തര്‍ജ്ജനി

മുഖമൊഴി

ഐതിഹ്യങ്ങള്‍ ചരിത്രമാവുമ്പോള്‍

ഒരു ആധുനിക-മതേതര-ഫെഡറല്‍-ജനാധിപത്യസമൂഹത്തിലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ഒരു സാമുദായികവിഭാഗത്തിന്റെ വിശ്വാസപ്രമാണളെ അടിസ്ഥാനമാക്കുന്നത് നീതീകരിക്കാനാവുന്നതല്ല. അത് ലോകത്തില്‍ എവിടെയായാലും തെറ്റാണ്. അത്തരം പ്രവണത അംഗീകരിക്കപ്പെടാവുന്നതല്ല. കാരണം, അത് ജനാധിപത്യത്തിന്റെയും മതേതരമൂല്യങ്ങളുടെയും അവസാനമാണ് സൂചിപ്പിക്കുന്നത്.

പാഠപുസ്തകങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ഉപാധിയായി ഭരണകൂടങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഭരണവര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആശയങ്ങള്‍ മുഖ്യധാരാസമൂഹത്തിന്റെ ആശയങ്ങള്‍ എന്ന നിലയില്‍, പൊതുസ്വീകാര്യതയുള്ള വീക്ഷണങ്ങള്‍ എന്ന നിലയില്‍ എഴുന്നള്ളിക്കപ്പെടുകയാണ് പതിവ്. അവ മിക്കപ്പോഴും എതിര്‍പക്ഷത്തുള്ളവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാവുകയും ചെയ്യും. അതിനാല്‍ അത്തരം ഉള്ളടക്കം പാഠപുസ്തകത്തില്‍ വരുമ്പോള്‍ അതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരിക പതിവാണ്. സ്വപക്ഷം നിയമവിധേയമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യസമൂഹം നല്കുന്നുണ്ടല്ലോ. അതിനാല്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കപ്പെടുകയും അതിനെക്കുറിച്ചുള്ള അഭിപ്രായരൂപവത്കരണം നടത്തുകയും ചെയ്യാനാവും. എന്നാല്‍ തങ്ങളുടേതല്ലാത്ത എല്ലാറ്റിനോടും കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയും എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന അമിതാധികാരഭരണകൂടങ്ങള്‍ നിലനില്ക്കുന്നിടത്ത് ഇത്തരം സാദ്ധ്യതകള്‍ സ്വപ്നം കാണാന്‍പോലും സാദ്ധ്യമല്ല. വിയോജിപ്പുകള്‍ നയിക്കുക തടവറകളിലേക്കോ കൊലക്കയറുകളിലേക്കോ ആയിരിക്കും. സോവിയറ്റ് യൂനിയനും ചൈനയും മാത്രമല്ല സ്വേച്ഛാധിപതികള്‍ ഭരിച്ചിരുന്ന രാജ്യങ്ങളിലും ഇസ്ലാമികരാജ്യങ്ങളിലും അതാണ് സ്ഥിതി. ഇരുമ്പുമറയില്‍ നിന്നും സോവിയറ്റ് യൂനിയന്‍ പുറത്തുവരുന്നതോടെ പരമാധികാരം ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടു. കൃത്രിമമായി കെട്ടിയുണ്ടാക്കിയ യൂനിയന്‍ ശിഥിലമായി.

സ്വതന്ത്ര ഇന്ത്യയില്‍ ഭരണം കയ്യാളിയ കോണ്ഗ്രസ്സിന്റെ തലപ്പത്ത് ഡോ. എസ്. രാധാകൃഷ്ണനെപ്പോലെയുള്ളവരാണ് വിദ്യാഭ്യാസം എന്ന വിഷയം കൈകാര്യം ചെയ്തത്. യാഥാര്‍ത്ഥ്യബോധമുള്ളതും ഒരു ആധുനികസമൂഹത്തിന്റെ സൃഷ്ടിക്ക് ഉപയുക്തവുമായ വിദ്യാഭ്യാസപദ്ധതി രൂപപ്പെടുത്തുവാനാണ് അവര്‍ ശ്രമിച്ചത്. അക്കാലത്ത് രൂപപ്പെടുത്തിയ അടിത്തറയുടെ ബലത്തിലാണ് അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുന്ന നമ്മുടെ കാലഘട്ടത്തിലും വിദ്യഭ്യാസം മൂക്കുകുത്തി വീഴാതെ ബാക്കിനിന്നത്. എന്നാല്‍ ഇപ്പോഴത്തെ മോഡിഭരണകൂടം ദൂര്‍ബ്ബലമായിക്കഴിഞ്ഞ ആ അടിത്തറയെ അപ്പാടെ ഇല്ലാതാക്കുകയാണ്. യുക്തിബോധത്തിന്റെ സ്ഥാനത്ത് അസംബന്ധതയെ സ്ഥാപിക്കുന്നുവെന്നതാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങളുടെ കാതല്‍.

രാമായണവും മഹാഭാരതവും ഭാഗവതവുമൊക്കെ ഹൈന്ദവരുടെ മതഗ്രന്ഥങ്ങളാണ്. അവ സാഹിത്യകൃതികള്‍ എന്ന നിലയില്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. ഭാവനാത്മകമായ രചനകള്‍ എന്ന നിലയില്‍ അവ പരിഗണിക്കപ്പെട്ടു. എന്നാല്‍ ഭാവനാത്മകമായ കഥകള്‍ ചരിത്രവും ശാസ്ത്രവുമാണെന്ന് നിശ്ചയിക്കുന്നുവെന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളില്‍ ചിലരും ഇതിനകം തന്നെ പുരാണേതിഹാസങ്ങള്‍ ചരിത്രവും ശാസ്ത്രവുമാണെന്ന നിലയില്‍ പൊതുവേദികളില്‍ പ്രസ്താവിച്ചുകഴിഞ്ഞു. മനുഷ്യന്റെ ഉടലും ആനയുടെ തലയുമുള്ള ഗണപതി പ്ലാസ്റ്റിക് സര്‍ജ്ജറി പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അപ്പോള്‍ പിന്നെ മന്ത്രിസഭാംഗങ്ങളും മോശമാക്കാന്‍ പാടില്ലല്ലോ. പണ്ടേ പറഞ്ഞുകേള്‍ക്കുന്ന പുഷ്പകവിമാനത്തിന്റെ കഥയും എല്ലാം പരക്കെ പുരാതനഭാരതത്തിലെ ശാസ്ത്രസാസ്ത്ര-സാങ്കേതികവിദ്യകളുടെ തെളിവിനായി എടുത്തുനിരത്താന്‍ തുടങ്ങി. വിമാനം, ടെസ്റ്റ് റ്റ്യൂബ് ശിശു എന്നിങ്ങനെ ആധുനികശാസ്ത്രം വികസിപ്പിച്ചതെല്ലാം പണ്ടേ ഇവിടെ ഉണ്ടായിരുന്നുവെന്ന നിലയില്‍ വിടുവായത്തം പറയാന്‍ ആളുകള്‍ക്ക് ധൈര്യമായി.

ഭാരതത്തിന്റെ പ്രാചീനകാലത്തെ ജ്ഞാനം സംസ്ക്രതത്തില്‍ രേഖപ്പെടുത്തിയത് ഇപ്പോഴും ലഭ്യമാണ്. അഭിമാനാവഹമായ കണ്ടെത്തലുകള്‍ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം, സൌന്ദര്യശാസ്ത്രം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നത് നമ്മെ ഇപ്പോഴും വിസ്മയിപ്പിക്കുന്നു. ദൌര്‍ഭാഗ്യവാശാല്‍ പുത്തന്‍ഭരണാധികാരികള്‍ അവയല്ല കാണുന്നത്. അവര്‍ക്ക് കെട്ടുകഥകളും ഐതിഹ്യങ്ങളുമാണ് ആവേശം നല്കുന്നത്. കാരണം പഠിച്ചു മനസ്സിലാക്കാന്‍ പ്രയാസമുള്ളവയല്ല രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. എളുപ്പവഴികളാണ് അവര്‍ എല്ലാറ്റിലും തേടുന്നത്. ആധുനികപാശ്ചാത്യലോകത്തെ എല്ലാം പണ്ട് ഇവിടെ ഉണ്ടായിരുന്നതാണെന്ന് പറഞ്ഞ്, പാശ്ചാത്യരേക്കാള്‍ കേമന്മാരാണ് തങ്ങള്‍ എന്ന് നടിക്കുകയാണ് അവര്‍ ചെയ്യുന്നത്. അത്തരം ആവശ്യമുള്ളവര്‍ക്ക് ഈ വിടുവായത്തം ആവേശം നല്കുമായിരിക്കാം. എന്നാല്‍ പഠിക്കാനും അറിയാനും പ്രവര്‍ത്തിക്കുവാനും സന്നദ്ധരാവുന്നവരിലൂടെയാണ് സമൂഹം മുന്നോട്ടു പോവുക. അവരെ ഈ അജ്ഞതയുടെ ആഘോഷത്തിന്റെ ഭാഗമാക്കരുത്. ഐതിഹ്യങ്ങളും കെട്ടുകഥകളും ശാസ്ത്രവും ചരിത്രവുമായി പാഠപുസ്തകത്തില്‍ വരുന്നതോടെ വിഡ്ഢുകളുടെ സമൂഹമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നതില്‍ സംശയമില്ല. വിഡ്ഢികളുടെ സമൂഹത്തിലേ തങ്ങളുടെ അധികാരം സുരക്ഷിതമാവൂ എന്നാണെങ്കില്‍ വിഡ്ഢികളുടെ രാജ്യം സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കരുത്.

Subscribe Tharjani |
Submitted by mangalat on Sun, 2015-01-11 22:47.

മാതൃഭൂമി ഞായറാഴ്ചപ്പതിപ്പില്‍ ഇന്ദ്രന്‍ വിശേഷാല്‍പ്രതിയില്‍ ഈ വിഷയം കൈകാര്യംചെയ്യുന്നു: http://www.mathrubhumi.com/online/malayalam/news/story/3361113/2015-01-10/kerala