തര്‍ജ്ജനി

അരുണ്‍ എം ശിവകൃഷ്ണ

Visit Home Page ...

കവിത

പടിയിറങ്ങുമ്പോള്‍

ഇന്ന്

മൌനത്തിന്‍ വാത്മീകങ്ങളില്‍
നമുക്ക് നഷ്ടപ്പെട്ടത് വാക്കുകള്‍
മാത്രമല്ലല്ലോ സഖീ
എന്റെയും നിന്റെയും
ഹൃദയതാളം`കൂടെയല്ലേ ?

മഴ തേടി മനം തുടിക്കുമ്പോള്‍
പെയ്യാത്ത മാനംപോലെ നീ നിന്ന് കറുക്കുമ്പോള്‍
കലങ്ങിയ നിന്‍ കണ്ണുകളും
ഇടറുന്ന വാക്കുകളും
കാണാതെ കേള്‍ക്കാതെയെന്നോണം
ഞാനിറങ്ങുന്നു.
വിട.

നാളെ

ഇപ്പോള്‍ നീ നിന്നു പെയ്യുന്നുണ്ടാവണം
മഞ്ഞുറഞ്ഞത്‌ പോലുള്ള നിന്റെ ശാന്തത
പെരുവെള്ളത്തിലെ
ശീലക്കഷ്ണംപോലെ അഴിഞ്ഞുലഞ്ഞു
ഒഴുകിയിട്ടുണ്ടാവണം

മഴ പെയ്തു തീരട്ടെ
ഇലത്തുമ്പില്‍ നിന്നിനിയും
പൊഴിയാത്തൊരു തെളിനീര്‍ക്കണംപോലെ
വറ്റാതെ നിറഞ്ഞങ്ങനെ നില്ക്കട്ടെ
നിന്‍ കണ്ണിണകള്‍..
എന്നും സജലമായ് ഓര്‍മ്മകള്‍

പിന്‍കുറിപ്പ് : മടക്കടിക്കറ്റ്‌

മഴയേറ്റു മരവിച്ച്
നീരോടി നിറംപോയ
നിഴല്‍പോലും മാഞ്ഞൊരു
മുഖമില്ലാ ചിത്രംപോലെ
നിന്റെ ബോധനകളില്‍നിന്ന്
ഞാന്‍ മറഞ്ഞേക്കുമെങ്ങിലും
പ്രിയതെ
ഒരുനാള്‍
പാതി ഞാന്‍ ചാരി
കടന്നൊരാ പടിവാതില്‍
പതിയെ തുറന്നു ഞാന്‍
നിന്നരികിലെത്തും
അതുവരെ
വിറയാര്‍ന്ന ചുണ്ടിലും
തുടിക്കുന്ന ഹൃത്തിലും
നനവാര്‍ന്നൊരോര്‍മ്മയായ്‌
വിട നല്ക നീ സഖീ..

Subscribe Tharjani |