തര്‍ജ്ജനി

ബ്ലെയ്സ്‌ ജോണി

മെയില്‍ blaisjohny88@gmail.com

Visit Home Page ...

ലേഖനം

തിളയ്ക്കുന്ന യുവതയും തണുക്കുന്ന കേരളവും

Come and see the blood in the streets…. (നെരുദ)

ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും.(മുന്നറിയിപ്പ് എന്ന സിനിമയില്‍ നിന്ന്)


സുധീഷ് കോട്ടേമ്പ്രത്തിന്റെ കാര്‍ട്ടൂണ്‍

ഒരു സമൂഹത്തിന്റെ ജൈവികമായ അവസ്ഥ പ്രകടിപ്പിക്കുന്നവയാണ് അവിടെ നടക്കുന്ന സംവാദങ്ങളും സമരങ്ങളും. ചുറ്റിപ്പിണയുന്നതും ചൂഴ്ന്നിറങ്ങുന്നതുമായ വ്യവസ്ഥിതികളോടുള്ള ജീവനുള്ളവയുടെ സ്വാഭാവിക പ്രതികരണമാണത്. സമരമെന്നത് സമരസപ്പെടുന്നതിനോടുള്ള വൈമുഖ്യമാണ്. ഒറ്റപ്പെട്ട വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഒത്തുചേര്ന്ന് ഒരു സമരകാഹളമാകുകയും അത് ഒരു വിപ്ലവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വാതന്ത്ര്യം എന്നത് യോജിക്കുവാനെന്നതു പോലെ വിയോജിക്കുവാനുമുള്ള അവകാശമാണ്.

രണ്ടായിരത്തിപതിനാല് കേരള ചരിത്രത്തില്‍ നിരവധി വ്യത്യസ്ഥങ്ങളായ സമരങ്ങളുടെ പേരില്‍ ശ്രദ്ധനേടിയ വര്ഷമാണ്. ഒറ്റപ്പെട്ടതും സംഘടിതവുമായ നിരവധി സമരങ്ങള്‍ ഇതിനോടകം തന്നെ കേരളം കണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എന്നും സുരക്ഷിതവും വരേണ്യവുമായ ജീവിതസാഹചര്യങ്ങളെ കാംക്ഷിക്കുന്ന മദ്ധ്യവര്ഗ്ഗത്തിന് സമരമെന്നത് കീഴാളവര്ഗ്ഗത്തിന്റെയും തെറിച്ച പുതുതലമുറയുടെയും ആഭാസങ്ങളാണ്. കേരളത്തിന്റെ സാമൂഹ്യാബോധത്തെ നിയന്ത്രിക്കുന്ന ശക്തമായ ഈ മദ്ധ്യവര്ഗ്ഗവ്യവസ്ഥിതയുടെ കണ്ണില്‍ സമരങ്ങള്‍ സ്വൈര്യവും ശാന്തിയും തകര്ക്കുന്ന ഇടപെടലുകളായി മാറുന്നു. എന്നാല്‍ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിലേക്കുള്ള കേരളത്തിന്റെ പരിണാമം അനേകം സമരവഴികള്‍ പിന്നിട്ടു തന്നെയാണെന്നത് ഇവര്‍ വിസ്മരിക്കുന്നു. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുവാനുള്ള വിമുഖത ചരിത്രബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

നമ്മള്‍ നടന്ന വഴികള്‍ അവകാശപോരാട്ടങ്ങളും സ്വാതന്ത്ര്യസമരങ്ങളും പല രൂപഭാവങ്ങളില്‍ കേരളത്തിലരങ്ങേറിയിട്ടുണ്ട്. അതതു കാലങ്ങളില്‍ നിലനില്ക്കുന്ന അധികാരകേന്ദ്രങ്ങളേയും പ്രബലപ്രത്യയശാസ്ത്രങ്ങളെയും വെല്ലുവിളിക്കുന്നവയാണവ. രാഷ്ട്രീയാധികാരം കൈയ്യാളുന്നതിനെ എതിര്ക്കുന്നവര്‍ രാജ്യദ്രോഹികളായും സാമൂഹ്യനിയന്ത്രണങ്ങളെ നേരിടുന്നവര്‍ സാമൂഹ്യവിരുദ്ധരായും മാറുന്ന വിരോധാഭാസമാണിന്നുള്ളത്. അങ്ങനെയെങ്കില്‍ സാംസ്കാരികകേരളം അഭിമാനിക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, അരുവിപ്പുറം ശിവപ്രതിഷ്ഠ തുടങ്ങിയ ജനകീയസമരങ്ങളെ എപ്രകാരമാണ് നോക്കിക്കാണേണ്ടത്? കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി ഉച്ചനീചത്വങ്ങള്ക്കെതിരെയുയര്ന്ന സമരശബ്ദങ്ങളായിരുന്നു ഇവ. അക്കാലത്തെ പ്രബലസാമുദായികശക്തികളുടെ വീക്ഷണത്തില്‍ ഇവയിലേറെയും അസ്വസ്ഥത പടര്ത്തിയ അസ്വാരസ്യങ്ങളായിരുന്നു.

സമരമെന്നത് പ്രതിഷേധത്തിന്റെ ഒരു പ്രതീകമാണ്. അഹിംസയിലൂടെയും സായുധസമരങ്ങളിലൂടെയും പ്രതിഷേധങ്ങള്‍ വെളിപ്പെടുന്നു. സമരാനുഭാവിയുടെ ശരീരമാണ് ഇവിടെ പ്രതിഷേധം രേഖപ്പെടുത്തുവാനുള്ള ഉപകരണം. ആശയപരവും ബൌദ്ധികവുമായ പദ്ധതികളെ ശരീരം സാക്ഷാത്ക്കരിക്കുകയാണ് ചെയ്യുന്നത്. നിരാഹാരസമരങ്ങള്‍ മുതല്‍ നക്സലിസം, മാവോയിസം പോലുളള സായുധസമരമുറകളില്‍വരെ ഇതുതന്നെ അരങ്ങേറുന്നു.

രണ്ടായിത്തിപതിനാല് നവംബര്‍ 2ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനസമരം ദേശീയമാദ്ധ്യമങ്ങളുടെ പോലും ശ്രദ്ധ നേടിയെടുത്തു. എന്നാല്‍ ഇറോം ഷര്മിള തന്റെ നിരാഹാരസമരത്തിന്റെ പതിനാലാം വര്ഷം പൂര്ത്തിയാക്കിയത് അന്നായിരുന്നുവെന്നത് ഏറെ ശ്രദ്ധ നേടിയില്ല. മണിപ്പൂരിലെ എ. എഫ്. എസ്. പി. എ.(Armed Forces Special Power Act) പിന്‍വലിക്കണമെന്ന ആവശ്യവുമായി അറസ്റ്റുവരിക്കുകയും നിരാഹാരം അനുഷ്ഠിക്കുകയും ചെയ്യുന്ന അവര്‍ ശരീരത്തെ സമരായുധമാക്കി മാറ്റുന്നു. ശരീരത്തിന് ആവശ്യകമായ മൂലകങ്ങളെ തഴയുക വഴി നിരാഹാരസമരത്തിന്റെ ശക്തി അവര്‍ വിളംബരം ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേതൃത്വത്തില്‍ കേരളം നിരവധി സമരങ്ങള്‍ അഭിമുഖീകരിച്ചു. സര്‍ സി. പി. യുടെ ദുര്ഭരണത്തിനെതിരെ 1946 ഒക്ടോബറില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരം കേരളചരിത്രത്തിലെ രക്തപങ്കിലമായ സമരാദ്ധ്യായമാണ്. കര്ഷകത്തൊഴിലാളികളുടെ അവകാശങ്ങള്ക്കുവേണ്ടി കയ്യൂരിലും കരിവെള്ളൂരിലും പ്രോജ്ജ്വലപോരാട്ടങ്ങള്‍ അരങ്ങേറി. ഇപ്രകാരം നേടിയെടുത്ത അവകാശങ്ങളുടെ സുരക്ഷയിലും ശീതളഛായയിലും അഭിരമിക്കുന്ന സമകാലികകേരളീയസമൂഹത്തിന് സമരങ്ങളോടുള്ള നിലപാട് എന്താണ്?

സമരാനുഭാവികളോട് ആഹ്വാനം നടത്തുവാന്‍ ലഘുലേഖകളും പോസ്റ്ററുകളുമാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നതിന്റെ സ്ഥാനം സോഷ്യല്‍ മീഡികള്‍ കയ്യടക്കിയിരിക്കുന്നു. ഇത്തരത്തില്‍ ശ്രദ്ധനേടിയ സമകാലികസമരമായിരുന്നു ധനമന്ത്രി ശ്രീ. കെ. എം. മാണിക്ക് എതിരെ സംവിധായകന് ആഷിക്ക് അബുവിന്റെ എന്റെ വക 500 ഫേസ് ബുക്ക് ഹാഷ് ടാഗ്. കേരളത്തിലെ യുവസമൂഹത്തില്‍ ഇത് അതിവേഗം വൈറലാവുകയും ഇതിനെ പിന്‍പറ്റി കൊച്ചിയില്‍ പിച്ചച്ചട്ടിസമരം അരങ്ങറുകയും ചെയ്തു.

ചുംബനത്തിന്റെ നാനാര്ത്ഥങ്ങള്‍

അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, ഗുരോ സ്വസ്തി! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. (ബൈബിള്‍)

Sweet Helen, make me immortal with a kiss.
Her lips suck forth my soul; see where it flies.(Doctor Faustus)


Killing myself, to die upon a kiss.
(Othello)


സുധീഷ് കോട്ടേമ്പ്രത്തിന്റെ കാര്‍ട്ടൂണ്‍

ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ മൂന്ന് ചുംബനരംഗങ്ങളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്. ചുംബനത്തിന്റെ വിവിധോദ്ദേശ്യങ്ങളെ വെളിവാക്കുവാന്‍ ഇത് സഹായകമാണ്. ചുംബനത്തില്‍ ഒറ്റുകാരന്റെ ചതിയുണ്ട്, കാമാസക്തനായ ഫോസ്റ്റസിന്റെ ആകാംക്ഷയുണ്ട്, ഭാര്യാഘാതകനായ ഒഥല്ലോവിന്റെ കുറ്റബോധവുമുണ്ട്. ചുംബനം സ്നേഹത്തിന്റെ മാത്രം ബാഹ്യപ്രകടനമല്ല. അതിനു സാന്ദര്ഭികമായ നിരവധി അര്ത്ഥതലങ്ങളുണ്ട്.

എന്താണ് കേരളീയ സദാചാരം? കേരളത്തിന്റെ നവോത്ഥാനത്തിനു ശേഷം ശക്തിയാര്ജ്ജിച്ച സാമുദായികശക്തികള്‍ രൂപീകരിച്ച സാമൂഹികകാനോനകളും ശാസനകളുമാണത്. ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ പ്രാകൃതവും അസംസ്കൃതവുമായ ചില ആചാരങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നതായി കാണാവുന്നതാണ്. കീഴാളവിഭാഗത്തിലെ സ്ത്രീകള്ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന സമൂഹത്തിലേക്ക് സമകാലികസാംസ്കാരിക കേരളം ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടെ മതം മാറിയ ചാന്നാര്‍ സ്ത്രീകള്‍ മേല്‍മുണ്ടും റൌക്കയും ധരിച്ചുതുടങ്ങി. മേല്‍വസ്ത്രം ധരിക്കുന്നതിനായി 1822ല്‍ ആരംഭിച്ച സമരമായിരുന്നു ചാന്നാര്‍ കലാപം. കീഴാളസ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുമ്പോള്‍ ജാതീയമായ വേര്തിരിവുകള്‍ ഇല്ലാതാകുന്നു എന്ന വാദമായിരുന്നു സവര്ണ്ണവിഭാഗം എതിര്പ്പിനായി ഉയര്ത്തിയിരുന്നത്. ഭക്ഷണശീലങ്ങളില്‍ പുലര്ത്തിയിരുന്ന അയിത്തനിര്മ്മാര്ജ്ജനത്തിന്റെ ഭാഗമായി സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ഉയര്ന്നുവന്ന സമരമായിരുന്ന മിശ്രഭോജനം. 1917ല്‍ സ്ഥാപിതമായ സഹോദരസംഘം ജാതീയവേര്തിരിവുകളെ ഇല്ലാതാക്കാന്‍ മിശ്രഭോജനത്തെ ഒരു സമരായുധമാക്കി മാറ്റി. ഇപ്രകാരം വിശകലനം ചെയ്യുമ്പോള്‍ ചരിത്രത്തിലെവിടെനിന്നാണ് ഇന്ന് ഏറെ പരാമര്ശിക്കപ്പെടുന്ന സനാതനധര്മ്മങ്ങളും സാമൂഹികമൂല്യങ്ങളും ആരംഭിക്കുന്നത് എന്നത് സംശയകരമാണ്. അഭിമാനഹത്യകളും ജാതീയമായ അനാചാരങ്ങളും അരങ്ങേറുന്ന ഇന്ത്യന്‍ സമൂഹത്തില്‍ സദാചാരം എന്നത് പ്രബലവിഭാഗങ്ങള്ക്ക് സമൂഹത്തിന്മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള മര്‍ദ്ദനോപാധിയായി മാത്രം അവശേഷിക്കുന്നു.

ശരീരം അസന്നിഹിതമായിരിക്കുന്ന സോഷ്യല്‍ മീഡിയകളില്‍നിന്ന് സമരാനുകൂലികള്‍ ശരീരസമേതം മറൈന്‍ ഡ്രൈവിലേക്ക് എത്തിയതായിരുന്നു ചുംബനസമരത്തെ ശ്രദ്ധേയമാക്കിയ ഘടകം. ഇത്തരമൊരു സമരം മുമ്പ് ഡല്ഹി പീഡനത്തിനിരയായ പെണ്കുട്ടിയോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതിഭവനിനു മുന്നിലും നടന്നിരുന്നു . ചുംബനസമരത്തിന്റെ രണ്ടും മൂന്നും പതിപ്പുകള്‍ കോഴിക്കോട്ടും ആലപ്പുഴയിലും നടന്നു. ( ഐ. എഫ്. എഫ്. കെ. വേദിയിലും എം. ജി. സര്‍വ്വകലാശാലയിലും വലിയ പ്രഖ്യാപനങ്ങളില്ലാതെ ചുംബനസമരങ്ങള്‍ നടന്നു). ആദിവാസികള്‍ ഭൂമിക്കായി നടത്തിയ നില്പ്സമരവും കല്യാണ്‍ സാരീസിലെ സ്ത്രീജീവനക്കാര്‍ അവകാശങ്ങള്ക്കു വേണ്ടി നടത്തിയ ഇരുപ്പുസമരവും കേരളം കണ്ടുകഴിഞ്ഞു. നില്പ്-ഇരുപ്പ് സമരങ്ങളേക്കാള് ചുംബനസമരം ശ്രദ്ധയാകര്ഷിച്ചത് അതിനെ സദാചാരധ്വംസനമായി കണ്ട് യുവമോര്ച്ച അടക്കമുള്ള സംഘടനകള്‍ കായികമായി നേരിട്ടതുകൊണ്ടുകൂടിയാണ്. അങ്ങനെയെങ്കില്‍ ഇവിടെ ഉയരേണ്ട ചോദ്യം സമരങ്ങളില്‍ സദാചാരം പാലിക്കേണ്ടതുണ്ടോ എന്നതാണ്?

പ്രതിഷേധങ്ങള്‍ കേവലം ഒരു പ്രകടനം എന്നതിനപ്പുറത്തേക്ക് നീങ്ങുമ്പോള്‍ അത് കലാപരമായ ഒരു ആവിഷ്ക്കാരമായി മാറുന്നു. പ്രതിഷേധിക്കുമ്പോള്‍ തങ്ങള്ക്ക് യാതൊന്നും മറച്ചുവയ്ക്കേണ്ടതില്ല എന്ന തിരിച്ചറിവ് നഗ്നതയെയും ശക്തമായ സമരസൂചകമാക്കി മാറ്റുന്നു. Streaking ഒരു സമരായുധമായി മാറുന്നതും ഈ ചുറ്റുപാടിലാണ്.

രണ്ടായിരത്തിനാല് ജൂലൈ 15ന് താന്ജം മനോരമ പീഡനക്കേസില്‍ മുപ്പതോളം മണിപ്പൂരി സ്ത്രീകള്‍ നഗ്നരായി Indian Army Rape Us എന്ന ബാനറുമായി ആസ്സാം റൈഫിള്‍സിനെതിരെ പ്രതിഷേധിച്ചു. ഇവിടെ ശരീരത്തിന്മേലുള്ള ആക്രമണത്തെ നഗ്നമായ ശരീരപ്രദര്ശനംകൊണ്ട് നേരിടുകയും, പെണ്ശരീരങ്ങള്ക്കുമേല്‍ ആരോപിതമായിരിക്കുന്ന ദിവ്യപരിവേഷത്തെ തച്ചുടയ്ക്കുകയുമാണ് സമരാനുകൂലികള്‍ ചെയ്തത്. ചുരുക്കത്തില്‍ അവതരണത്തിലെ പുതുമയല്ല ആശയത്തിന്റെ ദൃഢതയാണ് സമരങ്ങളുടെ വിജയത്തെ നിര്ണ്ണയിക്കുന്ന ഘടകം.

സാംസ്കാരികകേരളവും ആര്ത്തവകാലജീര്ണ്ണതകളും

കേരളത്തിലെ സമകാലികസംവാദങ്ങളിലേക്ക് പെണ്ണുടലുകളും ആര്ത്തവകാലവും തിരികെയെത്തിയത് രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ശബരിമല തീര്ത്ഥാടകര്‍ കയറിയ കെ. എസ്. ആര്‍. ടി. സി. ബസ്സില്‍നിന്നും വ്രതശുദ്ധി നഷ്ടപ്പെടുത്തുമെന്ന് ആരോപിച്ച് സ്ത്രീയെയും കുട്ടിയെയും ഇറക്കിവിട്ടതും കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിന്റെ ശുചിമുറിയില്‍ കണ്ടെത്തിയ സാനിട്ടറി പാഡിന്റെ പേരില്‍ സ്ത്രീകളുടെ ദേഹപരിശോധന നടത്തിയതും വലിയ വിവാദങ്ങള്ക്കും എതിര്പ്പുകള്ക്കും കാരണമായി.

പെണ്ശരീരങ്ങളെയും അവയുടെ വിവിധ അവസ്ഥകളെയും കുറിച്ച് കേരളത്തില്‍ നിരവധി സംവാദങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പുരുഷകേന്ദ്രീകൃതവും നിര്മ്മിതവുമായ വ്യവഹാരങ്ങള്‍ കാലക്രമേണ പൊതുസ്വീകാര്യത നേടുകയായിരുന്നു. ആര്ത്തവകാലഅശുദ്ധി എന്ന നിലപാടുപോലും പിതൃകേന്ദ്രീകൃതവ്യവസ്ഥിതി നിലനില്ക്കുന്ന മതങ്ങളുടെ ദൃഷ്ടികോണുകളില്‍ രൂപമെടുത്തതാണ്. അത് സ്ത്രീകളെ അടക്കം അംഗീകരിപ്പിച്ച് ഒരു പൊതുബോധമാക്കി പരിവര്ത്തിപ്പിക്കുവാനും മതങ്ങള്ക്കു സാധിച്ചുവെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

സ്ത്രീകള്‍ കടുത്ത ശാരീരികവും മാനസികവുമായ ചൂഷണങ്ങള്ക്ക് വിധേയമായിരുന്ന ഒരു കാലാവസ്ഥയില്‍നിന്ന് സമൂഹം ഏറെ മുന്നോട്ടു പോയതായി പറയുവാനാകില്ല. മുലക്കരം, ദേവദാസിസമ്പ്രദായം, മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയവ ഇന്നില്ലെങ്കിലും അവയുടെ പുത്തന്‍പതിപ്പുകള്‍ സുദൃശ്യമാണ്. പെണ്ണുടലിന് കൌതുകത്തോടെയും കാമത്തോടെയും സമീപിക്കുന്ന വ്യവസ്ഥിതിയോട് ആശയപരമായും ശാരീരികമായും സമരംചെയ്ത നിരവധി സംഭവങ്ങള്‍ ചരിത്രങ്ങളില്‍ പരാമര്ശിക്കപ്പെട്ടിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞയും തത്വചിന്തകയുമായിരുന്ന ഹൈപേഷ്യ, ആര്ത്തവരക്തം പുരണ്ട ശീല ഉയര്ത്തിക്കാട്ടി തന്റെ സൌന്ദര്യത്തില്‍ ഭ്രമിച്ച പുരുഷകാമനയ്ക്ക് യാഥാര്ത്ഥ്യത്തിന്റെ അവസ്ഥകള്‍ കാണിച്ചുകൊടുത്തു. പെണ്ണുടലിന്റെ വശ്യതയ്ക്കപ്പുറം ചില ശാരീരികാവസ്ഥകളുണ്ടെന്ന തിരിച്ചറിവ് പുരുഷനില്‍ ഉണ്ടാക്കുവാന്‍ ഇത്തരമൊരു പ്രതിഷേധത്തിനു സാധിച്ചു. ശാരീരികമായ എല്ലാ അവസ്ഥാന്തരങ്ങളോടുംകൂടി ബഹുമാനം അര്ഹിക്കുന്ന ഒരു വ്യക്തിയാണ് സ്ത്രീ എന്ന നിലപാട് നമ്മുടെ സമൂഹം ഇനിയും സ്വീകരിക്കേണ്ടിയിരിക്കുന്നു.
പെണ്ണുടലിനുമേല്‍ രാജാധികാരം ചുമത്തിയിരുന്ന മുലക്കരം എന്ന സമ്പ്രദായത്തെ ശാരീരികമായി നേരിട്ടാണ് നങ്ങേലി എന്ന കീഴാളസ്ത്രീ ചരിത്രത്തിന്റെ ഭാഗമായത്. മാര്ത്താണ്ഡവര്മ്മയുടെ ഭരണകാലഘട്ടത്തില്‍ അടിയാളസ്ത്രീകള്ക്കുമേല്‍ തലക്കരം, മുലക്കരം തുടങ്ങിയ നികുതികള്‍ ചുമത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍പ്പോലും നിലനിന്നിരുന്ന ഇത്തരം നികുതികള്‍ നങ്ങേലിയുടെ ഒറ്റയാള്‍ സമരത്തിലവസാനിച്ചു. നികുതിപിരിവുകാരന് തന്റെ മുലകള്‍ ഛേദിച്ച് നല്കിക്കൊണ്ട് നങ്ങേലി രക്തസാക്ഷിത്വം വരിച്ചു. ആലപ്പുഴ ജില്ലയില്‍ ചേര്ത്തലയ്ക്കു സമീപമുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് രക്തരൂഷിതമായ ഈ പ്രതിഷേധം നടന്നത്.

ഇതിനു സമാനമെന്നോണം ആര്ത്തവകാലത്തെ തീണ്ടലിനോടുള്ള പ്രതിഷേധക്കുറിപ്പുകള്‍ നിറഞ്ഞ സാനിട്ടറി പാഡുകള്‍ തപാലില്‍ അയച്ചും അവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചും ഈ നൂറ്റാണ്ടിലെ പെണ്‍യുവത പ്രതിഷേധിച്ചു. ഒറ്റപ്പെട്ടതും സംഘടിതവുമായ വിയോജിപ്പുകളിലൂടെ മാത്രമേ സമ്പ്രദായിക സദാചാരമാമൂലുകളില്‍ വേരൂന്നിപ്പോയ സമൂഹത്തെ ഒരു പരിവര്ത്തനത്തിന് സജ്ജമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൊച്ചിയില്‍നടന്ന ദേഹപരിശോധന നടത്തിയത് സ്ത്രീകളാണെങ്കിലും പെണ്ണുടലിലൂടെ ഇഴഞ്ഞുനീങ്ങിയത് ആണ്‍നോട്ടങ്ങളായിരുന്നു.

തലമുറകള്‍ തമ്മിലുള്ള അന്തരം കേരളം ഇന്ന് നേരിടുന്ന ഒരു സാമൂഹ്യപ്രശ്നമാണ്. മുന്‍തലമുറകളുടെ സമരരീതികളുടെ പിന്തുടര്ച്ചയായല്ല ഇന്നിന്റെ സമരമുറകള്‍. കക്ഷിരാഷ്ട്രീയത്തിന്റെ പിന്ബലം കൂടാതെ തന്നെ ഇന്ന് സമരങ്ങള്‍ വ്യാപകമായി അരങ്ങേറുന്നു. അരാഷ്ട്രീയവത്കരിക്കപ്പെട്ടുകഴിഞ്ഞ കലാലയങ്ങളിലെ യുവത സംഘംചേരുന്നത് സോഷ്യല്‍മീഡിയകളിലാണ്. അതിനെ അവര്‍ സ്വയംപ്രകാശനത്തിനുള്ള മാദ്ധ്യമമായി പരിവര്ത്തിപ്പിക്കുന്നു. അവയില്‍ ചിലത് പ്രതീതിയാഥാര്ത്ഥ്യത്തിന്റെ ലോകത്തുനിന്നും യാഥാര്ത്ഥ്യത്തിന്റെ മണ്ണിലേക്ക് ചുവടുമാറ്റുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്ന അവകാശത്തിനുവേണ്ടിയുള പോരാട്ടങ്ങള്‍ കേരളം ഇനിയും പലരീതികളില്‍ അഭിമുഖീകരിക്കുമെന്നത് നിശ്ചയമാണ്.

Subscribe Tharjani |
Submitted by Manoj Antony (not verified) on Mon, 2015-03-16 09:54.

Well said!

Submitted by Jacob Sudheer (not verified) on Mon, 2015-03-16 12:25.

സമകാലീക സംഭവങ്ങളുടെ പൊളിച്ചെഴുത്ത് ..നന്നായി

Submitted by S.K.MINI (not verified) on Mon, 2015-03-16 17:30.

നന്നായിട്ടുണ്ട്.... സമരരീതികളുടെ രാഷ്ട്രീയവും ചരിത്രവും പുതിയ പരിപ്രേക്ഷ്യത്തില്‍.... വളരെ നന്നായിട്ടുണ്ട്.