തര്‍ജ്ജനി

മോഹന്‍ പുത്തന്‍‌ചിറ

P.O. Box 5748,
Manama, Kingdom of Bahrain.
ഇ മെയില്‍: kbmohan@gmail.com
ബ്ലോഗുകള്‍ : www.mohanputhenchira.blogspot.com
www.thooneeram.blogspot.com
www.photo-times.blogspot.com

Visit Home Page ...

കഥ

ആകാശത്തിന്റെ ഇര

“നേരം ഒരുപാടിരുട്ടിയിരുന്നു. നിലാവുള്ള രാത്രിയാണെങ്കിലും അരുതാത്തതു ദര്‍ശിക്കുമ്പോള്‍ അറിയാതെ മിഴികള്‍ പൊത്തിപ്പിടിക്കുന്നതു പോലെ മേഘങ്ങള്‍ ചന്ദ്രനെ മറച്ചു കൊണ്ടിരുന്നു“ എന്നൊക്കെ പറഞ്ഞ് കഥ തുടങ്ങിയാല്‍ അത് തീരെ പഴഞ്ചന്‍ രീതിയായിപ്പോകുമോ എന്നു സന്ദേഹമുണ്ട്. എന്നു വച്ച് പറയാതെയും വയ്യ. കഥാപാത്രങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ അങ്ങിനെയൊരു അന്തരീക്ഷത്തില്‍ അവരുടെ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ആരാണാദ്യം കഥ പറയാന്‍ തുടങ്ങിയതെന്ന് രണ്ടു പേര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു കഥയായിട്ടായിരുന്നില്ലായിരിക്കാം തുടങ്ങിയതു തന്നെ. പരസ്പരം എന്തൊക്കെയോ വിഹ്വലതകള്‍ പങ്കു വയ്ക്കുകയായിരുന്നില്ലേ എന്ന സംശയവും ഇല്ലാതില്ല. ഇരുട്ടു മാത്രമുള്ള ഒരു മുറിയില്‍ ശ്വാസോച്ഛ്വാസങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ മുരണ്ടു നീങ്ങുന്ന രണ്ടു വാഹനങ്ങള്‍ യാത്രയ്ക്കിടയില്‍ കൈ മാറിയ കൊച്ചു കൊച്ചു സങ്കടങ്ങളായിരുന്നുവോ എല്ലാം. പല പ്രാവശ്യം പരസ്പരം പറഞ്ഞു തഴമ്പിച്ച രണ്ടു പേരുടെ ചരിത്രം വീണ്ടും ഇവിടെ, ഈ യാമത്തില്‍, മങ്ങിയും തെളിഞ്ഞും കളിക്കുന്ന നിലാവിനെ നോക്കി വീണ്ടും റീ-പ്ലേ ബട്ടണ്‍ അമര്‍ത്തുന്നു.

കഥ മുന്നോട്ടു കൊണ്ടു പോകേണ്ടത് കഥാപാത്രങ്ങള്‍ തന്നെയാണല്ലോ. അവര്‍ തന്നെ പറഞ്ഞു തുടങ്ങുന്നതിങ്ങനെ ആയിരിക്കാനാണ് സാധ്യത; അതിനാല്‍ കഥയില്‍ ഒരു ആദി മദ്ധ്യാന്തപ്പൊരുത്തം വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് ആകസ്മികമാവാനേ തരമുള്ളു:

ഏറെ മോഹങ്ങളോടെ പണി കഴിപ്പിച്ച ഈ വീടിനുള്ളില്‍ ഒരു കല്ലറയുടെ ഏകാന്തതയാണ് എന്ന സത്യം ആകാശം പോലെ എപ്പോഴും ഞങ്ങള്‍ക്കു മുകളിലുണ്ട്. ഇക്കാര്യം മറക്കുവാന്‍ ഞങ്ങള്‍ മച്ചിലിരിക്കുന്ന പല്ലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെങ്കിലും മച്ചിനു മീതെ ചിറകു വിരുത്തി നില്‍ക്കുന്ന ആകാശത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷയില്ല എന്ന ബോധം എല്ലാ ചിന്തകള്‍ക്കും മീതെ പടര്‍ന്നു കിടക്കുന്നു. വീടിന്റെ, പറമ്പിന്റെ, ചുറ്റുമതിലിന്റെ രൂപത്തില്‍ ചുറ്റിപ്പിടിക്കുന്ന ഏകാന്തത. സംസാരങ്ങളില്ലാത്തപ്പോള്‍ ചുമരുകള്‍ ശരീരത്തിനുള്ളിലേക്ക് കയറിപ്പോകുന്നതു പോലെ. ഗോവണികള്‍ സ്പ്രിംഗു രൂപത്തില്‍ മനസ്സിനുള്ളിലേക്ക് ചുരുണ്ടു കയറുന്നു. ബള്‍ബുകള്‍ കണ്ണുകളിലൂടെ ഉള്ളിലേക്കിറങ്ങി വിരല്‍ത്തുമ്പുകളില്‍ വന്നു കത്തുന്നു. വിരല്‍ ചൂണ്ടുന്നിടത്തൊക്കെ അപരിചിതമായ വെളിച്ചത്തിന്റെ വിരസതകള്‍ പടരുന്നു.

വലിയ മതിലിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിക്കുന്ന ഇരുമ്പു ഗേറ്റ് ചുണ്ടുകളിലേക്ക് കയറിവരുന്നത് തടയാന്‍ വേണ്ടിയായിരുന്നുവോ ഞങ്ങള്‍ വീണ്ടും വീണ്ടും സംസാരിച്ചു കൊണ്ടിരുന്നത്? സംസാരം ഒരു പ്രതിരോധമാകുന്നു. ഏകാന്തതയോടുള്ള ഒരു പോരാട്ടം. അതു പലപ്പോഴും അര്‍ത്ഥശൂന്യമായ കരച്ചിലുകളിലേക്ക് കാല്‍തെറ്റി വീണു കൊണ്ടിരുന്നു. ഒരു തേങ്ങലിനിടയില്‍ ‘രാഹുല്‍’ എന്ന ശബ്ദം ഉയര്‍ന്നതവളില്‍ നിന്നായിരുന്നുവോ അതോ എന്നില്‍ നിന്നായിരുന്നുവോ എന്നു കൃത്യമായി പറയാനാവില്ല. ഒരു പക്ഷേ ഒരുമിച്ചു തന്നെയായിരുന്നിരിക്കണം. ആരില്‍നിന്നായിരുന്നാലും, രാഹുല്‍ ഞങ്ങളുടെ ഭാഗം തന്നെയായിരുന്നു. അവനിപ്പോള്‍ ഞങ്ങളില്‍ നിന്നും വളരെ വളരെ ദൂരെയാണെന്ന കാര്യം ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ആ അറിവില്‍ നീറുന്നുണ്ടായിരുന്നു.

നേരു തന്നെ. ദിവസവും അയക്കുന്ന ഇ-മെയിലുകളും എസ്സെമ്മെസുകളും ബൌണ്‍സായിക്കൊണ്ടിരുന്നു. അങ്ങിനെ തിരിച്ചു വന്ന സ്നേഹാന്വേഷണങ്ങളും, വികാരഭരിതമായ പരിദേവനങ്ങളും, മരിക്കും മുമ്പേ ഒരിക്കല്‍ക്കൂടിയെങ്കിലും നിന്നെയൊന്നു കാണട്ടെ എന്ന ചങ്കു പോട്ടുന്ന ആഗ്രഹങ്ങളും ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റു ചെയ്യാന്‍ എനിക്കോ അവള്‍ക്കോ ആവുമായിരുന്നില്ല. സ്വന്തം കരളുകല്‍ തന്നെയായിരുന്നു ഞങ്ങളുടെ ഇന്‍ബോക്സുകള്‍.

ക്യനഡയിലെ ശൈത്യരാത്രികള്‍ അവനിലിലേക്കു ഘനീഭവിച്ചിട്ടുണ്ടാകും എന്ന വിശ്വാസമാണിപ്പോള്‍ ഞങ്ങള്‍ക്ക്. ശരീരത്തിലേക്കു കയറി വരുന്ന ചുമരുകള്‍ പോലെ ഉപരി പഠനത്തോടൊപ്പം നഗരവും അവനിലേക്ക് പടര്‍ന്നു കയറിയിട്ടുണ്ടാകും. ഒരു നഗരത്തെ അപ്പാടെ ശരീരത്തില്‍ നിന്നും പറിച്ചു നീക്കി പഴയൊരു ഗ്രാമത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവ് അവനില്‍ നിന്നും ചോര്‍ന്നു പോയിട്ടുണ്ടാകും. പഠിപ്പു കഴിഞ്ഞിട്ടും, ജോലി കിട്ടിയിട്ടും തിരിച്ചു വരണമെന്ന് തോന്നിപ്പിക്കാത്തത്ര ലഹരിയോടെ നഗരം അവനെ രമിപ്പിക്കുകയാവും. ഒരിക്കല്‍ ഫോട്ടോയിലൂടെ മാത്രമെ കണ്ടിട്ടുള്ളു നീണ്ട സ്വര്‍ണ്ണ ത്തലമുടിയുള്ള വെളുത്തു മെലിഞ്ഞ അനനീന എന്ന പേരുള്ള നഗരത്തില്‍ ജനിച്ച പെണ്‍കുട്ടിയെ. ഒരു ചുഴലിക്കാറ്റു പോലെ അവനില്‍ ചുറ്റിപ്പടരാനും അവനെ എവിടേയ്ക്കും വിട്ടു കൊടുക്കാതെ പുണര്‍ന്നു നിറുത്തുവാനും ആ മുടിയിഴകള്‍ക്കും, ശരീരത്തിനും കരുത്തുണ്ടെന്ന കാര്യം വൈകിയെങ്കിലും മനസ്സിലാകുന്നുണ്ട്.

“സീ മൈ കളര്‍ മമ്മാ, സെയിം ആസ് ഡാഡ്‌സ് ... ബ്ലഡി ബ്ലാക്ക് .... ഐ ഹേറ്റ് മൈ കളര്‍“ ഔട്ടര്‍ സ്പേസില്‍ നിന്നും വന്ന ഒരുല്‍ക്ക പോലെയാണ് അവന്റെ വാക്കുകള്‍ മനസ്സില്‍ നിപതിച്ചത്. കറുത്ത തൊലിയോടുള്ള വെറുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പകലിനെ ഇഷ്ടപ്പെടുവാനും, രാത്രിയെ വെറുക്കാനും തുടങ്ങിയതു മുതല്‍, ആദത്തിന്റേയും ഹവ്വയുടേയും ദൈവങ്ങളുടേയും ചിത്രങ്ങള്‍ വെളുത്ത തൊലി കൊണ്ട് വരച്ചതു മുതല്‍, മനുഷ്യ പരമ്പരകളുടെ മിഥ്യാ ബോധങ്ങളിലൂടെ, രക്തത്തിലൂടെ പകര്‍ന്നു കിട്ടുന്നതാകാം അത്. നീയും അതിന്റെ ഒരിരയായി എന്നേ മനസ്സിലാക്കേണ്ടതുള്ളു. അച്ഛനെപ്പോലെ കറുത്ത ... ഐ ഹേറ്റ് മൈ ഫാദര്‍ എന്ന് തെളിച്ചു പറയാന്‍ അവന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മതിച്ചില്ല എന്നതായിരിക്കാം ശരി.

സൂട്ട്കേസില്‍ ഭദ്രമായി ലാമിനേറ്റു ചെയ്തു വച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശക്തി അപാരമാണെന്ന് പലപ്പോഴും അവന്റെ ചിന്തകളും പ്രവര്‍ത്തികളും വ്യക്തമാക്കിക്കൊണ്ടിരുന്നു. വില പിടിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അവയുടെ ധര്‍മ്മം നിറവേറ്റാതെ വയ്യല്ലോ? ആകാശത്തിലേക്ക്, അവന്‍ കയറിയ വിമാനമുയര്‍ന്നപ്പോഴാണ് ഒരു കുമ്പിള്‍ പോലെ ചുരുണ്ട അവന്റെ സര്‍ട്ടിഫിക്കറ്റുകളുടെ മുന ഞങ്ങളുടെ നെഞ്ചിലേക്ക് തുളച്ചു കയറുന്നതായി അനുഭവപ്പെട്ടത്. താഴെ നില്‍ക്കുന്ന ഇരകളെയെന്ന പോലെ അപ്പോള്‍ മുതലാണ് ആകാശം ഞങ്ങളെ നോട്ടമിടാന്‍ തുടങ്ങിയത്. ഓടിയൊളിക്കുവാന്‍ ശ്രമിക്കും തോറും എല്ലായിടത്തും അതു ഞങ്ങളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. അങ്ങിനെയാണ് പുറത്തിറങ്ങാതെ മച്ചിന്റെ കീഴില്‍ ഒതുങ്ങിക്കൂടുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എന്നിട്ടും ജനലഴികളിലൂടെയും, വാതില്‍പ്പാളികളിലൂടെയും, ഇറയത്തുകൂടിയുമെല്ലാം ആകാശത്തിന്റെ അനവധി കൈകള്‍ ഞങ്ങളിലേക്ക് നീണ്ടു വരുന്നുണ്ടായിരുന്നു.

വെളുത്ത നിറമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണമെന്നും, അതില്‍ വെളുവെളുത്ത കുട്ടികള്‍ ഉണ്ടാകണമെന്നുമായിരുന്നു അവന്റെ ആഗ്രഹമെന്ന് അവന്‍ പറഞ്ഞിരുന്ന കാര്യം ഞങ്ങള്‍ രണ്ടു പേരും ഓര്‍മ്മിച്ചു. ദരിദ്രന്റെ, മൂന്നാം ലോകത്തിന്റെ നിറമാണ് കറുപ്പ് എന്നത്രെ അവന്റെയും കൂട്ടുകാരുടേയും കണ്ടു പിടുത്തം. സുപ്പീരിയര്‍ റേസ് ഒരു സത്യമാണത്രെ. ‘മെയിം കാം‌ഫി‘ന്റെ പുറം ചട്ടയില്‍ കയ്യമര്‍ത്തി അവന്‍ ‘ഹെയില്‍ ഹിറ്റ്ലര്‍’ എന്നു പറയാറുണ്ടായിരുന്നത് ഇപ്പോഴും ഉള്ളിലെവിടെയോ ഒരു വിറയലായി നില്‍ക്കുന്നുണ്ട്. നാലു പേരുടെ മുന്നില്‍ അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ഒരു ജാതിപ്പേരെങ്കിലും നിങ്ങളെനിക്കു തന്നുവോ എന്ന അവന്റെ ചോദ്യത്തിന്റെ ഉത്തരം ഞങ്ങളുടെ അറിവിന്റെ ചതുപ്പുകളിലെവിടെയും പുതഞ്ഞു കിടപ്പില്ല എന്ന കാര്യം അവനുണ്ടോ അറിയാനാവുന്നു.

“വെളുത്ത പെണ്‍കുട്ടിയില്‍ നിനക്ക് പിറക്കുന്നത് നിന്നെപ്പോലെ കറുത്ത കുട്ടികളാണെങ്കിലോടാ“ എന്ന അവനെ പ്രസവിച്ചവളുടെ സ്വാഭാവികമായ ചോദ്യത്തിനു മുന്നില്‍ അവന്‍ പകച്ചു നിന്നതും - “ബ്ലഡി ഷിറ്റ്“ എന്ന് തലയില്‍ കൈ വച്ചു പറഞ്ഞതും ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്. “എനിക്കു കല്ല്യാണമേ വേണ്ട. കുട്ടികളും“ - അവന്‍ പറയുന്നത് കേട്ട് ഞെട്ടുവാനേ ഞങ്ങള്‍ക്കാവുമായിരുന്നുള്ളു. നിരവധി തലമുറകളെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന ജീവന്റെ കണ്ണികള്‍ അവനോളം നടന്നു ചെന്ന് കൂടിച്ചേരാനൊരു കൊളുത്തു കാണാതെ പകച്ചു നില്‍ക്കുന്നതും ഒടുവില്‍ അവനു മുന്നില്‍ ആത്മാഹൂതി നടത്തുന്നതും ഞങ്ങള്‍ക്ക് തടയുവാനാവുമായിരുന്നില്ല.

അവളുടെ കൂര്‍ക്കം വലിയില്‍ ചിന്തകള്‍ മുറിഞ്ഞു. വണ്ടി ചുരം കയറുന്നതു പോലെ ഏറെ വിഷമിച്ചുള്ള കയറ്റം. അവസാനത്തെ വലി പോലെ അത് ഉച്ഛസ്ഥായിയിലേക്ക് വളരുന്നു. ഏതു നിമിഷവും അവളുടെ ശ്വാസം നിലയ്ക്കാമെന്നും ഏറിയാലൊരു ചെറിയ കമ്പനത്തോടെ എല്ലാ ചലനങ്ങളും അവസാനിക്കാമെന്നും അയാള്‍ക്കു തോന്നി. ഭീതിയോടെ നോക്കി നില്‍ക്കവേ അവള്‍ പതുക്കെയൊന്നു ഞരങ്ങുകയും, കിടക്കയില്‍ ആരെയോ തേടുന്നതു പോലെ കൈകള്‍ ദ്രുതമായി ചലിപ്പിക്കുകയും ചെയ്തു. “മാലതീ... എന്താ... എന്താ” പേടിയോടെയുള്ള അയാളുടെ വിളികള്‍ അവള്‍ കേട്ടുവോ? കിടക്കവിരിയില്‍ അള്ളിപ്പിടിച്ച അവളുടെ നേര്‍ത്ത വിരലുകള്‍ പെട്ടെന്നു തളര്‍ന്നു പോയതുപോലെ. എന്തോ പറയാനെന്നോണം വിറ കൊണ്ട ചുണ്ടുകളിലേക്ക് കട്ടിലിനടുത്ത് വച്ചിരുന്ന ഗ്ലാസില്‍ നിന്നുമിറ്റിച്ച ജലം ഇറങ്ങാനാവാതെ ഇരുവശങ്ങളിലേക്കും ഒലിച്ചിറങ്ങിയപ്പോള്‍ അരികിലിരുന്ന വാച്ചിലെ സമയം ധൃതിപ്പെട്ട് അയാളുടെ മിഴികളിലേക്ക് നീണ്ടു വന്നു. രാത്രി രണ്ടു മണി.

ഈ അസമയത്ത് ആരെയാണ് ഒരു സഹായത്തിനു വിളിക്കുക എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. സ്മൃതിയില്‍ നിന്നും ഫോണ്‍ നമ്പരുകള്‍ മാഞ്ഞു പോകുന്നു. മുഖങ്ങള്‍ മാഞ്ഞു പോകുന്നു. സമയവും സ്ഥലരാശികളും മാഞ്ഞു പോകുന്നു. അയാള്‍ അവളെ ബലമായി കുലുക്കിയുണര്‍ത്താന്‍ നോക്കി. ‘വേണ്ട മാഷേ. എന്തിനാ വെറുതേ‘ എന്ന് ചോദിക്കുന്നു വിടര്‍ന്നിരിക്കുന്ന അവളുടെ കണ്ണുകള്‍. അയാളവയിലേക്ക് ഉറ്റു നോക്കി. അനങ്ങാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന ഇമകള്‍ അയാളെ വല്ലാതെ ഭയപ്പെടുത്തി. അയാളവയെ പതുക്കെ അടച്ചു. ഒരന്ത്യചുംബനം തേങ്ങലോടെ അയാളുടെ ചുണ്ടുകളില്‍ നിന്നും അവളുടെ മുഖത്തേക്കു കുഴഞ്ഞു വീണു. ശബ്ദങ്ങള്‍ നരിച്ചീറുകളെപ്പോലെ രാത്രിയുടെ പാതാളക്കൊമ്പത്തേക്ക് ചിറകുകള്‍ നിവര്‍ത്തി. വേദനയടക്കിപ്പിടിച്ച് എത്രനേരം അങ്ങിനെ കിടന്നു കരഞ്ഞുവെന്ന് അയാള്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. അവളുടെ ശരീരത്തില്‍ ബാക്കി നിന്നിരുന്ന ചൂടും ഇല്ലാതായിത്തീര്‍ന്നപ്പോഴായിരുന്നു അയാള്‍ ബോധവാനായത്. ഇനിയെന്താണു ചെയ്യുക?

രാവിലെ പത്രക്കാരന്‍ വരുന്നതു വരെയോ, മുറ്റമടിക്കുന്ന അന്നാമ്മ വരുന്നതു വരെയെയോ കാക്കേണ്ടി വരും. ഒരു ചരമ വാര്‍ത്തയുടെ അവസരത്തിനായുള്ള കൊതി എന്നും പത്രത്താളുകളില്‍ നിന്നും തങ്ങള്‍ക്കു നേരെ എത്തി നോക്കാറുള്ളത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ഞങ്ങള്‍ നിശ്ചയമായും ജീവിച്ചിരിക്കുന്നുണ്ടോ എന്നുറപ്പു വരുത്തിക്കഴിഞ്ഞിട്ടേ അന്നാമ്മയും എന്നും മുറ്റമടി തുടങ്ങാ‍റുള്ളു എന്നുള്ളതും വലിയ ആശ്വാസം തന്നെ എന്നിപ്പോള്‍ തോന്നുന്നു. ഈയിടെയായി വീട്ടില്‍ മുഴുവന്‍ കാണാറുള്ള എറുമ്പുകളായിരിക്കാം ഒരു പക്ഷേ ആദ്യം വാര്‍ത്തയറിയുന്നതും, ബന്ധുക്കളെയും കൂട്ടി വരിവരിയായി ശവമെടുപ്പിനെത്തുന്നതും. ഒരു പക്ഷേ ഈ വിവരം മുന്‍ കൂട്ടിയറിഞ്ഞു തന്നെ വന്നതായിരിക്കുമോ അവറ്റകള്‍.

ഒരു ജീവിതം മുഴുവന്‍ ഒരുമിച്ച കഴിഞ്ഞവളുടേതാണെങ്കില്‍പ്പോലും, ചേതനയറ്റ ഒരു ശരീരത്തോടൊപ്പം, ഒരേ കിടക്കയില്‍ ബാക്കിയുള്ള രാത്രി മുഴുവന്‍ ചിലവിടുന്നതെങ്ങിനെയെന്നായിരുന്നു അയാളുടെ മനസ്സ് വേപഥു പൂണ്ടിരുന്നത്. വരാന്തയില്‍ ചെന്നിരിക്കാം, ഒടുവില്‍ അയാളെഴുന്നേറ്റു. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ മെല്ലെ തുറന്നു. ബാല്‍ക്കണിയിലെ പ്ലാസ്റ്റിക് ചെയറിലിരുന്ന് ഒരു സിഗരറ്റ് കത്തിച്ചു. ഗുഡ് നൈറ്റിന്റെ പ്രതിരോധത്താ‍ല്‍ മുറിയിലേക്കു വരാന്‍ മടിച്ച് ബാല്‍ക്കണിയില്‍ തമ്പടിച്ചിരുന്ന കൊതുകുകള്‍ അയാളെ ആക്രമിക്കാന്‍ തുടങ്ങിയത് അയാള്‍ കാര്യമാക്കിയില്ല. അയാളുടെ കണ്ണുകള്‍ സിഗരറ്റിന്റെ അറ്റത്തു നിന്നുമുയരുന്ന പുകയിലായിരുന്നു. പുകയ്ക്ക് അവളുടെ മണമുണ്ടൊ? പുക അന്തരീക്ഷത്തിലലിഞ്ഞു ചേര്‍ന്നപ്പോള്‍ കണ്‍‌മുന്നില്‍ വലിയ മാവു തെളിഞ്ഞു കാണാറായി. മുറ്റത്തു നില്‍ക്കുന്ന പഴയ മാവ്. ഇന്നലെയാണതിന്റെ രണ്ടു കണ്ണി മാങ്ങകള്‍ അവളുടെ കണ്ണുകളിലൂടെ വന്ന് എന്നോട് ചോദിച്ചത്. “കായ്ച്ചു നില്‍ക്കുന്ന ഞങ്ങളുടെ അമ്മയെ വെട്ടുമോ?“ “മരിച്ചു കഴിഞ്ഞാല്‍ ഈ മാവിന്റെ വിറകു കൊണ്ടാണെന്നെ ദഹിപ്പിക്കേണ്ടത്“ എന്നവള്‍ പറഞ്ഞ കാര്യം മാങ്ങകളോട് ഞാന്‍ പറഞ്ഞു. ഇന്നിപ്പോള്‍ അവളുടെ അടഞ്ഞ കണ്‍പോളകള്‍ക്കുള്ളിലൂടെ മാങ്ങകള്‍ മാവിന്റെ വേദനകളിലേക്ക് തിരിച്ചു പോയിക്കാണും.

രാഹുലിന് വരാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. വന്നില്ലെങ്കില്‍പ്പിന്നെ അന്ത്യ കര്‍മ്മങ്ങള്‍ ആരു നടത്തുമെന്നതിനു പ്രസക്തിയില്ല. നഗരത്തിന്റെ നാഡികളുള്ള അനനീന എന്ന പെണ്ണു പറയുന്നതു പോലെയായിരിക്കും കാര്യങ്ങള്‍. ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്ത് കാത്തു നില്‍ക്കുമ്പോള്‍ സ്വന്തം ഹൃദത്തിന്റെ മിടിപ്പാണ് കേബിളിലൂടെ സഞ്ചരിക്കുന്നതെന്ന് അയാളറിഞ്ഞു. വിദൂരതയില്‍ നിന്നും നൂലു പോലെ നീണ്ടു വരുന്ന പരിചിതമായ ഒരു സ്വരത്തെ ഉള്‍ക്കൊള്ളുവാന്‍ മൊബൈല്‍ ഫോണിന്റെ സ്പീക്കര്‍ ചെവിയിലേക്ക് വലിച്ചടുപ്പിച്ചു. “ഡാഡ് ഞങ്ങള്‍ക്കു വരാന്‍ കഴിയില്ല. ഐ ആം റ്റൂ ഒക്യുപ്പൈഡ് ... പ്ലീസ് മനേജ് യുവര്‍സെല്‍‌ഫ്. കണ്ടോളന്‍സസ് ഡാഡ്“. നന്ദി മകനേ. ഒരു കണ്ടോളന്‍സ് എങ്കിലും പറഞ്ഞല്ലോ? പത്തുമാസം ചുമന്നതിന്റെ പലിശ.

അയാള്‍ പുറത്തേക്ക് നോക്കി. പഴയ മാവ് നിലാവില്‍ തെളിഞ്ഞു കാണാം. അതിന്റെ ചില്ലകള്‍ പതുക്കെ ഉലയുന്നുണ്ട്. അകന്നു പോകാന്‍ വെമ്പുന്ന അദൃശ്യമായ എന്തിനേയോ അതു ചേര്‍ത്തു പിടിക്കുവാന്‍ ശ്രമിക്കുന്നതു പോലെ. നേരം വെളുത്ത് ഇരുട്ടുമ്പോഴേയ്ക്കും ഒരു പക്ഷെ മുട്ടിയുരുമ്മാന്‍ ചില്ലകളൊന്നും ബാക്കിയുണ്ടാവില്ല എന്നത് മനസ്സിലാക്കിയിരിക്കണം. മങ്ങിയ നിലാവിലും ആകാശത്തിന് അയാളെക്കാണാം. അയാള്‍ക്ക് ആകാശത്തിനേയും. പക്ഷെ എന്നും ആകാശത്തെ കാണുമ്പോഴുള്ള ഭീതി ഇപ്പോഴില്ല. പകരം മനസ്സിനുള്ളിലെ ലോലമായ ഏതോ ഞരമ്പുകള്‍ പൊട്ടി ഉള്ളിലാകെ പടര്‍ന്ന ദു:ഖത്തിന്റെ തണുപ്പ് അയാളിലേക്ക് നിറഞ്ഞു. അതയാളുടെ തൊണ്ടയെ ഇടറിപ്പിച്ചു. മൌനമായ ഒരു തേങ്ങലിന്റെ അലകള്‍ ഏറ്റെടുക്കാന്‍ കാറ്റ് അയാളിലേക്ക് കൈകള്‍ നീട്ടി.

നിലാവൊന്നു മങ്ങിയ വേളയില്‍ പുറത്ത് ആരുടെയോ കാല്പെരുമാറ്റം പോലെ. മുന്‍ വശത്തെ വലിയ ഗേറ്റ് ഭദ്രമായി പൂട്ടിയിട്ടല്ലേ അന്നാമ്മ പോയത്? താഴെ വിടിന്റെ വാതിലുകളും? വലിയൊരു വീട്ടില്‍ ഒറ്റയ്ക്കു രണ്ട് വയസ്സായവര്‍ താ‍മസിച്ചിരുന്നതിന്റെ കഥകള്‍, രക്തം ഇറ്റു വീഴുന്ന ഫോട്ടോകളുടെ അകമ്പടിയോടെ വലിയൊരു പത്രവാര്‍ത്തയാക്കുവാന്‍ ഈയിടെയായി കള്ളന്മാര്‍ക്കു താല്പര്യം ഏറുന്നുണ്ട്. ഓര്‍ക്കാപ്പുറത്തുള്ള അടി എന്നതാണ് അക്രമണങ്ങളുടെ ഒരു രീതി. ഒരാള്‍ മരിച്ചു കിടക്കുന്നതിനിടയിലാവുമ്പോള്‍ അടുത്തയാളെ ആക്രമിച്ചു കീഴ്പ്പെടുത്തുക നിസ്സാര കാര്യമാവും. അല്ലെങ്കില്‍ത്തന്നെ നിരായുധരായ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തുകയെന്നതൊന്നും ഇക്കാലത്ത് അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല.

നേരം പുലരുമ്പോള്‍, ചോരയില്‍ കുളിച്ച് രണ്ട് ജഡങ്ങള്‍ കിടക്കുന്നുണ്ടാകും‍. സ്ത്രീ ശരീരത്തില്‍ അവര്‍ എങ്ങിനെയെല്ലാം പെരുമാറുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുഹ്യഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്പേമിന്റെ കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ടാവും. ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നതിനു ശേഷം ഭാര്യയെ മാനഭംഗത്തിനിരയാക്കുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയുമാണുണ്ടായത് എന്ന രുചിയുള്ള തലക്കെട്ടുകളില്‍ ഞങ്ങളുടെ പേരുകളും പ്രത്യക്ഷപ്പെടുക തന്നെ ചെയ്യുമെന്നാണ് പത്രങ്ങള്‍ ദിവസവും ഞങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ക്കൊപ്പം മൃതദേഹങ്ങളും ലൈവായി നെറ്റിലും ചാനലുകളിലും ഫ്ലാഷ് ആകുമ്പോഴെങ്കിലും രാഹുലിനു വരാതിരിക്കുവാന്‍ പറ്റുമോ? കോടികളുടെ ആസ്തി വരുന്ന ഈ വീടും പറമ്പും അവനു മാത്രമാ‍യല്ലേ സ്വയം ജീവിക്കുക പോലും ചെയ്യാതെ ഞങ്ങള്‍ മതില്‍ കെട്ടി സൂക്ഷിച്ചു വച്ചിരിക്കുന്നത്?

സംഭവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിനു തന്നെ എന്ന മട്ടില്‍ ചില വചനങ്ങള്‍ കുറച്ചു നാളായി നോക്കുന്നിടത്തൊക്കെ പറന്നു കളിക്കുന്നത് അയാള്‍ എന്തിനെന്നറിയാതെ ഓര്‍ത്തു. വരാന്‍ പോകുന്ന ഏതോ ഒരു വിപത്തിനെതിരേ മനസ്സിനെ പ്രാപ്തനാക്കുവാന്‍ മനസ്സു തന്നെ സ്വയം ഉരുവിടുന്ന മന്ത്രങ്ങള്‍ പോലെയാണയാള്‍ക്കത് തോന്നിയത്. അതിനാല്‍ വീണ്ടും ഒരു കാലൊച്ച അടുത്തെവിടെയോ മാര്‍ജ്ജാരപ്പതുങ്ങല്‍ നടത്തിയോ എന്ന സന്ദേഹത്തെ അയാളത്ര കാര്യമായെടുത്തില്ല. ഈ അസമയത്ത് ഹിച്ച്കോക്കിയന്‍ സ്റ്റൈലില്‍ സ്റ്റെപ്പുകള്‍ കയറിവരുന്ന നേര്‍ത്ത ശബ്ദങ്ങള്‍ സ്വന്തം മനസ്സിന്റെ വിഭ്രാന്തികളാകാനേ തരമുള്ളു എന്നു തന്നെ അയാള്‍ വിശ്വസിച്ചു. നോക്കി നില്‍ക്കെ ക്ലാസിക് ശൈലിയില്‍ ഒരു മേഘം വന്ന് പതുക്കെ ചന്ദ്രനെ മറച്ചു. ഇരുട്ട് എല്ലായിടത്തും പൊടുന്നനെ നിറഞ്ഞു.

ഒച്ചയുണ്ടാക്കാതെ പുറകില്‍ വന്നു നിന്നയാള്‍ വളരെ അസൂയാവഹമായ ഫ്രൊഫഷണലിസത്തിലൂടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ച് തഴക്കം വന്നവനായിരുന്നിരിക്കണം. ഓര്‍ക്കാപ്പുറത്തുള്ള അടി മര്‍മ്മത്തില്‍ ത്തന്നെ കൊണ്ടിരിക്കാനാണ് സാധ്യത. നിറുകയില്‍ നിന്നും ഊര്‍ന്നു വരുന്ന രക്തത്തിലെ ഉപ്പുരസം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. ആക്രമണ കലയില്‍ ഒരു ഡോക്റ്ററേറ്റിനുള്ള തീസീസ് മുഴുവന്‍ ഒരു നിമിഷം കൊണ്ടെഴുതിത്തീര്‍ത്ത് അവന്‍ പി.എച്.ഡി. കരസ്തമാക്കിയിരിക്കുന്നു. ബെഡ് റൂമില്‍ അക്രമിക്ക് മല്‍പ്പിടുത്തമൊന്നും നടത്തേണ്ടി വരുമെന്ന് തോന്നുന്നില്ല. ജഡമായിക്കിടക്കുന്ന ഒരാളെ പ്രാപിക്കുവാന്‍ ബലത്തിന്റെ ആവശ്യമില്ലല്ലോ. രാത്രി ഇനിയും ബാക്കിയുണ്ട്. അപ്പോഴേക്കും രക്തം മുഴുവന്‍ വാര്‍ന്നു തീരുമായിരിക്കും. കഥ അവസാനിക്കുകയാണ്. ബാക്കി ഭാഗങ്ങള്‍ ഇനി പ്രേക്ഷകാഭിരുചിയില്‍ നൈപുണ്യം നേടിയ മീഡിയകള്‍ വിവിധ രീതികളില്‍ അവതരിപ്പിക്കുന്നതായിരിക്കും.

കഥാപാത്രങ്ങള്‍ക്കു പറയാന്‍ കഴിയാതിരുന്ന ചില കാര്യങ്ങള്‍ ഒറ്റ വരിയില്‍ ഇങ്ങനെ ചുരുക്കാം.
അക്രമികള്‍ക്ക് തുറന്നു വരാന്‍ താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കിയ വിശ്വസ്തയായ മുറ്റമടിക്കാരി അന്നാമ്മയേയും, ചരമവാര്‍ത്ത തേടി വരുന്ന പത്രക്കാരെയും, എണ്ണിയാല്‍ തീരാത്ത ചാനലുകാരെയും കാത്ത് ക്ഷമയോടെ കിടക്കുന്ന രണ്ട് ശരീരങ്ങളില്‍ നിന്നും ഏകാന്തതയുടെ ആകാശവും, ചുമരുകളും, മനസ്സിലേക്കു സ്പ്രിംഗു പോലെ കയറിപ്പോയിരുന്ന ഗോവണിയും, ചുറ്റിവരിഞ്ഞിരുന്ന മതിലും, ചുണ്ടുകളില്‍ താഴിട്ടു പൂട്ടിയിരുന്ന ഗേറ്റും ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങി നില്പുണ്ട്.

Subscribe Tharjani |