തര്‍ജ്ജനി

ടി. കെ. ശങ്കരനാരായണന്‍.

പ്രയാഗ,
പ്രശാന്ത്നഗര്‍,
അംബികാപുരം,
പാലക്കാട്
ഇ മെയില്‍ : tksanku9@gmail.com
ഫോണ്‍ : 9495250534

Visit Home Page ...

യാത്ര

ആദ്യ ബംബായ്* യാത്ര


കേശവിന്റെ കാര്‍ട്ടുണ്‍

1984 ഒക്ടോബര്‍ 17. അന്ന് കൊങ്കണ്‍പാത ആയിട്ടില്ല. ആന്ധ്രയിലൂടെ ഒരു മുഴുപ്പകല്‍ ജയന്തിജനതയിലാണ് യാത്ര. പാലക്കാട്ടുനിന്നും ബോംബേക്ക് (അന്ന് മുംബൈ ആയിട്ടില്ല). വണ്ടിക്കൂലി 132രൂപ

ഒരാള്‍ ജോലിയും മറ്റൊരാള്‍ താമസവും വാഗ്ദാനം ചെയ്തപ്പോള്‍ മേല്‍പഠിപ്പിനു നില്ക്കാതെ ആകെയുള്ള ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റും കൈമുതലാക്കി ധീടിര്‍ന്ന് പുറപ്പെടുകയായിരുന്നു. ആലോചിച്ചാല്‍ പഴയകാല ശബരിമലയാത്രപോലെ തോന്നുന്നു. മാലയിട്ട് വ്രതമെടുക്കുന്ന മാതിരി ഒരുമാസം മുമ്പുതന്നെ തുടങ്ങി തയ്യാറെടുപ്പുകള്‍... എല്ലാവരും പറഞ്ഞുപറഞ്ഞ് ഭയപ്പെടുത്തിയ അവസ്ഥയില്‍ നിന്നും പുറത്തുവരാന്‍ തന്നെ ദിവസങ്ങളെടുത്തു.

എന്നെ ഭയപ്പെടുത്തിയ ചില സംഗതികള്‍:

1) വണ്ടിയില്‍ നിന്ന് ഒരു ഭക്ഷണവും വാങ്ങി കഴിക്കരുത്. ഭക്ഷണത്തില്‍ മായം കലര്‍ത്തി പേഴ്സും പെട്ടിയും തട്ടിയെടുക്കുന്നവര്‍ ആന്ധ്രയില്‍നിന്ന് കയറാന്‍ തുടങ്ങും.

2) സഹയാത്രികരോട് വല്ലാതങ്ങ് അടുക്കരുത്. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പലതായിരിക്കാം. അതിനാല്‍ ജാഗ്രതൈ!

3) വെള്ളം പിടിക്കാനോ പത്രം വാങ്ങാനോ ഒരു സ്റ്റേഷനിലും ഇറങ്ങരുത്. അശ്രദ്ധയുടെ ഒരു നിമിഷത്തില്‍ വണ്ടി പുറപ്പെട്ടാല്‍?

ഇനി ബംബായ് എത്തിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1) ഓരോ കാല്‍ചുവട് വയ്ക്കുമ്പോഴും സൂക്ഷിക്കേണ്ട നഗരമാണ് ബംബായ്. എപ്പോള്‍ എവിടെ വച്ച് ആരാല്‍ കബളിക്കപ്പെടും എന്ന് ആര്‍ക്കുമറിയില്ല.

2) ഇലക്ട്രിക് ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സകലദൈവങ്ങളെയും വിളിക്കണം. ട്രയിനപകടത്തില്‍ നിത്യവും ശരാശരി പത്തുപേര്‍ മരിക്കുന്നു എന്നാണ് കണക്ക് .

3) മാട്ടുങ്കയിലാണ് താമസമെന്നതിനാല്‍ ധാരാവിയെന്ന സ്ഥലത്തുകൂടെ നടക്കുമ്പോള്‍ മുന്‍കരുതല്‍ വേണം. ബംബായിലെ ഏറ്റവും വലിയ അധോലോകനായകന്റെ കേന്ദ്രമാണത്. എന്തും തട്ടിപ്പറിക്കാന്‍ മടിയില്ലാത്ത ക്ഷുദ്രജീവികളാണവിടെ.

4) ആണും പെണ്ണും കെട്ട ചക്കകള്‍ ഏറ്റവും വസിക്കുന്ന സ്ഥലവും മാട്ടുങ്കതന്നെ. കയ്യിലെ റിസ്റ്റ് വാച്ചുവരെ തട്ടിയെടുക്കാന്‍ മടിക്കാത്തവര്‍... അതിനാല്‍ ഡബ്ലി കെയര്‍ഫുള്‍

ഓരോ ദിവസവും ഓരോ ആളുകളുടെ വക ക്ലാസ്സ് ആയിരുന്നു. പല രാത്രികളിലും എന്റെ ഉറക്കം ബാധിക്കപ്പെട്ടു. ഉറക്കത്തില്‍ മൂത്രമൊഴിക്കാത്ത ഞാന്‍ ആ ദുശ്ശീലവും തുടങ്ങി. എത്രയും വേഗം ബംബായ് എത്തിയാല്‍ മതിയെന്നായി.

എന്റെ ഗുരുനാഥന്മാരായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയും മുണ്ടൂര്‍ സേതുമാധവനും മാത്രം എന്നെ ഭയപ്പെടുത്തിയില്ല.
“ഇനി ഇടക്കൊക്കെ മാതൃഭൂമീലും കലാകൗമുദീലും കാണാന്‍ തൊടങ്ങണം"...

അതുവരെ ബാലപംക്തികളില്‍ മാത്രം പന്തെറി‍ഞ്ഞിരുന്ന എന്നെ അവര്‍ ആശീര്‍വദിച്ചു.

കാത്തിരുന്നു കാത്തിരുന്ന് 1984 ഒക്ടോബര്‍17 സമാഗതമായി. കെട്ടുനിറയും ശരണംവിളിയും കഴിഞ്ഞ്. അടിമക്കാവില്‍ പോയി തൊഴുതു. കുടുംബത്തിലെ കാരണവന്മാരെ നമസ്കരിച്ചു. 19നു കാലത്ത് വെള്ളിവെളിച്ചം വീണുതുടങ്ങുന്ന നേരത്ത് എന്നെപ്പോലെ ആദ്യ ബംബായ് യാത്ര പുറപ്പെട്ട കല്പാത്തിയിലെ കിച്ചാമണി ദാദര്‍ (DADAR) സ്റ്റേഷന്‍ കണ്ടപ്പോള്‍ സ്വയംമറന്ന് നിലവിളിച്ചു.. "അതാ നമ്മ ഡഡാര്‍.....”

..................................
* ബംബായ്- പാലക്കാട്ടെ പഴയ ബ്രാഹ്മണശൈലിയില്‍ ബോംബേയ്ക്കുള്ള പേര്

Subscribe Tharjani |