തര്‍ജ്ജനി

എം. എ ധവാന്‍

Visit Home Page ...

കഥ

ഉദരാര്‍ത്തി

എനിക്ക് വേണ്ടി ആണ് ഈ കട ഒഴിച്ച് ഇട്ടിരിക്കുന്നത്, അതും ഇതുപോലെ ഒരു ചെറിയ നഗരത്തിന്റെ നടുവില്‍. നന്ദി പിന്നിലെ കബറിസ്താനു പറയണം, ചുറ്റുമുള്ള കാടിന് പറയണം, മേലേന്ന് പൊളിഞ്ഞ ഞാലിക്ക് പറയണം. ആ പൊളിഞ്ഞ വരാന്തയില്‍ ഈച്ചയേയും ആട്ടിക്കൊണ്ട് ഇരുപ്പ് ആണ്. ഇടക്കു തോന്നും ഈച്ച ഒക്കെ പ്രജയും നമ്മള്‍ ദൈവവും ആണെന്ന്. എത്ര ആട്ടിയിട്ടും വീണ്ടും വീണ്ടും തിരിച്ചു വരുന്ന പ്രജ. നമ്മളെ ദൈവം ആട്ടിപായിച്ചാലും നമ്മള്‍ വീണ്ടുംപോയി കുമ്പിടില്ലേ. അതു പോലെ ഒന്ന്.

അല്ല, ഈച്ച നമ്മുടെ ബാപ്പയെപ്പോലെ ആണൊ? ഒരു സ്ഥലത്തും വെറുതെ ഇരിക്കാന്‍ വിടാതെ സദാ ചൊറിഞ്ഞുകൊണ്ടിരിക്കാന്‍? ആഹ്‌, എന്തെങ്കിലും ആകട്ടെ, എന്ത് ആയാലും ഈച്ചയെ കൊല്ലാന്‍ മലക്കുല്‍ മൗത്ത് അസ്രായീല്‍ വല്ലാണ്ടു പാടുപെടുന്നുണ്ടാകും. ഈച്ചക്കു ഭയങ്കര വേഗതയാണ്. ഈച്ചയുടെ ഒക്കെ പ്രതികരണ ശേഷിയായിരുന്നു നമ്മള്‍ മനുഷ്യര്‍ക്കു കിട്ടേണ്ടത്. നമ്മള്‍ മനുഷ്യര്‍ക്ക്‌ പൊതുവെ വേഗത കുറവാണു. ആയുസ്സൊക്കെ ജീവിച്ചുതീര്‍ക്കാന്‍ ഇതെന്തോരം സമയമാണ് വേണ്ടത്‌.

ഡും!

ഒരു പന്തു മോന്തയ്ക്കു വന്നു അടിച്ചു കാലില്‍ വന്നു വീണു, കാലില്‍ വീണാല്‍ അപ്പൊത്തന്നെ മാപ്പ്‌ കൊടുക്കണം എന്ന് ആണല്ലൊ. മാപ്പു കൊടുത്തു. നോക്കുമ്പോ ഇച്ചിരി മാറി പന്തിന്റെ ഉടമസ്ഥന്‍ എന്നു തോന്നിക്കുന്ന രണ്ടു കുരുന്നുകള്‍ നില്‍ക്കുന്നു. നമ്മള്‍ ഒക്കെ നടോടികള്‍ എന്നു വിളിക്കുന്ന, എല്ലാ നാട്ടില്‍നിന്നും ഓടിക്കപ്പെടുന്ന തെണ്ടിവര്‍ഗ്ഗത്തിലെ രണ്ടു കുട്ടികള്‍. മൂത്ത പെണ്കുട്ടിയുടേതല്ല അനിയന്റേതാണ് പന്ത്‌. അവള്‍ ആ പയ്യനെ കണക്കിനു വഴക്ക്‌ പറയുന്നുണ്ട്‌, ഞാന്‍ കേള്‍ക്കാന്‍വേണ്ടി പറയണതാണ് എന്ന് തോന്നി. അവള്‍ക്കു ഒരു എട്ട് വയസ്സ്‌ കാണും, അനിയന്‍ ചെക്കന് അത്രയൊന്നും കാണില്ല. പെണ്ണ് കറുത്തിട്ടാണേലും, അവളുടെ മുഖത്ത്‌ മണ്ണുള്ളോണ്ടു ഇരുനിറം ആയിട്ടുണ്ട്‌. അല്ലേലും നാട്ടിലെ തെണ്ടികള്‍ ഒക്കെ പണ്ടേ കറുത്തിട്ടാണ്. ദൈവത്തിനു വെളുത്തവരോട് ആയിരിക്കണം സ്നേഹം.

അവള്‍ക്ക് അനിയന്‍ ചെക്കന് ഒരിക്കല്‍ക്കൂടി അങ്ങനെ ഒരു പന്ത്‌ ഒപ്പിച്ച്‌ കൊടുക്കാനുള്ള ആവതില്ല. അതോണ്ടു പേടിച്ചിട്ട്‌ ആണേലും അടുത്തുവന്നു.

"മന്നിച്ചിടിങ്കെ സര്‍"

ഞാന്‍ പന്തെടുത്ത് ആ ചെക്കനു കൊടുത്തു. അനിയന്‍ പയ്യനു ഒരു കൂസലും ഇല്ല, അവനു താന്‍ തെണ്ടി ആണ്, തെണ്ടാത്ത ബാക്കി എല്ലവരേയും പേടിക്കണം എന്ന വിവരം ഇല്ല. അവക്കു പേടി ആയിരുന്നു, ഞാന്‍ ചിരിച്ചു അവളെ നോക്കി.

ഒരു ചിരിക്ക് എന്താണു തിരിച്ച് കൊടുക്കാന്‍ കഴിയുക? അവളും ചിരിച്ചു.., പക്ഷേ ആ ചിരി പകുതിക്ക് നിര്‍ത്തിയിട്ട് വലിഞ്ഞ ചുണ്ടുകളെ നേരെ ആക്കി, ഹേയ് ഈ ചിരി ഒന്നും നമുക്ക് ഉള്ളത് അല്ല, മനുഷ്യര്‍ നമ്മളോട് ഒന്നും ചിരിക്കില്ല എന്ന ഭാവത്തില്‍ അവള്‍ അനിയനെയും എടുത്തോണ്ട് പോയി.

പാതിയില്‍ നിര്‍ത്തിയ ചിരി എന്റെ ഏതോ വൃണത്തില്‍ തോണ്ടിയാണ് പോയത്. ആരാണ് ചിരിക്കാന്‍വരെ രണ്ടാമത് ചിന്തിക്കേണ്ട ലോകത്തെ ഉണ്ടാക്കുന്നത്? തകഴി പറഞ്ഞത് പോലെ ഈ തെണ്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഏതാണ്?

നീ ഒക്കെ തന്നെ ആണ് ആ യന്ത്രം എന്ന്. അതെ നമ്മുടെ ഒക്കെ ധൂർത്തിന്റെ, തഴയുടെ, മുഴ ആണ് പിച്ചക്കാർ. ട്യുമര്‍.. നീ ഒക്കെ നിന്റെ അഞ്ചും ആറും വയസ്സിൽ , സ്കൂളിൽ കൊണ്ടുപോയ ഭക്ഷണം തിന്നാണ്ട്, ഉമമ കാണാതെ എവിടെ കളയും എന്ന് ചിന്തിക്കുകയായിരുന്നു. അതെ, സത്യമാണ്.

ആദ്യം ഇവിടെ തൊഴിലാളികൾ ഒക്കെ തെണ്ടികൾ ആയിരുന്നു. മുതലാളി തരുന്ന ഭിക്ഷയിൽ അന്നം കണ്ടവർ. പിന്നെ കമ്മ്യൂണിസം വന്നു. മുതലാളിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ മെംബർഷിപ്‌ എടുത്തു. തൊഴിലാളികൾക്ക് അന്തസ്സ് വന്നു, നല്ലത് തന്നെ. പക്ഷെ എവിടെയോ തൊഴിലിന്റെയും ഭക്ഷണത്തിന്റെയും നടുക്ക് കുറേ പാവങ്ങൾ തെണ്ടികളായി തന്നെ തുടർന്നു. നമ്മൾ നമ്മളെ ന്യായീകരിക്കാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തും. ഭിക്ഷയും വേശ്യാവൃത്തിയും അന്തസ്സ് ഉളള തൊഴിൽ അല്ലത്രേ? ഒന്ന് ചോദിക്കട്ടെ, പണക്കാരന്റെ മകൻ ആയോണ്ട് മാത്രം പണിക്കേ പോകാത്തവരും, ഇന്ന് പണിക്ക് പോയില്ലേൽ കഞ്ഞി കുടിക്കാൻ കഴിയും എങ്കിൽ നാളെ കൂടി പണിക്ക് പോകാത്ത ഞാനും, പെണ്ണ്‍ ആണേൽ പണിക്കേ പോകാൻ നിർബന്ധിക്കാത്ത സമൂഹവും ഒക്കെ കൂടിയാണോ ഒരു ഉപാധിയും ഇല്ലാത്തോണ്ട് ഇരക്കാൻ ഇറങ്ങിയവരുടെ അന്തസ്സ് അളക്കുന്നത്? ശരിക്കും ഈ പിള്ളേരുടെ ഒക്കെ ഭിക്ഷ ആണ് നമ്മുടെ ഒക്കെ ബാല്യം.

ദൈവത്തിനു വേണേൽ എല്ലാവരെയും ഒരേ പോലെ സൃഷ്ടിക്കായിരുന്നു. ഒരേ നിറത്തിൽ ഒരേ നിലവാരത്തിൽ. പക്ഷേ ചെയ്തില്ല. അങ്ങേർ ആഗ്രഹിക്കാത്ത സമത്വം നമ്മൾ മനുഷ്യർ ആണോ ആഗ്രഹിക്കുക?

മതി തിളച്ചത്, കുമിള ഉണ്ടാക്കിയത് കൊണ്ട് ആരും ചായ കുടിച്ചിട്ടില്ല. ചായ കുടിക്കിൻ.

മുന്പും അവളെ ഞാൻ കണ്ടിട്ടുണ്ടാവും, പക്ഷെ, അന്നു മുതൽ ആണ് ഞാൻ അവളെ കാണാൻ തുടങ്ങിയത്. അവക്ക് എപ്പോഴും 'അയ്യോ എന്നെ നോക്കല്ലേ' എന്ന ഭാവം ആണ്. ആ പകുതിക്ക് പിൻവലിച്ച ചിരി മുഴുവിപ്പിക്കണം എന്ന ആഗ്രഹം അതിന്റെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ച് കൊണ്ടേ യിരുന്നു. അവളുടെ കൂട്ടുകാർക്ക് ഒന്നും അധികം കിട്ടാത്ത സാധനം ആയിരുന്നു മനുഷ്യന്റെ ചിരി. ചിരി എന്നാൽ ജനാധിപത്യ വൽക്കരിക്കപ്പെട്ട പാപം ആണ്. ചിരിക്കുന്നതും അതെ, ചിരിക്കാതെ ഇരിക്കുന്നതും അതെ. അവൾ എന്റെ ഓരോ ചിരിയേയും കൂടുതൽ കൂടുതൽ ഭയത്തോടെ നോക്കി.

ഒരു ദിവസം അന്നം തേടിക്കൊണ്ട് കുറെ കൈകൾ മുന്നിൽ വന്നു. അന്നം ഉള്ളവൻ ഒക്കെ സമ്പന്നൻ ആണ്. നമ്മൾ ഒക്കെ ഇന്നതൊക്കയെ തിന്നാൻ ഉള്ളു എന്ന് പറഞ്ഞ് ദാരിദ്ര്യം പറയുന്നവർ. നമുക്ക് വിശപ്പ് എന്ന് പറഞ്ഞാൽ രുചി ആണ്,വിശപ്പ് എന്ന് പറഞ്ഞാൽ വിശപ്പ് മാത്രം ആയ കുറെ കൈകൾ ആണ് മുന്നിൽ ഉള്ളത്. അതിൽ ഒരു കൈ മാത്രം പിറകോട്ട് വലിഞ്ഞു. ആ കൈ ഞാൻ പിടിച്ചു.

"നിനക്ക് എന്തിന് ആണ് എന്നെ പേടി?"

"ഭയം"

"നാൻ പിച്ചക്കാരി അല്ലെയാ സാർ"

"കുട്ടി, നാൻകൂടെ പിച്ചക്കാരൻ താ, നീ ഊരുക്കിട്ടെ പിച്ചൈ എടുക്കിറെൻ നാൻ വീട്ടിക്കു ഉള്ളയെ എടുക്കിറെൻ, അവ്ലോ താ"

"നിന്റെ പേര് എന്താണ്?"

"മൊഴി"

മൊഴി, നല്ല പേര്. സമൂഹത്തിൽ ശബ്ദം ഇല്ലാത്തവർക്ക് ഇടാൻ പറ്റിയ പേര്. അവൾ അപ്പന്റെ കൂടെയാണ് അനിയനെയും കൂട്ടി ഈ സംഘത്തിൽ വന്നത്. അമ്മ ജീവനോടെ ഉണ്ട്,പക്ഷെ വേറെ ആരുടെയൊക്കെയോ അമ്മ ആണത്രേ. അമ്മ വേറെ ഏതോ സംഘത്തിൽ അന്നം കൂടുതൽ വിളമ്പുന്നത് കണ്ട് പായും എടുത്ത് പോയി. എല്ലാ സുഖങ്ങളും ഉണ്ടായിട്ടും തെറ്റ് ചെയ്യുന്ന നമ്മൾ, സുഖങ്ങൾ എന്താണ് എന്നറിയാൻ വേണ്ടി തെറ്റ് ചെയ്യുന്നവരെ എന്തു പറയാൻ?.

അവളെ ദിവസവും ഞാൻ കണ്ടു,അവക്ക് ഒരിക്കലും കഥ പറയാനോ നിൽക്കാനോ സമയം ഉണ്ടായിരുന്നില്ല.

"അണ്ണാ ഉങ്കക്കിട്ടെ നൂറു റൂപാ ഇറിക്കാ, അപ്പടീണാ പേസലാം, പളകളാം"

"ബെസ്റ്റ്, എങ്കിട്ടെ അവളോ കാ ഇരുന്താ നാ ഇങ്കെ ഇരിക്കുമാ? ഉങ്കിട്ടെ പേസുമാ? അമ്മാ താഴേ, നാമെല്ലാം തൊഴിൽ കിടക്കലെ എന്ട്ർ സൊള്ളി പുളൈക്കിര ഇനം താ"

"ഉങ്കളെയെല്ലാം യാരും തിട്ടമാട്ടീങ്ക്ലാ? നമ്മെയെല്ലാം ഇന്ത തൊഴിൽ സെയ്യറതുക്കേ തിട്ടറ ജനം, തൊഴിലേ സെയ്യാത്ത ഉങ്കലെ ഒന്നും തിട്ടമാട്ടെങ്കളാ?"

"നിന്റെ ആ പുനിതമാന തൊഴിൽ ചെയ്യാണ്ട് ഇരിക്കാൻ ഉനക്ക് എവ്ലോ പണം വേണം?"

"നൂറു രൂപാ ഒരു നാളുക്ക്"

"അമ്മേ! പാക്കലാം"

"അണ്ണാ എനക്ക് സുമ്മാ ഇരിക്കറുതുകക്ക് നൂറു രൂപാ വേണം. അപ്പോ ഉങ്കളെ മാതിരി പെരിയവർക്ക് എവ്ലോ വേണം?"

"എനിക്ക് ഒരു രൂപാ വരെ വേണ്ട മോളേ"

"അപ്പോ നാനാ നീങ്കളാ, യാരിതിൽ നിജമാന ഏളയ്‌?"

അതൊരു ചോദ്യം ആണ്. വെറുതെ ഇരിക്കാൻ വരെ പണം വേണ്ട അവളോ, പണമേ വേണ്ടാത്ത ഞാനോ? ആരാണ് ദരിദ്രൻ?

അവൾക്കു ദിവസവും ഇരന്ന് നൂറു രൂപാ എങ്കിലും പെരിയമ്മക്കു കൊടുക്കണം, അവളുടെ സംഘത്തിലെ പെരിയമ്മക്ക്. അതിൽ കൂടുതൽ മിച്ചം വെക്കുന്നത് എപ്പോഴേലും വരുന്ന അപ്പനും. മൂന്നു കൈകൾ ദൈവത്തിനു അല്ല പിച്ചക്കാർക്ക് ആണ് വേണ്ടത് എന്ന അവൾ പറഞ്ഞു. പിച്ചക്കാർക്ക് ആകെ ഉള്ള രണ്ടു കൈയിൽ ഒന്നിൽ സിമ്പതി എടുത്തു വെക്കണം, മറ്റേതിൽ എമ്പതി വീഴാൻ ഉള്ള പാത്രം വേണം. അതായിരിക്കും അവൾ അങ്ങനെ പറഞ്ഞത്.

ആകെ അഞ്ചോ പത്തോ മിനിറ്റ് ആണ് എനിക്ക് അവളെ കിട്ടുക. അവൾക്ക് എട്ടു വയസ്സിന്റെ ചിന്തയോ നാവോ അല്ല. താനേ സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപേ അവൾ അവളോട്‌ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിക്കാണും. ഉത്തരങ്ങൾ തിരഞ്ഞു കൊടുക്കാൻ ആരും ഇല്ലാത്തതുകൊണ്ട് കുറെ ഉത്തരങ്ങളിൽ അവൾ തന്നെ എത്തി. സമൂഹത്തിനു ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി ജീവിച്ച ഏതോ ഒരു പാവം ആണ് ഇന്നാട്ടിലെ ആദ്യത്തെ പിച്ചക്കാരാൻ എന്ന് ഞാനും അവളും കണ്ടെത്തി. "സമൂഹം നമുക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി ജീവിക്കണം" ഞാൻ പറഞ്ഞു. അവൾക്ക് ഒന്നും മനസ്സിലായി കാണില്ല.

ഒരു ദിവസം രണ്ട് മുട്ടായി വാങ്ങി അവൾ എനിക്ക് കൊണ്ടുതന്നു.

"ചിന്നനെ കൂട്ടി വരാം, ഇന്ത ചോക്ലൈറ്റ് രണ്ടും അവനു കൊടുക്കണം"

"ങേ, അത് നിനക്ക് തന്നെ അങ്ങ് കൊടുത്താൽ പോരെ?"

"അല്ലാ, അവനിക്കാകെ സിലപേർ ഇരിക്കാങ്കെ എന്ന് അവനു പുരിയണം"

ഞാൻ ചെറുത് ആണു കുട്ടി, എന്നെ ഇനിയും ചെറുതാക്കരുത്.

പിറ്റേന്ന് സർട്ടിഫിക്കറ്റ് ഒക്കെ ഉക്കത്ത് വെച്ച് ഞാൻ കല്ല്‌ കടത്താൻ പോയി. അറുന്നൂറു രൂപാ കിട്ടി. അഞ്ഞൂറു രൂപാ അവൾക്കു കൊടുത്തു. ഞാനും അവളും ആ പൊളിഞ്ഞ കടയുടെ പിറകെ ബാക്കി നൂറു രൂപയും വെച്ച് അഞ്ച് ദിവസം വെറുതെ ഇരുന്നു. അവൾക്ക് മൂന്നു നേരം ആണ് ഭക്ഷണം എന്ന് അറിയത്തില്ല. എനിക്ക് അറിയാം, പക്ഷെ, എന്റെ ഭക്ഷണം വേറെ ആരുടെയോ വിശപ്പ് ആണ് എന്നും ഇപ്പോ അറിയാം.

"എന്ത് കൊണ്ടാണ് നിങ്ങൾ ഒക്കെ വയറു നിറയെ ഭക്ഷണം കഴിക്കാത്തത്? അടുത്ത നേരവും ഭക്ഷണം കിട്ടും എന്ന ഉറപ്പ് ഉള്ളത് കൊണ്ടല്ലേ?" എനിക്ക് പിന്നെ വിശന്നില്ല.

ഞാൻ ഇടയ്ക്ക് പണിക്ക് പോകും.പിന്നെ ആ പണവും വെച്ച് നമ്മുടേത്‌ മാത്രമായ ആ ചെറിയ വലിയ ലോകത്തേക്ക് പോകും. അവൾക്ക് ഞാൻ ഒരു പുതിയ ലോകം ആണ്, എനിക്കും. എങ്കിലും എനിക്ക് അവളുടെ ലോകത്തേക്ക് പോകാൻ ആണ് തോന്നിയത്.

ഇടയ്ക്ക് അവൾ പറഞ്ഞു

"അടുത്ത ജന്മത്തിൽ ഉൻ പൊണ്ണായി പിറക്കണം...,വേണ തംഗയാവേ പുറക്കട്ടും"

അവൾക്ക് മാതാപിതാക്കളുടെ സ്നേഹത്തിൽ ഉള്ള സംശയം ജന്മങ്ങൾക്ക് അപ്പുറം എത്തിയത് ആ വാക്കിന് ഇടയിലെ ചെറിയ നിർത്തലിൽ കണ്ടു. അവളുടെ തമിഴും എന്റെ മലയാളവും ഈ ലോകത്തെ പോലെ ഒരു അർത്ഥവും ഇല്ലാ എങ്കിലും തുടർന്നു.

"അടുത്തവാട്ടിയും പിച്ചക്കാരി ആയി പിറക്കണോ? അതോ പണക്കാരി ആകണോ?"

"പിച്ചക്കാരിയെ ആകട്ടും, അല്ലാന്നാൽ എനിക്ക് ബധിലാ വേറെയാരാവത് പിച്ച എടുക്കും."

നമ്മൾ ഒക്കെ എത്ര ചെറുതാണ്. പ്രായം ആണ് അറിവ് എന്ന് പറഞ്ഞവനൊക്കെ ഇവളെ ചൂണ്ടി കാണിച്ച് കൊടുക്കണം. അനുഭവം ആണ് അറിവ്, പ്രായം അനുഭവം നൽകിക്കൊളളണം എന്നില്ല.

എന്റെ കൈയിലെ കാ വീണ്ടും തീർന്നു. വീണ്ടും ജോലിക്ക് പോയി. ഇപ്പൊ തൊഴിലിനൊക്കെ ഒരു ലക്ഷ്യം ഉണ്ട്. തൊഴിലിന്റെ ലക്ഷ്യം തൊഴിൽ ചെയ്യാതിരിക്കുക ആണ് എന്ന് പറയുന്നവർക്ക് അത് മനസ്സിലാവില്ല. അവളെ ആദ്യം കാണുന്ന നേരത്ത് അവളുടെ നുണക്കുഴി നിറയെ ചളി നിറഞ്ഞ് ഇരിക്കുക ആയിരുന്നു. ഇപ്പൊ ആ നുണക്കുഴിക്ക് കുറെ നുണകൾ കുത്തിനിറക്കാൻ ഉള്ള ആഴം ഉണ്ട്. അത് തന്നെയായിരുന്നു ലക്ഷ്യം. ഈ കുട്ടികളെ ഒക്കെ സത്യത്തിനു ഇങ്ങനെ വിട്ട് കൊടുക്കാതെ, അവരുടെ പ്രായത്തിന്റെ നുണകൾക്ക് വിടുക.

വീണ്ടും കണ്ട പണി ഒക്കെ എടുത്തു. കുറച്ച് അധികം കാലം വെറുതെ ഇരിക്കാൻ ഉള്ള പണം ആയപ്പോൾ നമ്മുടെ ചെറിയ ലോകത്തേക്ക് വിട്ടു. അവളെ അഴുക്കിൽ നിന്നും പുറത്ത് കൊണ്ടുവരണം എന്ന് തോന്നി. ഉടുപ്പ് വാങ്ങി, വള വാങ്ങി, പൊട്ട് വാങ്ങി..., ഇതൊക്കെ നീ നിന്റെ പെങ്ങൾക്ക് വാങ്ങി കൊടുത്തിട്ടുണ്ടോ? ഇല്ല, എന്റെ പെങ്ങൾക്ക് ഇതൊക്കെ ഞാൻ വാങ്ങി കൊടുത്തില്ലേലും കിട്ടും. അതിനു ഗതി ഉള്ള ഏട്ടന്മാർ ഉണ്ട് അവൾക്ക്, ഞാൻ അല്ല.

സമയം ആയിട്ടും അവളെ അവിടെ കാണാതെ ആയപ്പോ ഞാൻ ഉടുപ്പും കാശും സാധനവും ഒക്കെ അവിടെ വെച്ച് വീട്ടിലേക്ക് പോയി. നാളെ ആകാം.

പിറ്റേന്ന് വൈകിട്ട് അവിടെ പോയപ്പോൾ കടയുടെ പിറകിൽ ആകെ ഒരു കൂട്ടം. എല്ലാവരും എന്നെ ചൂണ്ടി. എന്റെ നന്മ എല്ലാവരും അറിഞ്ഞു കാണും, വാഴ്ത്തുന്നത് ആയിരിക്കും. അവൾ പുതിയ ഉടുപ്പ്‌ ഇട്ടിട്ടുണ്ട്, ഭംഗി ആയില്ല എങ്കിലും കുറെ വൃത്തികേട്‌ ഒക്കെ പോയി. ഉടുപ്പ് പുതിയത് ആയിട്ടും എന്തേ അവൾക്കു ചുറ്റും പണ്ടാരം പിടിച്ച ഈച്ചകൾ? പൊട്ട് തൊട്ടിട്ടുണ്ട്, മായ്ച്ചിട്ടും ഉണ്ട്. നുണക്കുഴിയിൽ ആരോ ചോര നിറച്ചിരിക്കുന്നു.

അവളെ തെണ്ടാതെ നടത്താൻ നോക്കിയതിനു ആകാം ആരൊക്കെയോ എന്നെ അടിച്ചു, എറിഞ്ഞു. ഒരു തെണ്ടി ഇല്ലാണ്ട് ആയാൽ വേറെ തെണ്ടി ജനിക്കില്ലേ? അതു ഇവരുടെ ആരുടെയേലും മക്കൾ ആയാലോ എന്ന ഭയം ആയിരിക്കും.

ഹാ പോലീസും ഉണ്ടല്ലോ, ഇവളെ തെണ്ടിച്ചേ വിടു എന്നായിരിക്കും.

"സർ ഇവനാണ് ആ ചെറിയ കുട്ടിയെ മുട്ടായിയും ഉടുപ്പും ഒക്കെ കൊടുത്ത്...."

ഞാൻ അവളെ ചുംബിക്കുന്നത് ഒക്കെ ആരോ കണ്ടിട്ടുണ്ട് എന്ന്.

"സാർ, ആ പെണ്ണ്‍ എപ്പോഴും ഇവന്റെ മടിയിൽ ആണു സാർ"

മക്കളെ ഒക്കെ മുല കൊടുത്ത് മാത്രം വളർത്തിയവർ ആയിരിക്കും, ചുംബിച്ചും മടിയിൽ ഇരുത്തിയും ഒന്നും പരിചയം കാണില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല സാർ.

പോലീസ് സർ വിലങ്ങ് ഇട്ടു. എനിക്ക് ചെരുപ്പ് കൊണ്ട് ആരവങ്ങൾ.

"എന്തിനാണ് സാർ ഈ വിലങ്ങ്? തെണ്ടാതെ ഇരിക്കാൻ ആണോ? എങ്കിൽ എല്ലാവർക്കും കൊടുക്കു സാർ. അതിലും വല്യ നന്മയില്ല."

അവളെ ആരൊക്കെയോ എടുത്ത് പായയിൽ കിടത്തി. കറുത്ത ഉടുപ്പ്‌ ആയിരുന്നു ഞാൻ വാങ്ങിയത്. എന്നിട്ടും അണിഞ്ഞപ്പോ ഉടുപ്പിനെക്കാൾ കറുപ്പ് അവൾക്കു തന്നെ. ഇഷ്ട്ടപെട്ടു കാണില്ല അതാണ്‌ പിച്ചിച്ചീന്തി ഇരിക്കുന്നത്.

കൂട്ടത്തിൽ ഒരു സുഹൃത്തിനെ കണ്ടു. അവനെ വിളിച്ചു. അടുത്ത് വന്ന അവന്റെ കൈയിൽ ഒരു മുഴുത്ത കല്ല് ഉണ്ട്.

"ഡോ, എന്തിനു ആണ് അവളെ പായേൽ കിടത്തുന്നത്?"

"നായിന്റെമോനെ, എട്ട് വയസ്സുള്ള പെണ്ണ്‍ അല്ലേടാ അതു..."

പറഞ്ഞ തെണ്ടിത്തരം കേൾക്കാൻ വിടാതെ അവൻ തന്നെ എന്റെ ചെവി തല്ലിപ്പൊളിച്ചു.

അവളെ പുണർന്ന ഈച്ചകൾ പാറി. അവളെ പായ കൊണ്ട് പൊതിഞ്ഞു. ഈച്ച എന്നാൽ ബാപ്പയോ ഭക്തനോ ദൈവമോ ഒന്നും അല്ല, സമൂഹം ആണ്. നമ്മൾ വൃത്തിയായി നിൽക്കുമ്പോൾ നമ്മെ തിരിഞ്ഞു നോക്കാത്ത സമൂഹം. എന്തേലും വൃത്തികേട്‌ എവിടെയേലും ഇരുന്ന് തിന്നിട്ട് അതു നമ്മുടെ മേത്ത് ഛർദിച്ചു "ദോ, ഇവിടെ വൃത്തികേട് ഉണ്ട്",എന്നു പറഞ്ഞ് ആളെ കൂട്ടുന്ന സമൂഹം. സ്തുതിക്കണം.

"അണ്ണാ, ആരാണ് ഈ നക്ഷത്രങ്ങൾ ഒക്കെ ആകാശത്തേക്ക് ഇങ്ങനെ വലിച്ചെറിഞ്ഞത്?"

"മൊഴി, അത് നിന്റെയും എന്റെയും ഒക്കെ പ്രതീക്ഷകൾ ആണ്. അവസാനം ഒന്നും നടക്കില്ല എന്ന് കണ്ടപ്പോ വലിച്ചു എറിഞ്ഞവ!"

Subscribe Tharjani |