തര്‍ജ്ജനി

നിര്‍മ്മല

ഇ മെയില്‍‌: nirmalat@canada.com

Visit Home Page ...

കഥ

കുരിശുതറപ്പ്- ഒരന്വേഷണം

അക്ഷരങ്ങള്‍ പലയിടത്തുനിന്നുമാണ് സ്ക്രീനിന്റെ നടുക്കേക്ക്‌ വീഴുന്നത്. ആദ്യം ശൂ പിന്നെ റ തിരിഞ്ഞും മറിഞ്ഞും, പ്പ് താഴേക്കും മുകളിലേക്കും പൊങ്ങിച്ചാടി. അങ്ങനെ ഒരോരോ അക്ഷരങ്ങളും വന്നുനിരന്നുനിന്ന് കുരിശുതറപ്പ് - ഒരന്വേഷണം എന്നായി. അതിനുചുറ്റും പല ജാതി കുരിശുകളും മുള്‍ക്കിരീടവും ചോരയും ചിതറിക്കിടന്നു. ആ മടുപ്പിലേക്ക് ശടാന്ന് പരസ്യങ്ങള്‍ സ്നേഹവും സ്വര്ണ്ണവും സ്വപ്നങ്ങളും വാരിവിതറി കൂവിയാര്ത്തു. പരസ്യത്തിന്റെ ഇടവേളയ്ക്കുശേഷം വിഷയാവതാരകന്‍ അക്ഷരസ്ഫുടതയോടെ, ആവേശത്തോടെ തുടങ്ങി.

നസ്രേത്തില്‍നിന്നും ഒളിച്ചോടിയ മാതാപിതാക്കളുടെ മകനായ ജീസസെന്നുപേരുള്ള ക്രിസ്തുവിന്റേത് അര്‍ഹമായശിക്ഷയോ, എന്തുകൊണ്ട്?പ്രേക്ഷകരുടെ മനസ്സില്‍ സദാ തത്തിക്കളിക്കുന്ന ആ ചോദ്യത്തിനുത്തരവുമായി ഞങ്ങളുടെ ചാനലിന്റെ ക്ഷണപ്രകാരം ചര്ച്ചക്കായി പാനലില്‍ ഉള്ളവര്‍: പ്രശസ്ത എഴുത്തുകാരനും കുറ്റവാളികളുടെ മനസ്സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയവനുമായ സൈക്കോളജിസ്റ്റ് ശ്രീ.ആനന്ദന്‍ വിജയന്‍,
രാഷ്ട്രീയമായ ഇടപെടലുകളില്‍നിന്നും മാറിനടക്കുന്ന വീട്ടമ്മയായ ശ്രീമതി, ഈശ്വരിയമ്മ, ജര്‍മ്മനിയില്‍നിന്നും കുടിയേറ്റനിയമങ്ങളില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ അതുല്‍ എന്നിവരോടൊപ്പം മോഡറേറ്ററായി ഈ ചാനലിന്റെ പ്രതിനിധി ശ്രീമാന്‍ രാമന്‍ ഐസക്ക്.

രാമന്‍ ഐസക്ക് ഡോക്ടര്‍ ആനന്ദനോടാണ് ആദ്യം അഭിപ്രായം ചോദിച്ചത്. ഡോക്ടര്‍ ആനന്ദന്‍ ക്ലീന്‍ഷേവ്ചെയ്ത മുഖത്തുനിന്നും കണ്ണടയൂരി മേശപ്പുറത്തുവെച്ച് സംസാരിക്കാന്‍ തുടങ്ങി.

ഒരു കുറ്റവാളിയുടെ മനസ്സ് ശരിക്കറിയണമെങ്കില്‍ അയാള്‍ കടന്നുവന്ന വഴിയും നമ്മള്‍ അറിയണം. കുട്ടികളില്‍ കുറ്റവാസന ഗര്‍ഭത്തില്‍ത്തന്നെ ഉണ്ടാവാം. ഈ അച്ഛനമ്മമാരില്‍ തന്നെ പെരുമാറ്റവൈകല്യം പ്രകടമാണ്.ഇയാള്‍ ഗര്‍ഭത്തിലായിരിക്കുമ്പോഴാണ് മേരി ആന്ഡ് ജോസഫ് ഒളിച്ചു കടന്നത്, നസ്രേത്തില്‍നിന്നും.എന്നിട്ട് ഒരു പശുക്കൂടിന്റെ പിന്നില്‍ ഇരുചെവി അറിയാതെ പ്രസവം നടത്തി. അതിനുശേഷം (കണ്ണട മുഖത്തുവെച്ചുകൊണ്ട്) ഒന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍പട്ടണത്തില്‍ വരികയും. കുട്ടിയെ വളര്‍ത്തുകയുമാണ് ഉണ്ടായത്.

ക്ഷമകെട്ട് ഈശ്വരിയമ്മ തുടങ്ങി.

വളര്‍ത്തീന്ന് പറയുന്നത് ശരിയാവുന്നതെങ്ങനെ? ക്രിസ്തു ചെറുപ്പത്തിലേ താന്തോന്നിയായാരുന്നു. പന്ത്രാണ്ടമത്തെ വയസ്സില്‍ പള്ളീല്‍ കേറിച്ചെന്ന് അവിടുത്തെ വലിയവരോടു വഴക്കുണ്ടാക്കിയിട്ടുണ്ട് അവന്‍.അവന്റെ അപ്പനാണെങ്കിലൊ,നട്ടെല്ലുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണൊ ചെയ്തത്? അവളുടെ ചെവിക്കുറ്റിക്കിട്ട് ഒന്നു കൊടുത്തിട്ട്‌ വീട്ടില്‍ കൊണ്ടാക്കുകയല്ലെ വേണ്ടത്. അതിനുപകരം രാക്കുരാമാനം നാടുവിട്ടിട്ട്‌ തൊഴുത്തില്‍ ഒളിപാര്‍ക്കുന്നു. ഇയാള്‍ പ്രവാസികള്‍ക്കുതന്നെ അപമാനമാണ്.

ഈശ്വരിയമ്മ, നിങ്ങള്‍ പറയുന്നത് ഇതില്‍ കുറ്റക്കാര്‍ മേരി ആന്ഡ് ജോസഫ് ആണെന്നാണോ? അങ്ങനെയെങ്കില്‍ അമ്മയെ അല്ലേ കുരിശില്‍ തറക്കേണ്ടത്? ഈ ശിക്ഷ യേശുവിന് വാങ്ങിക്കൊടുത്തത് സ്വന്തം അമ്മയാണെന്നാണോ ഒരു അമ്മയും അമ്മൂമ്മയുമായ നിങ്ങള്‍ പറയുന്നത്?

ഈശ്വരിയമ്മ: നിങ്ങളൊന്നോര്‍ക്കണം. ജോലി വേണ്ടെന്നുവെച്ച് എന്റെ കുട്ടികളെ ഞാന്‍ നോക്കി വളര്‍ത്തിയതാണ്. അതുകൊണ്ട് എന്റ മക്കളില്‍ ഒരാളേയും ആരും കുരിശില്‍തറക്കുക പോയിട്ട്‌ വിചാരണചെയ്യപോലും ചെയ്തിട്ടില്ല. നിങ്ങക്കറിയാമൊ എന്നറിയില്ല, ഈ മേരി കല്യാണത്തിനു മുമ്പേ ഗര്‍ഭിണി ആയവളാണ്. വിത്തുഗുണം പത്തുഗുണം! നമ്മടെ കുട്ടികളെ നല്ലസ്വഭാവത്തില്‍ വളര്‍ത്തേണ്ടത് അമ്മമാരുടെ ചുമതലയാണ്. ഞാന്‍ സാരിപുതക്കാതെ പൊറത്ത് എറങ്ങത്തില്ല.

ഞാന്‍ ഒന്നു പറയട്ടെ.

ഒരു നിമിഷം... ഒരു നിമിഷം

ആനന്ദനും അതുലും ശബ്ദം കേള്‍പ്പിക്കുവാന്‍ കഷ്ടപ്പെട്ടു.
ഈ ക്രസ്തുവെന്ന് പറയുന്ന മനുഷ്യന്‍, വലുതായിട്ടും മുടിവെട്ടുകയോ മീശവടിക്കുകയോ ചെയ്യാതെ അയാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. നല്ലനിലയില്‍ ഫിഷ് ഫാക്ടറി നടത്തിയിരുന്ന കുറെ ചെറുപ്പക്കാരെയും വഴിതെറ്റിച്ചു. ഒരാളുടെ ഉടുപ്പിലും നടപ്പിലും സുഹൃത്തുക്കളില്‍നിന്നും അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍...

അതെ, അവരെല്ലാവരുംകൂടി വേശ്യാലയത്തിലും മരത്തിന്റെചോട്ടിലും ഒക്കെയായിട്ടായിരുന്നു ഗൂഡാലോചന.

മോഡറേറ്റര്‍ അതുലിനെ പറയാനനുവദിക്കൂ.. അതുലിനെ പറയാനനുവദിക്കൂ എന്ന് ദയനീയമായി മോങ്ങിക്കൊണ്ട് അതുലിന് അഞ്ചുമിനുട്ട് സമയം അനുവദിച്ചു.

അതുല്‍: നിങ്ങള്‍ എല്ലാവരുംകൂടി സംസാരിക്കാന്‍ 15 മിനിറ്റ് എടുത്തു, എനിക്ക്‌ വെറും 5 മിനിറ്റാണ് തന്നിരിക്കുന്നത്. അതു ശരിയല്ല, ഇതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ജീസസ് ആണോ ക്രിസ്തു ആണോ, അതോ ഇമ്മാനുവേല്‍ ആണോ എന്ന് ഉറപ്പാക്കാനുള്ള സമയം പോലും നിങ്ങള്‍ എനിക്കു തരുന്നില്ല. നോക്കൂ.. ഇപ്പോള്‍ മൂന്നുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഇനിയും എനിക്കുള്ളത്‌ വെറും 2 മിനിറ്റാണ്. നിങ്ങള്‍ മൂന്നുപേരും പിന്നെ മോഡറേറ്ററായ ഐസക്കുംകൂടി പതിനഞ്ചുമിനിറ്റ് എടുത്തതിന് ശേഷമാണ് എനിക്ക്‌ വെറും 2 അല്ല ഇനിയിപ്പോള്‍ ഒരു മിനിറ്റുമാത്രം അവശേഷിപ്പിച്ചിരിക്കുന്നത് എന്നോര്‍ക്കണം.

അതുല്‍, അപ്പോള്‍ നിങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ പേരിലും ക്രൂശിക്കപ്പെടാനുള്ള കാരണങ്ങള്‍ അഥവാ കുറ്റം ഉണ്ടായിരുന്നു എന്നാണോ?

അവനവന്‍ ചെയ്യുന്നതിന്റെ ഫലമാണ്.. അവനവന്‍ തന്നെ അനുഭവിക്കണം. അതു ദൈവത്തിനുപോലും മാറ്റാന്‍പറ്റുകയില്ല. വെറുതെ പീലാത്തോസിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല. മനഃശാസ്ത്രപരമായി നോക്കിയാല്‍....

കുട്ടികളോടുള്ള വാത്സല്യം കൂട്ടിപ്പോകാതെ സൂക്ഷിക്കണം. അല്ല,
യേശു നാട്ടിലുള്ളോരുടെയെക്കെ അസുങ്ങളു മാറ്റുന്നു... കണ്ണീരു തുടക്കുന്നു.... എന്നൊക്കെ പറയുന്നു. പക്ഷെ, അയാള്‍ ഒരിക്കലെങ്കിലും തന്റെ അച്ഛന്റെ തൊഴില്‍, അഥവാ കുലത്തൊഴില്‍ ചെയ്തിട്ടുണ്ടോ....? പണിക്കുപോയിട്ടുണ്ടൊ?

ഞാന്‍ പറഞ്ഞുതീര്‍ന്നില്ല.

ഇല്ല, അതെങ്ങനാ..

ഞാന്‍ പറഞ്ഞുതീര്‍ന്നില്ല.

മക്കളെ അഴിച്ചുവിട്ടല്ലെ വളര്‍ത്തുന്നത്? കഷ്ടപ്പാടറിയിക്കാതെ. ആ ജോസഫിനു ആ ചെറുക്കനെ കൂടെ നിര്‍ത്തി ഉളിയും ചുറ്റികയും കൈയില്‍ കൊടൂത്തിരുന്നെങ്കില്‍ ഇന്നിതു വരുമായിരുന്നില്ല. ആ തള്ള ഇതുവല്ലതും അന്വേഷിച്ചോ.....

ഒരു കാര്യം പറഞ്ഞോട്ടെ... ഞാന്‍ ഒരുകാര്യം പറഞ്ഞോട്ടെ....

ഈ ജീസസ് നസ്രേറേത്തില്‍നിന്ന്‌ ബെത്‌ലഹേമിലേക്കു പോയി, അവിടെനിന്ന് ഈജിപ്തിലേക്കു പോയി, പിന്നെ നസ്രേത്തിലേക്ക് അവിടെനിന്നും ജെറുസലേമിലേക്കും പിന്നെ യോര്‍ദ്ദാന്‍, ബെതബറ, കാന, ഗലീലി, സമരിയ, ജെറീക്കൊ, ബഥനീ എന്നിങ്ങനെ കറങ്ങിനടക്കുകയായിരുന്നു. പലപ്പോഴും ഒളിച്ചു കടന്നതാണെന്ന്‌ ബൈബിളില്‍ത്തന്നെ പറയുന്നുണ്ട്. നിങ്ങള്‍ ഒന്നോര്‍ക്കണം, നാടുവിടുന്നവന്റെ പ്രവാസലോകം തികച്ചും കോപ്ലികേറ്റഡ് ആയിരിക്കും. അവര്‍ കടന്നുപോകുന്ന മാനസികവ്യാപാരങ്ങളിലേക്ക് നമ്മള്‍ ഇന്നും എത്തിയിട്ടില്ല.

എങ്ങനെയുള്ളവരാണ് സ്ഥിരമായി ഒരു അഡ്രസ് ഇല്ലാതെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെടുന്നത്? പാതിരാ വെളുപ്പാന്‍കാലംവരെ തോട്ടത്തിലും മലയിലും ചുറ്റിനടക്കും.എന്റെ മക്കള്‍ സന്ധ്യക്കു മുമ്പ് വീട്ടില്‍ വന്നില്ലെങ്കില്‍ ഞാന്‍ അന്വേഷിക്കും. ചൊല്ലും ചോറും കൊടുത്തു വളര്‍ത്തണം. അതെങ്ങനെയാ, ഇവിടെയുള്ള അമ്മമാര്‍ക്ക്‌ ചോറുവെക്കാന്‍ നേരമില്ലല്ലൊ.എല്ലാവര്‍ക്കും ജോലിക്കുപോകാന്‍ തിരക്കല്ലേ?

അപ്പോള്‍

ഈശ്വരിയമ്മ, നിങ്ങള്‍ പറയുന്നത്‌ ചോറുകൊടുക്കാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു മരണത്തിന് ശ്രീമാന്‍ യേശു ഇരയായത് എന്നാണൊ?

ഈ കപടസദാചാരം അനുകൂലിക്കുന്ന നിങ്ങള്‍ വര്‍ഗ്ഗീയവാദിയാണ് മിസ്റ്റര്‍..
എല്ലാവര്‍ക്കും ജോലിക്കുപോകാന്‍ തിരക്കല്ലേ? നേരെചൊവ്വേ ജീവിക്കുന്നവരുടെ മാനം കെടുത്തും.

ഞാന്‍ പറയട്ടെ... നിങ്ങള്‍.. നിങ്ങള്‍ പറയുന്നത്, നിങ്ങള്‍ പറയുന്നത്... നിങ്ങള്‍ പറയുന്നത്.... ആ തള്ള, അവരാണ്... അതായത്... അതായത്... ഒരു നിമിഷം... ഒരു സെക്കന്റെ, നിങ്ങള്‍.. ഞാന്‍ പറയാന്‍ വരുന്നത്....

ടിവി ഓഫ് ചെയ്ത് കിടക്കുന്നതിനുമുമ്പ് അമ്മ ചങ്ങലകള്‍ ഒന്നുകൂടി പരിശോധിച്ചു. മകളുടെ കാലിലും കൈകളിലും മകന്റെ രണ്ടു കാലിലും എല്ലാം ഭദ്രം. ചില്ലുകൂടു പൂട്ടി സമാധാനത്തിന്റെ രാത്രിയിലേക്ക് അവര്‍ ആരോഹണം ചെയ്തു.

Subscribe Tharjani |