തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

സദാചാരം

ഞാനും നീയും
ഉസ്ക്കൊളില് പഠിക്കുമ്പം
ഒറ്റ ബെഞ്ചില്‍ തൊട്ടുതൊട്ടിരുന്നു
ഉച്ചയിലെ ഒച്ചയിലെക്കിറങ്ങാതെ
ഒറ്റ പുസ്തകത്തിലെ കീറിയതാളില്‍
വിശപ്പിനെ വായിച്ചു
മുഷിവൊട്ടുമില്ലാതെ മഷിത്തണ്ട്
വീതിച്ചു
മോട്ടാമ്പുളിയും കൊട്ടക്കായും
പങ്കുവെച്ചു
കീറിയ ഓലക്കുടയില്‍
നീ നനയാതെ ഞാനും
ഞാന്‍ നനയാതെ നീയും
ഒറ്റവരമ്പില്‍ ഒട്ടിയൊട്ടി നടന്നു
അന്നൊന്നുമുണ്ടായിരുന്നില്ല
ആ വേര്‍തിരിവ്
ആണും പെണ്ണും ജാതി മതവും.
ഇന്ന് അടുത്തടുത്ത വീടായ
എന്റെ മക്കളും നിന്റെ മക്കളും
ദൂരെ പാടകലെയായി
അവര്‍ ആണായി പെണ്ണായി
അടുക്കാന്‍ പറ്റാതായി
ജാതിയും മതവുമായി
അകലേണ്ടവരായി
സദാ ചാരത്തിന്റെ ചാരന്മാരായി

Subscribe Tharjani |