലവഴിക്കേണ്ടിവന്നതിലെ നീരസമുണ്ട് അവരുടെ മുഖത്ത്. പക്ഷെ, എതിര്ക്കാനാവാതെ പെട്ടെന്നിറങ്ങാം എന്ന ധാരണയില്‍ അവര്‍ ആ വീട്ടില്‍ ചെല്ലുന്നു. ഒരുപക്ഷെ, കാലങ്ങള്ക്ക് ശേഷമാണ് ആ വീട്ടില്‍ ഒരാള്‍ വന്നിട്ടുണ്ടാകുക. അതിന്റെ ഉത്സാഹവും വൃദ്ധയുടെ ഓരോ ചലനങ്ങളിലും കാണാം. നന്ദിതയും സമരെഷും വിവാഹത്തിനായി വീട്ടുകാരുടെ സമ്മതത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അതുവരെ ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സമയം ചെലവഴിക്കാന്‍ സ്ഥലം അന്വേഷിച്ചുനടക്കുകയാണ്. ഒരു വീടോ മുറിയോ വാടകയ്ക്ക് എടുക്കുക എന്നത് സാമ്പത്തികമായി അവര്ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. അവിടെ ചെല്ലുന്ന അവര്‍ തങ്ങളുടെ പ്രണയസല്ലാപങ്ങള്ക്കായി ചുളുവില്‍ ഒരു സ്ഥലം കണ്ടെത്തുന്നു. നന്ദിത ആ വീടുമായി ബന്ധപ്പെട്ട പഴയകാലം ഓര്ത്തെടുക്കുന്നത് വൃദ്ധയെ സന്തോഷവതിയാക്കുന്നു. താന്‍ ഒരു എഴുത്തിന്റെ ജോലിയിലാണെന്നും സ്വസ്ഥമായിരുന്നു എഴുതാന്‍ മറ്റൊരു സ്ഥലം ലഭ്യമല്ലാത്തതിനാല്‍ എന്നും മിസിസ് സ്റൊന്ഹോം സ്കൂളില്‍ പോയിവരുന്നതുവരെ ആ വീട്ടില്‍ ഇടംതരണമെന്നും സമരേഷ് അഭ്യര്ത്ഥിക്കുന്നു. വൃദ്ധ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ഏകാന്തജീവിതത്തിലേയ്ക്ക് ആ അതിഥികള്‍ എത്തുന്നതും തുടര്ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം ..

വളരെ പോസിറ്റീവ് ആയ ഒരാളാണ് മിസിസ് സ്റൊന്ഹോം. എഡ്ഡിയെ കാണാന്‍ ചെല്ലുമ്പോള്‍ നഴ്സിങ്ങ്ഹോമിലെ മടുപ്പിക്കുന്ന അന്തരീക്ഷവും വാര്ദ്ധക്യം നിറഞ്ഞ മുഖങ്ങളും അവരെ ഭയപ്പെടുത്തുന്നുണ്ട്. വാര്ദ്ധക്യത്തിന്റെ വിരസതയല്ല, യൌവനത്തിന്റെ സജീവതയാണ് അവരെ സന്തോഷിപ്പിക്കുന്നത്. നന്ദിതയ്ക്ക് വീടിന്റെ താക്കോല്‍ നല്കി ആദ്യത്തെ ദിവസം ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ കിട്ടുന്ന ഒരു ചായ അവരുടെ കണ്ണ് നനയിക്കുന്നു. ജീവിതത്തില്‍ ആദ്യമായി ആരൊക്കെയോ ഉള്ളതായി അവര്ക്ക് തോന്നുന്നു. യുവമിഥുനങ്ങളാകട്ടെ തങ്ങളുടെ പ്രണയസല്ലാപങ്ങള്ക്ക് പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. വൃദ്ധയെ സന്തോഷിപ്പിച്ച് നിര്ത്തുന്നതിനായി അവര്‍ പുറത്തുകൊണ്ടുപോകുന്നു. അവര്ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്നു. കപടമായ ആത്മാര്ഥതയോടെ..

എഡ്ഡി മരിയ്ക്കുന്നതോടെ ബന്ധുക്കളോ സുഹൃത്തക്കളോ ഇല്ലാതാവുന്ന അവരുടെ ജീവിതത്തിന്റെ ഏകസന്തോഷം ഇപ്പോള്‍ നന്ദിതയും സമരേഷുമാണ്. സ്കൂളില്‍ പുതിയതായി വന്ന ചെറുപ്പക്കാരിയായ ഇംഗ്ലിഷ് അദ്ധ്യാപികയ്ക്കുവേണ്ടി, യുവത്വത്തിന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി മിസിസ് സ്റൊന്ഹോമിനെ താഴ്ന്നക്ലാസ്സുകളിലെ ഗ്രാമര്‍ അദ്ധ്യാപികയായി തരംതാഴ്ത്തുന്നു. ജീവിതം തിരിച്ചടികള്‍ നല്കുമ്പോഴും വൃദ്ധയുടെ ഏകസന്തോഷം ഇവരുടെ സാമിപ്യം മാത്രമാണ്. എല്ലാത്തിനെയും മറന്നു അവര്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. അവരുടെ സ്നേഹം യഥാര്ത്ഥമാണെന്ന് വിശ്വസിക്കുന്നു. യുവമിഥുനങ്ങള്‍ പക്ഷെ സൂത്രശാലികളാണ്. വൃദ്ധയോടുള്ള അവരുടെ പരിഗണന കപടവും സ്വാര്ത്ഥവുമാണ്. വാര്ദ്ധക്യത്തിന് വൈകാരികമായി ബന്ധപ്പെട്ട എല്ലാം അവര്ക്ക് നിസ്സാരമാണ്. മിസ്സിസ് സ്റൊന്ഹോമിന് ഏകാന്തതയില്‍ ഒരേ ഒരു കൂട്ടായിരുന്ന പൂച്ചക്കുട്ടിയെ തങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമാകുമ്പോള്‍ അവര്‍ ബാത്ത്ടബ്ബിലേയ്ക്ക് വലിച്ചെറിയുന്നു. വൃദ്ധയുടെ പഴയ ഓര്മ്മകള്‍ നിറഞ്ഞ ആല്‍ബത്തോട് അവര്‍ കാണിക്കുന്ന താല്പര്യം കപടമാണ്.

ഏതാനും മാസങ്ങള്ക്കുശേഷം വീട്ടുകാരുമായി ഒത്തുതീര്പ്പിലെത്തുന്ന അവര്‍ വിവാഹിതരായി നന്ദിതയുടെ അച്ഛന്‍ സമ്മാനമായി കൊടുത്ത വലിയ വീട്ടില്‍ താമസം മാറുന്നു. പോകുന്നതിനു മുമ്പ് അടുത്ത ക്രിസ്ത്മസിനു ഒരു കെയ്ക്ക് മറക്കാതെ നല്കണമെന്ന് സമരേഷ് പറയുന്നു.. വിവാഹം കഴിഞ്ഞു അവര്‍ വൃദ്ധയെ ഒന്ന് കാണാന്‍പോലും വരുന്നില്ല. ഒരു ദിവസം അവരുടെ വലിയ വീട്ടിലേയ്ക്ക് ഒരിക്കല്‍ സമരേഷ് താല്പര്യം കാണിച്ച വിലപിടിച്ച ഗ്രാമഫോണ്‍ റെക്കോര്ഡുകള്‍ വിവാഹസമ്മാനമായി നല്കാന്‍ വൃദ്ധ ചെല്ലുന്നു. വീടും കുടുംബജീവിതവും അവരെ ആനന്ദിപ്പിക്കുന്നു. നന്ദിതയെയും സമരെഷിനെയും ക്രിസ്മസിന് വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു.. അവര്‍ സമ്മതിക്കുന്നു. ക്രിസ്തുമസ് ദിനത്തില്‍ വീട്ടിലേയ്ക്ക് വരുന്നകാര്യം ഓര്മ്മിപ്പിക്കാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ തങ്ങള്‍ നഗരത്തില്‍ ഉണ്ടാവില്ല എന്ന് കള്ളം പറഞ്ഞൊഴിവാക്കുന്നു. കെയ്ക്ക് ഉണ്ടാക്കി വീട്ടില്‍ കൊണ്ടുവെച്ചിട്ട് അവരെ ആശ്ചര്യപ്പെടുത്താന്‍ വൃദ്ധ തീരുമാനിക്കുന്നു. ഏറ്റവും ശ്രദ്ധയോടെ കെയ്ക്ക് ഉണ്ടാക്കുന്നു.. ക്രിസ്തുമസ് രാത്രിയില്‍ വീട്ടില്‍ കേയ്ക്കുമായി ചെല്ലുന്ന വൃദ്ധ മനസ്സിലാക്കുന്നു, തന്നെ ഒഴിവാക്കിയതാണെന്ന്. അവിടെ ചെറുപ്പക്കാരായ സുഹൃത്തുക്കള്ക്കുവേണ്ടി പാര്ട്ടി നടക്കുകയാണ്. ആ അന്തരീക്ഷത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വൃദ്ധയുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആ റിക്കോര്ഡുകളില്‍നിന്നുള്ള ഗാനം ഒഴുകിയെത്തുന്നു. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞു ഹൃദയംതകര്ന്നു മടങ്ങുമ്പോള്‍ കേക്കിന്റെ മണംപിടിച്ച് പിന്നാലെ കൂടിയ ഒരു നായ്ക്കുട്ടിയോട് ഷേക്സ്പിയറിന്റെ കിംഗ് ലിയറിലെ വരികള്‍ ഉറക്കെ പറഞ്ഞുകൊണ്ട് ആ രാത്രിയില്‍ കൂടുതല്‍ ഏകാന്തമായ തന്റെ ജീവിതത്തിലേയ്ക്ക് ആ വൃദ്ധ മടങ്ങുന്നു.


അപര്‍ണ്ണ സെന്‍

അശോക് മേഹ്തയുടെ കാമറയുടെ സാമര്ത്ഥ്യം നല്കിയ സംസാരിക്കുന്ന മനോഹരദൃശ്യങ്ങള്‍ ആദ്യപകുതിയില്‍ വൃദ്ധയുടെ വിരസമായ ജീവിതം എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്. നിഴലുകള്‍, ഇരുണ്ട ഇടനാഴികള്‍,ഒരേ രീതിയില്‍ പടവുകള്‍ കയറുന്നത്, വാതിലുകള്‍ അടയുന്നത്. മറുവശത്ത് യൌവനതീക്ഷ്ണതയാണ്.. കാത്തിരുന്നു കിട്ടുന്ന പ്രണയനിമിഷങ്ങളുടെ തീവ്രത മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വിവാഹപൂര്‍വ്വബന്ധങ്ങളെ ആ കാലത്തുതന്നെ അവതരിപ്പിക്കാനുള്ള ആര്ജ്ജവം സംവിധായിക കാണിച്ചു.. ദേശീയ-അന്തര്ദ്ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രത്തിലൂടെ അപര്ണ്ണ സെന്‍ സംവിധാനരംഗത്ത് തന്റെ ഇടം ഉറപ്പിച്ചു. മിസ്സിസ് സ്റൊന്ഹോമായി ജീവിച്ച ജെന്നിഫെര്‍ കെന്റലിന് മികച്ച നടിയ്ക്കുള്ള ബാഫ്ത അവാര്ഡ് നോമിനേഷനും ലഭിച്ചിരുന്നു. നന്ദിതയായി ദേബശ്രീ റോയിയും സമരെഷായി ധൃതിമാന്‍ ചാറ്റര്ജിയും എഡ്ഡിയായി ജഫ്രി കെന്റ്ലും മികച്ച പ്രകടനം കാഴ്ചവച്ചു. വളരെ കുറച്ച് രംഗങ്ങളിലേ ഉള്ളുവെങ്കിലും സോണി റസ്ദാന്റെ ആന്‍ മേരിയും ശ്രദ്ധേയമായി.

എല്ലാ തലമുറയും വിശ്വസിക്കുന്നത്, തങ്ങളുടെ തലമുറ കടന്നുപോയ തലമുറകളേക്കാള്‍, വരാനിരിക്കുന്ന തലമുറകളേക്കാള്‍ ഉത്കൃഷ്ടവും ശരിയുമാണെന്നാണ്.. തങ്ങളുടെ കാലത്തെ അടയാളപ്പെടുത്താനുള്ള വ്യഗ്രതയില്‍ അവര്‍ മുന്‍തലമുറയെ പരിഹാസകഥാപാത്രങ്ങളായി കാണും.. അവരും പ്രണയാതുരമായ യൌവനം കടന്നാണ് വാര്ദ്ധക്യത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. വാര്ദ്ധക്യത്തിന്റെ ഓര്മ്മകള്‍ പുതിയ തലമുറകള്ക്ക് വെറും നേരംപോക്ക് മാത്രമാണ്.. ഹൃദയസ്പര്ശിയായ ഒരു പ്രമേയവും അതിനോട് നൂറു ശതമാനം ആത്മാര്ഥത പുലര്ത്തുന്ന ദൃശ്യഭാഷയുംകൊണ്ട് മികച്ചുനില്ക്കുന്നു, ഈ ചിത്രം. മിസ്സിസ് സ്റൊന്ഹാമും അവരുടെ വാര്ദ്ധക്യത്തിന്റെ ഏകാന്തത നിറഞ്ഞ 36 ചൌരംഗി ലെയിന്‍ എന്ന നിറംമങ്ങിയ ആ കെട്ടിടവും ഒരു വേദനയായി മനസ്സ് നീറ്റും.

Subscribe Tharjani |