തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

അശുദ്ധിയുടെ പെണ്ണിടങ്ങള്‍

മിക്കവാറും ഹൈസ്കൂളില്‍ വച്ചായിരിക്കും അത് സംഭവിച്ചിട്ടുണ്ടാവുക. ക്ലാസ്സിന്റെ ഇടനേരങ്ങളില്‍ എപ്പോഴെങ്കിലും എന്തോ അസ്വാഭാവികമായി തോന്നി മൂത്രപ്പുരയില്‍ പോയപ്പോഴാണത്. റോസോ അല്ലെങ്കില്‍ നീലയോ പൂവുകള്ക്കിടയില്‍ അപ്രതീക്ഷിതമായി കണ്ട ഒരു ചുവന്ന പൊട്ട്. അല്ലെങ്കില്‍ നീല യൂണിഫോം പാവാടയെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയ ഒരു ചാല്. അറിയാതെ അമ്മേ എന്ന് നിലവിളിച്ചിട്ടുണ്ടാവണം. വിശ്രമമുറിയിലെ ഇരുട്ടില്‍ പോയിനിന്ന് എന്തിനെന്നറിയാതെ വിതുമ്പിയിട്ടുണ്ടാവാം. അമ്മ പറഞ്ഞുതന്ന് എന്തൊക്കെയോ അറിയാം. എന്നാലും ആകെ ഒരു വിമ്മിട്ടം. കരച്ചില്‍ വരുന്നു... കുറെ നേരമായിട്ടും കാണാതെ അന്വേഷിച്ചുവരുന്ന കൂട്ടുകാരികള്‍ എന്തോ കുഴപ്പമുണ്ടെന്നുകണ്ട് ക്ലാസ്സ്ടീച്ചറെ വിളിച്ചോണ്ട് വരും. മറച്ചുവയ്ക്കാന്‍ പറ്റാത്തവിധം വെളിപ്പെട്ട പെണ്മയുടെ രഹസ്യം കണ്ടുപിടിച്ച് ടീച്ചറെന്ന അമ്മ അലിവോടെ ചിരിക്കും. വീട്ടിലെത്തിയാല്‍ ഓടിച്ചെന്നു അമ്മയോട് കാര്യം പറയും. ചെറുചിരിയോടെ അമ്മ പറയും, സാരല്ല്യ. അടുക്കളയില്‍ അടക്കം പറച്ചില്‍.... നാല് നാള്‍ വെയിലുപോലും കൊള്ളരുത്. ഉമ്മറത്തേയ്ക്ക് വരേണ്ട. മുത്തശ്ശിയുടെ സ്വരത്തില്‍ വാത്സല്യം കലര്ന്ന കാര്ക്കശ്യമുണ്ടാവും. അച്ഛനും ചേട്ടനും മുഖംതരാതെ പരുങ്ങും. പട്ടുപാവാടയുമായി അമ്മായിയോ, പലഹാരവുമായി അമ്മൂമ്മയോ കുപ്പിവളകളുമായി ഒരു വല്ല്യേച്ചിയോ വന്നേക്കാം. നാണം കൊണ്ട് സ്വയം മറഞ്ഞുനില്ക്കുമ്പോള്‍ ആ ‘സംഭവം’ അങ്ങനെ കാതുകളില്‍നിന്ന് കാതുകളിലേയ്ക്ക്പകരും.’പെണ്ണ് വയസ്സറിയിച്ചു’..!

സ്വന്തം ശരീരത്തെക്കുറിച്ച് അന്നുവരെയില്ലാത്ത കൌതുകം. അത്ഭുതം.ചായ്പിലെ കട്ടിലില്‍ ആലസ്യത്തോടെ കിടക്കുമ്പോ പഴയസാരിയോ മുണ്ടോ മുറിച്ച ചതുരത്തുണിക്കഷണങ്ങള്‍ തന്നുകൊണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് അമ്മയുടെ ക്ലാസ്സ് ഉണ്ടാവും. ഇടയ്ക്കിടയ്ക്ക് മാറ്റി, വൃത്തിയായി നനച്ച് നല്ല വെയിലത്തുണങ്ങണം.... അച്ഛനോ ചേട്ടനോ കാണാന്‍ ഇടവരാതെ എവിടെങ്കിലും ഒതുക്കി വിരിയ്ക്കണം. അവിടേം ഇവിടേം ഇടാന്‍ പാടില്ല. ഇഴജന്തുക്കള്‍ അതിന്മേല്‍ കേറിയാല്‍ സര്പ്പകോപമുണ്ടാകും. സന്ധ്യയ്ക്ക് മുന്പ് ഉണങ്ങിയെടുത്ത് മടക്കിവയ്ക്കണം. എടുക്കാനെങ്ങാനും മറന്നുപോകുന്ന രാത്രിയില്‍ ദുഃസ്വപ്നം ഉറപ്പാണ്. അയയില്‍ വിരിച്ചിട്ടിരിക്കുന്ന തീണ്ടാരിത്തുണിയില്‍ തൂങ്ങിയാടുന്ന ഒരു കറുത്ത പാമ്പ്... ഞെട്ടിയുണരും. ഉപദേശങ്ങളുടെ നീണ്ടനിര. പഴേപോലെ ഇനി മരം കേറി നടക്കരുത്... ആണ്പിള്ളേരോട് അകന്നുനില്ക്കണം. വല്ല്യ പെണ്ണായി. അടക്കവും ഒതുക്കവും വേണം. നമ്മള്‍ പോലുമറിയാതെ ബാല്യം നമ്മളെ വിട്ടുപോകുന്നത് സങ്കടത്തോടെ നോക്കിനില്ക്കും... അങ്ങനെ, ചെയ്യാത്ത തെറ്റിനുള്ള ഒരു ശിക്ഷപോലെയാണ് ക്ഷണിക്കപ്പെടാത്ത ആ അതിഥി കൌമാരത്തിന്റെ വിഹ്വലതകളിലേയ്ക്ക് കടന്നുവരുന്നത്...

സ്കൂളില്‍ പോകുമ്പോ അമ്മ കടലാസില്‍ പൊതിഞ്ഞു ബാഗില്‍ മടക്കിവച്ച് തന്നിട്ടുണ്ടാവും.... ഇടയ്ക്ക് പാവാട മുന്നോട്ട് പിടിച്ച് വലിച്ച് നോക്കും, കറ പറ്റീട്ടുണ്ടാകുമോ. ഡ്രില്ലിനു വിടുമ്പോ മാഞ്ചോട്ടിലിരുന്നു ഉറ്റ കൂട്ടുകാരികളോട് ആ രഹസ്യം പങ്കുവയ്ക്കും. അപ്പോള്‍ കേള്ക്കാം, പല തരത്തിലുംപെട്ട പൊടിപ്പും തൊങ്ങലും വച്ച ആര്ത്തവാനുഭവങ്ങള്‍. ഇതുവരെ ‘ആകാത്ത’ ചിലരുടെ ആശങ്കകള്‍. നിഷ്കളങ്കമായ ആശ്വസിപ്പിക്കലുകള്‍... മറ്റുചിലര്‍ ‘ആര്ത്തവരോഗികള്‍’ ആണ്. വയറുവേദന, തലകറക്കം, വിളര്ച്ച, ഛര്ദ്ദി.... മാസത്തിലെ ചില ദിവസങ്ങളില്‍ ക്ലാസ്സിലുണ്ടാവില്ല. വന്നാലും അസ്സംബ്ലിസമയങ്ങളില്‍ ക്ലാസ്സിലെ ബെഞ്ചില്‍ തലവച്ചു കിടക്കുന്നുണ്ടാവും. പിന്നെ ഒരുപക്ഷെ കുറെനാള്‍ അനക്കമൊന്നുമുണ്ടാവില്ല. ഒടുവില്‍ കാത്തിരുന്നു കാത്തിരുന്ന് ഉത്സവം ആകുമ്പോ വീണ്ടും. മുത്തശ്ശിയെ കൂട്ടിനിരുത്തീട്ട് എല്ലാരും അമ്പലത്തില്‍ പോകും. കൊടിയേറ്റിന്റെ ശബ്ദവും കാതോര്ത്ത് കരഞ്ഞുകൊണ്ട് കിടക്കും. ആ സങ്കടം ഉത്സവത്തിന് പോകാന്‍ പറ്റാത്തതില്‍ മാത്രല്ല.’എന്താ മോള് വരാത്തെ’ എന്ന ചോദ്യത്തിന് അവള് പുറത്താ എന്ന് അമ്മ പറയുന്നതിലെ നാണക്കേടോര്ത്താണ്.! ഏഴു കുളിച്ചാല്‍ കേറാമെന്നു അമ്മയുടെ ആശ്വാസവാക്കുകളുണ്ടാകും. ആറാട്ടിന് പോകാല്ലോ എന്നോര്ത്തു സന്തോഷിച്ചിരിക്കുമ്പോഴായിരിക്കും, പന്ത്രണ്ട് രാത്രിയുടെ വകുപ്പും പറഞ്ഞു ചില പാരകള്‍ വരുന്നത്.... മനസ്സില്‍ പ്രാകും. ഇതേ ഗതിയാണ് പുത്തന്‍ ഉടുപ്പും തയ്പിച്ചുവച്ച് കാത്തിരുന്ന ചില കല്യാണങ്ങള്ക്കും. ’ഏത് വിശേഷം വന്നാലും അവക്ക് ‘ഇതാണ്’ എന്ന് ചില അസത്ത് കാര്ന്നോത്തികള് കുത്തും... ഇതിപ്പോ നമ്മള്‍ മനഃപൂര്‍വ്വം’ ചെയ്യുന്ന പോലാ.... ശോ.... പെണ്ണായി ജനിക്കേണ്ടായിരുന്നു..

കോളേജില്‍ എത്തുമ്പോഴേക്കും അനിവാര്യമായ പെണ്ണറിവുകളുടെ ഭാഗമായി, ഒരു വിഷയമേ അല്ലാതായി ഇതും മാറിയിട്ടുണ്ടാകും.. തുണിയ്ക്ക് പകരം പാഡിന്റെ പരിഷ്കാരം വരും. ബസ്സ് യാത്രയും പ്രാക്ടിക്കല്‍ ലാബുകളും അപ്പോഴും ദുഃസ്വപ്നങ്ങളാകും. കോളേജിന്റെയും ഹോസ്റ്റലിന്റെയും ബാത്ത് റൂമുകളിലെ രഹസ്യഅറകള്‍, കടലാസില്‍ ചുരുട്ടിയെറിയുന്ന പാഡുകളെ വിഴുങ്ങി മടുപ്പിക്കുന്ന മണത്തോടെ എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കും.

വീടിന്റെ താഴെയുള്ള വയലിനക്കരെ കാവിത്തോടാണ്. നാട്ടിലെ തീണ്ടാരിത്തോടാണത്. അമ്പലക്കുളത്തില്‍ പ്രവേശനം നിഷിദ്ധമായ ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ വല്യ തുണിക്കെട്ടുകളുമായി തോട്ടിലേയ്ക്ക് പോകും. പല നിറത്തിലും തരത്തിലും ജാതിയിലും മതത്തിലുമുള്ള പെണ്ണുങ്ങളുടെ ആര്ത്തവരക്തം ഒന്നുചേര്ന്ന് കാവിത്തോട് ചുവന്നുതുടുത്ത് മീനച്ചിലാറ്റിലേയ്ക്കൊഴുകും... അത്രയ്ക്കും 'ഫെമിനിന്‍' ആയ ഒരു സ്ഥലം ഞാന്‍ വേറെ കണ്ടിട്ടില്ല. അവിടുത്തെ കാറ്റിനുതന്നെ പെണ്ണിന്റെ മണമാണ്. തോടിനോട് ചേര്ന്നുള്ള കൈതക്കാട്ടില്‍ സര്പ്പങ്ങളും ഒളിഞ്ഞുനോട്ടക്കാരും ഒരുപോലെ പതുങ്ങും. വരമ്പിലൂടെ കൊയ്യാന്‍ ചിലര്‍ പോകുന്നുണ്ടാകും... അതുകൊണ്ട് നാണം അറിഞ്ഞു തുടങ്ങിയപ്പോള്‍ കുളിമുറിയിലെ ഇത്തിരി വെള്ളത്തിലേയ്ക്കൊതുങ്ങി കുളി. അപ്പോഴും അമ്മയോടൊപ്പം വെറുതെ തോട്ടില്‍ പോകും.... മോട്ടര്‍പുരയുടെ തിണ്ണയിലിരുന്നുകൊണ്ട് നെല്ല് കൊറിയ്ക്കും. തോടിനോടുചേര്ന്ന് കൈതക്കാട്.... പിന്നെ കോളാമ്പിപ്പൂവ് വളര്ന്നുനില്ക്കുന്ന കമ്പിവേലിയും കൊച്ചുപറമ്പും കഴിഞ്ഞാല്‍ കാവായി. ഇടയ്ക്ക് ഭഗവതിയമ്പലത്തിന്റെ മതില്ക്കെട്ടിലേയ്ക്ക് പേടിയോടെ ആരുമറിയാതെ പാളിനോക്കും. അകത്ത് ഭഗവതിയുണ്ട്. പുറത്തായവര്‍ നോക്കിയാലും അശുദ്ധിയുണ്ടോ? ദേവിയും പുറത്താവില്ലേ? സംശയങ്ങള്‍ ഒരുപാടുണ്ടാവും. പക്ഷെ ചോദിക്കാന്‍ പേടിയാണ്..

പിന്നീട് കേള്ക്കുകയുണ്ടായി ദേവി തൃപ്പൂത്താവുന്ന കഥകള്‍. പന്ത്രണ്ടു ദിവസത്തേക്ക് ദേവിക്ക് അശുദ്ധി. അശുദ്ധികാരണം നടയടച്ചു ദേവി മാറിയിരിക്കും. ശുശ്രൂഷിക്കാന്‍ ഒരു തോഴിയെയും തിരഞ്ഞെടുത്ത് ദേവിക്ക് കൂട്ടിരുത്തും. എത്ര കൌതുകകരമാണ്! സര്‍വ്വശക്തയും ലോകജനനിയുമായ ഭഗവതി, ഒരു സാധാരണപെണ്ണിന്റെ എല്ലാ അസ്വസ്ഥതതകളോടെയും മാനസികാവസ്ഥകളോടെയും ക്ഷീണത്തോടെയും വികാരവിചാരങ്ങളോടെയും തന്റെ എല്ലാ പ്രൌഢിയും മാറ്റിവച്ച് സാധാരണക്കാരിയായ ഒരു തോഴിയുടെ സ്നേഹശുശ്രൂഷയില്‍ .... ദേവതേജസ്സും ശക്തിയുമെല്ലാം അഴിച്ചുവച്ച് പന്ത്രണ്ട് ദിവസങ്ങള്‍.. ചുവന്ന പട്ടുടുത്ത്, സമൃദ്ധമായ മുടി അഴിച്ചിട്ട്, ആര്ത്തവത്തിന്റെ ആലസ്യത്തോടെ, കൈതാങ്ങി ഒരു വശം ചെരിഞ്ഞുകിടന്ന്, സ്ത്രീത്വത്തിന്റെ പൂര്ണ്ണമായ ഐശ്വര്യത്തോടെയും തേജസ്സോടെയും പുഞ്ചിരിച്ചുകൊണ്ട് വാത്സല്യത്തോടെ തോഴിയെ നോക്കുന്ന ദേവി.. ആത്മനിര്‍വൃതിയോടെ ദേവിയെ ശുശ്രൂഷിച്ചുകൊണ്ട് തന്റെ സങ്കടങ്ങള്‍ പറയാതെ പറയുന്ന തോഴിയെന്ന സാധാരണസ്ത്രീ.. പെണ്ണിന് മാത്രം മനസ്സിലാകുന്ന പെണ്ണിന്റെ മനസ്സ്..

ആര്ത്തവം എന്നത് പെണ്ണ് സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒന്നല്ല. അവളുടെ അനിവാര്യവും അനിയന്ത്രിതവുമായ ശാരീരികമായ ഒരു അവസ്ഥയാണ്. ആ സമയത്തെ മാനുഷികപരിഗണന അവളുടെ അടിസ്ഥാനപരമായ ആവശ്യവും. അറിയാതെ വെളിവായാല്‍ പരിഹാസ്യയാകാവുന്ന, കൌമാരം മുതല്‍ കൂടെയുള്ള ഒരു രഹസ്യമാണ് അവള്ക്ക് ആര്ത്തവം, ഇന്നും. മെഡിക്കല്‍ഷോപ്പുകളില്‍ ചെന്ന്, ആളൊഴിയുന്നത് കാത്തുനിന്ന് രഹസ്യമായിമാത്രം പറഞ്ഞുവാങ്ങുന്ന ഒരു അവശ്യവസ്തുവാണ് അവള്ക്ക് സാനിട്ടറിപാഡുകള്‍.... തുണിക്കടകളിലെ തിളങ്ങുന്നചില്ലുകൂട്ടില്‍, ചോരയില്‍ കുതിരുന്ന അടിവസ്ത്രങ്ങളുടെ നനവിനെയോര്ത്ത് വിളര്ത്ത്, ഇരിക്കാനോ ബാത്ത് റൂമില്‍ പോകാനോ ആകാതെ മണിക്കൂറുകളോളംനിന്ന് തളര്ന്ന് ജോലിചെയ്യുന്ന സ്ത്രീകളും മനുഷ്യര്‍ തന്നെയാണ്. ദീര്ഘയാത്രകള്ക്കിടയില്‍ വൃത്തിയുള്ള ഒരു മറപ്പുരപോലും ലഭ്യമല്ലാതെ ‘ആ ദിവസങ്ങളുടെ’ വേദനകളും വേവലാതികളും കൊണ്ട് വാടിയ മുഖത്തോടെ ഒതുങ്ങിനില്ക്കുന്ന പെണ്ണ് മകളും സഹോദരിയും ഭാര്യയും അമ്മയും സുഹൃത്തുമൊക്കെയാണ്. അണുബാധയും അസുഖങ്ങളും പലപ്പോഴും അനിവാര്യമായ ഈ ശാരീരികാവസ്ഥയെ ആരോഗ്യപരമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമല്ലാത്തത് കൊണ്ടുമാത്രം അവളിലേയ്ക്ക് എത്തുന്നതാണ്. പൊതുഇടങ്ങളില്‍നിന്നും അവളെ ഒഴിപ്പിക്കാനല്ല, അതിനു ശ്രമിക്കുന്ന മുഷിഞ്ഞ വ്യവസ്ഥിതികളെ, (അത് ഏത് ദൈവത്തിന്റെ പേരിലാണെങ്കിലും) ആട്ടിയോടിക്കാനാണ്, വിദ്യാസമ്പന്നമായ ഒരു സമൂഹം പ്രബുദ്ധരാവേണ്ടത്.

Subscribe Tharjani |