തര്‍ജ്ജനി

മുഖമൊഴി

പെരുമാള്‍ മുരുകന്‍ പിന്‍വാങ്ങുമ്പോള്‍

ഏഴ് നോവലുകളും നാല് ചെറുകഥാസമാഹാരങ്ങളും നാല് കവിതാസമാഹാരങ്ങളുടെയും കര്‍ത്താവായ പെരുമാള്‍ മുരുകന്‍ എന്ന തമിഴ് സാഹിത്യകാരന്‍ എഴുത്ത് നിറുത്തുന്നു. സ്വന്തം ഫേസ് ബുക്ക് പേജില്‍ അദ്ദേഹം ഇപ്രകാരം എഴുതി: "പെരുമാള്‍ മുരുകന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ക്ക് പുനരവതാരങ്ങള്‍ ഉണ്ടാവില്ല. പുനര്‍ജ്ജന്മത്തില്‍ അയാള്‍ വിശ്വസിക്കുന്നില്ല. ഒരു സാധാരണ അദ്ധ്യാപകനായി, പി. മുരുകനായി അയാള്‍ ജീവിക്കും. അയാളെ വെറുതെ വിടുക." ശ്രദ്ധേയനായ എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. അദ്ദേഹത്തിന്റെ മൂന്ന് നോവലുകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ രണ്ടെണ്ണം പ്രശസ്തമായ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിജയപ്രദമായ സര്‍ഗ്ഗജീവിതം നയിക്കുന്ന ഒരു എഴുത്തുകാരന്‍ സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുന്നത് വര്‍ഗ്ഗീയവാദികളുടെ പീഡനം സഹിക്കവയ്യാതെ വന്നതിനാലാണ്.

സേലത്തിനടുത്ത് നാമക്കല്‍ എന്ന പ്രദേശത്ത് കോളേജില്‍ തമിഴ് അദ്ധ്യാപകനാണ് പെരുമാള്‍ മുരുകന്‍. പ്രാദേശികനോവലുകള്‍ എന്ന ഗണത്തില്‍ പെടുന്നവയാണ് ഇദ്ദേഹത്തിന്റെ രചനകള്‍ എന്നും മണ്ണിന്റെ മണമുള്ളവയാണ് അവയെന്നും നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. വട്ടാര ഇലക്കിയം എന്നും കൊങ്ങുനാട് നോവലുകള്‍ എന്നും മുരുകന്റെ നോവലുകള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊങ്ങുനാടും തിരുച്ചെങ്കോട് എന്ന ഗ്രാമവുമാണ് ഇദ്ദേഹത്തിന്റെ നോവലുകളുടെ പശ്ചാത്തലം. ആ ദേശത്തിന്റെ പ്രകൃതിയും ഭൂമിശാസ്ത്രവും ചരിത്രവും സംസ്കാരവുമെല്ലാം ഈ എഴുത്തുകാരന്റെ വിഭവങ്ങളാണ്. പ്രാദേശികതയാണ് മുരുകന്റെ രചനകളുടെ ഊര്‍ജ്ജപ്രഭവം.താന്‍ ജനിച്ചു വളര്‍ന്ന ദേശത്തിന്റെ കഥാകാരന്‍ എന്ന നിലയില്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍.

രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച മതൊരുഭാഗന്‍ എന്ന ശീര്‍ഷകത്തിലുള്ള നോവലാണ് വിവാദങ്ങള്‍ക്കും ഇപ്പോഴത്തെ തീരുമാനത്തിനും വഴിയൊരുക്കിയത്. വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ 2013ല്‍ അനിരുദ്ധ് വാസുദേവന്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. തിരുച്ചെങ്കോട്ടെ ശിവക്ഷേത്രത്തിലെ അര്‍ദ്ധനാരീശ്വരന്‍ അറിയപ്പെടുന്ന പേരുകളിളൊന്നാണ് പെരുമാള്‍ മുരുകന്‍ തന്റെ നോവലിന് നല്കിയത്. അനപത്യതാദുഃഖം അനുഭവിക്കുന്ന പൊന്ന എന്ന സ്ത്രീയുടെ കഥയാണ് ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. തിരുച്ചെങ്കോട്ടെ രഥോത്സവമുമായി ബന്ധപ്പെട്ട ഒരു പഴയ ആചാരം ഈ നോവലില്‍ കടന്നുവരുന്നുണ്ട്. രഥോത്സവസമയത്ത് ഈശ്വരചൈതന്യം ഉള്ളവരായിത്തീരുന്ന പുരുഷന്മാരുമായി രതിയില്‍ ഏര്‍പ്പെട്ടാല്‍ കുഞ്ഞുണ്ടാവും എന്ന് വിശ്വസിക്കപ്പെടുന്നു. പൊന്ന ഈ വിശ്വാസം അംഗീകരിച്ച് ആചാരം അനുഷ്ഠിക്കുന്നതായി നോവലില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

പതിനാല് വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവല്‍, അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്ത് വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അങ്ങനെ ഒരു പുസ്കകത്തെക്കുറിച്ച് കോലാഹലം ഉണ്ടാവുന്നത് 2014 ഡിസംബറില്‍.ഹിന്ദു മുന്നണിയും അവരുടെ കൂട്ടാളികളും ഈ പുസ്കകത്തിനെതിരെ പ്രചരണം ആരംഭിച്ചു. തിരുച്ചെങ്കോട്ടെ ആര്‍. എസ്. എസ് നേതാവ് മഹാലിംഗം അമ്പതോളം പ്രവര്‍ത്തകരെ നയിച്ച് തിരുച്ചെങ്കോട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരുമാള്‍ മുരുകന്റെ പുസ്കത്തിന്റെ കോപ്പികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അഗ്നിക്ക് ഇരയാക്കി. ഗൌണ്ടര്‍ എന്ന സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നോവല്‍ എന്നതായിരുന്നു അവരുടെ ആക്ഷേപം. ആ സമുദായത്തിന്റെ ആചാരവിശ്വാസങ്ങളെക്കുറിച്ചാണ് നോവലില്‍ പറയുന്നത്. ഹിന്ദുമുന്നണിയുടെ ആക്ഷേപത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ നിരുപാധികമായി മാപ്പ് പറയാനാണ് എഴുത്തുകാരനോട് ജില്ലാ ഭരണാധികാരി ആവശ്യപ്പെട്ടത്. സമാധാനം സംര്ക്ഷിക്കുന്നത് ഇങ്ങനെയെങ്കില്‍ അതിനപ്പുറവും ചെയ്യാന്‍ പെരുമാള്‍ മുരുകന്‍ സന്നദ്ധനാണ്. സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവിതത്തെക്കാള്‍ പ്രധാനമല്ല വേറൊന്നും. അതിനാല്‍ അദ്ദേഹം നിരുപാധികം മാപ്പു പറയുകയും സ്വന്തം പുസ്തകങ്ങള്‍ പിന്‍വലിക്കുകയും എഴുത്തുജീവിതം നിരുത്തുവാന്‍ നിശ്ചയിക്കുകയും ചെയ്തു. എഴുത്തുകാരന്റെ മരണം തന്റെ ഫേസ് ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.

മതസംഘടനകള്‍ അസഹിഷ്ണുതയുടെ മൂലധനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അവരുടെ യഥാര്‍ത്ഥമുഖം പട്ടില്‍ പൊതിഞ്ഞ് സൂക്ഷിക്കും. പുറമെ സ്നേഹകാരുണ്യങ്ങളുടെ വായ്ത്താരിയാണ് കേള്‍ക്കുക. അവസരം കിട്ടിയാല്‍ അവര്‍ ദംഷ്ട്രകള്‍ പുറത്തുകാണിച്ച് ചാടിവീഴും. നിരായുധരും നിസ്സഹായവരുമായ ഇരകളെയാണ് അവര്‍ക്ക് വേണ്ടത്. തങ്ങളുടെ സംഘശക്തിയും ആയുധബലവും അധികാരവും ഉപയോഗിച്ച് അവര്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവയെ എതിര്‍ക്കും. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യം അസഹിഷ്ണുതയുടെ ഇരുട്ട് വ്യാപിപ്പിക്കുന്നതിന്റെ ഒരു തെളിവാണ് പെരുമാള്‍ മുരുകന് നേരെയുണ്ടായ ആക്രമണം. അത് ഒരു ടെസ്റ്റ് ഡോസാണ്. ഇനി ആര്‍ക്കു നേരെ വേണമെങ്കിലും പ്രയോഗിക്കാവുന്ന അസഹിഷ്ണുതയുടെ, വര്‍ഗ്ഗീയതയുടെ, ഹിംസയുടെ പുതിയ പ്രയോഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന നാളുകള്‍ ജാഗ്രതയും ധീരതയും പ്രതികരണക്ഷമതയും ആവശ്യപ്പെടുന്നുവെന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

Subscribe Tharjani |