തര്‍ജ്ജനി

ചാക്കോ ചെത്തിപ്പുഴ

ഫോണ്‍ : 97454 68694

Visit Home Page ...

പരിസ്ഥിതി

പശ്ചിമഘട്ടനശീകരണപദ്ധതി വരുമ്പോള്‍…

ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയിലെ ഖനനം സംബന്ധിച്ച വിവാദം മറ്റേതൊരു വിഷയവുംപോലെ കുറച്ചുകാലം മാദ്ധ്യമങ്ങളില്‍ കൊഴുക്കുകയും പതുക്കപ്പതുക്കെ വിസ്മൃതിയിലാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത് വീണ്ടും ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ അത് ഉയര്‍ത്തുന്ന ചില ചോദ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധിച്ചുമനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

നിര്‍ദ്ദിഷ്ട ഖനനപ്രദേശം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയാണ്. പശ്ചിമഘട്ടമലനിരകളുടെ ഭാഗമാണത്. 1960നു ശേഷം പേരാമ്പ്ര പ്ലാന്റേഷന്‍ നിലവില്‍ വരുന്നതിനുമുമ്പ് ആ പ്രദേശം ഘോരവനമായിരുന്നു. പയ്യാനിക്കോട്ട എന്ന കൊടുംകാട് ദൂരെനിന്ന് നോക്കികാണാന്‍ മാത്രമേ അന്ന് സാധാരണക്കാരന് കഴിയുമായിരുന്നുള്ളൂ. അവിടം സര്‍പ്പക്കൂട്ടങ്ങളുടെയും വന്യജീവികളുടെയും ആവാസകേന്ദ്രമാണെന്നും മനുഷ്യന് അപ്രാപ്യമാണെന്നും കരുതപ്പെട്ടിരുന്നു. ആ അര്‍ത്ഥം വരുന്ന രീതിയില്‍ ആരോ ആ പ്രദേശത്തിനിട്ട പേരാണ് പയ്യാനിക്കോട്ട.

ഏത് വിധേനയും വനംവെട്ടി ആ പണം പോക്കറ്റിലാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങുന്ന വനംമാഫിയയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു പേരാമ്പ്ര പ്ലാന്റേഷന്‍. അങ്ങനെ ആയിരക്കണക്കിന് ഏക്കര്‍ പശ്ചിമഘട്ടത്തോടു ചേര്‍ന്ന നിക്ഷിപ്തവനം വെട്ടിനീക്കപ്പെട്ടു. വനനശീകരണത്തിന്റെ പാപം കുടിയേറ്റകര്‍ഷകരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് കോഫി ഹൗസ് ബുദ്ധിജീവികള്‍ക്ക് താല്പര്യം. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ മറവില്‍ കൊഴുക്കുന്ന മാഫിയകളും നഗരകേന്ദ്രിത കച്ചവടലോബികളും ചേര്‍ന്നാണ് എക്കാലവും വനനശീകരണം നടത്തിയിട്ടുള്ളത്. കുടിയേറ്റജനവിഭാഗങ്ങള്‍ ബഹുഭൂരിഭാഗവും വനം വെട്ടിനശിപ്പിക്കപ്പെട്ട തരിശുകളിലേക്കായിരുന്നു വന്നുചേര്‍ന്നത്. കല്ലായിയിലെ തടിക്കച്ചവടം ലോകപ്രശസ്തമായി എത്രയോ കഴിഞ്ഞിട്ടാണ് കുടിയേറ്റവും കൃഷിയുടെ വികാസവുമൊക്കെ ഉണ്ടായത് എന്ന വസ്തുത ഓര്‍ക്കുക. കുടിയേറ്റകാലത്തും അതിനുശേഷവും വനപ്രദേശമായിരുന്നു പയ്യാനിക്കോട്ട. പ്ലാന്റേഷന്‍ വികസനം വലിയൊരു ഭാഗം കാടുകള്‍കൂടി ഇല്ലാതാക്കി. ഇനി ഈ പ്രദേശത്ത് ഖനനവും കൂടി നടക്കുകയാണെങ്കില്‍ ഗംഭീരമാകും! ഈ പ്രദേശത്ത് ഒരു ചുരം രൂപപ്പെടും. വയനാട്ടിലേക്ക് ആനവാതില്‍ തുറക്കും.

കേരളത്തില്‍ താരതമ്യേന മഴക്കുറവുള്ള മേഖല വാളയാര്‍ പ്രദേശമാണ്. അതിന്റെ കാരണം വാളയാര്‍ പ്രദേശത്തിന് കിഴക്കു ഭാഗത്തായി പശ്ചിമഘട്ടമലനിരകള്‍ ഇല്ല എന്നതാണ്. ആ വഴി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടാകും. അവിടെ മഴമേഘങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ പറന്നുപോകുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന രീതിയില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പയ്യാനിക്കോട്ട പ്രദേശത്ത് ആയിരക്കണക്കിനേക്കര്‍ സ്ഥലത്ത് മുപ്പത് വര്‍ഷത്തോളം ഖനനം നടത്തിയാല്‍ നിരവില്‍പ്പുഴ മുതല്‍ മക്കിയാട് അടങ്ങുന്ന സഹ്യപര്‍വ്വതനിര മിക്കവാറും തുടച്ചുനീക്കപ്പെടും. അതോടെ കുറ്റ്യാടി, പേരാമ്പ്ര, കുളത്തുവയല്‍, പെരുവണ്ണാമുഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കല്ലാനോട്, കക്കയം തുടങ്ങിയ പ്രദേശങ്ങളില്‍ മഴകുറയും. ഈ പ്രദേശങ്ങള്‍ വരണ്ടുപോകാനും സാദ്ധ്യതയുണ്ട്. അതിനേക്കാള്‍ ഭീകരമായ മറ്റൊരപകടം ബാധിക്കുന്നത് പെരുവണ്ണാമുഴി ഡാമിനെ ആയിരിക്കും.

പെരുവണ്ണാമുഴിയില്‍ ജലസേചനത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയ അതേ കാലത്തുതന്നെയാണ് കക്കയത്ത് ജലവൈദ്യുതിക്കുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചത്. കക്കയം പദ്ധതിപ്രദേശത്തുനിന്നും ഏകദേശം അമ്പത് വര്‍ഷക്കാലമായി ഒഴുകിവരുന്ന മണ്ണും മണലും മുഴുവനും അടിഞ്ഞുകൂടിയിട്ടുള്ളത് പെരുവണ്ണാമുഴി ഡാമിലാണ്. ഇന്ന് ഡാമിലെ വെള്ളവും മണലും താരതമ്യം ചെയ്താല്‍ കൂടുതല്‍ മണലായിരിക്കും. ഇന്നത്തെ മണലിന്റെ മൂല്യം കണക്കാക്കിയാല്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഡാമില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.
മേല്‍പ്പരാമര്‍ശിക്കപ്പെട്ട ഖനനം യാഥാര്‍ത്ഥ്യമായാല്‍ പെരുവണ്ണാമുഴി മുതല്‍ കക്കയംവരെ ഡാമില്‍ മണല്‍ക്കൂന ഉയരും. പെരുവണ്ണാമുഴിയില്‍നിന്ന് ജലാശയത്തിലെ മണല്‍ക്കൂനയുടെ മുകളില്‍ക്കൂടി ടിപ്പര്‍ ലോറി ഓടിച്ച് കക്കയത്ത് എത്താന്‍ കഴിയുന്ന സ്ഥിതി ഉണ്ടാകും. അതായത് ഇന്നത്തെ പെരിയാറിന്റെയും ഭാരതപ്പുഴയുടെയും ഗതി. പെരിയാറിലേക്കും ഭാരതപ്പുഴയിലേക്കും ശക്തമായ മണ്ണൊലിപ്പ് ഉണ്ടാകുകയും പുഴയ്ക്ക് കുറുകെ അണകെട്ടി വെള്ളം ഗതിമാറ്റി വിടുകയും ചെയ്തിട്ടാണ് പുഴ ഉണങ്ങിയതെങ്കില്‍ ഇവിടെ ജലാശയത്തില്‍ തന്നെയായിരിക്കും മണല്‍ക്കൂന ഉയരുന്നത്.

ഇവിടുത്തെ ഭരണാധികാരികള്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെങ്കില്‍ പെരുവണ്ണാമുഴിഡാമിലുള്ള മണല്‍ വാരിവിറ്റ് ആയിരക്കണക്കിന് കോടി രൂപ ഖജനാവില്‍ മുതല്‍ക്കൂട്ടാന്‍ കഴിയുന്നതാണ്. ഡാമിലുള്ള മണലിന്റെ വില കണക്കാക്കിയാല്‍ പെരുവണ്ണാമുഴിയില്‍ പത്തു ഡാം കെട്ടാനുള്ള പണം മണല്‍രൂപത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡാമിലെ മണലും ചെളിയും വാരിമാറ്റി ശുദ്ധീകരിച്ചാല്‍ അവിടെനിന്നും ശുദ്ധജലം വിതരണം ചെയ്യാനും കഴിയും. മറിച്ച് ഈ വിവാദം കെട്ടടങ്ങിക്കഴിയുമ്പോള്‍ വീണ്ടും ഖനനവുമായി മുന്നോട്ട് പോകുക തന്നെയാണെങ്കില്‍ ജപ്പാന്‍ കുടിവെള്ളത്തിന്റെ ചൈനാപ്പൈപ്പിലൂടെ വീടുകളില്‍ എത്തുന്നത് വെള്ളത്തിനു പകരം ചെളിയും മണലുമായിരിക്കും.

പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വിവാദങ്ങള്‍ അഴിച്ചുവിടുന്നതില്‍ മുമ്പില്‍ നിന്നവര്‍ ഖനനത്തിന്റെ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. യഥാര്‍ത്ഥത്തില്‍ വിവാദങ്ങളുണ്ടാക്കുന്നതിനപ്പുറത്ത് പരിസ്ഥിതിവിഷയത്തില്‍ ശ്രദ്ധ ചെലുത്താന്‍ ആര്‍ക്കും കഴിയുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ ജനങ്ങളെ വിഭാഗീകരിക്കുന്ന രീതിയില്‍ ചര്‍ച്ച ചെയ്ത് നശിപ്പിക്കുവാനായിരുന്നു നമ്മുടെ ബുദ്ധിജീവികളും കക്ഷി-മതനേതാക്കളുമൊക്കെ ശ്രമിച്ചത്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളില്‍ നിവസിക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയുമെല്ലാം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സംഘടിപ്പിക്കാനും തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങള്‍ക്ക് അനുസൃതമാക്കിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്. പരിസ്ഥിതിയെന്നത് കുടിയേറ്റകര്‍ഷകരാല്‍ നശിപ്പിക്കപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ എല്ലാ വിഭാഗങ്ങളും ചേര്‍ന്നു വിജയിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുതിനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാമുണ്ടായിരുന്നിട്ടും അതിനെ ആ രീതിയില്‍ മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ പ്രയോഗത്തില്‍ കൊണ്ടുവരാനോ യാതൊരു ശ്രമവും ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല. മതനേതൃത്വവും കക്ഷികളുടെ നേതൃത്വവും ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നഗരവാസികളും മാദ്ധ്യമോപജീവികളുമായ പരിസ്ഥിതിവാദികളാകട്ടെ മലയോരജനങ്ങളെ പുറത്തുനിന്ന് കാണുകയായിരുന്നു ചെയ്തത്. മലയോരത്തു കൃഷിക്കാര്‍ നടത്തിയ കൃഷിയും ചെറുകിട വ്യവസായവും മാത്രമാണ് ഇവിടുത്തെ പരിസ്ഥിതിക്കു ഭംഗമുണ്ടാക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ സമീപനം. ഇത് സാധാരണക്കാരെ മതനേതൃത്വത്തിനു പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

തീരപ്രദേശത്തും മദ്ധ്യ-സമതലങ്ങളിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാഫിയകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളി എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടത്തിലെ കരിങ്കല്‍ ക്വാറികളില്‍നിന്ന് മണ്ണും മണലും കല്ലും കൊണ്ടുപോകുന്നതിന്റെ തൊണ്ണൂറ്റഞ്ചുശതമാനവും തീരപ്രദേശങ്ങളിലെയും സമതലങ്ങളിലെയും വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. അവിടത്തെ വയലുകളും ചതുപ്പുകളും തൂര്‍ക്കാനും പാലങ്ങള്‍ റോഡുകള്‍ എന്നിവ നിര്‍മ്മിക്കാനുമൊക്കെയായി പശ്ചിമഘട്ടം പൊളിച്ചെടുക്കുകയാണ് ചെയ്യുന്നത്. കുട്ടനാട്ടിലെ തണ്ണീര്‍ത്തടങ്ങളെ രക്ഷിക്കാനെപേരില്‍ നടത്തുന്ന പശ്ചിമഘട്ടനാശകപ്രവര്‍ത്തനങ്ങളൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്.

നഗരത്തിലെ റോഡും ഫ്ലാറ്റുകളും ഓവര്‍ബ്രിഡ്ജുകളും തീരപ്രദേശങ്ങളിലെ പാലങ്ങളും ചതുപ്പുകള്‍ രൂപാന്തരപ്പെടുത്തുന്ന പലതരം വികസനപ്രവര്‍ത്തനങ്ങളും അറിഞ്ഞോ അറിയാതെയോ പശ്ചിമഘട്ടത്തിനെതിരായ നീക്കം നടത്തുന്നുണ്ട്. അതിന്റെ ഗുണഭോക്താക്കളായിരുന്നുകൊണ്ടാണ് നമ്മുടെ പരിസ്ഥിതിവാദവും പ്രകൃതിസ്നേഹവും ചാനലിലൂടെ മുതലക്കണ്ണീരായി ഒഴുകുന്നത്. ഇന്ന് പശ്ചിമഘട്ടത്തെ കുത്തിപ്പൊളിക്കാനൊരുമ്പെടുന്ന വമ്പന്‍ ഖനനശക്തികള്‍ വരുന്നതും പശ്ചിമഘട്ടതാഴ്‌വരകളിലെ കര്‍ഷകരുടെയോ ചെറുകിടവ്യവസായികളുടെയോ കച്ചവടക്കാരുടെയോ വികസനത്തിനുവേണ്ടിയല്ല. നഗരകേന്ദ്രിതശക്തികളാണ് അതിന്റെ പിന്നിലുള്ളത്. ഇതു മനസ്സിലാക്കി ചെറുത്തുനില്ക്കാന്‍ സ്വാഭാവികമായി ഉണര്‍ന്നുനില്ക്കേണ്ടത് മലയോരനിവാസികളാണ്. പക്ഷേ, അവര്‍ തങ്ങള്‍ക്കെതിരെന്ന് ധരിക്കാന്‍ നിര്‍ബ്ബന്ധിതമായ പുസ്തകകേന്ദ്രിതപരിസ്ഥിതിവാദികള്‍ക്കൊപ്പം നില്ക്കുമോ? ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിവാദവ്യവസായഘട്ടത്തില്‍ സടകുടഞ്ഞെഴുറ്റേ മതനേതൃത്വം ഖനനം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുമോ? കുഞ്ഞാടുകള്‍ കൈയില്‍നിന്ന് ഊര്‍ന്നുപോകുമോ എന്ന ഭയത്തിനപ്പുറത്ത് മനുഷ്യരെ പൊതുവായി ബാധിക്കുന്ന വിഷയങ്ങയളില്‍ ആര്‍ക്കാണു താല്പര്യം? രാഷ്ട്രീയകക്ഷികള്‍ക്ക് വോട്ടുബാങ്കുരാഷ്ട്രീയത്തിനും പിരിവെടുപ്പുവിപ്ലവത്തിനുമപ്പുറത്ത് മറ്റെന്തെങ്കിലും പരിപാടിയുണ്ടോ?

പശ്ചിമഘട്ടം നശിപ്പിക്കാനായുള്ള പ്രത്യക്ഷപരിപാടികളിലൊാണ് ചക്കിട്ടപ്പാറയില്‍ അരങ്ങേറാന്‍ പോകുന്നത്. ആരുണ്ടിവിടെ ചോദിക്കാന്‍?

Subscribe Tharjani |