തര്‍ജ്ജനി

രാജേഷ്

Visit Home Page ...

സിനിമ

ഷമിതാഭ് - ഒരു അവലോകനം

സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന അമിതാഭ് ബച്ചന്റെ സിനിമാജീവിതത്തിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ആഖ് രീ രാസ്താ. തമിഴില്‍ ‘ഒരു കൈദിയിന്‍ ഡയറി’ എന്ന പേരിലുള്ള, കമലഹാസന്‍ അഭിനയിച്ച ഹിറ്റ് സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു അത്. എഴുതി സംവിധാനം ചെയ്തത് ഭാഗ്യരാജ്. ഈ സിനിമ വന്നത് 1986ല്‍ ആയിരുന്നു. അതിനുശേഷം വന്ന ഗംഗ യമുന സരസ്വതി, തൂഫാന്‍ (സൂപ്പര്‍ഹീറോ ആയി അമിതാഭ് അഭിനയിച്ച സിനിമ), ജാദൂഗര്‍, മേ ആസാദ് ഹൂം പോലെയുള്ള സിനിമകള്‍ അത്ര ഓടിയില്ല. ഏകദേശം നാല് വര്ഷങ്ങള്‍ ഹിറ്റുകള്‍ ഇല്ലാതെ അമിതാഭ് കഴിച്ചുകൂട്ടിയ കാലഘട്ടം. അപ്പോഴാണ് മുകുള്‍ ആനന്ദ് സംവിധാനം ചെയ്ത അഗ്നീപഥ് 1990ല്‍ ഇറങ്ങിയത്. അതില്‍ അദ്ദേഹം അഭിനയിച്ച വിജയ് ദീനാനാഥ് ചൌഹാന്‍ എന്ന വേഷം ഇന്നും പ്രശസ്തമാണ്. അമിതാഭിന് സൽ‌പ്പേര് വാങ്ങിക്കൊടുത്ത സിനിമയായിരുന്നത്. അതിനുശേഷം രജനീകാന്തും ഗോവിന്ദയും ഒപ്പം അഭിനയിച്ച ‘ഹം’ മുകുള്‍ ആനന്ദ് സംവിധാനം ചെയ്ത് 1991ല്‍ ഇറങ്ങി (ഈ രണ്ട് സിനിമകള്ക്കിടയില്‍ ഇറങ്ങിയ ആജ് കാ അര്ജുന്‍ എന്ന സിനിമയും ഹിറ്റ് ആയിരുന്നു. ഇത് ‘എന്‍ തങ്കച്ചി പഠിച്ചവ’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു. അഗ്നീപഥും ഹമ്മും (ആജ് കാ അര്ജുന്‍ ഒരളവ് വരെ) അമിതാഭിന്റെ ഹീറോ ഇമേജിനെ കുറേ വര്ഷങ്ങള്‍ ഉയര്ത്തിപ്പിടിക്കാന്‍ സഹായിച്ചു. പിന്നീട് ചില സിനിമകള്‍ ഓടാതെ വന്നപ്പോള്‍ ഇമേജ് ഇടിയാനും തുടങ്ങി. അപ്പോഴാണ് മുകുള്‍ ആനന്ദ് അമിതാഭുമായി ചേര്ന്ന് ചെയ്യുന്ന മൂന്നാമത്തെ സിനിമ - ഖുദാ ഗവാ’ 1992ല്‍ വരുന്നത്. തന്റെ അമ്പതാമത്തെ വയസ്സില്‍ അമിതാഭ് ഹീറോ ആയി അഭിനയിച്ച സിനിമ. ആ സിനിമ പുറത്തുവന്നപ്പോള്‍ അമിതാഭ് ‘ഇതാണ് എന്റെ അവസാനത്തെ സിനിമ, കുറച്ച് വര്ഷങ്ങള്‍ സിനിമയില്‍നിന്നും വിട്ടുനില്ക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞു. സിനിമ ഹിറ്റായി. തന്റെ ഏബിസിഎല്‍ സ്ഥാപനത്തില്‍ അമിതാഭ് മുഴുകാന്‍ തുടങ്ങി.

ഖുദാ ഗവായ്ക്ക് ശേഷം അഞ്ച് വര്ഷങ്ങള്‍ കഴിഞ്ഞ് 1997ല്‍ ‘മൃത്യൂദാതാ’ ഇറങ്ങി പരാജയപ്പെട്ടു. 1997 മുതല്‍ 2000 വരെ അമിതാഭ് എട്ട് സിനിമകളില്‍ അഭിനയിച്ചു. അതില്‍ ആറെണ്ണത്തില്‍ അദ്ദേഹം ഹീറോ ആയിരുന്നു (മേജര് സാബ് എന്ന സിനിമയില്‍ സ്വഭാവനടനായിരുന്നു). ഈ എട്ട് സിനിമകളില്‍ അദ്ദേഹം ഹീറോ ആയി അഭിനയിച്ച എല്ലാ സിനിമകളും പരാജയപ്പെട്ടു. ‘സൂര്യവംശം’ മാത്രം കുറച്ചൊക്കെ ഓടി. അദ്ദേഹത്തിന്റെ എട്ടാമത്തെ സിനിമയായി 2000ല്‍ വന്ന‘മുഹബത്തേന്‍’ വമ്പന്‍ഹിറ്റ് ആയി. അതില്‍ അദ്ദേഹം ഹീറോ അല്ല. ഹീറോ ആയ ഷാറൂഖ് ഖാനോടൊപ്പം നല്ലൊരു വേഷം അദ്ദേഹം ചെയ്തു.

ആ സിനിമ മുതല് അമിതാഭിന്റെ സിനിമാജീവിതം ആകപ്പാടെ മാറി. ഈ മാറ്റത്തിന് മേജര് സാബ് എന്ന സിനിമയ്ക്ക് ക്രെഡിറ്റ് കൊടുക്കാവുന്നതാണ്. അദ്ദേഹം ഹീറോ ആയി അഭിനയിക്കുന്നത് നിര്ത്തി. പ്രായത്തിന് ചേർന്ന വേഷങ്ങള് ചെയ്യാന് തുടങ്ങി. അതുകൊണ്ട് ഇന്ന് വരെ അമിതാഭിന് വേണ്ടി മാത്രം പല കഥകള് എഴുതപ്പെടുന്നു. ഹീറോ ആയി അഭിനയിച്ചപ്പോള് ചെയ്യാത്ത വ്യത്യസ്തമായ വേഷങ്ങള് ഇപ്പോള് അമിതാഭിന് ചെയ്യാന് കഴിയുന്നു. ഇന്ത്യയിലെ ഒന്നാന്തരം അഭിനേതാക്കളില് ഒരാളായി അമിതാഭ് മാറി.

അമിതാഭ് ഹീറോ ആയിരുന്നപ്പോള് എങ്ങിനെ മുകുല് ആനന്ദ് അദ്ദേഹത്തിന്റെ തോല് വികളെ മാറ്റിമറിച്ചുവോ, അതേ പോലെ ഇപ്പോള് അമിതാഭിന് ലഭിച്ച ഒരു സംവിധായകനാണ് ബാല്കി. അമിതാഭ് സ്വഭാവവേഷങ്ങള് ചെയ്യാന് ആരംഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ അഭിനയകഴിവ് വ്യക്തമാക്കുന്ന വേഷങ്ങള് പരിശോധിച്ചാല് ബാല്കി സംവിധാനം ചെയ്ത ‘ചീനി കം’, പാ, ഷമിതാഭ് എന്നീ സിനിമകളെ പരാമര്ശിക്കാവുന്നതാണ്. ബാല്കി അമിതാഭിന്റെ ആരാധകനാണ്. അതുകൊണ്ട്, തന്റെ പ്രിയതാരത്തിന് വേണ്ടി അദ്ദേഹം വ്യത്യസ്തമായ വേഷങ്ങള് സൃഷ്ടിക്കുന്നു. അമിതാഭ് ഇപ്പോഴും ഹീറോ ആയി അഭിനയിക്കുകയായിരുന്നെങ്കില് ഈ സിനിമകള് ഉണ്ടാവില്ലായിരുന്നെന്ന് കരുതേണ്ടി വരും.

കഴിഞ്ഞ കുറേ വര്ഷങ്ങളായി അമിതാഭ് ചെയ്ത നല്ല കഥാപാത്രങ്ങളില് ഒന്നായിരുന്നു ‘The Last Lear‘. ഋതുപര്ണഘോഷ് സംവിധാനം ചെയ്ത സിനിമ. അതിനുശേഷം പാ. ഇപ്പോള് ഷമിതാഭും. ഈ സിനിമയില് എല്ലാവരും അവരുടെ യഥാര്ഥ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് കൊണ്ട് ആ പേരുകള് തന്നെ ഈ ലേഖനത്തില് ഉപയോഗിക്കുന്നു. ആശയക്കുഴപ്പം വേണ്ട.

ഷമിതാഭില് അമിതാഭിന് ജീവിതത്തില് ആകപ്പാടെ തോല് വിയടഞ്ഞ മനുഷ്യന്റെ വേഷമാണ്. സിനിമാതാരം ആകാം എന്ന ലക്ഷ്യത്തിൽ അറുപതുകളില് ബോംബേയില് എത്തുന്ന അമിതാഭ് സിന് ഹാ എന്ന മനുഷ്യന്, അയാളുടെ കിനാവ് ഫലിക്കാതെ ജീവിതം നഷ്ടപ്പെടുത്തുന്നു. ഒരു ചുടുകാട്ടില് ജീവിക്കുന്നു. അയാള് സിനിമയില് വിജയിക്കാതെ പോയതിന് അയാളുടെ ശബ്ദം ഒരു കാരണമായിരുന്നു. ആള് ഇന്ത്യാ റേഡിയോയില് അയാളുടെ ശബ്ദം കേട്ട് അയാളെ നിരസിക്കുകയാണ് (ഇത് അമിതാഭിന്റെ ജീവിതത്തില് സംഭവിച്ചതാണല്ലോ). അങ്ങനെ ഒരു അവസ്ഥയില് അമിതാഭ് സിന് ഹാ ഒരു ഭീകര കുടിയനുമാകുന്നു. ബോധമില്ലാതെ പ്ലാറ്റ് ഫോറത്തില് വീണുകിടക്കുന്ന വൃത്തികെട്ട ആസാമിയായിട്ടാണ് ഈ സിനിമയില് അമിതാഭിനെ പരിചയപ്പെടുത്തുന്നത്.

ഒന്നാലോചിച്ച് നോക്കൂ. ഇങ്ങനെ ഒരു പരിചയപ്പെടുത്തല് - സൂപ്പര് സ്റ്റാര് ആയിരുന്ന, ഇപ്പോഴും ആയിരിക്കുന്ന - ഒരു നടനും ഒന്നാലോചിക്കുന്നതല്ലേ? തമിഴ് നാട്ടില് ഇങ്ങനെ ഒരു രംഗം രജനിയെ വച്ച് നമുക്ക് സങ്കല്പ്പിക്കാന് കഴിയുമോ? തിയേറ്ററിന് തീ വയ്ക്കില്ലേ? അതാണ് അമിതാഭിന്റെ മച്യൂരിറ്റി. കഥാപാത്രത്തിനായി എങ്ങിനെ വേണമെങ്കില് സ്വയം അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കുന്ന നടനായി അമിതാഭ് മാറിയിട്ട് കാലം കുറേയായി.
സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ ധനുഷും അക്ഷര ഹാസനും ഇങ്ങനെയൊരു നിലയില് കിടക്കുന്ന അമിതാഭിനെ വീണ്ടെടുക്കുന്നു. അയാളെക്കൊണ്ട് ആ രണ്ട് പേര്ക്കും ഒരു സഹായം വേണമായിരുന്നു. വേറേയാര്ക്കും സാധിക്കാത്ത ഒരു ജോലിയാണത്. മനസ്സില്ലാമനസ്സോടെ അമിതാഭ് സമ്മതിക്കുന്നു. അങ്ങനെ ധനുഷ്-അമിതാഭ് കൂട്ടുകെട്ട് പ്രശസ്തമാകുന്നു. ഏത് സിനിമാലോകം തന്നെ വെറുത്ത് ഇറക്കിവിട്ടോ ആ സിനിമാലോകം തന്നെ വാരിപ്പുണരുന്നത് അമിതാഭ് മനസ്സിലാക്കുന്നു. എന്നാല് അയാളുടെ ഈഗോ അപ്പോള് കുറുകെ വരുന്നു. അതേസമയം തന്റെ വിജയത്തില് അമിതാഭിന് വലിയ പങ്കുണ്ടെന്ന് ധനുഷ് മനസ്സിലാക്കുന്നു. അയാള്ക്കും ഒരു ഈഗോ ഉണ്ട്. ഹിന്ദി സിനിമാ എന്നത് അയാളുടെ ജീവിതലക്ഷ്യം കൂടിയാണ്. അതുകൊണ്ട് ഇരുവരും പരസ്പരം സഹായിക്കുന്നതാണ് രണ്ടാള്ക്കും നല്ലതെന്ന നിലയില്, അവരവരുടെ ഈഗോകളും ഏറ്റുമുട്ടുമ്പോള് എന്ത് സംഭവിക്കുമെന്നതാണ് ഷമിതാഭ്.
സിനിമയില് മനോഹരമായി അഭിനയിച്ചിരിക്കുന്നത് അമിതാഭ് ആണെന്നതില് സംശയമില്ല. തീവ്രമായ ഈഗോ ഉള്ള ആസാമിയാണെങ്കിലും, ചില സന്ദര്ഭങ്ങളില് ഈഗോയെ മറികടന്ന് അദ്ദേഹം ചെയ്യുന്ന ചില കാര്യങ്ങള് പൊട്ടിച്ചിരിയുണ്ടാക്കും. എപ്പോഴും കുടിച്ച്, നില തെറ്റി അയാള് ചെയ്യുന്ന കാര്യങ്ങള് അയാളോട് ദേഷ്യം ജനിപ്പിക്കുന്നതാണ് ആ കഥാപാത്രത്തിന്റെ വിജയം. ആദ്യം പറഞ്ഞത് പോലെ, അമിതാഭിന്റെ കടുത്ത ആരാധകന് മാത്രമേ ഇങ്ങനെ ഒരു സിനിമയെടുക്കാന് കഴിയൂ.

അമിതാഭിന് ഒപ്പം അഭിനയിച്ചിരിക്കുന്ന ധനുഷിന്റെ കഥാപാത്രം ചെറുപ്പം മുതലേ ഹിന്ദി സിനിമകള് ആരാധിക്കുന്നയാളാണ്. ഒരു ഘട്ടത്തില് (അമ്മ മരിച്ച് കഴിഞ്ഞ്) തന്റെ ലക്ഷ്യം നിറവേറ്റാന് മുംബൈയ്ക്ക് ഓടിപ്പോകുന്നു. പതിവ് പോലെ സ്റ്റുഡിയോകളുടെ വാതിലുകളില് വച്ച് തന്നെ നിരാകരിക്കപ്പെടുന്നു. അപ്പോള് സഹസംവിധായകയായ അക്ഷര ധനുഷിനെ കാണുന്നു. അവിടെ മുതല് അവര് അടുത്ത സുഹൃത്തുക്കളും കമിതാക്കളും ആകുന്നു. ധനുഷിന്റെ കഥാപാത്രം താന് എന്താണ് ചെയ്യുന്നതെന്നതില് ബോധവാനായിരുന്നു. തനിക്ക് ആവശ്യമുള്ളത് എങ്ങിനെയും അമിതാഭില് നിന്നും നേടുന്നതില് പല സമയത്തും വിജയിക്കുന്നുമുണ്ട്.

ആ രണ്ട് പേര്ക്കും ഇടയില് ഉണ്ടാകുന്ന പ്രശ്നങ്ങളെ എപ്പോഴും പരിഹരിക്കുന്ന കഥാപാത്രമാണ് അക്ഷരയുടേത്. ജൂനിയര് കമല് എന്ന് അക്ഷരയെ വിളിക്കാവുന്നതാണ്. പലയിടങ്ങളിലും കമലഹാസന്റെ ശരീരഭാഷ അങ്ങിനെ തന്നെ അവര് കാണിക്കുന്നുണ്ട്. നന്നായി അഭിനയിച്ചിരിക്കുന്നു അവര്. ചില രംഗങ്ങളില് കമല് തന്നെ വേഷം മാറി വന്നിരിക്കുകയാണോയെന്ന് പോലും തോന്നിപ്പോയി.

ഈ സിനിമയിൽ ടെമ്പ്ലേറ്റ് ക്ലീഷേ രംഗങ്ങള് ഉണ്ട്. കുറേ സിനിമകളില് കണ്ടിട്ടുള്ള അതേ രംഗങ്ങള്. എന്നാലും ഈ സിനിമയില് അവ രസകരമാണ്. സിനിമ കണ്ടാല് മനസ്സിലാകും.

അമിതാഭ് എന്ന മഹാനടന് വേണ്ടി ഈ സിനിമ തീര്ച്ചയായും കാണാവുന്നതാണ്.

പി.കു

1 - സിനിമയിലെ ഒരേയൊരു കുറവ്, ഇളയരാജയുടെ പശ്ചാത്തലസംഗീതമാണ്. തൊണ്ണൂറുകള് മുതല് അദ്ദേഹം ചെയ്യുന്ന അതേ സംഗീതം തന്നെ. ചില രംഗങ്ങളില് ചേര്ച്ചയില്ലാതെ ഇടറിക്കൊണ്ടിരുന്നു. ഷമിതാഭ് എന്ന സിനിമ കാണുമ്പോള് കാതലുക്ക് മരിയാദൈ എന്ന സിനിമ വേറൊരു തിരശ്ശീലയില് ഓടുന്നുണ്ടെങ്കില് എങ്ങിനെയുണ്ടാകും? അതുപോലെയുണ്ടായിരുന്നു.
പശ്ചാത്തലസംഗീതത്തില് തൊണ്ണൂറുകളിലെ ഇളയരാജയെ ഉപയോഗിക്കുന്നതിൽ കമലഹാസൻ തന്നെ സാമര്ഥ്യക്കാരന്. ബാല്കിയ്ക്ക് ഇളയരാജയോടൊപ്പം ജോലി ചെയ്യാന് അറിയില്ല (വിരുമാണ്ടിയ്ക്ക് ശേഷം മുംബൈ എക്സ്പ്രസ്സിലെല്ലാം കമല് പോലും തോറ്റുപോയി. ഇളയരാജയെ ഇനിയും സംവിധായകര് കഷ്ടപ്പെടുത്തരുത് എന്ന് തോന്നിപ്പോയി. അദ്ദേഹം ജീനിയസ് ആണെന്നതില് ആര്ക്കും സംശയമില്ല. ഇനി അത് അദ്ദേഹം തന്നെ സ്ഥാപിക്കാനുള്ള കാട്ടായം, അല്ലേ?). എന്നാല് പാട്ടുകള് നന്നായിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് അമിതാഭ് പാടിയ ‘പിഡ്ലീ സീ യാദേന്’ എന്ന പാട്ട്. അമിതാഭും ഇളയരാജയും തകര്ത്തു. ശ്രുതി ഹാസന് പാടിയ ‘സ്റ്റീരിയോഫോണിക്’ പാട്ടും നന്ന്. ശബ്ദത്തില് മനോഹരമായ മോഡുലേഷന് അവര് കൊണ്ടുവരുന്നുണ്ട്.

2 - സിനിമയില് ടിപ്പിക്കല് ബോളിവുഡ് റൊമാന്റിക് ഗുണ്ടുകളെ ബാല്കി കണക്കിന് പരിഹസിക്കുന്നുണ്ട്. പ്രത്യേകിച്ച് യാഷ് ചോപ്രയേയും അദ്ദേഹത്തിന്റെ മകന് ആദിത്യ ചോപ്രയേയും കരണ് ജോഹറിനേയും. അതെന്തിനായിരുന്നെന്ന് സിനിമ കാണുമ്പോള് മനസ്സിലാകും. മഞ്ഞുമലകളില് കഥാനായകിയെ തുരത്തിക്കൊണ്ട് പാടുന്ന റൊമാന്റിക് പാട്ടുകള് അമിതാഭ്, ഷാറൂഖ് ഖാന് എന്നിവരെപ്പോലെയുള്ളവരെക്കൊണ്ട് പാടിച്ചത് അവരാണല്ലോ.

3- തന്റെ അമ്പതാമത്തെ വയസ്സില് ഹീറോ ആയി അഭിനയിക്കുന്നത് അമിതാഭ് നിര്ത്തി. അതിനുശേഷം അഞ്ച് വര്ഷങ്ങള് കഴിഞ്ഞ് അദ്ദേഹം വീണ്ടും ഹീറോ ആയി അഭിനയിച്ച സിനിമകള് ജനം തള്ളിക്കളഞ്ഞു. സ്വഭാവ വേഷങ്ങളില് അപ്പോള് അഭിനയിക്കാനും തുടങ്ങിയിരുന്നു. ലിംഗാ പുറത്ത് വന്ന 2014 ഇല് രജനിയുടെ പ്രായം 64. മഥുരയെ മീട്ട സുന്ദരപാണ്ഡ്യന് എന്ന സിനിമയില് എം ജി ആര് അഭിനയിക്കുമ്പോള് 61 വയസ്സായിരുന്നു. എന്റെ അറിവില് കന്നഡയില് രാജ് കുമാര് ആണ് വളരെ പ്രായം ചെന്നും ഹീറോ ആയി അഭിനയിച്ചിട്ടുള്ളത് (65). തമിഴില് രജനി ഇനി പ്രായത്തിനനുസരിച്ച് വേഷങ്ങള് ചെയ്യാന് തുടങ്ങിയാല് തീര്ച്ചയായും അടുത്ത 15 വര്ഷത്തേയ്ക്ക് അദ്ദേഹം തന്നെ സൂപ്പര് സ്റ്റാര്. രജനിയ്ക്ക് വേണ്ടി നല്ല കഥകള് എഴുതപ്പെടും. വ്യത്യസ്തനായ നടനായി രജനി ചരിത്രത്തില് അറിയപ്പെടും. അദ്ദേഹം അങ്ങിനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

Subscribe Tharjani |