തര്‍ജ്ജനി

മുഖമൊഴി

ഭക്ഷണം, നിരോധനം പിന്നെ മതേതരത്വവും

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചിരിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിക്കപ്പെട്ടിട്ടുണ്ട്. ഗോവധം, ഗോമാംസം എന്നെല്ലാം പറഞ്ഞ് നടത്തുന്ന നിരോധനം മതതാല്പര്യത്തോടെയുള്ളതാണെന്നതാണ് ഈ നിരോധനം ഗൌരവമുള്ളതാക്കി മാറ്റുന്നത്. 1996ല്‍, അതായത് പത്തൊമ്പത് വര്‍ഷം മുമ്പ്, അക്കാലത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന ശിവസേന-ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിനാണ് ഇപ്പോള്‍ രാഷ്ട്രപതി നിയമമാക്കാന്‍ അനുമതി നല്കിയിരിക്കുന്നത്. ഈ നടപടിയുടെ സമയം തന്നെയാണ് ബീഫ് നിരോധനത്തെക്കുറിച്ച് വിവാദം സൃഷ്ടിക്കുന്നത്.

ഉത്തര്‍പ്രദേശ്, തമിഴ് നാട്, രാജസ്ഥാന്‍, പഞ്ചാബ്, ഒഡീസ, പുതുച്ചേരി, മദ്ധ്യപ്രദേശ്, കര്‍ണ്ണാടകം, ജമ്മു കാശ്മീര്‍, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, ദല്‍ഹി, ബീഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഗോവധം നിലവിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രനിയമമില്ല. സംസ്ഥാനങ്ങള്‍ കൊണ്ടുവരുന്ന നിയമമാണ് ഇക്കാര്യത്തില്‍ നിലവിലുള്ളത്. അതാവട്ടെ ഓരോ സംസ്ഥാനത്തും ഓരോ വിധത്തിലാണ്. സംസ്ഥാനനിയമത്തിന്റെ സ്ഥാനത്ത് കേന്ദ്രനിയമം കൊണ്ടുവരുവാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഗോവധം അനുവദിക്കപ്പെട്ട സംസ്ഥാനങ്ങള്‍ കേരളം, ഗോവ, പശ്ചിമബംഗാള്‍, മണിപ്പൂര്‍, മിസോറം, മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്റ് എന്നിവയാണ്. അതില്‍ ചില സംസ്ഥാനങ്ങള്‍ പ്രായമായതും രോഗബാധിതവുമായ കാലികളെ കൊല്ലുവാനാണ് അനുമതി നല്കുന്നത്. ചിലേടങ്ങളില്‍ അറവിന് അനുയോജ്യമാണെന്ന സാക്ഷ്യപത്രം ഉണ്ടായാല്‍ മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. പക്ഷെ ഇത്തരം നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.പക്ഷെ ഇവിടെ നിരോധിക്കപ്പെട്ടത് പശുവിനെ കൊല്ലുതിനെയാണ്. മിക്കവാറും സംസ്ഥാനങ്ങളിലും കാള, എരുമ, പോത്ത് എന്നിവയെ അറക്കുന്നതിനും വില്ക്കുന്നതിനും ഭക്ഷണമാക്കുന്നതിനും വിലക്കുകളില്ല. ബീഫ് എന്നാല്‍ പശുവിന്റെ ഇറച്ചിയല്ലാതിരുന്നിട്ടും ഗോവധനിരോധനത്തിന്റെ മറവില്‍ ബീഫ് വില്ക്കുന്നതും ഭക്ഷിക്കുന്നതും പലേടങ്ങളിലും വിലക്കപ്പെടുന്നു.

ദലിത് സമൂഹത്തിന്റെ ഭക്ഷണത്തിന്റെ ഭാഗമാണ് പോത്തിറച്ചി. അവര്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മുഖ്യഭാഗം അതാണെന്ന് ദലിത് വക്താക്കള്‍ പറയുന്നു. ഇന്ത്യയില്‍ പരമ്പരാഗതമായി സവര്‍ണ്ണസമൂഹം സസ്യഭുക്കുകളാണ്. യാഗം നടത്തുമ്പോള്‍ അതിന്റെ ഭാഗമായി ജന്തുഹിംസ ചെയ്യാറുണ്ടെങ്കിലും നിത്യജീവിതത്തില്‍ ഹിംസയ്ക്കെതിരായ നിലപാടാണ് അവരുടേത്. അതിനാല്‍ അവര്‍ സസ്യാഹാരികളായിരിക്കുന്നു. അവര്‍ണ്ണസമൂഹം മിശ്രഭുക്കുകളാണ്. അവര്‍ സസ്യാഹാരവും മാംസാഹാരവും മീനും ഭക്ഷിക്കുന്നു. ശ്രേണീവത്കൃതമായ ഒരു സമൂഹത്തിന്റെ ഭക്ഷണരീതികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് എന്തായിരിക്കണം മാനകീകൃതമായ ഭക്ഷണം എന്നത്. സമൂഹത്തിന്റെ മുകള്‍ത്തട്ടിലെ മനുഷ്യരുടെ ഭക്ഷണരീതി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്നത് ശരിയാണോ എന്നതാണ് ഇതിലെ പ്രശ്നം. ഓരോരുത്തരും ചെയ്യുന്ന അദ്ധ്യാനത്തിന് അനുസരിച്ചായിരിക്കണം അവര്‍ കഴിക്കുന്ന ഭക്ഷണം. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായ കായികാദ്ധ്വാനം ചെയ്യുന്നവരുടെ ഭക്ഷണം കായികാദ്ധ്വാനം തീരെ ചെയ്യാത്തവര്‍ക്ക് യോജിച്ചതല്ല; മറിച്ചും. അതിനാല്‍ സസ്യാഹാരത്തിന്റെ കേമത്തം എത്ര പറഞ്ഞാലും കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുവാന്‍ ആവശ്യമായ ഭക്ഷണം വേണ്ടിവരും. പരമ്പരാഗതമായി അവര്‍ അവലംബിച്ചുപോന്നത് മാംസാഹാരത്തെയാണി. കടല്‍ത്തീരത്ത് ജവിക്കുന്നവരും പുഴകളുടെയും നദികളുടെയും സമീപം താമസിക്കുന്നവരും മത്സ്യാഹാരവും ശീലിച്ചവരാണ്. മലബാറില്‍ ഓണത്തിനും വിഷുവിനും മറ്റ് ആഘോഷങ്ങള്‍ക്കും മത്സ്യമാംസാദികള്‍ കഴിക്കുന്നതിനെക്കുറിച്ച് കൌതുകംകൂറുന്നവരുണ്ട്. വിശേഷപ്പെട്ട ഭക്ഷണമായി അവര്‍ മത്സ്യമാംസാദികളെ കണക്കാക്കുന്നതുകൊണ്ടാണ് ആഘോഷവേളകളില്‍ അവര്‍ അത് കഴിക്കുന്നത്.

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പശുവിനെ ഗോമാതാവായി കാണുവാനുള്ള സ്വാതന്ത്ര്യം മതേതരഭാരതത്തിലുണ്ട്. അതുപോലെ ഓരോ മതവിശ്വാസിക്കും ആരാദ്ധ്യരായ മൃഗങ്ങളെയും അനഭിതമൃഗങ്ങളെയും നിശ്ചയിക്കുവാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് തന്റെ മതവിശ്വാസം പുലര്‍ത്താത്ത ഒരാളില്‍ അടിച്ചേല്പിക്കരുത്. അങ്ങനെ ചെയ്യുന്നത് സര്‍വ്വമതസഹവര്‍ത്തിത്വത്തമെന്ന നിലയില്‍ മതേതരത്വം പിന്തുടരുന്ന നമ്മുടെ രാജ്യത്തിന് നല്ലതല്ല. അപരന്റെ വിശ്വാസത്തെ മനസ്സിലാക്കാനും അത്തരം വിശ്വസം പുലര്‍ത്താനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കാനും സാധിക്കുന്ന അവസ്ഥയിലാണ് മതേതരമൂല്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രാവര്‍ത്തികമാവുക. സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിലോ അധികാരത്തിന്റെ പിന്‍ബലത്തിലോ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മതേതരത്വത്തിന്റെ ചൈതന്യമാണ്. മതാധിഷ്ഠിതരാഷ്ട്രങ്ങള്‍ വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ് എന്ന് തിരിച്ചറിയുന്ന ഈ കാലത്ത് മേതതരത്വത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് നാം വേണ്ടത്. നിരോധനത്തിലൂടെ ആരെയും നിയന്ത്രിക്കാനാവാത്ത കാലവും ലോകവുമാണ് ഇന്നത്തേത്.

Subscribe Tharjani |
Submitted by ഒ. കെ. സുദേഷ് (not verified) on Mon, 2015-03-16 07:36.

"ഉത്തര്‍പ്രദേശ്, തമിഴ് നാട്, രാജസ്ഥാന്‍, പഞ്ചാബ്, ഒഡീസ, പുതുച്ചേരി, മദ്ധ്യപ്രദേശ്, കര്‍ണ്ണാടകം, ജമ്മു കാശ്മീര്‍, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, ദല്‍ഹി, ബീഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഗോവധം നിലവിലുണ്ട്."

ഓഹോ!

"ബീഫ് എന്നാല്‍ പശുവിന്റെ ഇറച്ചിയല്ലാതിരുന്നിട്ടും ഗോവധനിരോധനത്തിന്റെ മറവില്‍ ബീഫ് വില്ക്കുന്നതും ഭക്ഷിക്കുന്നതും പലേടങ്ങളിലും വിലക്കപ്പെടുന്നു."

ബീഫ് എന്നാല് പശുവിന്റെ ഇറച്ചിയല്ല?

"ദലിത് സമൂഹത്തിന്റെ ഭക്ഷണത്തിന്റെ ഭാഗമാണ് പോത്തിറച്ചി. അവര്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മുഖ്യഭാഗം അതാണെന്ന് ദലിത് വക്താക്കള്‍ പറയുന്നു. ഇന്ത്യയില്‍ പരമ്പരാഗതമായി സവര്‍ണ്ണസമൂഹം സസ്യഭുക്കുകളാണ്."

പ്രോട്ടീനാണ് നോക്കുന്നതെങ്കില് പയറുവർഗ്ഗങ്ങളില് എന്തല്ല ഉള്ളത്? ബീഫ് കഴിയ്ക്കുന്നത് അതിനുവേണ്ടിയാണെന്നതിനേക്കാള് അതിന്റെ സ്വാദ് നോക്കിയാണെന്നതല്ലേ വാസ്തവം? പ്രോട്ടീനായിരുന്നു അതിന്റെ ആരോഗ്യ ആവശ്യമെങ്കില്, എത്രയോ കാലമായി റെഡ് മീറ്റ് അനാരോഗ്യത്തെ തരുന്നു എന്നത് വിപുലമായ ഒരു അറിവായിത്തീർന്നിട്ടില്ലേ? ഇൻഡ്യയിലെ സവർണ്ണ സമൂഹം എന്നൊന്നില്ല. സവർണ്ണ സമൂഹങ്ങൾ എന്നാണെങ്കിൽ ശരി. അവരെല്ലാം സസ്യഭുക്കുകളാണോ? ബംഗാളിലെ സവർണ്ണസമൂഹങ്ങൾ? കാശ്മീരിലെ? കേരളത്തിലെ?

"അതുപോലെ ഓരോ മതവിശ്വാസിക്കും ആരാദ്ധ്യരായ മൃഗങ്ങളെയും അനഭിതമൃഗങ്ങളെയും നിശ്ചയിക്കുവാനും സ്വാതന്ത്ര്യമുണ്ട്."

മൃഗങ്ങൾ ആരുടെയെങ്കിലും ആരാദ്ധ്യരും അനഭിമതരും ആയിരിയ്ക്കേണ്ടവയാണോ? അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നോ? വളരെയധികം ജന്തുവിരുദ്ധതയുള്ള വാചകമായിപ്പോയി സർ ഇത്. ബീഫ് കഴിച്ചോളണം എന്നത് ഏതെങ്കിലും മതത്തിന്റെ ആവശ്യമാണോ? സർവ്വമതസഹവർത്തിന്റെ അടിയന്തിര ചിഹ്നമാണോ ജന്തുശവത്തീറ്റകളും അവയുടെ തന്നെ തീറ്റരാഹിത്യങ്ങളും?

എന്തുതന്നെ പറയാനുദ്ദേശിച്ചിരുന്നാലും എന്തൊക്കെയോ വികലതകൾ സഹിഷ്ണുതയോടെ പരിപാലിയ്ക്കുന്ന ഒരു എഡിറ്റോറിയലായിപ്പോയി ഇത്.