തര്‍ജ്ജനി

രമേശ് കുടമാളൂര്‍

KPRA 140, 'പ്രണവം',
കാഞ്ഞിരംപാറ,
തിരുവനന്തപുരം.
മെയില്‍ ramesh.v67@gmail.com
ബ്ലോഗ് http://www.rameshkudamaloor.blogspot.com

Visit Home Page ...

കവിത

മരണകാവ്യങ്ങള്‍

ചില മരണങ്ങള്‍ രാമായണം പോലെ
ആണ്ടുകള്‍ നീണ്ട്
ചിലതു മഹാഭാരതം പോലെ
ഓര്‍മ്മകള്‍ ഓരോന്നോരോന്നു മെല്ലെ
കെട്ടടങ്ങി സ്വന്തമാത്മാവ്
സാക്ഷാല്‍ പരബ്രഹ്മത്തില്‍ ചെന്നു ചേരിലും
ഉടലിലെ ആര്‍ക്കുമേ വേണ്ടാത്തുടിപ്പ്
കെട്ടുപോകാതെ
ദശാബ്ദം നീണ്ടുള്ള കീഴടങ്ങല്‍.

ചില മരണങ്ങള്‍ ഖണ്ഡകാവ്യം പോലെ
ആസ്പത്രിക്കട്ടിലില്‍ അര്‍ബുദത്തേളുകള്‍
പെറ്റുപെരുകി , ഉടലാകെപ്പടര്‍ന്ന്
മാസങ്ങള്‍ നീണ്ട്.

ചില മരണങ്ങള്‍ ചെറുകവിതകള്‍ പോലെ
ചിലതൊരു ഹൈക്കുപോലെ

ഏതാനും നാഴിക നീളുന്ന നൊമ്പരം
നെഞ്ചിലൊരു കയറിട്ടു വരിയുന്ന നീറ്റലില്‍.

തിളയ്ക്കുന്ന എണ്ണയില്‍ ഒരുപിടിക്കടുക്
ഒന്നിച്ച് പൊട്ടിയമരുന്നതു പോലെ
ഒറ്റപ്പിടച്ചിലില്‍ ഒത്തിരി ജന്മങ്ങള്‍
ഒന്നോടെ തീരുന്ന മരണങ്ങള്‍
കുതറിത്തുടിയ്ക്കുന്ന കൌമാര കൌതുകങ്ങള്‍
ഉത്സവതാളത്തിലൊന്നിച്ചുയര്‍ന്നമരുന്നു
രാജപാതകള്‍ നീളെ നീളെ.
ഒരു ചില്ലക്ഷരം മാത്രമുള്ള കവിതകള്‍.

Subscribe Tharjani |