തര്‍ജ്ജനി

സാജു. എസ്

Visit Home Page ...

കവിത

ദൈവം റ്റ്വീറ്റ്‌ ചെയ്തപ്പോള്‍

തല തിരിഞ്ഞു പോയ
സ്വന്തം കുഞ്ഞുങ്ങള്‍ക്കു മുന്നിലേക്ക്
അവനൊരു റ്റ്വിറ്റിട്ടു.
അതു വായിച്ച സ്വര്‍ണ്ണച്ചിറകുള്ള കുഞ്ഞുങ്ങള്‍
മറുപടി ചിലച്ചു "കമ്മ്യൂണിസ്റ്റായവന്‍".

അഴുക്കു തീണ്ടാത്ത ചിറകുള്ള,
മന്ത്രം ജപിക്കുന്നവന്‍ ചിലച്ചു..
''അവനു വയസ്സായവന്റെ ബുദ്ധിയ്ക്ക്‌
അതിലുമേറെ വയസ്സായ്‌"..

കറുത്ത ചിറകുള്ളവര്‍ ചിലച്ചു,
"അവനെ വിചാരണ ചെയ്തിടേണം".

"അവരു ചുംബിച്ചോട്ടെ" എന്നവന്‍ എഴുതുമ്പോള്‍,
കൂട്ടവും കൂട്ടവും തമ്മില്‍ കലമ്പുന്ന
കുഞ്ഞുങ്ങളൊന്നായ്‌ ചിലച്ചിങ്ങനെ
"അവനു ഭ്രാന്തായ്‌ അതിന്‍ പേരു വേറെ".

ചിറകിന്‍കരുത്തില്‍ ഊറ്റം കൊള്ളും ആള്‍ -
കിളികള്‍ ചിലച്ചു "ഫെമിനിസ്റ്റ്‌ ആയി അവന്‍"..

എല്ലാരുമിങ്ങനെ കൊഞ്ഞനം കുത്തവേ
റ്റ്വിറ്റര്‍ അക്കൗണ്ടടച്ചു അവന്‍..

പെരുമാള്‍ മുരുഗനെപ്പോലവനും
അങ്ങനെ നിശ്ശബ്ദനായിപ്പോയി.

Subscribe Tharjani |