തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

'സാഹിത്യോപദേശ'ങ്ങളുടെ രാഷ്ട്രീയം


വള്ളത്തോള്‍ നാരായണമേനോന്‍

സാഹിത്യത്തെക്കുറിച്ചുള്ള പൊതുധാരണ, അത് ചിലതൊക്കെ പഠിപ്പിക്കുന്ന, ചില ഗുണങ്ങളും ദോഷങ്ങളും വായനക്കാരുടെ മനസ്സില്‍ പതിപ്പിക്കുന്ന എന്തോ ആണെന്നാണ്. പൊതുവേ കലകളെക്കുറിച്ചുതന്നെ ഈ നിലപാട് മിക്കയിടത്തും കാണാം. സാമൂഹികജീവിതത്തിലെ പലതരം ദുഷിച്ചവശങ്ങളില്‍നിന്നും മനുഷ്യരെ നന്മയിലേക്കു നയിക്കുന്ന ചില വഴികളുണ്ടെന്നും മതം, വിദ്യാഭ്യാസം എന്നിവപോലെയുള്ള ഒന്നാണ് സാഹിത്യവും കലകളുമെന്നാണ് പൊതുവിലയിരുത്തല്‍. മിക്കപ്പോഴും സാഹിത്യചിന്തകളിലാകെ ഇവ കാണാം. ടോള്‍സ്റ്റോയ്, അദ്ദേഹത്തിന്റെ എന്താണ് കല എന്ന ഗ്രന്ഥത്തില്‍ കലയെ, മതാത്മകമായി ഗുണാത്മകതയിലേക്കു നയിക്കുന്നതാണ് കലയെന്നു വിലയിരുത്തുന്നുണ്ട്. സൗന്ദര്യത്തിന്റെ ഇരിപ്പിടമെന്നപോലെ ഇത്തരം ഗുണങ്ങളുടെയും, അഥവാ സദാചാരത്തിന്റെയും ഇടമാണ് സാഹിത്യമെന്ന് നിരന്തരം നിരൂപകരൊക്കെ ഉറപ്പിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തില്‍ ഇതിനെക്കുറിച്ച് പലപ്പോഴായി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗന്ദര്യവും സദാചാരവും കൊണ്ടുവച്ചാല്‍ എന്തെടുക്കമെന്ന ചോദ്യം നിരവധി തവണ, വിശേഷിച്ച് നവോത്ഥാനകാലത്ത് സാഹിത്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. താന്‍ സൗന്ദര്യമേ എടുക്കുകയുള്ളൂവെന്ന് മാരാരെപ്പോലുള്ള നിരൂപകരും വള്ളത്തോളിനെ പോലുള്ള കവികളും പറഞ്ഞിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ സദാചാരം വലിയ പ്രശ്നമായി നവോത്ഥാനകാലത്ത് കടന്നുവരുന്നതുകാണാം. അക്കാലത്താണ് നിരൂപണത്തില്‍ മണിപ്രവാളസാഹിത്യം വലിയ വില്ലനായി പ്രവേശിക്കുന്നത്. മണിപ്രവാളസാഹിത്യത്തിലെ ശൃംഗാരവും സ്ത്രീവര്‍ണ്ണനകളും അശ്ലീലമായി മുദ്രയടിക്കപ്പെടുന്നു. നവോത്ഥാനകാലകവികളും എഴുത്തുകാരും ഫ്യൂഡല്‍ മണിപ്രവാളത്തിലേതുപോലെ അശ്ലീലമായി എഴുതരുതെന്നും സ്ത്രീവര്‍ണ്ണന നടത്തരുതെന്നും ഉപദേശിക്കപ്പെടുന്നു. കാരണം കൊളോണിയല്‍ ആധുനികതയുടെ സദാചാരം ലൈംഗികതയെയും ശരീരത്തെയും ഇകഴ്ത്തുന്നതും ശരീരവിരുദ്ധതയെയും മനസ്സിനെയും മുന്നോട്ടുവയ്ക്കുന്നതുമായിരുന്നു. ഇവിടെയാണ് സദാചാരം സഹിത്യത്തില്‍ സവിശേഷമായി കടന്നുവരുന്നത്. കൃതികളുടെ മൂല്യനിര്‍ണ്ണയത്തില്‍ സൗന്ദര്യത്തിനുപരിയായി അത് വരുന്നത്. ഇത്തരത്തില്‍, ശരീരം, ലൈംഗികത എന്നിവയെ നിശ്ശേഷം വര്‍ജ്ജിച്ച, നല്ലത് എന്നു പറയുന്ന ചില മൂല്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന, അഥവാ സന്ദേശമായി നല്കുന്ന സാഹിത്യമാണ് പൊതുവില്‍ വായനയില്‍ മികച്ചതായി മുദ്രയടിക്കപ്പെടുക. അല്ലാത്തവ ലൈംഗികതയും മറ്റും വര്‍ണ്ണിക്കുന്നവ അരാജകസാഹിത്യമായി ഒതുക്കപ്പെടുന്നു. തകഴി, ബഷീര്‍ പോലുള്ളവരുടെ കൃതികള്‍വരെ ഇത്തരത്തില്‍ സദാചാരവിരുദ്ധമായി മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്.

അറുപതുകളിലെ ആധുനികാവാദത്തിലെ വിജയന്‍, മുകുന്ദന്‍, കാക്കനാടന്‍ മുതലയാവരുടെ രചനകളും വഴിപിഴപ്പിക്കുന്നതായി വലിയ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. സ്ത്രീവാദസാഹിത്യം വന്നപ്പോഴും ഇതേ വിമര്‍ശനം ശക്തമായി ഉയര്‍ന്നുകേട്ടു. ആര്‍ത്തവത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്ത്രീകള്‍ എഴുതിയപ്പോള്‍ വഴിപിഴച്ചതെന്ന ആരോപണമാണ് ആവര്‍ത്തിക്കപ്പെട്ടത്. വഴിതെറ്റിക്കുന്ന 'ചീത്ത സാഹിത്യവും' തെറ്റിക്കാത്ത 'നല്ല സാഹിത്യവും' എന്ന തരംതിരിവ് എല്ലാക്കാലത്തും ഉണ്ടെന്നു വ്യക്തം. ചില കൃതികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനം ഈ സദാചാരപരതയാണ് സാഹിത്യത്തിന്റെ ലക്ഷ്യമെന്ന ചിന്തയാണ്. ഇത്തരത്തിലാണ് കഥകളുടെ ഒടുവില്‍ ഗുണപാഠം കലര്‍ത്തുന്ന കുട്ടിസാഹിത്യത്തിന്റെ രചനകള്‍. ഇതേ തന്ത്രമാണ് സാഹിത്യത്തിന്റെ ആകെത്തുകയെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്. കേവലമായ സദാചാരപരതമാത്രമല്ല, സാഹിത്യം സമൂഹത്തെ മാറ്റാനാണെന്നും പഴമകളൊന്നുമില്ലാത്ത പുതിയ സമൂഹം കെട്ടിപ്പടുക്കാനാണെന്നും പറയുമ്പോഴും കാണുന്നത് ഇതൊക്കെയാണ്. അങ്ങനെ സാഹിത്യമെന്നത് കുറച്ചു 'നല്ലതു'കളെ നിര്‍വ്വചിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന യാന്ത്രികഫാക്ടറിയായി മാറ്റപ്പെടുന്നു. ഇതിന്റെ തണലിലാണ് സാഹിത്യം സമൂഹത്തെ സ്വാധീനിക്കുന്നുവെന്നും സാഹിത്യം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിരൂപകര്‍ പറയുന്നത്. ഇത്തരം പ്രതിഫലന, സ്വാധീന ചിന്തകളിലാണ് ഇന്നും സാഹിത്യത്തിന്റെ വായനകളൊക്കെ കടന്നുപോകുന്നത്. കലയുടെ ആഹ്ലാദവും ആനന്ദവും ഇവിടെ വല്ലാതെ തിരസ്കരിക്കപ്പെടുകയോ, അമര്‍ത്തപ്പെടുകയോ ചെയ്യുന്നതായും കാണാം.

1

കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിത വളരെ ലളിതമായ കുട്ടിക്കഥാഘടനയോടുകൂടിയതാണ്. മൃഗങ്ങളെ കഥാപാത്രമാക്കുന്ന ബാലസാഹിത്യത്തിന്റെ ആഖ്യാനതന്ത്രമാണ് അതിന്റെ ജീവന്‍. ഒരു കോഴിയമ്മ തന്റെ കഥ മകളോട് പറയുകയാണ്.
തള്ളക്കോഴി പറഞ്ഞുതുടങ്ങി
കൊക്കോകൊക്കോക്കോ..
കൊക്കിനുള്ളിലുടക്കിയതെന്തേ
കൊത്തി വിഴുങ്ങിയ മുള്ളോ..
കുട്ടിക്കഥയുടെയും പാട്ടിന്റെയും മട്ടിലും ഈണത്തിലും കോഴിയമ്മ തന്റെ ജീവിതകഥയും അതിലൂടെ കുഞ്ഞിനുള്ള ഉപദേശവും നല്കുന്നു. ജീവിതത്തെത്തന്നെ സന്ദേശമാക്കുന്ന തന്ത്രമാണ് ആഖ്യാനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയാം. കോഴിയമ്മ ചിക്കിചികഞ്ഞിട്ടു കൊടുക്കുന്ന കൊറ്റില്‍ കൊത്തിനടക്കുന്ന കുഞ്ഞിന് കോഴിയമ്മ പറഞ്ഞു കൊടുക്കുകയാണ്.
എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറു നിറയ്ക്കാമെന്നു കരുതരുതെന്നും
നിന്റെ ജീവിതം നിന്റെ കാര്യമാണെന്നുമുള്ള ആമുഖം പറഞ്ഞുകൊണ്ടാണ് കാര്യത്തിലേക്കു വരുന്നത്. ഞാനും ഞാനായിക്കഴിയുവാന്‍ മോഹം/ പണ്ടെന്നോടു പരഞ്ഞ കഥകള്‍ വീണ്ടും നിന്നോടു ഞാന്‍ പറഞ്ഞിടാം..അതായത് കോഴിയമ്മ പറയുന്ന കഥ ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. എല്ലാ കോഴിയമ്മമാരും മക്കളോടു പറയുന്ന കഥയാണിതെന്നാണ് പറയുന്നത്. ഇത് മറ്റൊരു സൂചന സൃഷ്ടിക്കുന്നു- ഇത്തരം കഥപറച്ചില്‍ ജീവിതത്തില്‍ പാലിക്കേണ്ടുന്ന പാരമ്പര്യത്തെ, പാരമ്പര്യമായി ജീവിതമൂല്യങ്ങളെ തലമുറകളിലേക്കു കൈമാറുന്നതിനുള്ള ഉപകരണമാണെന്നതാണ്. കഥ പറച്ചില്‍ കേവലമായ കേള്‍വി/വിനോദ വിഷയമല്ല ഇവിടെ, മറിച്ച് ജീവിതം നന്നാക്കിയെടുക്കാനുള്ള താക്കീതോ ഉപദേശമോ ആണെന്നാണ്. പഠിപ്പിക്കാനുള്ള ഉപാധിയാണ് കഥകളും അതില്‍ നിന്നുള്ള ഉപദേശങ്ങളും. നമ്മുടെ മുത്തശികഥകളുടെയും (മുത്തശന്‍ കഥകളില്ലാത്തത് എന്തുകൊണ്ടാണ്?) പാരമ്പര്യം ഇതായിരുന്നു. അതിന്റെ മുഴക്കമാണ് കവി കോഴിയിലൂടെ സാധ്യമാക്കുന്നത്.


കടമ്മനിട്ട രാമകൃഷ്ണന്‍

പണ്ടീമുറ്റം കളപ്പുരമുറ്റം
ചെണ്ടും ചേലും വിടര്‍ത്തിയ മുറ്റം
കാറ്റത്താടുമുതിര്‍മണിക്കറ്റ
കെട്ടിക്കൂമ്പാരം കൂട്ടിയ മുറ്റം.......
തത്തിതത്തി നടക്കാം, നിറയെ
ക്കൊത്തിക്കൊക്കു തുറന്നു ചിരിക്കാം...പണ്ടത്തെ കാലത്തെ തന്റെ വര്‍ണാഭമായ അവസ്ഥയെ വിവരിച്ചുകൊണ്ടും അതിലെ ജീവിതാസക്തികളെ കൊതിയൂറും മട്ടില്‍ വവിരിച്ചുകൊണ്ടാണ് കോഴിയമ്മ പറയുന്നത്. ഇത് കഥയല്ല മറിച്ച് ജീവിതകഥനമാണ്. ഇപ്പോള്‍ നില്ക്കുന്ന ഈ മുറ്റത്ത് ഒരു കാലത്ത് അമ്മ തന്നെ കൊത്തിമാറ്റിയതായും അതിനുശേഷം തന്റെ യൗവനം വളര്‍ന്നതും തന്നില്‍ ശരീരത്തിന്റെ യൗവനാനുഭവങ്ങള്‍ വന്നതായും പറയുന്നു.
രക്തമോടും ഞരമ്പു പിടഞ്ഞു
രക്തമെന്തിനോ തേടിത്തിളച്ചു
പൂവും നീട്ടിയപ്പൂവാലും കാട്ടി
കാവിലമാവിന്‍ കീഴിലൊരുത്തന്‍
പൂഞ്ചിറകു പരത്തിച്ചിറഞ്ഞു
പൂതിതോന്നിയടിപ്പെട്ടു ഞാനും...ആദ്യത്തെ ലൈംഗികബന്ധം അങ്ങനെ സംഭവിച്ചതായും അത് മിണ്ടാനാവാത്ത ദുഃഖസംതൃപ്തിയാണ് തന്നതെന്നും പെണ്ണിന്റെ കണ്ണിപൊട്ടാതെ കാക്കുന്ന ശക്തിയാണെന്നും അവര്‍ പറയുന്നു. ഇവിടെങ്ങളിലെല്ലാം മനുഷ്യരിലെ വളര്‍ച്ചയും വികാസവും പോലെയാണ് ഇത് വിവരിക്കുന്നത്. ആ അനുഭവത്തിലൂടെയാണ് മുട്ടകളുണ്ടായതെന്നും ആ മുട്ടകളെ കാത്തുപരിപാലിച്ചാണ് മക്കളേ നിങ്ങളുണ്ടായതെന്നും കോഴിയമ്മ വികാരത്തോടെ വിവരിക്കുന്നനു. അങ്ങനെ മുട്ടവിരിഞ്ഞ് നിങ്ങള്‍ പുറത്തുവന്നപ്പോള്‍ താനൊരമ്മയായി മാറിയെന്നും മക്കളാണെന്റെ സര്‍വ്വസ്വമെന്നും കോഴിയമ്മ ഓര്‍മ്മിപ്പിക്കുന്നു.

ഇത്രയും അനുഭവമാണ്. ഇതിനടുത്ത ഘട്ടത്തിലേക്കു കോഴിയമമയുടെ സംഭാഷണം നീളുകയാണ്.
ചുറ്റും കണ്ടോ ചിതല്‍പ്പുറ്റുമാത്രം
മുറ്റംമൂടി വളര്‍ന്നിരിക്കുന്നു
ചുറ്റും കെട്ടിയ മുള്‍വേലിക്കെട്ടില്‍
ചുറ്റപ്പെട്ടു കഴിയുന്നു നമ്മള്‍... വര്‍ത്തമാനകാലാവസ്ഥയില്‍ ഭൂതകാലത്തിലെ കളപ്പുരമുറ്റമൊക്കെ നഷ്ടമായിരിക്കുന്നു. അരിമണികൊത്തിനടന്ന സമൃദ്ധിയുടെ കാലത്തുനിന്നും ചത്തുചീഞ്ഞ ശവങ്ങളില്‍ നിന്ന് ആഹാരം തേടേണ്ട അവസ്ഥയിലേക്കു വന്നിരിക്കുന്നു. ചുറ്റും അപകടം പെരുകിയിരിക്കുന്നു. ചുറ്റുവട്ടത്തുള്ള മാളത്തിലേക്കു നോക്കരുത്. അതില്‍ തലയിട്ട തന്റെ കുട്ടികള്‍ മടങ്ങിവന്നില്ല. കോഴിക്കുഞ്ഞുങ്ങളെ കൊന്നുതിന്നുതിനായി ക്രൂരമൃഗങ്ങളും മറ്റും തക്കം പാര്‍ത്തിരിക്കുകയാണ്. ചുറ്റുവട്ടത്ത് പാമ്പും മറ്റു ഇഴജന്തുക്കളും തക്കംപാര്‍ത്തിരിക്കുന്നു. മുകളിലാകട്ടെ പരുന്തും കഴുകന്മാരും. ഇവരെയൊന്നും നേരിടാന്‍ തങ്ങള്‍ക്കും കഴിയില്ലെന്നും കോഴിയമ്മ വിലപിക്കുന്നു. കാവിലെക്കിളിപ്പാട്ടുകള്‍ കേട്ടും
പൂവും കണ്ടും പറന്നുചെല്ലല്ലേ
കാടിനുള്ളില്‍ പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചുപറിക്കും.... ഇങ്ങനെ ചുറ്റുവട്ടത്തെല്ലാം അപകടമാണെന്നും അതിനാല്‍ എപ്പോഴും കരുതി നടക്കണമെന്നുമാണ് കോഴിയമ്മ ഉപദേശിക്കുന്നത്. ഈ ഉപദേശത്തിലാണ് കവിത അവസാനിക്കുന്നതും.
കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കു
മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ് എന്ന് കോഴിയുടെ ജീവിതാവസ്ഥയ്ക്കു പുറത്തുകടന്ന് സാര്‍വ്വത്രികവും സാര്‍വ്വലൗകികവുമായ ഉപദേശമായി കവിത മാറുന്നു. ഈയൊരു ഉപദേശം നല്കുന്നതിനുവണ്ടിയാണോ ഈ കവിത എന്ന സംശയവും ഉന്നയിക്കാം. വായനകഴിയുമ്പോള്‍ ഈ അവസാനോപദേശം മാത്രം മനസ്സില്‍ തങ്ങിനില്ക്കുന്ന ഘടനയണ് കവിതയുടെ പൊരുള്‍. കഥ അഥവാ ജീവിതാനുഭവം പറഞ്ഞ് അവസാനം അതിന്റെ സാരാംശവും ഉപദേശരൂപത്തിലാക്കുന്ന കഥാ/കവിതാഘടന മുത്തശ്ശിക്കഥകളുടെ സ്ഥിരം സ്വഭാവമാണ്.

ആ ഉപദേശത്തിലേക്കു ഒന്നുകൂടി ശ്രദ്ധിച്ചുനോക്കേണ്ടതുണ്ട്. ഈ നാലുവരി മാത്രം മിക്കപ്പോഴും പല സന്ദര്‍ഭങ്ങളിലായി പലയിടത്തും ഉപദേശിക്കാനും അനുഗ്രഹിക്കാനുമായി ഉദ്ധരിക്കാറുണ്ട്. സന്ദര്‍ഭത്തിന്റെ പുറത്തുകടന്നും സ്വതന്ത്രമായി നില്ക്കാന്‍ ശേഷിയുള്ള ഒന്നാണ് ഈ ഉപദേശം. ഇങ്ങനെ സ്വതന്ത്രമായി നില്ക്കാനുള്ള ഈ വരികളാണ് ഈ കവിതയുടെ ശക്തിയും. കവിതാവായനയെന്ന നിലയില്‍, മിക്കയിടത്തും കവിത പ്രസംഗമദ്ധ്യേയും മറ്റും ഉദ്ധരിക്കാനുള്ള ശ്രമമായി പലര്‍ക്കും വേണ്ടത് ഇത്തരത്തില്‍ ഉപദേശിക്കാവുന്ന വരികളാണ്. എല്ലാക്കവിതകളിലും ഇത്തരത്തില്‍ ചിലത് കാണും. അതൊക്കെ ഇങ്ങനെ താക്കീതായും ഉപദേശമായും അന്തരീകഷത്തില്‍ പറന്നുനടക്കാറുമുണ്ട്. വിഖ്യാതമായ രമണിനിലെ
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
പാടില്ലപാടില്ല നമ്മെനമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ എന്ന ഏറെ ഉദ്ധരിക്കപ്പെടുന്ന ശകലം പ്രവര്‍ത്തിക്കുന്നതും പാടില്ല എന്ന താക്കീതായാണ്. സന്ദര്‍ഭത്തിനു പ്രസക്തി നല്കാതെ കവിതയില്‍ നിന്നും അടര്‍ത്തി മാറ്റിയെടുത്ത വരികളുടെ ആവര്‍ത്തനത്തിലൂടെ ഉപദേശാര്‍ത്ഥങ്ങളുടെ വലിയൊരു സാമ്രാജ്യം ഇവിടെ ഉണ്ടാക്കപ്പട്ടിട്ടുണ്ടെന്നു കാണാം. കവിതയുടെ ഘടനയില്‍ ഈ നാലുവരികള്‍ ഉല്പാദിപ്പിക്കുന്ന പൊരുളെന്താണെന്ന പ്രശ്നം ഇവിടെ പരിശോധിക്കേണ്ടതുണ്ട്.

എല്ലാവശത്തേക്കു കണ്ണുതുറന്നുപടിച്ച് തന്നെ അക്രമിക്കുവാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി ജീവിതംകാലം മുഴുവനും കഴിയണമെന്നാണ് കുഞ്ഞിനോട് കോഴിയമ്മ ഉപദേശിക്കുന്നത്. ആ കണ്ണിനകത്ത് കത്തിജ്ജ്വലിക്കുന്ന ഉള്‍ക്കണ്ണും വേണമത്രേ. ഉപദേശം നല്കുന്ന ആള്‍ തള്ളക്കോഴിയാണെന്നുള്ള സൂചനയില്‍ ഈ ഉപദേശത്തിന്റെ പൊരുള്‍ ലിംഗപദവീപരമായി നിര്‍വ്വചിക്കപ്പെടുന്നതായി മനസ്സിലാക്കാം- ഒരമ്മയുടെ ഉപദേശമാണിത്. കേള്‍ക്കുന്ന അഥവാ അനുസരിക്കേണ്ടുന്ന ആളിന്റെ ലിംഗസൂചന ഇവിടെയില്ല. ഏതു കോഴിക്കുഞ്ഞുമാകാം. പക്ഷേ നമ്മുടെ സമൂഹത്തിലെ ഉപദേശങ്ങളുടെ വിവക്ഷകള്‍ പരിശോധിക്കുമ്പോള്‍ ഈ ഉപദേശം ലിംഗപരമായി വേര്‍തിരിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. അതായത് പെണ്ണിന് നല്കുന്ന ഉപദേശത്തിന്റെ സ്വഭാവമാണ് ഇത് പുലര്‍ത്തുന്നത്- ആണ്‍കോയ്മയുടെ അക്രമണത്തില്‍ പെടാതെ പെണ്ണ് കഴിയണമെങ്കില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്നതിനും ജീവിതത്തിലെ ആഹ്ലാദങ്ങളും ആനന്ദങ്ങളും കണ്ടെത്തുന്നതിനും പകരം ഇവിടെ ഉപദേശിക്കുന്നത് ആഹ്ലാദങ്ങളൊക്കെ മാറ്റിവച്ച് എപ്പോഴും ജാഗ്രതയോടെ കഴിയണമെന്നാണ്. എപ്പോഴാണ് ശത്രു ആക്രമിക്കുക എന്നറിയില്ല. എല്ലാം മറന്ന് ഒന്നുറങ്ങാന്‍ പോലും ആവാത്തവിധം സൂക്ഷിച്ചു കഴിയണം. കേരളത്തില്‍ പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തിലേ കേള്‍ക്കുന്ന ചില ഉപദേശങ്ങള്‍ക്കും താക്കീതുകള്‍ക്കും ഇതിന്റെ നല്ല ഛായയുണ്ട്.

പെണ്‍കുട്ടികള്‍ എല്ലാംമറന്നുറങ്ങരുതെന്നും എപ്പോഴും തന്റെ ശരീരത്തിലൊരു ശ്രദ്ധ വേണമെന്നുമാണ് ആ താക്കീതിന്റെ പൊരുള്‍. എപ്പോഴും തന്റെ ശരീരം ആക്രമിക്കാന്‍ ഒരു ശത്രുവെത്താം എന്ന ഭീതിയിലാണ് കേരളത്തിലെ പെണ്‍കുട്ടികളുടെ ജീവിതം പുലരുന്നത്. മലര്‍ന്നുകിടന്നുറങ്ങരുതെന്നും കാലകത്തി ഇരിക്കരുതെന്നും അധികം ചിരിക്കരുതെന്നും സ്വാതന്ത്ര്യത്തോടെ പുരുഷന്മാരുമായി ഇടപെടരുതെന്നുമുള്ള നിരവധി നിയന്ത്രണോപദേശങ്ങളിലൂടെയാണ് ഓരോ പെണ്ണിനെയും നാം മെരുക്കിയെടുക്കുന്നത്. എപ്പോഴും ശരീരത്തിലൊരു ശ്രദ്ധവേണെമെന്ന താക്കീത് എല്ലാത്തിലും നിറയുന്നതുകാണാം. ആണ്‍കുഞ്ഞിന് ഇങ്ങനെ ഒരുപദേശം പോയിട്ട് വാക്കുപോലും ആരും പറയുന്നില്ല. ഇവിടെ കോഴിക്കുഞ്ഞിന് നല്കുന്ന ഉള്‍ക്കണ്ണിന്റെ ഉപദേശത്തിന് ഇതുമായി ബന്ധങ്ങളുണ്ട്, വായനയില്‍ കോഴിയമ്മയും കോഴിയും സാമൂഹികപ്രതിനിധാനങ്ങളായി വേഷം മാറുമ്പോള്‍. ഭയം ജനിപ്പിക്കുന്ന സാഹചര്യത്തിലും പോരാട്ടത്തിന്റെയും തലയുയര്‍ത്തി ജീവിക്കുന്നതിന്റെയും ഭാഷയും ശക്തിയും പ്രകടിപ്പിക്കുന്നതിന് എന്തുകൊണ്ടാണ് പലപ്പോഴും സാധിക്കാത്തത്? മറിച്ച് മിക്കപ്പോഴും സൂക്ഷിക്കണം എന്ന താക്കീതില്‍ ജീവിതത്തിന്റെ സന്താഷവും സാദ്ധ്യതകളും കെടുത്തിക്കളയുന്നത് എന്തുകൊണ്ടാവാം? തലയുയര്‍ത്തിനിന്ന് പോരടിക്കണമെന്നും അര്‍മാദിച്ചു ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ എന്തുകൊണ്ടാണ് നമ്മുടെ (കോഴി)യമ്മമാര്‍ (അച്ഛന്മാരും) പറയാത്തത്?

2

ഏറെ ആസ്വദിക്കപ്പെട്ട ഈ കവിത ആ ആസ്വാദ്യത നേടിയത് ഈ ഉപദേശത്തിന്റെ പുരുഷസ്വഭാവം കൊണ്ടാണോ? അതോ സാഹിത്യമെന്നത് ഇത്തരത്തില്‍ നേരിട്ട് ജീവിതത്തെ ഉപദേശിക്കുന്ന ഒന്നാണെന്നു കരുതുന്നതിനാലാണോ? നേരിട്ട് വായനക്കാരെ ഉപദേശിക്കുന്ന, ചിലതൊക്കെ പഠിപ്പിക്കുന്നതാണ് നല്ല സാഹിത്യമെന്ന ചിന്തയെ ഈ കവിത വളരെയധികം ആശ്ലേഷിക്കുന്നുണ്ട്. കടമ്മനിട്ടയുടെ നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം പോലുള്ള നിരവധി കവിതകള്‍ ഇത്തരത്തില്‍ ഉപദേശികളായി വരുന്നതുകാണാം. കവിതയെന്നത് ജീവിതത്തെ നേരിട്ടു പഠിപ്പിക്കുന്ന ഗുരുവാണെന്നു കരുതുന്ന ചിന്തയെ പൊളിച്ചെഴുതി ഇത്തരം ഉപദേശങ്ങളിലെ രാഷ്ട്രീയത്തെ വിവൃതമാക്കുന്നതിലൂടെയേ കവിതയുടെ സദാചാരവിരുദ്ധതയും ആനന്ദവും ആ ആനന്ദത്തിലെ കലാപവും കണ്ടെടുക്കുവാന്‍ കഴിയൂ. ഈ പ്രക്രിയ മലയാളസാഹിത്യം ഒന്നാകെ ആവശ്യപ്പെടുന്നുണ്ട്.

Subscribe Tharjani |