തര്‍ജ്ജനി

ഡോ. എന്‍. വി. മുഹമ്മദ് റാഫി

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

ലേഖനം

പൊതുവിദ്യാഭ്യാസവും കോര്‍പ്പറേറ്റ് അജണ്ടകളും

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം ആരുടെ അജണ്ടയെയാണ് തൃപ്തിപ്പെടുത്തിയത് എന്നതിനെക്കുറിച്ച് പ്രസക്തമായ സൂചനകളാണ് കോഴിക്കോട് മുസ്ലിം കോര്‍പറേറ്റ് മാനേജ്മെന്റായ എം. ഇ. എസ് നടത്തിയ കോളേജ് അദ്ധ്യാപക അഭിമുഖത്തിനിടെ നടന്ന സംഭവം നല്കുന്നത്. ധരാളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത അഭിമുഖത്തിനിടെ പി. എച്ച്. ഡി ബിരുദം അടക്കമുള്ള യോഗ്യതകളുള്ള ഒരു ഉദ്യോഗാര്‍ത്ഥി, തന്നെ ഈ അഭിമുഖത്തിനുമുമ്പ് ഓഫീസില്‍ വിളിച്ചുവരുത്തി കോഴപ്പണം ആവശ്യപ്പെട്ടെന്നും അവര്‍ ആവശ്യപെട്ടത്രയും പണം നല്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ തഴയുകയാണ് ഉണ്ടായത് എന്നും സര്‍ക്കാര്‍, സര്‍വ്വകലാശാലാപ്രധിനിധികള്‍ അടക്കമുള്ള ബോര്‍ഡ് ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം എന്നും വിശദീകരിച്ച ഒരു ലഘുലേഖ വിതരണം ചെയ്തു. കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ചെയര്‍മാന്‍തന്നെ നേരിട്ട് ഇറങ്ങിവരികയും ഇത് ചോദ്യംചെയ്ത്, ലഘുലേഖ ഇറക്കിയ ഉദ്യോഗാര്‍ത്ഥിയായ ഡോക്ടര്‍ വി. അബ്ദുള്‍ലത്തീഫിനെ മാറില്‍ കുത്തിപ്പിടിച്ച് അഭിമുഖത്തിന് പങ്കെടുക്കാന്‍വന്ന അനേകം പേരുടെ മുന്നില്‍ ഗെയ്റ്റില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച കവി മണമ്പൂര്‍ രാജന്‍ബാബുവിനെയും ചെയര്‍മാന്‍ മര്‍ദ്ദിച്ചു എന്നാണ് പോലീസ് കേസ് വന്നിരിക്കുന്നത്.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല എത്തിനില്ക്കുന്ന അധ:പതനമാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഒരുപക്ഷെ, വിദ്യാഭ്യാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് സമാന്തര അധികാരവ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2007 - 08 കാലഘട്ടത്തിലെ കണക്കുപ്രകാരം 9810 കോളജ് അദ്ധ്യാപകരാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ 2125 സര്‍ക്കാര്‍ കോളജ് അദ്ധ്യാപകര്‍ മാത്രമാണ് ഉള്ളത്. [21.77 ശതമാനം]. ബാക്കി വരുന്നവരെ നിയമിച്ചത് കേരളത്തില്‍ മത-ജാതി അടിസ്ഥാനത്തില്‍ സംഘടിച്ചു ശക്തരായ എയ്ഡഡ് മാനേജര്‍മാരാണ്. ഇതില്‍ത്തന്നെ ഭൂരിഭാഗവും കൃസ്ത്യന്‍ കോര്‍പറെറ്റുസഭകള്‍, എസ്. എന്‍. ഡി. പി., എന്‍. എസ്. എസ്., എം. ഇ. എസ് എന്നിവരുടെ കീഴിലാണ്. നിയമനാധികാരവും ശിക്ഷാധികാരവും മാനേജുമെന്റുകള്‍ക്കും ഖജനാവില്‍നിന്നും ശമ്പളം നല്കാനുള്ള ചുമതല സര്‍ക്കാരിലും നിക്ഷിപ്തമാണ്. വര്‍ഷങ്ങളായി നിലനില്ക്കുന്ന ഈ അധികാരങ്ങള്‍ രണ്ടു കൂട്ടരും വെച്ചുമാറാന്‍ തയ്യാര്‍ ആവാത്തതിന്റെ അനന്തരഫലമാണ് ഒരര്‍ത്ഥത്തില്‍ എം. ഇ. എസ് കോളജുകളിലേക്ക് നടന്ന അഭിമുഖത്തിനിടക്ക് ഉദ്യോഗാര്‍ത്ഥിയായ ലത്തീഫിന് ഏല്ക്കേണ്ടി വന്ന മര്‍ദ്ദനം.

രണ്ടു തരത്തില്‍ സാമൂഹികാനീതി ഈ മേഖലയില്‍ നടമാടുന്നുണ്ട്. ഒന്ന് മെറിറ്റിന്റെയും സംവരണതത്വങ്ങളുടെയും അട്ടിമറി. രണ്ട്, അദ്ധ്യാപകരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും മേല്‍ വിവിധരീതിയിലുള്ള മാനേജ്മെന്റ്-കോര്‍പറേറ്റ് അധികാരപ്രയോഗങ്ങള്‍. സംവരണ അട്ടിമറി പരിശോധിക്കുമ്പോള്‍ കേരളത്തിലെ ദളിതരെയും മുസ്ലിങ്ങളെയും മറ്റു ആദിവാസിവിഭാഗങ്ങളെ ഒക്കെയും ഗൈറ്റിനു പുറത്തേക്ക് പിടിച്ചുതള്ളിയ ചരിത്രമാണ് ഈ വിദ്യാഭ്യാസഏജന്‍സികള്‍ക്ക് പറയാനുള്ളത്. 9810 എയ്ഡഡ് കോളജ് അദ്ധ്യാപകരില്‍ 11 പേര്‍ മാത്രമാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍.ദേവസ്വം ബോര്‍ഡിന്റേത് അടക്കം, പല കോര്‍പറേറ്റ് എജന്സികളുടെയും കോളജുകളില്‍ നാമമാത്രമായിപ്പോലും മുസ്ലിങ്ങളോ ദളിതരോ ഇല്ല. മുസ്ലിങ്ങളെ നിയമിക്കേണ്ട എം. ഇ. എസ് ആവട്ടെ പണമില്ലാത്ത മുസ്ലിമിനെ ഗെയ്റ്റിനുപിറകില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുന്നു. യു. ജി. സിയുടെയും കേരളസര്‍ക്കാര്‍ സംവരണതത്വങ്ങളുടെയും പരസ്യമായ ലംഘനം കൂടിയാണിത്. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം എയ്ഡഡ് കോളജ് [ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ]നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യു. ജി. സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. [Order No.630/2005/56].

യൂണിവേര്‍സിറ്റികള്‍ക്ക് യു. ജി. സി നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇങ്ങിനെ പറയുന്നു: കേന്ദ്രസര്‍വകലാശാലകള്‍, ഡീംഡ് യുനിവേര്‍സിറ്റികള്‍, പൊതുഖജനാവില്‍നിന്ന് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ലഭിക്കുന്ന കോളജുകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയിലെ അദ്ധ്യാപകനിയമനങ്ങളില്‍ 15 ശതമാനം എസ്. സി സംവരണവും 7.5 ശതമാനം എസ്. ടി സംവരണവും നടപ്പാക്കേണ്ടതാണ്. നിലവില്‍ ഈ നിയമം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള സര്‍വ്വകലാശാലകള്‍ നിയമത്തില്‍ ഭേദഗതി വരുത്തണം എന്നും നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ കേരളത്തില്‍ ഈ സംവരണമാനദണ്ഡം പാലിക്കാന്‍ മാനേജുമെന്റുകളും, അവരെ അത് പാലിക്കാന്‍ നിര്‍ബന്ധിക്കുന്നവിധം നിയമം കൊണ്ടുവരാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല. മുസ്ലിങ്ങള്‍ക്ക് പതിനൊന്നുശതമാനം സംവരണം സര്‍ക്കാര്‍ നല്കുന്നുണ്ടെങ്കിലും കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ ഇക്കാര്യം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല, നാമമാത്രമായിപ്പോലും മുസ്ലിം ഉദ്യോഗാര്‍ത്ഥികളെ സ്വീകരിക്കാന്‍ പല മാനേജുമെന്റുകളും തയ്യാറായിട്ടുമില്ല. പ്രൊഫ. സി.എ. ഷെപ്പേഡിനെ പോലെയുള്ള അദ്ധ്യാപകരെ വിളിച്ചുകൊണ്ടുവന്ന് നിയമനം നടത്തിയ മാനേജ്മെന്റ് സഭകള്‍ ഇന്ന് സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമനങ്ങള്‍ നടത്താന്‍വേണ്ടി തങ്ങളുടെ ഈ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അങ്ങാടിയിലെ ലേലക്കച്ചവടമായി പല നിയമനങ്ങളും മാറി. ഇങ്ങനെ സാമൂഹികനീതിയും മെറിറ്റും പലവിധത്തിലും അട്ടിമറിക്കപ്പെടുന്നു.

ദളിത് വിഭാഗം നടത്തുന്ന കോളജുകള്‍ അടുത്ത കാലംവരെ കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതും ഓര്‍ക്കണം.കഴിഞ്ഞ വര്‍ഷമാണ് എയ്ഡഡ് മേഖലയില്‍ രണ്ടു കോളജുകള്‍ ദളിത് മാനേജ്മെന്റിന് അനുവദിച്ചത്. 1957 ലെ മുണ്ടശേരിയുടെ വിദ്യഭ്യാസബില്‍ കേരളത്തിലെ വിദ്യഭ്യാസഘടന രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള പഠനസഹായം, മാനേജ്മെന്റുകളുടെ ഏകാധിപത്യഭരണത്തിന്റെ മേലുള്ള നിയന്ത്രണം അദ്ധ്യാപകരുടെ അവകാശസംരക്ഷണം എന്നിവയെല്ലാം വിദ്യഭ്യാസബില്ലിന്റെ സദ്ഫലങ്ങളായി പ്രകീര്‍ത്തിക്കപ്പെട്ടവയാണ്. മാനേജര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ഗ്രാന്റില്‍നിന്ന് തുച്ഛവും നാമമാത്രവും ആയ ഒരു തുക മാത്രം അദ്ധ്യാപകന് വേതനമായി ലഭിച്ചിരുന്ന ഒരു പഴയകാലത്തുനിന്നും അദ്ധ്യാപകര്‍ രക്ഷിക്കപ്പെട്ടെങ്കിലും അയാളെ ശിക്ഷിക്കാനും രക്ഷിക്കാനും ഒക്കെയുള്ള പുതിയ അധികാരിവര്‍ഗ്ഗമായി മാനേജ്മെന്റ് മാറുകയാണ് ഉണ്ടായത് എന്ന് സമീപകാലത്തെ പല സംഭവങ്ങളും പൊതുസമൂഹത്തോട് വിളിച്ചുപറയുന്നു.

തൊടുപുഴ ന്യൂ മാന്‍സ് കോളജിലെ അദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫസര്‍ ജോസഫിന്റെ അനുഭവം ഉദാഹരണം. മതമൗലികവാദികള്‍ താലിബാനിസം നടപ്പാക്കി അദ്ദേഹത്തെ ശിക്ഷിച്ചപ്പോള്‍ ആദ്യം വേട്ടയാടിയത് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍, അവസാനം സര്‍ക്കാരും കോടതിയും കുറ്റവിമുക്തനാക്കിയെങ്കിലും, വിദ്യഭ്യാസ കോര്‍പറേറ്റു സഭ വെറുതെ വിട്ടില്ല. അദ്ദേഹത്തെ രക്ഷിക്കേണ്ട സര്‍ക്കാര്‍, പോലീസ് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍പ്പോയ പ്രൊഫസറെ കിട്ടാതായപ്പോള്‍ മകനെ ഒരു രാത്രി മുഴുവന്‍ പീഡിപ്പിച്ചു; യാതൊരു കുറ്റബോധവും കൂടാതെ. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും മതമൗലികവാദികള്‍ അദ്ദേഹത്തോട് ക്ഷമിക്കുകയും ചെയ്തെങ്കിലും അധികാരം എപ്പോഴും ആരുടെ കൂടെയായിരിക്കും ചേര്‍ന്നുനിന്ന് ചോരകുടിക്കുക എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചുപറഞ്ഞുകൊണ്ട് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാതെ കോര്‍പറേറ്റ് മാനേജ്മെന്റും അദ്ദേഹത്തെ പട്ടിണിക്കിട്ടു.

തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നും പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി പിരിഞ്ഞുപോയത് മാനേജ്മെന്റിന്റെ സ്ഥാപിതതാല്പര്യങ്ങള്‍ക്ക് എതിര്നില്ക്കേണ്ടി വന്നതുകൊണ്ടാണ്. മറ്റൊരു എഴുത്തുകാരനും പ്രഗത്ഭഅദ്ധ്യാപകനും ആയിരുന്ന എം പി പോളും കോളേജ് അദ്ധ്യാപകജോലി ഉപേക്ഷിച്ച് സമാന്തരവിദ്യാഭ്യാസസ്ഥാപനം തുടങ്ങിയത് സമാനമായ അനുഭവം കാരണമായിരുന്നു. പുതിയ കാലത്തും ഇത്തരം പിരിച്ചയക്കലുകള്‍ മാനേജ്മെന്റുകള്‍ അവസാനിപ്പിച്ചിട്ടില്ല. പാഠം മാസികയുടെ പത്രാധിപരും എഴുത്തുകാരനും ആയിരുന്ന പ്രൊഫസര്‍ എസ്. സുധീഷ്, ശ്രീനാരായണ കോളജില്‍നിന്നും പുറത്തായതും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍നിന്നും ഒരു അദ്ധ്യാപകന്‍ പുറത്താക്കപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കേണ്ടിവന്നതും ഇത്തരം ശിക്ഷാനടപടികളുടെ പുതുപതിപ്പുകളാണ്.

സര്‍ക്കാര്‍ വകയില്‍ ഉണ്ടായിരുന്ന കോടിക്കണക്കിനുരൂപ വിലവരുന്ന സ്ഥലങ്ങള്‍ ചില കോളജുകള്‍ക്ക് അക്കാദമിക് ആവശ്യങ്ങള്‍ക്ക് എന്ന നിലയില്‍ ഈയിടെ വിട്ടുനല്കുകയുണ്ടായി. യു. ജി. സിയും വര്‍ഷാവര്‍ഷം വലിയ തുകകള്‍ എയ്ഡഡ് കോളജുകള്‍ക്ക് ഫണ്ടായി നല്കുന്നുണ്ട്. ഗവേഷണവും മറ്റു വികസനപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് പൊതുഖജനാവില്‍നിന്നും വലിയ തുക ഈയിനത്തില്‍ ചെലവഴിക്കുന്നത്. സര്‍ക്കാറില്‍നിന്നും ഇങ്ങിനെ പല വിധത്തിലും ഫണ്ട് കൈപറ്റുകയും നിയമനംനേടിയ അദ്ധ്യാപകര്‍ക്ക് പൊതു ഖജനാവില്‍നിന്നും ശമ്പളം വാങ്ങിനല്കുകയും ചെയ്യുന്ന കോര്‍പറേറ്റുകള്‍ക്ക് സാമൂഹികനീതിയും സുതാര്യതയും നിയമനങ്ങളില്‍ നടപ്പിലാക്കാന്‍ ബാദ്ധ്യതയില്ലേ എന്നുതന്നെയാണ് യു. ജി. സിയുടെ ചോദ്യം. അക്കാദമികമായ അധികാരപ്രയോഗംവരെ നടത്താനും ശിക്ഷിക്കാനുമുള്ള അധികാരം കൈവശംവെക്കുകയും ശമ്പളം സര്‍ക്കാര്‍ നല്കിക്കോട്ടേ എന്ന നിലപാട് സ്വീകരിക്കുന്നത് ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതാണോ എന്നതുതന്നെയാണ് ആവര്‍ത്തിച്ചു വരുന്ന ചോദ്യം.

കോളജുകള്‍ക്ക് സ്വയംഭരണപദവി നല്കുന്നതുമായി ബന്ധപ്പെട്ട് യു. ജി. സി വെക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് നിശ്ചിതശതമാനം പി. എച്ച്. ഡി ബിരുദധാരികള്‍ അദ്ധ്യാപകരായി കോളജില്‍ ഉണ്ടായിരിക്കണം എന്നതാണ്. ഈ പശ്ചാത്തലത്തില്‍ എം. ഇ. എസ് സംഭവത്തെ നോക്കികണ്ടാല്‍ ഒരു കാര്യംകൂടി വ്യക്തമാകും. മാനേജ്മെന്റ് നടത്തുന്ന നിയമനത്തിലെ അനീതിക്ക് മുമ്പില്‍ മെറിറ്റ് പ്രത്യക്ഷത്തില്‍ത്തന്നെ അട്ടിമറിക്കപ്പെടുന്നു. രണ്ടു തരത്തില്‍ ഉള്ള അനീതിയാണ് പി. എച്ച്. ഡി ബിരുധധാരിയായ വി.അബ്ദുള്‍ ലത്തീഫിനോട് എം. ഇ. എസ് മാനേജ്മെന്റ് ചെയ്തത്. ഒന്ന്, ഒരു മുസ്ലിം ആയിട്ടും മെറിറ്റ് ഉണ്ടായിട്ടും ആ ഉദ്യോഗാര്‍ത്ഥിയെ പിടിച്ചു ഗെയിറ്റിനു പുറത്തുതള്ളി. ഈ ധാര്‍ഷ്ട്യം പൊതുഖജനാവിന് നികുതിനല്കുന്ന ഓരോ പൗരന്റെ നേരെയും കാലങ്ങളായി ഉന്നതവിദ്യാഭ്യാസമേഖലയുടെ 80 ശതമാനവും കയ്യടക്കിവെച്ച കോര്‍പറേറ്റ് മാഫിയകള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണ് .

Subscribe Tharjani |