തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

പരസ്യങ്ങളുടെ ജാതിയും ലിംഗവും


ബി.എസ്.എന്‍.എല്‍ കര്‍ണ്ണാടകയുടെ
ഹൈസ്പീഡ് ഇന്റര്‍നെറ്റ് പരസ്യത്തിലെ ചിത്രം

പരസ്യങ്ങളും സ്ത്രീകളും കേരളത്തില്‍ ഉപന്ന്യാസ-പ്രസംഗമത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നല്കിയിട്ടുള്ള വിഷയങ്ങളിലൊന്നാണെന്നു കാണാം. ഒട്ടുമിക്ക മാസികകളും ചാനലുകളും ഈ വിഷയം പലനിലയില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ ചര്‍ച്ചകളുടെയൊക്കെ ആകെത്തുക ഈ മൂന്ന് ആശയങ്ങളാണെന്നു കാണാം:

1. സമൂഹത്തെ മുഴുവന്‍ കമ്പോള/വിപണിവല്ക്കരിക്കുന്നതിന്റെ ഭാഗമാണ് പരസ്യവിപണി. ഉപഭോഗത്തിന്റെ വന്യതകളെ തുറന്നുവിടുകയാണ് വിപണി. ഈ കമ്പോളവല്കരണം ആഗോളവല്കരണത്തോടെ ശക്തിപ്പെടുകയും കേരളത്തെ മൊത്തത്തില്‍ വിപണിയാക്കുകയും നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ ചതിക്കുഴികളിലാണ് കേരളം പോകുന്നത്.

2. മനഃശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണയിലാണ് പരസ്യവിപണി പ്രവര്‍ത്തിക്കുന്നത്. ഈ വിപണി ലക്ഷ്യംവയ്ക്കന്നത് പ്രധാനമായും സ്ത്രീകളെയാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളെ വിപണിയുടെ മായികവലയിത്തിലേക്ക് നയിക്കുന്നതാണ് ഇതിന്റെ തന്ത്രം. തട്ടിപ്പാണ് പരസ്യം എന്നതാണ് പൊതുവേയുള്ള സമീപനം.

3. പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും സ്ത്രീ ശരീരമാണ്. സ്ത്രീകളെ മോഡലുകളാക്കി അവരുടെ ശരീരത്തിന്റെ നഗ്നത ചൂഷണം ചെയ്ത് ആണ്‍സമൂഹത്തിന്റെ ലൈംഗികകാഴ്ചാവിഭവമാക്കി പരസ്യങ്ങള്‍ മാറ്റുന്നു. കടുത്ത സ്ത്രീവിരുദ്ധതയിലും അശ്ലീലതയിലുമാണ് ഓരോ പരസ്യവും പ്രവര്‍ത്തനക്ഷമമാകുന്നത്.

ഇതില്‍ ചര്‍ച്ചകള്‍ ആകുലത ഏറെ പ്രകടിപ്പിച്ചിരുന്നത് സ്ത്രീശരീരത്തിന്റെ നഗ്നതയെ ചൂഷണം ചെയ്യുന്ന പരസ്യങ്ങളുടെ പ്രവണതയെയാണ്. ചുരുക്കത്തില്‍ ആശയപരമായി ഇത്തരം സംവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഉല്പാദിപ്പിച്ചത് എല്ലാത്തരത്തിലും സ്ത്രീവിരുദ്ധവും സംസ്കാരവിരുദ്ധവുമാണ് പരസ്യങ്ങളെന്നാണ്. വിപണിവല്കരണം എന്ന വലിയ വിപത്തില്‍ നമ്മുടെ സംസ്കാരത്തെ തളയ്ക്കുന്ന കൊടുംവിപത്തായിട്ടാണ് ഇതിനെ വായിച്ചത്. വിപണിവല്കരണം, ലൈംഗികവല്കരണം, സ്ത്രീവിരുദ്ധവല്കരണം എന്ന ത്രിത്വത്തിലാണ് പരസ്യങ്ങളുടെ നില്പ് എന്നാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്ന ആശയമണ്ഡലം. ഇതില്‍ വര്‍ദ്ധിക്കുന്ന വിപണിവല്കരണമാണ് സ്ത്രീയുടെ ശരീരത്തെ ചൂഷണം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം കൂടിച്ചേര്‍ന്ന് സമൂഹത്തില്‍ ലൈംഗികാസംക്തി വികൃതമായി വളരാനും കാരണമാകുന്നു. ഇത്തരത്തില്‍ പരസ്യങ്ങളെ സാമൂഹ്യവിരുദ്ധമായ ഒന്നായിട്ടാണ് പൊതുവേ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. വിപണിയെ എല്ലാക്കാര്യത്തിനും ആശ്രയിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ വിപണി വലിയ പ്രശ്നമാണെന്നു ആശയതലത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിലാണ് ഈ ചര്‍ച്ചകളെന്നു കാണാം.

ചില വായനകള്‍ കാണുക:

1. ജീവിത മൂല്യങ്ങളെപ്പോലും സ്വാധീനിക്കത്തക്കവിധത്തില്‍ ശക്തമാണ് പരസ്യങ്ങള്‍ നല്കുന്ന സന്ദേശങ്ങള്‍. ഒരുവന് ആവശ്യമില്ലാത്ത വസ്തു അവന് അത്യാവശ്യമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് പരസ്യകലാകാരന്മാരുടെ വിജയം. ആധുനികസാങ്കേതികവിദ്യയും വിവിധ തലത്തിലുള്ള മാദ്ധ്യമങ്ങളുടെ വ്യാപനവും പരസ്യങ്ങളുടെ സ്വാധീനശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കേരളത്തില്‍ പരസ്യത്തിന്റെ മായാവലയത്തില്‍പ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നത് സോപ്പും സൌന്ദര്യവര്‍ദ്ധകവസ്തുക്കളുമാണെന്ന് ഒരു പഠനം പറയുന്നു. ശീതളപാനീയങ്ങളാണ് രണ്ടാം സ്ഥാനത്ത്. പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയാണ് 63 ശതമാനം ആളുകളെയും ഉല്പന്നം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്....സുന്ദരമായ സ്ത്രീ-പുരുഷ-ശിശുശരീരങ്ങളും കുറെ മധുരവാഗ്ദാനങ്ങളും മേമ്പൊടിയായി അല്പം അശ്ലീലതയും ചേര്‍ത്താല്‍ ആകര്‍ഷണീയമായ പരസ്യമായി. പരസ്യങ്ങള്‍ എല്ലാംതന്നെ സ്ത്രീകളെ ലക്ഷ്യമാക്കിയാണ് നിര്‍മ്മിക്കുന്നത്. ആദ്യത്തെ പരസ്യകാരനായ സര്‍പ്പം ലക്ഷ്യമിട്ടതും സ്ത്രീയെ ആയിരുന്നല്ലോ.ലേഖനം ഇവിടെ വായിക്കാം

2. പരസ്യത്തിന്റെ പ്രത്യയശാസ്ത്രനിര്‍മ്മിതത്ത്വം വ്യക്തമാകുന്ന ഒരു മേഖലയാണ്‌, പരസ്യങ്ങളിലെ സ്ത്രീപ്രതിനിധാനത്തിന്റേത്‌. “മുതലാളിത്ത ഉല്പാദന-ഉപഭോഗവ്യവസ്ഥയുടെ കലാപ്രയോഗമായ പരസ്യങ്ങള്‍ സ്ത്രീത്വത്തിന്റെ പ്രത്യയശാസ്ത്രപ്രതിനിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതായി” ജാനിസ്‌ വിന്‍ഷിപ്‌ തന്റെ ‘സെഷ്വാലിറ്റി ഫോര്‍ സെയില്‍’ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. സ്ത്രീത്വം എന്നത്‌ മാതൃത്വം, ഗാര്‍ഹികത, സൗന്ദര്യം, ലൈംഗികത, സ്ത്രീസ്വാതന്ത്ര്യം ഇങ്ങനെ വ്യത്യസ്തഘടകങ്ങളുടെ പ്രത്യയശാസ്ത്രനിര്‍മ്മിതിയാകുന്നു. പരസ്യം ഇവയില്‍ ചില ഘടകത്തെയോ ചിലതെല്ലാം ചേര്‍ത്തോ ഉപയോഗപ്പെടുത്തുന്നു. സോപ്പിന്റെ പരസ്യത്തില്‍ സ്ത്രീസൗന്ദര്യത്തിന്റെ പ്രതിനിധാനമായി വരുന്ന മോഡലിനെ പരസ്യവാചകത്തിലൂടെ സോപ്പിന്റെ പേരുമായി ബന്ധപ്പെടുത്തി പുതിയ വായനയ്ക്ക്‌ ഇടമൊരുക്കുമ്പോള്‍ അവിടെ സ്ത്രീസൗന്ദര്യം എന്ന ഘടകമാണ്‌ സംക്രമിക്കപ്പെടുന്നത്‌. ഇങ്ങനെ സ്ത്രീ, കുടുംബം, മതം തുടങ്ങി നിരവധി സാമൂഹികഘടകങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന പരസ്യങ്ങള്‍ സമൂഹത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊളളുന്നു. അവ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം മുതലാളിത്തകച്ചവടതാല്പര്യങ്ങളുടെ നിര്‍മ്മിതിയാണ്‌. ലേഖനം ഇവിടെ വായിക്കാം

3. ബി.എസ്.എന്‍ എല്ലിന്റെ പുതിയ ഹൈസ്പീഡ് കണക്ഷന്‍ സംബന്ധിച്ച പരസ്യത്തിനൊപ്പമുള്ള ചിത്രമാണ്. കര്‍ണ്ണാടക ബി.എസ്.എന്നില്‍ നിന്നാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. ഇപ്പോഴും ബി.എസ്.എന്‍.എല്‍ സര്‍ക്കാരിന് ഓഹരിയുള്ള ഒരു സ്ഥാപനമാണ്. അതില്‍പോലൂം സ്ത്രീകളെ വില്പനച്ചരക്കാ‍ക്കുന്ന പരസ്യമാണ്. പകുതി കീറിക്കളഞ്ഞ നിക്കറുമിടുവിച്ച് നിര്‍ത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടിയെ! മാന്യമായി, നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന വസ്ത്രം ധരിപ്പിച്ച് പരസ്യം ചെയ്താല്‍ ആരു ശ്രദ്ധിക്കാന്‍? ..... പരസ്യത്തിലായാലും യഥാര്‍ത്ഥജീവിതത്തിലായാലും സ്ത്രീകള്‍ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറിനും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. നിങ്ങള്‍ ആ‍ അടിവസ്ത്രങ്ങള്‍ക്ക് ടീ ഷര്‍ട്ടെന്നും, ജെട്ടിക്ക് ബര്‍മ്മുഡയെന്നും ഒക്കെ പറഞ്ഞെന്നിരിക്കും. പക്ഷെ നിങ്ങളോളം പുരോഗമിച്ചിട്ടില്ലാത്ത പാവം ഞങ്ങള്‍ക്ക് ഇവ ജെട്ടിയും ബാഡിയുമൊക്കെയാണ്. എന്തായാലും ഗവര്‍ണ്മെന്റിനു ഓഹരികളുള്ള സ്ഥാപനങ്ങളെങ്കിലും ഇത്തരം പെണ്‍പരസ്യങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. എനിക്ക് മനസ്സിലാകാത്തത് ഈ ബി.എസ്.എന്‍ എല്ലിന്റെ കണക്ഷനും സ്ത്രീയുടെ തുടകളുമായി എന്തു ബന്ധമാണുള്ളത് എന്നാണ്. മേല്‍ കാണിച്ച ചിത്രം താരതമ്യേന അശ്ലീലം കുറവാണെന്നറിയാം. അതിനെക്കാള്‍ അശ്ലീലമുള്ള ചിത്രങ്ങള്‍ ചില സര്‍ക്കാര്‍ പരസ്യങ്ങളില്‍ കണ്ടുവരുന്നുണ്ട്. എന്തായാലും സ്ത്രീകളെ വില്പനച്ചരക്കാക്കുന്ന പരസ്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ബന്ധമുള്ള സ്ഥാപനങ്ങള്‍ ഒഴിഞ്ഞുനില്ക്കണം..ലേഖനം ഇവിടെ വായിക്കാം

വിപണിയുടെ കേരളീയമാനം

ചരിത്രപരമായി ജാതിവ്യവസ്ഥയാല്‍ നിയന്ത്രിക്കപ്പെട്ട കേരളീയസമൂഹത്തില്‍ വിപണി/ കച്ചവടം/ ചന്ത എന്നത് എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രശ്നം വളരെയേറെ പഠിക്കപ്പെടേണ്ടതുണ്ട്. വിപണിയാല്‍ നിയന്ത്രിക്കപ്പെട്ട വര്‍ത്തമാനകാലാവസ്ഥയും പരസ്യലോകത്തിന്റെ ബലതന്ത്രങ്ങളും മനസിലാക്കുവാന്‍ ഇതാവശ്യമാകുന്നു. മനുഷ്യരെ ശുദ്ധ- അശുദ്ധിയുടെ തലത്തില്‍ വേര്‍തിരിച്ചുമാത്രം അടയാളപ്പെടുത്തുന്ന ജാതി എല്ലാവരും കൂടിക്കലരുന്ന വില്പനയും വാങ്ങലും സാദ്ധ്യമാക്കുന്ന വിപണിയെ അനുകൂലിച്ചിരുന്നില്ലെന്നുള്ളതാണ് വസ്തുത. കേരളീയ ജാതിവ്യവസ്ഥയില്‍ കച്ചവടം ചെയ്യാന്‍ ജാതിയില്ലായിരുന്നെന്നും കേരളത്തിലത് നിര്‍വ്വഹിച്ചത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്ന വസ്തുത വിപണിയുടെ വിപുലതയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്, ചരിത്രപരമായി നൂറ്റാണ്ടുകള്‍ക്കുമുന്നേ വിപണി/ അങ്ങാടി കേരളത്തില്‍ സജീവമായിരുന്നു എന്നാണ് ചരിത്രസൂചനകള്‍. കൊല്ലംകണ്ടവന് ഇല്ലം വേണ്ട, കൊച്ചികണ്ടവനച്ചി വേണ്ട തുടങ്ങിയ ചൊല്ലുകള്‍- ഇവയുടെ പഴക്കം പറയാന്‍ പറ്റില്ല, അല്പം ആധുനികമാവാനാണ് സാദ്ധ്യത- കേരളീയ നഗര/വിപണി ജീവിതത്തിന്റെ ചില സൂചകങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കുമുന്നേ വിപണികളുടെ ചരിത്രപരത വരുന്നുവെങ്കിലും ഇന്ന് മനസ്സിലാക്കപ്പെടുന്ന കച്ചവടം/വിപണിയാണോ എന്നകാര്യത്തിലും സംശയാസ്പദമാണ്. പതിന്നാലാംനൂറ്റാണ്ടിലെ സാഹിത്യകൃതികളിലെ അങ്ങാടി സൂചനകളിലൂടെ വിപുലമായ അങ്ങാടി/ വിപണി സംസ്കാരം കേരളത്തില്‍ ഉണ്ടായിരുന്നെന്ന സൂചന ദിലീപ് കുമാര്‍ മണിപ്രവാളകൃതികളെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമജീവിതത്തിന്റെ ജാതി ചലനക്രമം ശ്രദ്ധിച്ചാല്‍ വിപണിക്ക് ഊന്നല്‍ കൊടുത്തിരുന്ന ഒന്നാണോ പ്രാചീനകാലം എന്നത് സംശയിക്കാം.

ജാതിവ്യവസ്ഥയില്‍ ഓരോ ജാതിയും വിന്യസിച്ചരുന്നതും തൊഴിലും ചെയ്തിരുന്നതും ഒരു തരത്തിലുള്ള പരസ്പരപ്രവര്‍ത്തനത്തിലൂടെയാണ്. ഒരു ജാതി മറ്റൊരു ജാതിക്കില്ലാത്തത് വസ്തുക്കളായും സഹായമായും വര്‍ത്തിക്കണമെന്ന രീതിയിലാണിത്. കേരളത്തിലെ ഉല്പാദനത്തിന്റെ ചരിത്രം വളരെ പരിതാപകരമായിരുന്നുവെന്നും മിച്ചം സാദ്ധ്യമാക്കാത്തതായിരുന്നു അതെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നത് ഇവിടെ കൂട്ടിവായിക്കണം. കാര്‍ഷികോല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് അത് നല്കുകയും അവര്‍ക്കുവേണ്ടത് മറ്റുള്ളവരില്‍ നിന്ന് കിട്ടുകയും ചെയ്യുന്ന രീതി- ബാര്‍ട്ടര്‍ വ്യവസ്ഥ. പല ചരിത്രകാരന്മാരും ഇതിനെ തൊഴില്‍കൂട്ടായ്മ എന്നു വിളിക്കുന്നു. വളരെ ആധുനികമായ കാലത്തുപോലും ഈ രീതിയായിരുന്നു ആലപ്പുഴയിലും മറ്റും നിലനിന്നിരുന്നതെന്ന് തകഴി അദ്ദേഹത്തിന്റെ ആത്മകഥയില്‍ കുറിക്കുന്നുണ്ട്. അതായത് ഉല്പന്നവിതരണകാര്യത്തില്‍ ഓരോ ഗ്രാമവും അതില്‍ത്തന്നെ കെട്ടപ്പെട്ടുകിടക്കുന്നു. മാത്രവുമല്ല സങ്കീര്‍ണമായ ജാതിവ്യവസ്ഥ കീഴാളരെപ്പോലുള്ളവരുടെ ഭൗതികാവശ്യങ്ങളെ- വസ്ത്രം, ഭക്ഷണം- വല്ലാതെ നിയന്ത്രിച്ചിരുന്നു. അവര്‍ക്കാവശ്യമുള്ള ഭക്ഷണംപോലും ലഭ്യമാക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. പണം വ്യപകവുമല്ലായിരുന്നു. കൂലി പണമല്ലായിരുന്നു. മറിച്ച് കാര്‍ഷികോല്പന്നങ്ങളായിരുന്നു. ഈ സാമൂഹികപശ്ചാത്തലത്തില്‍ വിപണി/ അങ്ങാടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുക സാദ്ധ്യമല്ല.

ആധുനികമായ കാലത്ത് ഫാക്ടറികളിലും മറ്റ് സ്വതന്ത്ര ഇടങ്ങളിലും ജോലിചെയ്ത് കീഴാളര്‍ പണംസമ്പാദിച്ച് ഭക്ഷണം വിപണിയില്‍ നിന്ന് വാങ്ങുമ്പോഴാണ് (രണ്ടുനേരം കഴിച്ചിരുന്നവര്‍ മൂന്നും നാലും നേരം കഴിച്ചപ്പോള്‍) തിരുവതാംകൂറിലും മറ്റും അരിക്ഷാമം വരുന്നതെന്ന് റോബിന്‍ ജെഫ്രിയും പി. കെ ബാലകൃഷ്ണനും ചൂണ്ടിക്കാണിക്കുന്നത് വളരെ ആധുനികമായ കാലത്താണ് പണവും വിപണിയും വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തിലേക്കു വന്നതെന്നു വ്യക്തമാക്കുന്നു. കച്ചവടം എന്ന വാക്ക് കച്ചയും പടവും വില്ക്കാന്‍ വന്ന തമിഴ് ചെട്ടിയാര്‍മാരിലൂടെയാണ് രൂപപ്പെട്ടതെന്ന ചരിത്രകാരന്മാരുടെ നിരീക്ഷണവും കൂട്ടിവായിക്കണം (രാഘവവാരിയര്‍, ഗുരുക്കള്‍). അന്ന് കടകള്‍ പണ്ട്യാലകളാണ്. വിദേശികളുടെ വര്‍ദ്ധിച്ച വരവും അധിനിവേശങ്ങളും അതിലൂടെ രൂപപ്പെട്ട ആധുനികലോകബോധവും നവോത്ഥാനവും കേരളീയ ആധുനികതയെ സാദ്ധ്യമാക്കിയപ്പോഴാണ് ജാതിയില്‍ നിന്നു മുക്തമായ വിപണിയുടെ അധികാരം സാദ്ധ്യമായത്. അപ്പോഴും കേരളത്തിലെ തെരുവുകള്‍ അടയാളപ്പെട്ടിരുന്നത് ജാതിയുടെയും മതത്തിന്റെയും പേരിലായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ഹോട്ടലുകളും ബാര്‍ബര്‍ഷാപ്പുകളും മറ്റും ഓരോ ജാതിക്കും ഓരോന്നായിരുന്നു. കീഴാളര്‍ക്ക് സ്വതന്ത്രമായ പ്രവേശനവും ഇവിടങ്ങളില്‍ അനുവദിച്ചില്ലായിരുന്നുതാനും. നവോത്ഥാനത്തിന്റെ ശക്തിപ്പെടലിലാണ് ഇതെല്ലാം തേഞ്ഞുമാഞ്ഞത്. അതായത് വിപണിയുടെ ആധിപത്യം ജാതിവിരുദ്ധമായ ബോധത്തിന്റെയും സാമുഹ്യനിര്‍മ്മിതിയുടെയും ഫലമാണെന്നു സാരം. അങ്ങാടിബോധത്തില്‍ നിന്ന് പട്ടണബോധത്തിലേക്കുള്ള മാറ്റമായി ഇ.എം.എസ് ഇതിനെ കുറിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു (ആത്മകഥ). ആധുനികമായ വിപണി വന്നപ്പോഴും വിപണിയെ അശുദ്ധമായിക്കണ്ടിരുന്ന ബോധമാണ് വരേണ്യര്‍ വച്ചുപുലര്‍ത്തിയിരുന്നതെന്ന് കാണിപ്പയ്യൂരിന്റെ ആത്മകഥ വ്യക്തമാക്കുന്നു. ശുദ്ധാശുദ്ധം പോരാത്തതിനാല്‍ അക്കാലത്ത് (- ഇരുപതാം നൂറ്റാണ്ട്) ഹോട്ടലുകളില്‍പോയി നമ്പൂതിരിമാര്‍ ഭക്ഷണം കഴിച്ചിരുന്നില്ലത്രേ (എന്റെ സ്മരണകള്‍, മൂന്നാംഭാഗം). എന്നാല്‍ അക്കാലത്തെ ജന്മിമാര്‍ നെല്ല് വന്‍തോതില്‍ വിപണിയില്‍ വിറ്റ് പണം സമ്പാദിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്ന വസ്തുത, ജാതിബോധം വിപണിയെ പലനിലകളിലും അശുദ്ധമായി കണ്ടിരുന്ന ഒന്നായിരുന്നു എന്നതാണ്, വിശിഷ്യ വരേണ്യര്‍. വിപണിയെ മാറ്റിനിര്‍ത്തേണ്ടതായിക്കാണുന്ന ബോധത്തില്‍ പരസ്യം ആവശ്യമുള്ളതല്ല. ചുരുക്കത്തില്‍ കേരളത്തില്‍ പരസ്യം, ആധുനികമായ, ജാത്യേതരമായ വിപണിബോധത്തിന്റെ നിര്‍മ്മിതിയാണ്.

വ്യവസായവല്കരണം ശക്തിപ്പെടുന്ന കാലത്താണ് യൂറോപ്പിലൊക്കെ പരസ്യവിപണി ശക്തിപ്പെടുന്നത്. പുതിയ തൊഴിലിടങ്ങളും ഫാക്ടറികളും ഓഫീസുകളും വളരുന്ന നവോത്ഥാനകാലത്താണ് വിപണി കേരളത്തിലൂടന്നീളം ശക്തമാകുന്നത്. കൊളോണിയല്‍ മൂലധനത്തെ വ്യക്തമായും സ്വന്തമാക്കാന്‍ കഴിഞ്ഞ ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് നവോത്ഥാനകാലത്ത് മറ്റുള്ള സമുദായത്തേക്കാള്‍ വളരാന്‍ കഴിഞ്ഞത് വിപണിയുടെ മൂലധനസാദ്ധ്യതകള്‍ ഉള്ളതിനായിരുന്നു. നവോത്ഥാനകാലത്തെ കേരളത്തിലെ മിക്ക ബാങ്കുകളും ക്രൈസ്തവരുടേതായിരുന്നു. എസ്.എന്‍.ഡി.പി പോലുള്ള പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്കുന്നത് വിപണിക്കാണ് എന്നുള്ളത് എടുത്തു പറയേണ്ടതാണ്. എസ്.എന്‍.ഡി.പിയുടെ കാര്‍ഷിക-വ്യാവസായികപ്രദര്‍ശനങ്ങളും മറ്റും വിപണിയിലേക്ക് കേരളീയസമൂഹത്തെ തള്ളിവിടുകയായിരുന്നു. സ്വന്തമായി ഓടുവ്യവസായം നടത്തിയിരുന്ന ആളായിരുന്നു കവി കുമാരാനാശാന്‍. പല്പുവും ഇതേപോലെ നിരവധി വിപണി ഇടപെടല്‍ നടത്തിയ ആളാണ്. ജാതിക്കു മറുപടി വിപണിയാണെന്നുള്ള സന്ദേശത്തിലൂടെ വിപണിവല്കൃതമായ കേരളം നിര്‍മ്മിച്ചത് കേരളീയനവോത്ഥാനത്തിലെ പലതരം ഇടപെടലുകളാണ്. പത്രമാദ്ധ്യമങ്ങളുണ്ടാകുന്നതും അവയിലെല്ലാം പരസ്യങ്ങള്‍ വരുന്നതും ഇക്കാലത്താണ്.

ആധുനികമായൊരു ജീവിതബോധത്തിന്റെ അടയാളമാണ് പരസ്യം കേരളത്തില്‍. വിപണിവല്കണവും പരസ്യവല്കരണവും ഫ്യൂഡല്‍സാമൂഹികതയെ റദ്ദാക്കിയതിന്റെകൂടി അടയാളമാണ്. പരസ്യം ഏതെങ്കിലും ചില ജാതിക്കാരെ ലക്ഷ്യമിട്ടല്ല വരുന്നത്. എല്ലാവരെയും ഉദ്ദേശിച്ചാണ്. ജാതിക്കുപരി എല്ലാവരെയും അഭിമുഖീകരിക്കുന്ന ലോകബോധത്തിന്റെ നിര്‍മ്മിതിയില്‍ ഇതിനും പങ്കുണ്ടെന്നു സാരം. ഇത്തരത്തില്‍ പരസ്യങ്ങള്‍ എന്തൊക്കെ ഇടപെടലുകളാണ് കേരളത്തില്‍ നടത്തിയിട്ടുള്ളത്? ഏകപക്ഷീയമായ നിലയില്‍ ഉപഭോഗത്തെ വളര്‍ത്തുന്നതിനു മാത്രമാണോ? ഈ ഉപഭോഗമെന്നതുതന്നെ ജാതിവിരുദ്ധതയെ ഉള്‍പ്പേറുന്ന ഒന്നായിക്കാണുന്നില്ലേ? കേരളത്തിലെ കീഴാളര്‍ക്കു മെച്ചപ്പെട്ടൊരു ജീവിതം പ്രദാനംചെയ്യുന്നതില്‍ വിപണിയുടെ പങ്കെന്താണെന്നു ചോദിക്കുമ്പോള്‍ ഇത് വ്യക്തമാകും. ജാതിക്കാലത്ത് സവര്‍ണ്ണരുടെ ജീവിതസൗകര്യങ്ങള്‍ കീഴാളര്‍ക്ക് ലഭ്യമായിരുന്നില്ല. അനുവദിച്ചിരുന്നില്ല. എന്നാല്‍ വിപണിയുടെ ആധുനികകാലത്ത് അത് കാശുമുടക്കി വാങ്ങാമെന്നായി. ജാതിക്കു വിപണിയില്‍ സ്ഥാനമില്ലാത്തതിനാല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ അക്കാലത്ത് അവര്‍ക്ക് ലഭ്യമാകുകയും ചെയ്തു. കീഴാളര്‍ അവരുടെ പണം കൂടുതല്‍ ഉപഭോഗങ്ങള്‍ക്കായി ചിലവഴിക്കുന്നതിനെ വിമര്‍ശിക്കുന്ന വ്യവഹാരങ്ങള്‍ ഇക്കാലത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. വിപണിയിലെ ക്രയവിക്രയത്തിന് പണവും ജോലിയും ലഭ്യമാക്കുന്ന പ്രക്രിയകളാണ് പലരൂപത്തില്‍ നമ്മുടെ നവോത്ഥാനം ചെയ്തത്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ ഉപഭോഗസംസ്കാരമെന്ന ഭയപ്പെടുത്തലും പരസ്യങ്ങളെ അത്തരത്തില്‍ വായിക്കുന്നതും കീഴാളവിരുദ്ധമായ ഒന്നാണെന്നു പറയേണ്ടിവരും. ഇതുതന്നെയാണ് ശരീരത്തിന്റെയും ലിംഗത്തിന്റെയും കാര്യത്തിലും കാണുന്നത്.

പെണ്ണിന്റെ ശരീരവും പരസ്യവും

പരസ്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങളില്‍ മിക്കപ്പോഴും കടന്നുവരുന്നത് പരസ്യങ്ങളുടെ പാഠമാണ്. പരസ്യത്തെ സാദ്ധ്യമാക്കുന്ന പ്രക്രിയയെക്കുറിച്ച് അവിടെ നിശ്ശബ്ദതയാകും. എഴുത്തുകാരും ചിത്രീകരണക്കാരും അതിന്റെ മറ്റ് സാങ്കേതികവിദഗ്ദ്ധരും അഭിനേതാക്കാളും കൂടിച്ചര്‍ന്ന നിരവധിപേരുടെ ഒരു തൊഴിലിടമാണ് പരസ്യങ്ങളുടെ പിന്നിലെന്ന് പലരും ശ്രദ്ധിക്കാറില്ല. സിനിമ- ടി.വി മേഖലപോലെയുള്ള ഒരിടമാണിത്. എന്നാല്‍ പരസ്യമോഡല്‍/ നടി/നടന്‍ എന്നൊരു സംവര്‍ഗ്ഗം കൃത്യമായി ഉപയോഗിക്കപ്പെടാറുണ്ട്. സിനിമാനടി /നടന്‍ പ്രത്യേകമൊയൊരു പദവിയായാണ് പരിഗണിക്കുന്നതെങ്കില്‍ പരസ്യമോഡല്‍ അത്ര 'നല്ല'തായിട്ടല്ല പൊതുവേ വ്യവഹാരങ്ങളില്‍ കടന്നുവരിക. കേരളചരിത്രത്തില്‍ നടിമാര്‍ സ്വഭാവദൂഷ്യങ്ങളുള്ളവരായാണ് പൊതുവില്‍ കണ്ടിരുന്നത്. ഇപ്പോഴും അവരെക്കുറിച്ച് ഗോസിപ്പുകള്‍ കേള്‍ക്കുന്നത് ഇത്തരത്തിലാണ്. അടുത്തകാലത്ത് പരസ്യമോഡലുകള്‍ ഉള്‍പ്പെട്ട ചില മയക്കുമരുന്നുകേസുകള്‍ പുറത്തുവന്നപ്പോള്‍ ഒരു തരം അധോലോകമാണ് പരസ്യവിപണിയെ നിയന്ത്രിക്കുന്നതെന്നും എല്ലാ അര്‍ത്ഥത്തിലും വൃത്തികേടുകളുടെ ഇടമാണ് ഈ ലോകമെന്നുമുള്ള ഒരു ധാരണ ഇവിടെയുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ വിപണി ഉപഭോഗം എന്നൊക്ക പറയുന്നത് എന്തും വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന, പാരമ്പര്യത്തെ മാനിക്കാത്ത, വലിയ വൃത്തികേടുകളായി അവതരിപ്പിക്കപ്പെടുകയും അവയ്ക്കു പിന്നിലെ പരസ്യങ്ങളും അതിലൂടെ വെറുക്കപ്പെടേണ്ടവയായി മാറ്റുകയും ചെയ്യുന്നു.

ഒരു തൊഴിലിടമെന്ന പരിഗണന പരസ്യമേഖലയ്ക്കു അനുവദിക്കുന്നില്ല ഇത്തരം പ്രചാരണങ്ങളെന്നതാണ് ഏറ്റവും വലിയ പ്രശ്നം. അതേസമയം സ്വതന്ത്രമായ തൊഴിലിടം എന്ന പരിഗണന നല്കാത്തപ്പോള്‍തന്നെ അവിടെനിന്നുള്ള വാര്‍ത്തകളെ ഗോസിപ്പുകളാക്കുന്നതില്‍ വലിയപിന്തുണയും കിട്ടുന്നുണ്ട്. അതിലൂടെയെല്ലാം ഉറപ്പിക്കപ്പെടുന്നത് പരസ്യമേഖല സ്വതന്ത്രമായ അസ്തിത്വമുള്ള ഒരിടമല്ലെന്നുള്ളതാണ്. എല്ലാ തൊഴിലിടത്തിലുമുള്ളപോലെ ആധിപത്യവും കോയ്മകളും ഒക്കെ പ്രവര്‍ത്തനക്ഷമമാകുന്ന ഒരിടമാണിത്. ഈ ബോധം ഇല്ലാത്തതിനാലാണ് മോഡലിനെ - വിശേഷിച്ച് സ്ത്രീയെ - സ്വതന്ത്രവ്യക്തിയായി കാണാത്തത്. മറിച്ച് ശരീരം കാണിക്കുന്ന നാണവും മാനവുമില്ലാത്ത ശരീരമായിമാത്രം കാണുന്നത്. പരസ്യം എന്നത് മനുഷ്യനെ പറ്റിക്കുന്ന വിപണിയുടെ ആയുധമെന്ന കാഴ്ചപ്പാടില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നടികളെ രണ്ട് രീതിയിലാണ് വായിക്കുന്നതെന്നു കാണാം. പരസ്യം എന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്കകത്തെ ഇരയെന്ന നിലയിലും ശരീരം കാണിക്കാന്‍ മടിയില്ലാത്ത നാണമില്ലാത്തവളെന്ന നിലയിലും. പരസ്യമോഡലിനെക്കുറിച്ചുള്ള ചിന്തതന്നെ ശരീരം കാണിക്കാന്‍ വിധിക്കപ്പെട്ടവളെന്ന മട്ടിലാണ്.

പരസ്യം, സിനിമ അടക്കമുള്ള ദൃശ്യമാദ്ധ്യമങ്ങളിലെ സ്ത്രീ കാഴ്ചയെക്കുറിച്ചുള്ള നമ്മുടെ പ്രധാന വിശകലനോപാധി ലോറ മള്‍വിയുടെ വോയറിസകാഴ്ചപ്പാട് മാത്രമാണ്. ആണ് കാണുന്നു പെണ്ണ് കാഴ്ചവസ്തുവാകുന്നു എന്ന മട്ടിലുള്ള വായനകളാണ് ഏറെയും. എന്നാല്‍ ആണ്‍ശരീരത്തിന്റെ നഗ്നതയെക്കെതിരേ ഈ വിമര്‍ശനമില്ല. ആണിന്റെ ശരീരം കാണാന്‍ അനുവദിക്കുന്നവര്‍ എന്തുകൊണ്ടാണ് പെണ്ണിന്റെ ശരീരത്തെ കാണാന്‍ അനുവദിക്കാത്തത്? പെണ്ണിന്റെ ശരീരം കാണരുതെന്ന് എപ്പോളാണ് നാം പറഞ്ഞു തുടങ്ങിയത്? കേരളീയമായ പശ്ചാത്തലത്തില്‍ ഇത് ആധുനികതയെന്ന പ്രശ്നവുമായി ബന്ധപ്പെട്ടതാണെന്നു കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ വസ്ത്രം ധരിക്കാത്തവരായിരുന്നു കേരളീയ സ്ത്രീകളെന്നും അന്ന് നഗ്നത ആര്‍ക്കും പ്രശ്നമല്ലായിരുന്നുവെന്നും ഏവര്‍ക്കുമറിയാം. ബ്ലൗസും മറ്റും ധരിച്ച് ശരീരം മറയ്ക്കാനും പുരുഷന്മാര്‍ കാണാതെ ഒളിപ്പിക്കേണ്ട ഒന്നാണ് ശരീരമെന്ന ധാരണ സൃഷ്ടിക്കപ്പെട്ടതും അക്കാലത്താണ്. മിഷനറിമാരും പുതിയ നവോത്ഥാനസാമൂഹ്യക്രമവും സൃഷ്ടിച്ച ഈ മാറ്റങ്ങളിലാണ് സ്ത്രീശരീരം ആരും കാണരുതാത്ത വിഷയമായത്. പെണ്ണിന്റെ ശരീരത്തിന്റെ ദൃശ്യതയെ ഇത്തരം വഴക്കങ്ങളിലൂടെ അടിച്ചേല്പിച്ചു. പെണ്‍ശരീരം എന്നത് മൂടിയിരിക്കേണ്ട പ്രത്യേകിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ടതൊക്കെ പൂര്‍ണ്ണമായും മറയ്ക്കേണ്ടുന്നതായത് ഇങ്ങനെയാണ്. ലൈംഗികത പാപമായി. ആരും കാണരുതാത്തതോ പരസ്യമായി സംസാരിക്കുവാന്‍ പാടില്ലാത്തതോ ആയി. ശരീരംതന്നെ നിഷിദ്ധമായിട്ടു ഗണിക്കപ്പെട്ടു. ഇതിലൂടെയല്ലാം പെണ്ണെന്നു പറയുന്നത് 'അക'ത്തിന്റെ ആളായും മാറ്റപ്പെട്ടു. 'പുറം'ലോകം അവള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടു.

നവോത്ഥാനശരീരം തകര്‍ക്കുക

അങ്ങനെ വസ്ത്രംധരിച്ച് ശരീരം മറയ്ക്കുന്നവള്‍ 'നല്ലവളും' കാണിക്കുന്നവള്‍ 'ചീത്ത'യുമായി മാറ്റപ്പെട്ടു. തന്റെ ശരീരത്തെ പ്രദര്‍ശിപ്പിക്കുന്നവളെ വേശ്യയാക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, സ്ത്രീശരീരം സിനിമയിലോ പരസ്യത്തിലോ പ്രത്യക്ഷപ്പടുമ്പോള്‍ അത് സ്ത്രീശരീരത്തെ ചൂഷണംചെയ്യുന്നു എന്ന വിമര്‍ശനമായി മാറുന്നത്. അല്ലെങ്കില്‍ ശരീരം കാണിക്കുന്നവള്‍ ശരിയല്ലാത്തവളായി മാറ്റപ്പെടുന്നത്. ഈ വിമര്‍ശനം പറയുന്നത് പെണ്ണിന്റെ ശരീരം മൂടിയിരിക്കണം എന്ന ആധുനിക/നവോത്ഥാന പുരുഷകാഴ്ചപ്പാടാണ് എന്നുള്ള വസ്തുത മറക്കുന്നു. സ്ത്രീശരീരംമെന്നത് മൂടിപ്പൊതിഞ്ഞു നടക്കേണ്ടതാണെന്നും ശരീരഭാഗങ്ങള്‍ പുരുഷന്‍ കണ്ടാല്‍ അവള്‍ക്കെന്തെങ്കിലും പതിത്വം സംഭവിക്കുമെന്നുമുള്ള കാഴ്ചപ്പാടാണ് പെണ്ണ് ശരീരം കാണിക്കാന്‍ പാടില്ല എന്ന വാദത്തില്‍ മറഞ്ഞിരിക്കുന്നത്. പുരുഷന്‍ പറയുന്നപോലെ വസ്ത്രംധരിച്ച് നല്ലവളാകാനാണ് പെണ്ണ് ശ്രമിക്കേണ്ടതെന്നും ചീത്തയിലേക്കവള്‍ പോകുന്നത് തെറ്റാണ് എന്ന കാഴ്ചപ്പാടാണ് ഉപദേശമായും മറ്റും കടന്നുവരുന്ന നഗ്നതാവിമര്‍ശനത്തില്‍ കാണുന്നത്.

ഇതിന്റെ മറ്റൊരു പ്രശ്നം തന്റെ ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം പെണ്ണിനില്ല എന്നുള്ളതാണ്. നല്ലവള്‍/ ചീത്ത എന്ന ദ്വന്ദത്തിലൊന്ന് തിരഞ്ഞെടുക്കാനേ അവള്‍ക്കു പറ്റൂ. അതില്‍ തന്നെ ചീത്തയിലേക്കു പോകാന്‍ പാടില്ല എന്ന താക്കീതാണ് ഇത്തരം വിമര്‍ശനങ്ങളുടെ കാതല്‍. പെണ്ണെപ്പോഴും സ്വന്തം തീരുമാനമെടുക്കാതെ പുരുഷവിധേയമായി നില്ക്കണം എന്നതിനെ ഉറപ്പിക്കുകയാണ് നമ്മുടെ ഇടയിലെ പരസ്യത്തെ സംബന്ധിക്കുന്ന നഗ്നതാവിമര്‍ശനങ്ങള്‍. ഈ പുരുഷകാഴ്ചപ്പാടിനെ താങ്ങിനിര്‍ത്താനായി നാം ഉണ്ടാക്കിയിട്ടുള്ള ചീട്ടുകൊട്ടാരങ്ങളാണ് സംസ്കാരത്തിന്റെ തനിമകളും അതിന്റെ മേന്മകളും അല്ലെങ്കില്‍ സാംസ്കാരിക അധഃപതനമെന്ന വാദങ്ങളും. നമ്മുടെ ആധുനികതയുടെ സൃഷ്ടിയാണ് ശരീരം കാണരുതെന്ന വിലക്ക്. അതെക്കാലവും പിന്തുടേരേണ്ടുന്ന ജൈവികനിയമമല്ല. അക്കാലത്തിന്റെ പുരുഷതാല്പര്യങ്ങളിലാണ് അത് കടന്നുവരുന്നത്. അത്തരം പുരുഷതാല്പര്യങ്ങളെ ചോദ്യം ചെയ്യുന്നിടത്ത് പുതിയ കാഴ്ചപ്പാടുകള്‍ ഉരുവം കൊള്ളേണ്ടതുണ്ട്. ശരീരത്തെക്കുറിച്ചുള്ള നവോത്ഥാന/ ആധുനികതാ കാഴ്ചപ്പാടുകളെ ഉലയ്ക്കുന്ന സാമൂഹ്യപരിസരം രൂപപ്പെട്ടിരിക്കുന്നു. പെണ്‍ശരീരത്തെ കാണപ്പെടാതെ ഒളിപ്പിച്ചുവയ്ക്കുന്നതിന്റെ താല്പര്യം കന്യകാത്വം പോലുള്ള പുരുഷസങ്കല്പങ്ങളാണ്. അതിലൂടെ സാദ്ധ്യമാകുന്നത് സ്ത്രീയെ അകംലോകത്ത് ഒതുക്കാമെന്ന ചിന്തയുമാണ്. അതേ സമയം പുരുഷന് കന്യാകാത്വത്തിന്റെയോ മറ്റോ ഭാരമില്ല. അതിനാല്‍ അവന്റെ ശരീരം പൊതുവില്‍ പ്രദര്‍ശിപ്പിക്കാം. ആരും കണ്ട് ആക്രമിക്കുകയില്ല. അതിനാല്‍ ശരീരത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നത് ലിംഗത്തെക്കുറിച്ചുള്ള സാമൂഹ്യാധികാരങ്ങളാണ്. പെണ്ണിനും ആണിനും വെവ്വേറെ നീതി നടപ്പാകുന്നത് അതിനാലാണ്. അതിനാല്‍ ആ നീതിയെ ചോദ്യം ചെയ്യുകയെന്നതാണ് കാലം ആവശ്യപ്പെടുന്നത്. അതിലൂടെ സമൂഹം കെട്ടിയേല്പിച്ചിരിക്കുന്ന ശരീരത്തിന്റെ ഭാരങ്ങളെ കുടഞ്ഞെറിയുകയും. ലിംഗത്തിന്റെ ഇരട്ട നീതിയെ ചോദ്യംചെയ്യുമ്പോള്‍ പെണ്ണിന്റെ ശരീരം ഭാരമായി കരുതാത്ത, ചൂഷണമായി കാണാത്ത ആണത്തം ജനിക്കും. നല്ലവളും ചീത്തയും അപ്രത്യക്ഷമാകും. പെണ്‍ ശരീരത്തിന്റെ സാദ്ധ്യതകള്‍ പൂത്തുലയുക ആണിന്റെയും ഈ സാമുഹികനിര്‍മ്മിതിയിലാകും. അല്ലാത്തിടത്തോളം കാലം ശരീരം ചൂഷണോപാധിയായിത്തന്നെ തുടരും. തുടകളോ മുലകളോ അരക്കെട്ടോ കാണുമ്പോള്‍ ഞെട്ടി നഗ്നത എന്നു വിളിച്ചുകൂവാത്ത ലോകബോധത്തിന്റെ സൃഷ്ടി മലയാളി പുരുഷന്‍ (സ്ത്രീയും) നേടിയെടുക്കേണ്ട കാലം കഴിഞ്ഞു.

Subscribe Tharjani |