തര്‍ജ്ജനി

അരുണ്‍ എം ശിവകൃഷ്ണ

Visit Home Page ...

കവിത

ഉപേക്ഷിക്കപ്പെട്ടവന്റെ ഉപന്ന്യാസം

മറവിയൊരു നേര്ത്ത തണലാണ്.
കറുകറുത്ത നേരിന്റെ
കനത്ത ചൂടില്‍നിന്ന്
കാല്പനികതയുടെ മായയിലേക്കൊരു
ചാഞ്ചാടും നൂല്പാലം പോലെ..

മൌനത്തിന്റെ നിറമെന്തെന്നത്
വഴിയിലുപേക്ഷിക്കപ്പെട്ടവന്റെ
ഉത്തരം മുട്ടിച്ച ചോദ്യം.
എന്‍ മനം ഇന്നും പേറുന്ന
നിന്‍ തനുവിന്റെ നിറമെന്നു
പറയാതെ ഓര്ത്തൊരുത്തരം..

നിലാവുപോല്‍ നിനവുകള്‍
കിനാവുപോല്‍ നിഴലുകള്‍
ഓര്മ്മയെന്നത് ചിലപ്പോള്‍
മറവികള്ക്കിടയിലെ ദൂരമത്രേ

വഴിയേറെ ബാക്കിയാണ്
ഇരുള്‍ മൂടും സമയമാണ്
പുനരൊരു പിന്‍വിളി
നനഞ്ഞ നിഴല്‍പ്രാവിന്റെ
പതിഞ്ഞ കുറുകല്‍ പോലെ
വിറച്ചു വേച്ചു ഇഴഞ്ഞിറങ്ങി
കൊഴിഞ്ഞകന്നൂ മൂകമായ്..

Subscribe Tharjani |