തര്‍ജ്ജനി

സൂരജ് കണ്ണന്‍

Visit Home Page ...

ലേഖനം

ശ്രീലങ്ക: ചരിത്രത്തിലേക്ക്ഒരുഎത്തിനോട്ടം.

ശ്രീലങ്ക.... ഹൈന്ദവപുരാണത്തിന്റെ ഗന്ധമുള്ള രാവണന്റെ ലങ്ക. രാക്ഷസകുലത്തിന്റെ ഒടുക്കത്തിന് സാക്ഷിയായ ലങ്കാനഗരം. സിലോണ്‍ എന്നും കൊളമ്പ് എന്നും പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്ന ശ്രീലങ്ക..

വല്യമ്മച്ചി എന്നെ കുഞ്ഞുന്നാളിള്‍ ഊട്ടിയ ചോറുരുളയ്ക്കൊപ്പം പകര്‍ന്നുതന്ന രാമായണകഥകള്‍.. രാവണന്റെ പുഷ്പകവിമാനം... ശ്രീരാമന്റെ സേതുബന്ധനം... തന്നാല്‍ കഴിയുംവിധം സേതുബന്ധനത്തെ സഹായിച്ച അണ്ണാറക്കണ്ണന്‍.. 'ഓര്‍മ്മകള്‍ മരിക്കുമോ' എന്ന് പാടിയ ആ ഗാനരചയിതാവിനെ ഒരു നിമിഷം ഓര്‍ത്തുപോയി..

ഇന്ത്യന്‍കരയില്‍നിന്നും സുമാര്‍ 46 മൈല്‍ തെക്ക്-കിഴക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 65,610 ച.കി.മി. വിസ്താരത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീലങ്ക. കൊളംബോ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരമായ ശ്രീ ജയവര്‍ദ്ധനപുര.. വാര്‍ത്തകളിലൂടെ നമുക്കെല്ലാം സുപരിചിതമായ ജാഫ്ന, കിളിനോച്ചി, മുല്ലൈത്തീവു, ബട്ടിക്കലോവ, ട്രീങ്കോമാലി, കാണ്ടി, അനുരാധാപുര എന്നീ പ്രവിശ്യകള്‍....!

ദക്ഷിണേന്ത്യക്കാരുടെ ഗോത്രവുമായി ഏറ്റവും സാമ്യമുള്ളവരാണ് ശ്രീലങ്കന്‍വംശജര്‍. ജനസംഖ്യയുടെ എഴുപതുശതമാനവും സിംഹളീസ് വംശജരായ ബുദ്ധമതവിശ്വാസികളാണ്. പന്ത്രണ്ടര ശതമാനത്തോളം തമിഴ്‌ വംശജരായ ഹിന്ദുമതവിശ്വാസികളും, ഒമ്പത് ശതമാനത്തോളം ഇസ്ലാം മതസ്ഥരുമാണ്. യൂറോപ്യന്‍ മിഷണറികളുടെ സാന്നിദ്ധ്യം പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നതിനാല്‍ ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഏതാണ്ട് ഏഴു ശതമാനത്തോളം ഉണ്ട് എന്നുവേണം കരുതാന്‍.
ചരിത്രത്തില്‍ ശ്രീലങ്ക പ്രധാനമായും ഇടം നേടുന്നത് യുദ്ധകഥകളിലൂടെയാണ്. ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തില്‍നിന്നും ശ്രീലങ്ക മോചിതമായ 1948 മുതല്‍ ഈ ചെറുദ്വീപുരാജ്യത്തില്‍ വംശീയസംഘര്‍ഷങ്ങള്‍ തലപൊക്കി. ബുദ്ധമതവിശ്വാസികളായ സിംഹളരും ഹിന്ദുമതവിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തില്‍. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷജനതയായ സിംഹളര്‍ക്ക് കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്നതായി പരാതിയുയര്‍ന്നു. സുപ്രധാന സര്‍ക്കാര്‍ തസ്തികകള്‍ പലതും സിംഹളഭൂരിപക്ഷം സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും തമിഴ്ജനതയ്ക്ക് നിഷേധിക്കപ്പെട്ടു.
1956ല്‍ പാസാക്കിയ സിംഹളനിയമമാണ് തമിഴ്-സിംഹള സംഘര്‍ഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കരുതാം. സിംഹളഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗികഭാഷയാക്കുക, സിംഹളഭാഷക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണംചെയ്യുക, സര്‍വ്വകലാശാലകളിലെ പ്രവേശനമാനദണ്ഡങ്ങളില്‍ സിംഹളജ്ഞാനം കര്‍ശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാനസവിശേഷതകള്‍. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും തകര്‍ക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിര്‍പ്പ് ശക്തമായി.
സിംഹളഭൂരിപക്ഷ രാഷ്ട്രീയത്തില്‍ മനം‌മടുത്ത തമിഴ് യുവാക്കള്‍ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി. പുതുതായി രൂപവത്കരിച്ച തമിഴ് ഈഴം വിമോചന പുലികള്‍ (എല്‍. ടി. ടി. ഇ) എന്ന തീവ്രവാദസംഘടനയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടു.

തമിഴ്ജനതയ്ക്ക് പ്രത്യേകരാജ്യം വേണമെന്നു വാദിക്കുന്ന വേലുപ്പിള്ളൈ പ്രഭാകരന്റെ നേതൃത്വത്തില്‍ ജന്മമെടുത്ത തമിഴ് ഈഴം വിമോചന പുലികളും (തമിഴ് പുലികള്‍, LTTE) ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധവും ഏറ്റുമുട്ടലുകളും കലാപങ്ങളുമെല്ലാം ശ്രീലങ്കയിലെ സ്ഥിതി-സാഹചര്യങ്ങള്‍ വളരെയധികം ദുര്‍ഘടമാക്കുകയും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ ജനജീവിതം താറുമാറാക്കുകയും ചെയ്തു. പലയിടങ്ങളിലും രൂക്ഷപോരാട്ടങ്ങളും ചാവേര്‍ ആക്രമണങ്ങളും ഒരു നിത്യസംഭവമായി. ആഹാരസാധനങ്ങളും ഇന്ധനവും കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. യുദ്ധസമാനമായ ഒരു അന്തരീക്ഷത്തിലായി വടക്കന്‍ ശ്രീലങ്ക എന്നുപറഞ്ഞാല്‍ അതിശയോക്തിയില്ല.

എഴുപതുകളില്‍ ശ്രീലങ്കയില്‍ രൂപംകൊണ്ട LTTE ഉള്‍പ്പടെയുള്ള തമിഴ് സായുധസംഘടനകള്‍ക്ക് ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ് നാട്ടിലെ, ദ്രാവിഡ കഴകം, കാമരാജ് കോണ്ഗ്രസ്സ്‌ പോലുള്ള പല പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിമാരായ എം.ജി. ആറും കരുണാനിധിയുമെല്ലാം ഇത്തരം സംഘടനകളെ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അംഗമായിരുന്നെങ്കിലും, 1977ല്‍ ജെ. ആര്‍. ജയവര്‍ദ്ധനെ വമ്പിച്ച ഭൂരിപക്ഷത്തോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഭരണത്തില്‍ വന്നപ്പോള്‍ പുതിയ ഒരു ഭരണഘടനയും രൂപംപ്രാപിച്ചു. 1983-ല്‍ ജാഫ്നയിലുള്ള ശ്രീലങ്കന്‍ സൈനികക്യാമ്പ് ആക്രമിച്ച തമിഴ് പുലികള്‍ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തില്‍ രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു. ആഴ്ചകള്‍ നീണ്ട അതിക്രമങ്ങളില്‍ രണ്ടായിരത്തിലേറെ തമിഴര്‍ കൊല്ലപ്പെട്ടു. സിംഹളഭൂരിപക്ഷപ്രദേശങ്ങളില്‍ നിന്ന് തമിഴ് വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയകലഹം ആളിക്കത്തിച്ചത്.

എന്നാല്‍ അതുവരെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങള്‍ അത്ര സുഖകരമായിരുന്നില്ല എന്നുവേണം കരുതാന്‍. ബ്ലാക്ക്‌ ജൂലൈ കലാപം പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കുശേഷം ശ്രീലങ്കയിലുള്ള തമിഴ് സംഘടനകള്‍ക്ക് സഹായഹസ്തം നല്കാനുള്ള നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നു. 1983ന്റെ പകുതിയോടുകൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം റാ (RAW ) ഈ സംഘടനകള്‍ക്ക് സഹായവും ആയുധവും പരിശീലനവും നല്കാന്‍ ആരംഭിച്ചു.
1987ല്‍, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ദ്ധനെയും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ പ്രവിശ്യകളുടെ ഭരണാവകാശം ഭാഗികമായി തമിഴ് സംഘടനകള്‍ക്ക് നല്കാന്‍ തീരുമാനമായി. കൂടാതെ തമിഴ് ഭാഷയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കാനും ഇതിനോടൊപ്പം തീരുമാനമായി. ഇന്ത്യ തമിഴ് സംഘടനകള്‍ക്ക് നല്കിയിരുന്ന സഹായവും സഹകരണവും നിര്‍ത്തിവച്ചു. കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടും ഇന്ത്യന്‍ പ്രതിരോധമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍നിന്നും സമാധാനപരിപാലനസേനയെ (IPKF) ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലകളില്‍ വിന്യസിപ്പിക്കാനുള്ള കരാര്‍ നടപ്പിലാക്കി.

തമിഴ് പുലികളെ കണ്ടെത്തി നിരായുധീകരണം നടത്തി, പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയില്‍ വന്നെത്തിയ ഇന്ത്യന്‍സേനയെ കാത്തിരുന്നത് 3 കൊല്ലം നീണ്ട പോരാട്ടങ്ങളും ദുരിത-ക്ലേശങ്ങളാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ശക്തമാകുകയും ഇന്ത്യന്‍സേനയുമായുള്ള ചെറുത്തുനില്പുകള്‍ വിഫലമാകുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ് പുലികള്‍ ഒഴികെയുള്ള സംഘടനകളെല്ലാം സമാധാനപരമായ ഒരു പ്രതിവിധിക്കായി ആയുധം താഴെവെച്ച് പോരാട്ടങ്ങളില്‍നിന്നും പിന്മാറി. എന്നാല്‍ തമിഴ് പുലികള്‍ തങ്ങളുടെ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. സ്വന്തമായി നാവികസേനയും വായുസേനയും കൈമുതലായി ഉണ്ടായിരുന്ന ലോകത്തെ ആദ്യത്തെ സ്വതന്ത്രപോരാട്ടസേനയെന്ന പട്ടംപേറുന്ന പുലികളുമായുള്ള പോരാട്ടം ഇന്ത്യന്‍ സേനയ്ക്ക് ഏറെ നഷ്ടമുണ്ടാക്കി. ഇന്ത്യയുടെ ഇടപെടല്‍ സിംഹളപക്ഷക്കാര്‍ക്ക് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ആയതിനാല്‍ ഇന്ത്യന്‍സേനയെ എത്രയും പെട്ടെന്ന് പിന്‍വലിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി 1989ല്‍ രണസിംഗെ പ്രേമദാസ ഭരണത്തില്‍ വന്നു.

ഒടുവിലത്തെ കണക്കുകള്‍പ്രകാരം ആയിരത്തി ഇരുനൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം സൈനികര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൂടാതെ എണ്ണായിരത്തില്‍പ്പരം തമിഴ് പുലികള്‍ കൊല്ലപ്പെടുകയും അത്രതന്നെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

അതേസമയം മനുഷ്യാവകാശലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രക്ഷോഭങ്ങളും തമിഴ് വംശജര്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് 1990 മാര്‍ച്ചില്‍ ശ്രീലങ്കന്‍ രാഷ്ട്രപതി പ്രേമദാസയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യന്‍ സേനയെ ശ്രീലങ്കയില്‍നിന്നും തിരിച്ചു വിളിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സമാധാനചര്‍ച്ചകള്‍ ഒരു താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ കലാശിച്ചെങ്കിലും, തമിഴ് പുലികള്‍ ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 600 പോലീസുകാരെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് രംഗം വീണ്ടും വഷളാകുകയാണ് ഉണ്ടായത്.

ഇന്ത്യയും തമിഴ് സംഘടനകളും തമ്മിലുള്ള വൈരാഗ്യം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. വീണ്ടും പുലികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെന്നപോലെ സ്വതന്ത്ര പറവകള്‍ (Freedom Bird) എന്ന പേരില്‍ ഒരു വനിതാ ചാവേര്‍ സംഘടനയ്ക്ക് LTTE രൂപം നല്കി. ശ്രീലങ്കയില്‍ മാത്രമല്ല, ഇന്ത്യയില്‍പോലും രാഷ്ട്രീയ-സാമ്പത്തിക-സൈനിക അട്ടിമറികള്‍ നടത്താന്‍ ഉതകുന്ന രീതിയില്‍ ബ്ലാക്ക്‌ ടൈഗേര്‍സ് എന്ന പേരില്‍ മറ്റൊരു സൈനികവിഭാഗവും രൂപീകരിക്കപ്പെട്ടു.
തുടര്‍ന്നുണ്ടായ ഗൂഡാലോചനകളുടെ ഭാഗമായി 1991ല്‍ തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ തമിഴ് പുലികള്‍ നടത്തിയ ഒരു ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ദാരുണമായി കൊലചെയ്യപ്പെട്ടു.

സിംഹളവംശജരെയും മുസ്ലീങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍നിന്ന് ബലമായി എല്‍. ടി. ടി. ഇ പുറത്താക്കിയിരുന്നു. സ്വയം ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ 1990-ലും കിഴക്കന്‍ മേഖലകളില്‍ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്ലീങ്ങള്‍ തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നില്‍. തുടര്‍ന്ന് 1993ല്‍ രാഷ്ട്രപതി പ്രേമദാസയും ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

പുതിയ രാഷ്ട്രപതിയായി 1994ല്‍ ചന്ദ്രിക കുമാരതുങ്കെ സ്ഥാനമേറ്റതിനുശേഷവും സമാധാനചര്‍ച്ചകള്‍ തകൃതിയായി നടന്നു. 1995ല്‍ വീണ്ടും തമിഴ് പുലികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കടലില്‍ മുക്കിയതോടുകൂടി പ്രശ്നങ്ങളും പോരാട്ടങ്ങളും വീണ്ടും പുനരാരംഭിച്ചു. പിന്നീട് നടന്ന സൈനികനീക്കങ്ങളിലൂടെ ശ്രീലങ്കന്‍സേന ജാഫ്ന ഉപദ്വീപ് തിരിച്ചുപിടിച്ചു. അടുത്ത മൂന്നു കൊല്ലങ്ങള്‍ തമിഴ് പുലികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരുന്നു. LTTE അധീനതയില്‍ ഉണ്ടായിരുന്ന പല പ്രദേശങ്ങളും ശ്രീലങ്കന്‍സേന രൂക്ഷപോരാട്ടങ്ങളിലൂടെ തിരിച്ചു പിടിച്ചു. എന്നാല്‍ 1998 മുതല്‍ പുലികള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയും തങ്ങളുടെ കൈയ്യില്‍നിന്നും നഷ്ടപ്പെട്ട മേഖലകലെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. രണ്ടായിരമാണ്ടോടെ ജാഫ്ന മേഖല മുഴുവനായും പുലികളുടെ കൈവശം വന്നുചേര്‍ന്നു. ഇതിനോടകംതന്നെ പുലികള്‍ സ്വന്തമായി ഒരു ഭരണസംവിധാനം വടക്കന്‍ പ്രവിശ്യകളില്‍ നടപ്പാക്കിക്കഴിഞ്ഞിരുന്നു. അവരുടെതായ പോലീസ് വകുപ്പ്, കോടതി, ആഭ്യന്തരസംവിധാനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റേഡിയോ-ടെലിവിഷന്‍ നിലയങ്ങള്‍..

2001 ഡിസംബറില്‍ ചന്ദ്രിക കുമാരതുങ്കയ്ക്ക്മേല്‍ വന്‍ പരാജയക്ഷതം എല്പിച്ചുകൊണ്ട് റനില്‍ വിക്രമസിംഹെ അധികാരത്തില്‍ വന്നു. 2002ല്‍ പുലികള്‍ ഒരു സ്വതന്ത്ര തമിഴ് സംസ്ഥാനം എന്ന ആവശ്യം വേണ്ടെന്നുവെച്ചു, പകരം ഒരു സ്വയംഭരണപ്രദേശം അനുവദിച്ചുകിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നു. അതിന്റെ ഭാഗമായി പുലികള്‍ ഒരു ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അതിനെ അംഗീകരിക്കയാണ് ഉണ്ടായത്. തുടര്‍ന്ന് നോര്‍വേ ഉള്‍പ്പെടുന്ന നോര്‍ഡിക് രാജ്യങ്ങള്‍ ഇടപെട്ടുകൊണ്ട്‌ ഒരു വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കി. അതുപ്രകാരം ശ്രീലങ്കന്‍ സര്‍ക്കാരും പുലികളും തമ്മില്‍ ആറ് തവണ സമാധാനചര്‍ച്ചകള്‍ നടന്നു, പക്ഷെ ഒന്നും ഫലം കണ്ടില്ല.

Subscribe Tharjani |