തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

കനിവിന്റെ കടലറിവുകള്‍

കടലിനെക്കുറിച്ച് എനിക്കെന്നും കാല്പനികമായ സങ്കല്പങ്ങളാണ് ഉണ്ടായിരുന്നത്. വായിച്ച പുസ്തകങ്ങളിലൂടെയും കണ്ട സിനിമകളിലൂടെയും അറിഞ്ഞ കടലിനോട് പ്രണയമായിരുന്നു. ടി. പത്മനാഭന്റെ ‘കടലിലെ, ശലഭമായി ഉയര്ന്നുപറന്ന് കടലിന്റെ ആഴങ്ങളില്‍ വീഴണമെന്നു കൊതിച്ച ആ കഥാപാത്രമായി മാറുന്നത് കോളേജ് കാലങ്ങളില്‍ വെറുതെ സങ്കല്പിച്ചുരസിച്ചിട്ടുണ്ട്. കാടും കടലും എന്നെ എന്നും കൊതിപ്പിക്കുന്നുണ്ട്. കടലില്‍ മഴ പെയ്യുന്നത് ഒരുപാട് തവണ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ആ സ്വപ്നത്തിന്റെ അനിര്‍വ്വചനീയമായ അനുഭവത്തില്‍ നിന്ന് ഉണരാന്‍ മടിച്ച് ഒരുപാട് നേരം കിടന്നിട്ടുണ്ട്. ഒരുപക്ഷെ, വീണ്ടും കാണണമെന്ന് ആഗ്രഹിച്ച ഒരേ ഒരു സ്വപ്നം.

ജോലിയുടെ ഭാഗമായി പുറംകടല്‍യാത്ര വന്നപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. എന്റെ ആദ്യത്തെ കടല്‍യാത്ര!!! കടല്‍ ഇനി എനിക്ക് അകലെനിന്ന് കാണുന്ന ഒരു കാഴ്ചയോ സങ്കല്പപടമോ അല്ല. അടുത്തറിയുന്ന യാഥാര്ത്ഥ്യമാകാന്‍ പോകുന്നു.... മണ്സൂണ്‍ ആരംഭമായതുകൊണ്ട് കടല്‍ ലേശം പ്രക്ഷുബ്ധമായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു... ആദ്യയാത്രയില്‍ ഉണ്ടാകാവുന്ന കടല്‍ച്ചൊരുക്കിനെക്കുറിച്ച് എല്ലാരും പറഞ്ഞപ്പോള്‍ ഹെമിംഗ് വേയുടെ ‘കിഴവനും കടലും’ ആയിരുന്നു എന്റെ മനസ്സില്‍.. കടലിന്റെ കഥ പറയുന്ന ഏതോ കഥയിലെ ഒരു കഥാപാത്രമാവുകയാണ് ഞാനും എന്ന് തോന്നിപ്പോയി..
മീന്പിടിത്തക്കാര്‍ ഉപയോഗിക്കുന്നതരം ബോട്ടില്‍ ആണ്, അഞ്ചോ ആറോ പേരടങ്ങുന്ന ഞങ്ങളുടെ സംഘം പോകുന്നത്. ദൂരവും ആഴവും അനുസരിച്ച് നേരത്തെ തന്നെ കണക്കുകൂട്ടി വച്ചിരിക്കുന്ന അഞ്ച് സ്റ്റേഷനുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചിലത് അവിടെവച്ച് തന്നെ ഫിക്സ് ചെയ്യും.ചിലത് പിന്നീട് ലാബില്‍ തിരികെ വന്നിട്ടും. ആദ്യത്തെ സ്റ്റേഷന്‍ തീരത്തോട് ചേര്ന്ന് തന്നെയായിരുന്നു. അടുത്തത് അരമണിക്കൂര്‍ ദൂരത്തിലാണ്. അതുവരെ സ്രാങ്കിന്റെ സീറ്റിനോട് ചേര്ന്നുള്ള സ്ഥലങ്ങളില്‍ ഇരിക്കാം.തൊട്ടടുത്ത് വച്ചിരിക്കുന്ന സ്റ്റൌവില്‍നിന്നും പയ്യെ അരി വേവുന്ന മണം വന്നു തുടങ്ങി. രണ്ടാമത്തെ സ്റ്റേഷന്‍ കഴിഞ്ഞതോടെ എന്റെ മുഖം മങ്ങിത്തുടങ്ങി. സ്റ്റേഷന്‍ എത്തുമ്പോള്‍ ഐസ് ബോക്സുകളില്‍ ഇരുന്നാണ് സാമ്പിള്‍ ഫിക്സ് ചെയ്യുന്നത്.. രണ്ടാമത്തെ സ്റ്റേഷനില്‍ ഫിക്സ് ചെയ്യാനിരുന്നതും ബോട്ട് ഒന്ന് ആടിയുലഞ്ഞു.. ഫിക്സ് ചെയ്യാന്‍ ചേര്ക്കേണ്ട കാസ്ടിക് സോഡാ മറിഞ്ഞു എന്റെ ഇടത് കയ്യിലേയ്ക്കു വീണു.. അതിന്റെ പൊള്ളല്‍ അറിഞ്ഞു തുടങ്ങിയപ്പോഴേക്കും അടുത്ത ഉലച്ചിലില്‍... നിലത്തു വീഴാതെ ബാലന്സ് ചെയ്യുന്നതിനിടയില്‍ വലതുകയ്യിലിരുന്ന സിറിഞ്ചു ഇടതുകയ്യില്‍ കൊണ്ടുകയറി.. നീറ്റലും വേദനയും.. ദേഷ്യവും സങ്കടവും.. മൂന്നാമത്തെ സ്റ്റേഷന്‍ ഒരു മണിക്കൂര്‍ അകലെയാണ്..

കൂട്ടുകാരെല്ലാം കറുമുറെ എന്തൊക്കെയോ തിന്നുകയും ഉറക്കെ സംസാരിക്കുകയും പാട്ടുപാടുകയും ചെയ്യുന്നുണ്ട്.... (ഇവറ്റയ്ക്ക് ഒന്ന് മിണ്ടാതിരുന്നൂടെ.... ഞാന്‍ മനസ്സില്‍ പ്രാകി...) വയറ്റില്‍ എന്തോ തിളച്ചുമറിയുന്നു.... തല നേരെനില്ക്കുന്നില്ല. ഛര്ദ്ദിക്കണമെന്നുണ്ട്.. പക്ഷെ പുറത്തോട്ട് ഒന്നും വരുന്നില്ല.... പറഞ്ഞറിയിക്കാനാവാത്ത വെപ്രാളം. പയ്യെ പുറത്തിറങ്ങി. തൂങ്ങിക്കിടക്കുന്ന കയറില്‍ പിടിച്ചുവേണം ബാലന്സ് ചെയ്തുനില്ക്കാന്‍.... ബോട്ട് ശക്തമായി ആടിയുലയുകയാണ്. പയ്യെ ഇരുന്നു.... ദേ വരുന്നു... കടലിലേയ്ക്ക് തലയിട്ട് അതങ്ങോട്ട് ഒഴിവാക്കി. തീര്ന്നില്ല.. ഇനിയുമുണ്ട്. കൂട്ടുകാര്‍ വന്നു പുറം തിരുമ്മിത്തന്നു.സാരമില്ല. ഇങ്ങനെയുണ്ടാവും. ഒരു നാണക്കേടും വേണ്ട, ധൈര്യമായിട്ട് തട്ടിക്കോ.. അവരും ഇതേ വഴി കടന്നുവന്നതാണ്... ആ വാക്കുകള്‍ തന്ന ‘ആവിഷ്കാരസ്വാതന്ത്ര്യം’ വളരെ വലുതായിരുന്നു.. മനസ്സറിഞ്ഞ് അങ്ങട് ശര്ദ്ദിച്ചു.... വീണ്ടും.. വീണ്ടും... ഇനി കുടല്‍ മാത്രമേ വയറ്റില്‍ ബാക്കിയുള്ളൂ എന്ന് തോന്നുന്നതുവരെ. സ്രാങ്ക്ചേട്ടന്‍ ഉപ്പുവെള്ളം തന്നെയാണ് വായിലൊഴിക്കാന്‍ തന്നത്.. അതങ്ങനെയാണത്രേ.. അവിടെ തന്നെ കിടന്നുപോയി. കൂട്ടുകാര്‍ വെറുതെ വന്നു തുപ്പിയിട്ട് പോകുന്നപോലെ കടലിലേയ്ക്ക് ശര്ദ്ദിച്ചിട്ട് പോയി പണിചെയ്യുന്നുണ്ട്.. എനിക്കാണെങ്കില്‍ എണീക്കാനുംകൂടെ പറ്റുന്നില്ല... കടല്‍ച്ചൊരുക്ക് എന്താണെന്നറിഞ്ഞു... ആകെ മുഷിഞ്ഞു... കൂടാതെ കയ്യിലെ നീറ്റല്‍.. ആരോ വന്നു ഹോസ് കൊണ്ട് കുറെ വെള്ളം തല വഴിയൊഴിചു... സ്റ്റേഷനുകള്‍ കടന്നുപോകുന്നു... എനിക്കുവേണ്ടി കൂട്ടുകാര്‍ സാമ്പിളുകള്‍ ശേഖരിച്ച് ഫിക്സ് ചെയ്യുന്നുണ്ട്.. അത് മുടങ്ങാന്‍ പാടില്ല. ഇത്രയും തയ്യാറെടുപ്പുകളോടെ വീണ്ടും അതേ മാസം വരാന്‍ പറ്റില്ല. ക്ഷീണം മാറാന്‍ കുറെ കഞ്ഞിവെള്ളം മാത്രം കുടിച്ചു. ക്ഷീണിച്ച് തളര്ന്നു് ഞാന്‍ മാത്രം പുറത്ത്...

ഇതാണോ ഞാന്‍ സ്വപ്നം കണ്ട കടല്‍.. ഞാന്‍ കൊതിച്ച എന്റെ ആദ്യത്തെ കടല്‍യാത്ര.. അങ്ങ് കോട്ടയം ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജനിച്ച ഞാന്‍ ഇതാ അറബിക്കടലില്‍ നടുക്കടലില്‍ ഛര്ദ്ദിച്ച് കുളിച്ച് ഒറ്റയ്ക്ക് ആകാശത്തേയ്ക്കും നോക്കി മലര്ന്നടിച്ച് കിടക്കുന്നു. ഒറ്റപ്പെടുന്നതോ സങ്കടം നിറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ കിടന്നകിടപ്പില്‍ ഞാന്‍ എന്റെ ഓടിട്ട വീട് മനസ്സില്‍ കണ്ടു. പഴയമട്ടിലുള്ള അടുക്കള കണ്ടു.. കോട്ടണ്‍സാരിയുടുത്ത എന്റെ പാവം അമ്മയെ കണ്ടു. പിന്നെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി...

നീണ്ട മയക്കംവിട്ടു ഞാന്‍ കണ്ണുതുറക്കുമ്പോള്‍ കാണുന്നത് ചുറ്റും കടല്‍.. കടല്‍ മാത്രം... മുകളില്‍ നീലാകാശം... എല്ലാം ശാന്തം. കരയിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങിയിരുന്നു. ബോട്ട് ഒരു തൊട്ടിലിന്റെ താളത്തില്‍ ആടുന്നുണ്ട്.. ഇടയ്ക്ക് വെള്ളത്തുള്ളികള്‍ മഴ പോലെ മുഖത്തെയ്ക്ക് വീഴുന്നു... തണുത്ത കാറ്റ്... തെളിഞ്ഞ നീലാകാശത്ത് ഏതൊക്കെയോ കടല്‍പക്ഷികള്‍ പറക്കുന്നു. ചുറ്റും കടല്‍ മാത്രം... നീലാകാശവും അതിന്റെ തന്നെ പ്രതിബിംബമെന്നു തോന്നിപ്പിക്കുന്ന നീലക്കടലും അതിനിടയില്‍ നിസ്സാരരില്‍ നിസ്സാരയായ ഞാനും. പെട്ടെന്ന് മഴ ചാറിത്തുടങ്ങി.. ഞാന്‍ എണീറ്റില്ല.. അത്രയും മനോഹരമായ ഒരു കാഴ്ച..!! വിസ്മയകരമായ ഒരു അനുഭവം.. എന്റെ ജീവിതത്തില്‍ അതിനു മുമ്പ് ഉണ്ടായിട്ടില്ല.. ഇത് ഞാന്‍ മുമ്പ് കണ്ടിരുന്നതുപോലെ എന്റെ സ്വപ്നമാണോ.. പ്രപഞ്ചസ്രഷ്ടാവായ സര്‍വ്വലോകങ്ങള്ക്കും അധിപനായ ദയാലുവായ ദൈവം നിസ്സാരരില്‍ നിസ്സാരയായ എന്റെ മുഖത്തേയ്ക്ക് വാത്സല്യത്തോടെ നോക്കിയതുപോലെ ഒരു അനുഭവം. ആകാശം, കടല്‍, മഴ, കാറ്റ്.. ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും ശുദ്ധവും നിര്മ്മലവും സുരക്ഷിതവുമായ ഒരിടത്ത് എത്തിയതുപോലെ..ഏറ്റവും ഉദാരവും കരുണാര്ദ്ര വുമായ ഒരു സാമീപ്യത്തിലാണ് ഞാനെന്നു തോന്നിപ്പോയി..എന്റെ കണ്ണ്‍ നിറഞ്ഞൊഴുകി..ഞാന്‍ അവിടെ തന്നെ കിടന്നു...

ഇപ്പോഴും ആ അനുഭവം പൂര്ണ്ണമായി വര്ണ്ണി്ക്കാന്‍ എന്റെ വാക്കുകള്ക്ക് കഴിയുന്നില്ല..കരയിലിറങ്ങിയതും സാമ്പിളുകളുമായി നഗരത്തിലേയ്ക്ക് കടന്നതുമെല്ലാം യാന്ത്രികമായിട്ടായി തോന്നി..ആരോടും സംസാരിക്കാന്‍ പോലും തോന്നിയില്ല..നഗരവും വണ്ടികളുടെ തിരക്കും ശബ്ധവുമെല്ലാം വിചിത്രമായി തോന്നി..
അതിനു ശേഷം എല്ലാ മാസവും ഫീല്ഡ്ു പോയി..അതേ കടലില്‍,പക്ഷെ കടല്ച്ചൊ രുക്കില്ലാതെ.!കൂട്ടുകാരോടൊപ്പം വാ തോരാതെ വര്ത്താമനം പറഞ്ഞു,പാട്ട് പാടി..ഉച്ചയ്ക്ക് സ്രാങ്കിന്റെ സഹായിപാകം ചെയ്യുന്ന ചൂട് പറക്കുന്ന വെള്ളച്ചോറും നല്ല എരിവുള്ള കടുംചുവപ്പുള്ള മീങ്കറിയും ഉള്ളിച്ചമ്മന്തിയും വീണ്ടും വീണ്ടും കഴിച്ചു..മഴ പെയ്യുന്ന കടല്‍ കണ്ടു..കടലിനു മീതെ ആകാശം കണ്ടു..പക്ഷെ പിന്നീടൊരിക്കലും ആ അനുഭവം എനിക്കുണ്ടായിട്ടില്ല..!

ജീവിതത്തില്‍ ചിലപ്പോള്‍ നമ്മള്‍,മിണ്ടാന്‍ പോലുമാവാതെ നമ്മെ തന്നെ മറന്നു നില്ക്കുിന്ന ചില കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകാം...പിന്നീടൊരിക്കലും കാത്തിരുന്നാല്‍ പോലും അതുണ്ടാവില്ല..മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്താനും പറ്റില്ല...ദൈവം എന്നൊരു ശക്തിയുണ്ടെന്ന് ബോധ്യപ്പെടുന്ന ചില നിമിഷങ്ങള്‍..നന്മ തിന്മകള്ക്ക് ശിക്ഷ വിധിക്കുന്ന ഒരു ന്യായാധിപനായിട്ടല്ല...തന്റെ സൃഷ്ടികളെ നിസ്സാരതയില്‍ നിന്ന് ദൈവികതയിലേയ്ക്ക് ഉയര്ത്തു ന്ന ചില നിമിഷങ്ങളെ അത്ഭുതം പോലെ കാത്തു വയ്ക്കുന്ന വാല്സല്യമായിട്ടും സ്നേഹമായിട്ടും..ആ മഹാരാജാവിനു സ്തുതി..!!

Subscribe Tharjani |