തര്‍ജ്ജനി

അരാത്തു

Visit Home Page ...

കഥ

വെടുക് രാജ

മുഖവുര:

വെടുക് രാജയ്ക്ക് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പക്വതയില്ലാത്ത കൂട്ടുകാർ മുതൽ അറുപത് വയസ്സെത്തി നിൽക്കുന്ന കിഴവന്മാർ വരെ ഗ്രൂപ്പ് ഗ്രൂപ്പ് ആയി കുറേ സൌഹൃദവലയങ്ങളുണ്ട്. വെടുക് രാജയെ അവർക്ക് ഇഷ്ടമാണോ അല്ലയോയെന്ന് ആർക്കും അറിയില്ല. അവൻ സൂത്രത്തിൽ കൂട്ടുകാരോട് ഇഴുകിച്ചേരും. അടിയ്ക്കടി കൂടുന്ന സംഘങ്ങൾ 12 എണ്ണമുണ്ട്. വല്ലപ്പോഴും കൂടുന്നത് 9. ലേറ്റസ്റ്റായി രൂപം കൊണ്ട സംഘങ്ങളും അതിലെ വെടുക് രാജയുടെ പ്രവർത്തികളും അണ്ടർ പ്രൊസസിങിൽ ആണ്. അടുത്ത ചില മാസങ്ങളിൽ അപ്ഡേറ്റ് ചെയ്യും. വെടുക് രാജയുടെ പ്രായം ആർക്കും ഊഹിക്കാൻ പറ്റില്ല. വെടുക് രാജയ്ക്ക് തന്റെ വയസ്സ് ഗണിക്കുന്നത് ഭ്രമം തന്നെയായിരുന്നു. വയസ്സ് ഗണിക്കുന്ന നിപുണർ എപ്പൊഴെങ്കിലും സംഘത്തിൽ ദർശനം കൊടുക്കുമ്പോൾ, വെടുക് രാജയുടെ പ്രായം വളരെ കൃത്യമായി, ഏകദേശം ഇരുപത്താറ് മുതൽ നാല്പത്തിരണ്ട് വരെ ഉണ്ടാകുമോയെന്ന് കണക്ക് കൂട്ടും. വെടുക് രാജയുടെ സംഘത്തിൽ റൌഡികൾ, കോളേജ് പ്രിൻസിപ്പാളുമാർ, സിനിമാ തിയേറ്റർ, സ്വർണ്ണക്കട മുതലാളിമാർ, കല്ലുപണിക്കാർ, ഇലക്ട്രീഷ്യൻ എന്നിങ്ങനെ തൊഴിൽ ചെയ്യുന്നവരും, പിക്ക് പോക്കറ്റ്, കൂലിത്തല്ലുകാർ, ഉന്തുവണ്ടിക്കച്ചവടക്കാർ, കോളേജ് പിള്ളേർ, സ്കൂൾ കുട്ടികൾ, ജോലിയില്ലാത്ത ബിരുദധാരികൾ, ഭാര്യയെ ജോലിയ്ക്കയച്ച് നിൽപ്പനടിക്കുന്ന പാഴ്ജന്മങ്ങൾ, കൂട്ടിക്കൊടുപ്പുകാർ, പൂജാരിമാർ, കോണ്ട്രാക്ടർമാർ, രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസുകാർ എന്നിങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. മന്ത്രിമാർ, അഭിനേതാക്കൾ, കളക്ടർമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്തിമാർ എന്നിങ്ങനെ വേറെയും നിറയെ ആളുകൾ ഉള്ളതായും വെടുക് രാജ പറയാറുണ്ട്. എഴുത്തുകാരേയും കവികളേയും എന്തോ അവന്റെ ലിസ്റ്റിൽ കാണാറില്ല. അങ്ങിനെ ഒരു ഇനം ഉണ്ടെന്ന് അവന് അറിയാഞ്ഞിട്ടാണോ അതോ അലർജിയാണോ എന്നറിയില്ല. അർക്ക് എന്ത് സഹായം വേണോ, എന്തെങ്കിലും പ്രശ്നം ഉണ്ടോ എല്ലാം നോക്കിക്കോളാം, ആളുണ്ടല്ലോയെന്ന് കോൺഫിഡന്റായി പറയും. പലരും പല സഹായങ്ങളും ആവശ്യപ്പെട്ട്, വെടുക് രാജ അത് നന്നായി ചെയ്ത് കൊടുത്തില്ലെന്ന് പരാതിയും കേൾക്കാറുണ്ട്. ശരിക്ക് എന്നെ ഫോളോ അപ്പ് ചെയ്തില്ലല്ലോ മച്ചാ, അതൊക്കെ വലിയ സ്ഥലമാ, നമ്മളല്ലേ ഫോളോ അപ് ചെയ്യണ്ടത് എന്ന് ദേഷ്യത്തോടെ പറയും അവൻ.

വെടുക് രാജയുടെ ഇതിഹാസം:

വെടുക് രാജയ്ക്ക് ഒരു കാമുകിയുണ്ടായിരുന്നു. ആ വിഷയം കാമുകിയും അവളുടെ മുത്തശ്ശിയും ഒഴികെ നാട്ടിലുള്ള എല്ലാവർക്കും അറിയാമായിരുന്നു. കാമുകിയ്ക്ക് അറിയാമായിരിക്കുമെന്ന വിശ്വാസത്തിലായിരുന്നു വെടുക് രാജ. ഒരു മാർഗഴി മാസത്തിലെ പുലർകാലവേളയിൽ ആദ്യത്തെ ട്രിപ്പടിക്കുന്ന ബസ് കണ്ടക്ടറോട് പത്ത് രൂപ കടം വാങ്ങാനും ഓസിയിൽ ചായ, സിഗരറ്റ് അടിക്കാനും, അലക്കാത്ത ജട്ടി ധരിച്ച്, തൊളതൊളാന്നിരിക്കുന്ന ഷർട്ട് ജീൻസ് പാന്റിനുള്ളിൽ ഇൻ ഷർട്ട് ചെയ്ത് തെരുവിലേയ്ക്കിറങ്ങി അവൻ. ഇരുട്ട് മാറിയിരുന്നില്ല. പല്ല് തേക്കാതെ, ഈറൻ മുടിയുമായി ചില തരുണീമണികൾ മനോഹരമെന്ന പോലെ കോലമിടുന്നുണ്ടായിരുന്നു. ചെറുപ്പക്കാരികളെല്ലാം രാത്രി തന്നെ ഫേസ്ബുക്കിൽ കോലമിട്ട്, കൂർക്കം വലി ശബ്ദം പുറത്ത് കേൾപ്പിക്കാതെ ഉറങ്ങുകയായിരുന്നു. വെടുക് രാജ തന്റെ കാമുകി താമസിക്കുന്ന ആട്ടുമോട്ടുത്തെരുവിലേയ്ക്ക് നടന്നു. അത്, സ്വർഗത്തിൽ നടക്കുന്ന സ്വപ്നം പോലെയോ അല്ലെങ്കിൽ നരകത്തിൽ നടക്കുന്ന ഒരു മാജിക്കൽ റിയസിലക്കാഴ്ച പോലെയോ ഉണ്ടായിരുന്നു. ആ തെരുവ് നീണ്ട് നീണ്ട് കിടക്കുന്നു. വെടുക് രാജയുടെ കാമുകി ചാണകം തളിച്ച മുറ്റത്തിരുന്ന് കോലമിടുന്നു. കോലം വരച്ച് കഴിഞ്ഞതും, കോലത്തിന്റെ നടുക്ക് വയ്ക്കാനുള്ള താമരയുൾപ്പടെയുള്ള പൂക്കൾ അവളുടെ പാദത്തിനെ മുത്തമിടുന്നത് പോലെ കിടക്കുന്നുണ്ടായിരുന്നു. അവൾ ധാവണിയുടുത്തിരുന്നു. മുടിയിൽ നിന്നും ഈറൻ പതിഞ്ഞ് അവളുടെ ആടയുടെ പിന്നിൽ മോഡേൺ ആർട്ട് രൂപം കൊണ്ടിരുന്നു. ആ ഇരുട്ടിലും, കോലമിടുന്നതിനായി കൈകൾ ചലിപ്പിക്കുമ്പോൾ ഇടുപ്പ് ഇടയ്ക്ക് വെളിച്ചപ്പെട്ട് മിന്നലടിച്ചുകൊണ്ടിരുന്നു. വെടുക് രാജയ്ക്ക് കുളിരിലും ഉഷ്ണം നിറഞ്ഞ കാറ്റ് മൂക്കിൽ നിന്നും വന്നു. നമ്മടെ കാമുകിയല്ലേ? എന്ന് പെട്ടെന്ന് ബോധവാനായി. പാദങ്ങൾ മുമ്പത്തേക്കാൾ മൃദുവായി വച്ച്, എന്നാൽ അല്പം വേഗം കൂട്ടി വെടുക് വെടുക് എന്ന് നടന്നു അവൻ. കാമുകി കോലമിടുന്നയിടത്തെത്തി അവളുടെ പിന്നിൽ അവളപ്പോലെ മുട്ടുകാലിൽ ഇരുന്നു. കാലൊടിഞ്ഞ തെരുവുനായയെപ്പോലെ പതുക്കെ അവളെ നോക്കി നീങ്ങി. അവളുടെ പിൻ കഴുത്തിലും വലത് കാതോരത്തിലും എന്തോ തോന്നി അവൾ തിരിഞ്ഞ് നോക്കുന്നതിനുള്ളിൽ, ഇരുന്നയിരുപ്പിൽത്തന്നെ ഒരു ചാക്കുകെട്ട് പോലെ വലിച്ച് അവളെ പുണർന്നു അവൻ. അവൾ അയ്യോ കിയ്യോ എന്ന് കരഞ്ഞപ്പോൾ അവൻ എഴുന്നേറ്റ വെടുക് രാജ അവളെ തലയിലൂടേ കാലുകൾ താണ്ടി ഓടാൻ തുടങ്ങി. തട്ടിവീണവളുടെ മുഖം കോലത്തിന്റെ നടുക്ക് പൂ വയ്ക്കാൻ വച്ചിരുന്ന ചാണകത്തിൽ മുങ്ങിയതിനാൽ അവൻ രക്ഷപ്പെട്ടു.

മുകളിൽ പറഞ്ഞ കഥ വെടുക് രാജയെ അറിയാവുന്ന എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോഴും വളരെ പ്രശസ്തമായ നിലയിൽ കൈമാറിക്കൊണ്ടിരിക്കപ്പെടുന്ന കഥയാണ്. അതിനുശേഷം എന്ത് സംഭവിച്ചെന്ന് വെടുക് രാജയോട് ചോദിച്ചാൽ, പല്ലുകളെല്ലാം കാണിച്ച് ഉത്സാഹത്തോടെ ബാക്കി കഥ 30 സെക്കന്റിൽ പറഞ്ഞ് തീർക്കും.

30 സെക്കന്റ് കഥ: ഇരുട്ടിൽ മനസ്സിലായില്ല. അതെന്റെ ഫിഗറിന്റെ ചേച്ചിയായിരുന്നത്രേ. അതുകൊണ്ടാണ് അവൾ അലറിയത്. പിന്നെ എന്റെ ആളെ സമാധാനിപ്പിക്കുമ്പോഴേയ്ക്കും മതിയേയെന്നായി.

വെടുക് രാജയുടെ പ്രണയകഥകൾ:

1

വെടുക് രാജ മാത്രമേ ഇങ്ങനെയുള്ളൂ. അവന്റെ കുടുംബം, അന്തസ്സുള്ള മിഡിൽ ക്ലാസ്സ് കുടുംബം ആണ്. വളരെ മര്യാദയോടെ ജീവിച്ചവർ. മര്യാദ എന്നത് എങ്ങിനെയാണെന്ന് വിശദീകരിക്കാൻ പറ്റില്ല. ഈ കഥയുടെ ഉദ്ദേശ്യവും അതല്ല. വെടുക് രാജയുടെ അനിയത്തി പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റ്റ്യൂഷൻ എടുക്കും. അവളുടെയടുത്ത് റ്റ്യൂഷന് വരുന്നവർ 400 മുതൽ 490 വരെ മാർക്ക് വാങ്ങി വരുന്നതിനാൽ അവളുടെ പ്രശസ്തി ഏറിയതല്ലാതെ റ്റ്യൂഷൻ ഫീസ് കൂടിയില്ല.

കണക്കിൽ എന്ത് ടെസ്റ്റ് വച്ചാലും 100 മാർക്ക് വാങ്ങിക്കൊണ്ടിരുന്ന കുട്ടിപ്പാപ്പാ ശിവാനിയോട് വെടുക് രാജയ്ക്ക് വാത്സല്യം വന്നു. വാത്സല്യം കൂടിക്കൂടി രാജ വൈകുന്നേരം സുഹൃത്ത് വലയത്തിൽ ഹാജറാകുന്നത് താൽക്കാലികമായി നിർത്തി വച്ചു.

അടുക്കളയിൽ നിന്നും വെല്ലം, പൊട്ടുക്കടല, നിലക്കടല തുടങ്ങിയവ ശിവാനിയ്ക്ക് കൊടുത്ത് തന്നോട് മനോഹരമായ ബഹുമാനം ആ കുട്ടിപ്പാപ്പായിൽ ഉളവാക്കി. ഒരു ദിവസം പൊരിയിൽ ശർക്കര ചേർത്ത് കൊടുക്കുമ്പോൾ വെടുക് രാജയുടെ അനിയത്തി കണ്ടു. വെടുക് രാജയെപ്പറ്റി അവൾക്ക് കുറച്ചൊക്കെ അറിയാമായിരുന്നതിനാൽ, കുട്ടികളുടെ മുന്നിൽ വച്ച് വെടുക് രാജയെ ചീത്ത വിളിച്ചു അവൾ. ഇനി ആരും വെടുക് രാജയുടെ അടുത്ത് നിന്ന് ഒന്നും വാങ്ങാൻ പാടില്ലെന്നും, റ്റ്യൂഷൻ എടുക്കുന്നിടത്ത് വെടുക് രാജ വരാനേ പാടില്ലെന്നും അവൾ തറപ്പിച്ച് പറഞ്ഞു. വെടുക് രാജ പൊരി കൊറിച്ച് കൊണ്ട് പുറത്തേയ്ക്ക് പോയി. കുറേ നാളുകൾ കൂടി വൈകുന്നേരം കൂടുന്ന കൂട്ടുകാരുടെ ദർബാറിൽ ഹാജറായി.

തന്റെ പ്രണയത്തിന് സ്വന്തം അനിയത്തി തന്നെ ആപ്പ് വച്ചത് നീട്ടി വലിച്ച് കൈകാലുകൾ ആട്ടി പറയേ, എല്ലാ കൂട്ടുകാർക്കും വെടുക് രാജയുടെ അനിയത്തി കോന്ത്രൻ പല്ലുകൾ മുളച്ച രാക്ഷസിയായിത്തോന്നി.

അടുത്ത ദിവസം ഷിവാനി, വെടുക് രാജയുടെ അനിയത്തിയ്ക്ക് ഒരു പേപ്പർ വെടുക് രാജ കൊടുത്തതാണെന്ന് പറഞ്ഞ് കൈമാറി. വായിച്ച് കഴിഞ്ഞതും അതൊരു പ്രേമലേഖനം ആവാനേ സാധ്യതയുള്ളൂയെന്ന് കുറേ ആലോചിച്ച ശേഷം തീരുമാനിച്ചു അവൾ.

ആ കത്ത്:

പ്രിയപ്പെട്ട ശിവനിക്ക്,

രാജ എഴുതുന്നത്. മുറുക്ക് ഇഷ്ടാണോ? ഉഴുന്നുവട ഇഷ്ടാണോ? ബർഫി ഇഷ്ടാണോ? നിനക്ക് ഒന്നും തരാൻ പറ്റാതെ സങ്കടമാകണു. നിന്റെ മോന്ത എനിക്ക് ഇഷ്ടാണ്. എന്റെ മോന്ത നിനക്ക് ഇഷ്ടാണോ? നീ നിന്റെ അമ്മയെപ്പോലെ ഭയങ്കര അഴകി തന്നെ. നിന്റെ മുടി അഴക്, നിന്റെ പൊട്ട് അഴക്, നിന്റെ സ്കൂൾ ബെഗ് അഴക്, നിന്റെ ചെരുപ്പ് അഴക്, നീ നന്നായി പടിക്കണം, നല്ല മാർക്ക് വാങ്ങണം, നാളെ റ്റ്യൂഷൻ കഴിഞ്ഞ് ഭായ്ക്കടയുടെ അടുത്ത് വാ. ഞാൻ നെയ് ബിസ്കറ്റ് വാങ്ങി നിൽക്കുന്നുണ്ടാകും.

മുത്താ

സ്നേഹത്തോടെ
രാജ

കത്ത് കീറിക്കളഞ്ഞു അവൾ. ഷിവാനിയുടെ അമ്മയോട്, ഷിവാനി നന്നായി പഠിക്കുന്നുണ്ട്, റ്റ്യൂഷൻ ആവശ്യമില്ല, വീട്ടിൽത്തന്നെ ഫ്രീയായിരിക്കട്ടെ അവൾ, അപ്പൊഴേ സ്റ്റേറ്റ് ഫസ്റ്റ് വാങ്ങൂ എന്നൊക്കെ ഷിവാനിയുടെ അമ്മയോടെ പറഞ്ഞ് സ്കൂട്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ, അവൾ തിരിഞ്ഞ് നോക്കി ചോദിച്ചു, നിങ്ങൾക്ക് എന്റെ അണ്ണൻ രാജയെ അറിയുമോ? എന്ന്.

നന്നായിട്ടറിയാം! എനിക്കേ എത്രയോ പ്രാവശ്യം സഹായം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഷിവാനിയുടെ അമ്മ ചിരിച്ചു. അവളുടെ അമ്മൂമ്മ ചിരിച്ചത് പോലെ തോന്നി അനിയത്തിയ്ക്ക്.

ഭായ്ക്കടയിൽ കാത്തിരുന്ന രാജ, ഷിവാനി വന്നാൽ, നെയ് ബിസ്ക്കറ്റ് കുറച്ച് തിന്ന്, ബാക്കി വെള്ളമടിയ്ക്കുന്ന കൂട്ടുകാർക്ക് കൊടുത്ത്, ഇത് തിന്നിട്ട് വെള്ളമടിച്ചാൽ, നെയ് കുടൽ ചുവരുകളിൽ പോയി ഒട്ടും, മദ്യം കാരണം കുടലിന് ആപത്തൊന്നും വരില്ല എന്ന് പറഞ്ഞു. എല്ലാവരും അതിശയത്തോടെ അവനെ നോക്കുമ്പോൾ, ആ ഗ്ലാസ്സ് എടുക്കെന്ന് പറഞ്ഞ് ബോട്ടിൽ ഉയർത്തി.

***
(തുടരും…)

Subscribe Tharjani |