തര്‍ജ്ജനി

ബ്ലെയ്‌സ് ജോണി

മെയില്‍ blaisjohny88@gmail.com

Visit Home Page ...

ലേഖനം

ചരിത്രം, ഭാവന, പ്രത്യയശാസ്ത്രം : ഇയ്യോബും ലിംഗയും പുറപ്പാടിന്റെ കഥയും

ഓരോ നോട്ടവും വ്യത്യസ്തമാണ്. ഉല്പാദിപ്പിക്കപ്പെടുന്ന അര്‍ത്ഥങ്ങളുടെ തോതില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകളോടെ കാഴ്ചകള്‍ അനസ്യൂതമായി പ്രവഹിക്കുന്നു. ആത്യന്തികമായി സിനിമ കാഴ്ചയുടെ കലയാണെങ്കിലും അത് ചില രാഷ്ട്രീയ, പ്രത്യയശാസ്ത്ര ദൗത്യങ്ങള്‍ നിറവേറ്റുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഉല്പാദകന്റെ രാഷ്ട്രീയവും കാണിയുടെ രാഷ്ട്രീയവും നേര്‍രേഖയില്‍ സഞ്ചരിക്കണമെന്നില്ല. ചിലപ്പോള്‍ അവ ലംബമായി സന്ധിചേര്‍ന്നെന്നു വരാം; അല്ലെങ്കില്‍ അനന്തതയില്‍ കണ്ണി ചേര്‍ക്കപ്പെടുമെന്ന ധാരണയില്‍ സമാന്തരമായി സഞ്ചരിച്ചെന്നും വരാം. കാലാകാലങ്ങളില്‍ പല രൂപഭാവപരിണാമങ്ങള്‍ക്കു വിധേയമാകുമ്പോഴും, സിനിമ ചില രാഷ്ട്രീയചിഹ്നങ്ങള്‍ പേറുവാന്‍ നിര്‍ബ്ബന്ധിതമാണ്. സമകാലികമായ രാഷ്ട്രീയസംഭവങ്ങള്‍ അഭ്രപാളിയിലെത്തിക്കുന്ന സമാന്തരസിനിമകള്‍ക്കു പുറമേ ജനപ്രിയതയുടെ രുചിക്കൂട്ടുകളുമായി പുറത്തിറങ്ങുന്ന സിനിമകളും സമൂഹത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ പോന്നവയാണ്. ഇത്തരം ചിത്രങ്ങള്‍ കാണികളില്‍ ചെലുത്തുന്ന പ്രഭാവവും ജീവിതത്തില്‍നിന്ന് അവര്‍ സ്വാംശീകരിച്ചെടുത്ത അബോധവും സമ്മേളിക്കുമ്പോള്‍ സിനിമയുടെ രാഷ്ട്രീയമുഖം അനാവൃതമാകുന്നു. കാഴ്ചക്കൂട്ടങ്ങളുടെയും നിരൂപകവൃന്ദങ്ങളുടെയും സജീവചര്‍ച്ചയ്ക്ക് വിധേയമായ ചില സമകാലികചിത്രങ്ങള്‍ ഇത് കാണിച്ചുതരുന്നു.

വാഴുന്നോരും വീഴുന്നോരും: പുറപ്പാടിന്റെ കഥ തുടരുന്നു

യുക്ത്യാധിഷ്ഠിതമായ മിത്തുകള്‍ പലപ്പോഴും ചരിത്രത്തിന്റെ പരിവേഷം സ്വീകരിക്കാറുണ്ട്. തികച്ചും മതകേന്ദ്രിതമായ ഒരു മിത്തിനെ മുന്‍നിര്‍ത്തി പശ്ചിമേഷ്യയില്‍ അരങ്ങേറുന്ന രാഷ്ട്രീയനാടകമാണ് ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശം. വാഗ്ദത്തഭൂമി എന്ന സാങ്കല്പികരാഷ്ട്രത്തെ ജൂത/ ക്രിസ്ത്യന്‍ മതവിശ്വാസത്തോട് വിളക്കിച്ചേര്‍ത്ത്, പശ്ചിമേഷ്യയില്‍ സാന്നിദ്ധ്യമറിയിക്കുവാനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗമായി വേണം ഈ അസ്ഥിരമായ അവസ്ഥയെ കാണേണ്ടത്.

ബൈബിള്‍ ഒരു ചരിത്രഗ്രന്ഥമല്ല. സാമാന്യയുക്തിക്ക് അപ്പുറത്തേക്ക് നീങ്ങുന്ന ഒരു നീണ്ട ചോദ്യാവലിതന്നെ അതുള്ളടങ്ങുന്നു. പുറപ്പാടിന്റെ പുസ്തകത്തിലെ ഇസ്രായേല്‍ ജനതയുടെ പലായനത്തെ ചരിത്രവത്ക്കരിക്കുവാനുള്ള ഗൂഢശ്രമത്തിന്റെ രാഷ്ട്രീയപരിണാമമാണ് പാലസ്തീനിലെ യുദ്ധദിനങ്ങള്‍. ഈ നീക്കത്തെ സാധൂകരിക്കുവാന്‍ എഴുത്ത്, കല, സിനിമ തുടങ്ങിയ നിരവധി മാദ്ധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് അനുകൂലമായ ഒരു വ്യവഹാരം രൂപപ്പെടുത്തുവാന്‍ പടിഞ്ഞാറ് എന്നും ശ്രമിച്ചിട്ടുണ്ട്.

റിഡ്‌ലി സ്‌കോട്ടിന്റെ Exodus: Gods and Kings എന്ന ചിത്രത്തിന്റെ രാഷ്ട്രീയമുഖം എന്താണ്? The Ten Commandments മുതല്‍ പുറപ്പാട് കേന്ദ്രവിഷയമാക്കി എട്ട് ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇസ്രായേല്‍ ജനതയുടെ പലായനത്തെ ദൈവീകനേതൃത്വത്തില്‍ അരങ്ങേറിയ ആദ്യവിമോചനസമരമെന്ന നിലയില്‍ അവതരിപ്പിക്കുവാന്‍ ഇവ ശ്രമിക്കുന്നു. ചിതറിയവരെ ഒന്നാക്കി, മോശയുടെ നേതൃത്വത്തില്‍ നടക്കുന്ന പുറപ്പാടിനെ പാശ്ചാത്യസിനിമകള്‍ എന്നും മഹത്വവത്ക്കരിച്ച് പ്രക്ഷേപണം ചെയ്തിരുന്നു. തങ്ങളുടെ രാഷ്ട്രീയനിലപാടുകളെ ലോകജനതയ്ക്കു മുന്നില്‍ അവതരിപ്പിക്കുക, പാലസ്തീനില്‍ നടക്കുന്ന നരനായാട്ടിനെ സാധൂകരിക്കുക തുടങ്ങിയ രഹസ്യഅജണ്ടകള്‍ ഇത്തരം സിനിമകളില്‍ അന്തര്‍ലീനമാണ്.

1947ല്‍ Exodus എന്ന കപ്പലില്‍ ഫ്രാന്‍സില്‍നിന്ന് അക്കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന പാലസ്തീനിലേക്ക് ജൂതന്മാര്‍ കുടിയേറ്റം ആരംഭിച്ചു. രണ്ടാം പുറപ്പാട് എന്നര്‍ത്ഥമുള്ള 'അലിയാബെറ്റ്' എന്നായിരുന്നു ഈ നീക്കം അറിയപ്പെട്ടിരുന്നത്. സ്വതന്ത്രപാലസ്തീന്‍, ഇസ്രായേല്‍ രാഷ്ട്രങ്ങള്‍ കാലക്രമേണ രൂപപ്പെട്ടുവെങ്കിലും എന്നും അസ്ഥിരത പുകയുന്ന ഒരു ഭൂപ്രദേശമായി പശ്ചിമേഷ്യ മാറുകയായിരുന്നു. പാലസ്തീനിലേക്ക് അഭയാര്‍ത്ഥികളായി വന്ന് അധികാരം കൈയ്യടക്കിയ ഇസ്രായേലികളെ തുരത്തുവാന്‍ ശ്രമിച്ചവര്‍ ലോകജനതയ്ക്ക് മുന്നില്‍ തീവ്രവാദികളായതും, കടന്നുകറിയവര്‍ ദൈവീകവാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം സാദ്ധ്യമാക്കിയവരായതും ഇസ്രായേല്‍ - അമേരിക്കന്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ്.

റിഡ്‌ലി സ്‌കോട്ട് ചിത്രത്തില്‍ ഇസ്രായേലിനെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ദൈവം പത്ത് ശിക്ഷകള്‍ നല്കുന്നു. ദൈവം കടന്നു പോകുമ്പോള്‍ ഈജിപ്തിലെ കടിഞ്ഞൂല്‍ സന്താനങ്ങള്‍ കൊല്ലപ്പെടുന്നു. നിഷ്ഠൂരമായ ദൈവീകനീതിയില്‍ പരിതപിക്കുവാന്‍ മാത്രം മോശയ്ക്ക് സാധിക്കുന്നു. ഏകമകനെ നഷ്ടപ്പെടുന്ന ഫറവോ റംസീസ്, കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവനാണോ നിങ്ങളുടെ ദൈവം എന്നാണ് മോശയോട് ചോദിക്കുന്നത്. പാലസ്തീനില്‍ അരങ്ങേറിയ സമകാലികകലാപങ്ങളുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വേണം ഈ ചോദ്യം വായിക്കുവാന്‍. ലോകത്തെ ഭരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനതയെന്ന ധാര്‍ഷ്ഠ്യത്തിനു മുന്നില്‍ നിസ്സഹായരുടെ നിലവിളിക്ക് എന്ത് പ്രസക്തി? അധിനിവേശങ്ങള്‍ ഇനിയും തുടരും; അതിനെ സാധൂകരിക്കുവാന്‍ സിനിമ അടക്കം ഉചിതമായ വ്യവഹാരങ്ങള്‍ രൂപമെടുക്കുകയും ചെയ്യും.

ഇയ്യോബിന്റെ പുസ്തകം: ഒരു ബദല്‍ ചരിത്രരേഖ

വസ്തുതകളും ഭാവനയും ഇഴചേര്‍ന്നു നില്ക്കുന്ന ഒരു സര്‍ഗ്ഗാത്മകസൃഷ്ടിയാണ് ചരിത്രം. എഴുതപ്പെട്ടതും അല്ലാത്തതുമായ നിരവധി ചരിത്രങ്ങളില്‍ ചിലവയ്ക്ക് പ്രാമാണ്യം സിദ്ധിച്ചെന്നു വരാം. അധികാരത്തിന്റെ ഇടനാഴികളില്‍ നടക്കുന്ന പ്രബലമായ ചരടുവലികളുടെ സൂചനകളാണിത്.

മൂന്നാറിലെ മണ്ണിനു ചോരയുടെയും വെടിമരുന്നിന്റെയും കഞ്ചാവിന്റെയും മണം പകര്‍ന്നു നല്കിയത് കുടിയേറ്റങ്ങളായിരുന്നു. വിദേശികള്‍ തേയിലക്കൃഷിയിലേര്‍പ്പെടുവാന്‍ മൂന്നാറിന്റെ വന്യവും ഭീതിതവുമായ ഭൂമികയിലേക്ക് പുറപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇയ്യോബിന്റെ 'ചരിത്ര' പുസ്തകം എഴുതിത്തുടങ്ങുന്നത്. വസ്തുതകളും ഭാവനയും ഏറ്റക്കുറച്ചിലോടെ ആഖ്യാനത്തില്‍ കടന്നുവരുന്നു. ഹാരിസണ്‍ എന്ന സായിപ്പ് മൂന്നാര്‍ മലമടക്കുകളിലേക്ക് തേയിലക്കൃഷിക്കായി എത്തുന്നതും സഹായിയായി ഇയ്യോബിനെ കൂട്ടുന്നതും സിനിമയുടെ ഇതിവൃത്തമാണ്. ഇവ ചരിത്രവസ്തുതകളാണോ ചലച്ചിത്രകാരന്റെ ഭാവനകളാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലഭ്യമായ ചരിത്രരേഖകളനുസരിച്ച് ജെ.ഡി. മന്റോ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് പൂഞ്ഞാര്‍ രാജാവില്‍ നിന്ന് പാട്ടത്തിനു വാങ്ങിയ ഭൂമിയില്‍ വന്‍തോതില്‍ തേയിലക്കൃഷി ആരംഭിക്കുന്നത്. അഞ്ചുനാടിന്റെ (മറയൂര്‍, കോവില്‍കടവ് പ്രദേശങ്ങള്‍) ആദിവാസി രാജാവായ കണ്ണന്‍ തേവരുടെ സഹായത്തോടെയാണ് മൂന്നാറില്‍ തേയിലക്കൃഷി വ്യാപകമായത്. (അദ്ദേഹത്തിന്റെ സഹായത്തെ പുരസ്കരിച്ചാണ് മൂന്നാര്‍ മലമടക്കുകള്‍ക്ക് കണ്ണന്‍ ദേവന്‍ കുന്നുകള്‍ എന്ന പേരു നല്കിയിരിക്കുന്നത്).

ദേവികുളം, ലോക്ഹാര്‍ട്ട് പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ ഉള്ള ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ 1907ലാണ് രൂപപ്പെട്ടത്. Harrison & Crosfield എന്ന ബ്രിട്ടീഷ് തേയിലവ്യാപാരകമ്പനി ഈ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇയ്യോബിന്റെ പുസ്തകം ചലച്ചിത്രകാരന്റെ ഭാവനയാണെന്ന് അംഗീകരിച്ചാല്‍ത്തന്നെ അതില്‍ കീഴാള/ ആദിവാസി ജനതയുടെ മുഖങ്ങള്‍ തിരസ്കൃതമാണ്.

ഇയ്യോബിന്റെ കഥ സിനിമയ്ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട വികല വസ്തുതകളാണെങ്കില്‍ പി.ജെ. ആന്റണി, റോസമ്മ പുന്നൂസ് അടക്കമുള്ളവരുടെ ചിത്രീകരണങ്ങള്‍ ചരിത്രയാഥാര്‍ത്ഥ്യമാണ്. ബ്രിട്ടീഷ് റോയല്‍ നേവിയിലെ സേവനം അവസാനിപ്പിച്ച് കൊച്ചിയില്‍ നാടകകളരി ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന പി.ജെ. ആന്റണി ചരിത്രത്തിന്റെ ഭാഗമാണ്. ഇടതുആശയങ്ങള്‍ക്കും തോട്ടം തൊഴിലാളിമേഖലയിലെ പ്രക്ഷോഭങ്ങള്‍ക്കും മൂന്നാറിന്റെ മണ്ണില്‍ നല്ല വേരോട്ടമുണ്ടായി. 1957 ല്‍ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ ദേവികുളത്തെ പ്രതിനിധാനം ചെയ്ത് റോസമ്മ പുന്നൂസ് കേരള നിയമസഭയിലെത്തി. പി.ടി. പുന്നൂസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തോട്ടം തൊഴിലാളിസംഘടന ശക്തിപ്പെടുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ മൂന്നാറിലുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഒളിവിലിരുന്ന് ഒരു സഖാവ് (ടി.ജി. രവിയുടെ കഥാപാത്രം) എഴുതുന്ന ഇയ്യോബിന്റെ പുസ്തകത്തില്‍ ഇടതുപക്ഷത്തിന്റെ പോരാട്ടനാളുകള്‍ ചരിത്രമായും മറ്റുള്ളവ ഭാവനകളായും അവശേഷിക്കുന്നു. പ്രമേയപരിസരങ്ങള്‍ കല്പിതമാണെങ്കിലും സിനിമയുടെ കെട്ടുറപ്പിനു വേണ്ടി ചരിത്രത്തിന്റെ ചങ്ങലക്കണ്ണികളെ തന്നെ ചലച്ചിത്രകാരന്‍ ആശ്രയിക്കുന്നു.

'ലിംഗ'രാഷ്ട്രീയം: തമിഴന്റെ ചരിത്രനിര്‍മ്മിതി

ബഹുജനപ്രീണനം (Mass Entertainment) മുന്‍നിര്‍ത്തി ഒരുക്കിയ രജനികാന്തിന്റെ ബ്രഹ്മാണ്ഡചിത്രം തെന്നിന്ത്യന്‍രാഷ്ട്രീയത്തെ നാളുകളായി അലട്ടുന്ന നദീജലതര്‍ക്കങ്ങളെ അഭിസംബോധന ചെയ്യുന്നു. ജലം ജീവനും മരണവുമാകുന്ന സന്ദിഗ്ദ്ധഘട്ടത്തില്‍ തമിഴന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും അനാവരണം ചെയ്യുകയാണ് ലിംഗ. കാവേരി നദീജലതര്‍ക്കവും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ ചിത്രം. ഇതിലേക്കായി ഒരു ചരിത്ര പുനരെഴുത്തിനു കെ.എസ്. രവികുമാര്‍ ചിത്രം മുതിരുന്നു. കോഡയൂര്‍ രാജാവായ ലിംഗേശ്വരന്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന അണക്കെട്ട് സുശക്തമാണെന്നും മറിച്ചുള്ള വാദങ്ങള്‍ ചില കുത്സിതപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും ചിത്രം സ്ഥാപിക്കുന്നു. കേരളത്തിന്റെ ഉടമസ്ഥതയിലുളള അണക്കെട്ടിന്റെ നിര്‍മ്മാണ, ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന വാദവും ചിത്രം മുന്നോട്ടു വയ്ക്കുന്നു.

'ജലരാഷ്ട്രീയം' സജീവ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിന്‍ അതിനോടുള്ള തമിഴ് ജനതയുടെ പ്രതികരണമെന്ന നിലയില്‍ വേണം ലിംഗയെ നിരീക്ഷിക്കേണ്ടത്. കേരളത്തിലെ ജനതയുടെ ഭീതിയിലും ആശങ്കയിലും കഴമ്പില്ലെന്ന മട്ടില്‍ അണക്കെട്ട് തകരില്ലെന്ന ആശയം വികലമായ ചരിത്രരൂപീകരണത്തിലൂടെ സംവിധായകന്‍ സാധിക്കുന്നു. ഫെഡറല്‍ വ്യവസ്ഥയില്‍ മുന്നോട്ടുപോകുന്ന രാജ്യത്തിന്റെ നയങ്ങളെ അപകടകരമാംവിധം ബാധിക്കുന്ന ഒരു തീവ്രവാദനിലപാടാണ് ലിംഗവിനിമയം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ സിനിമയോളം സ്വാധീനം മറ്റൊരു മാദ്ധ്യമത്തിനും അവകാശപ്പെടുവാനാകാത്തതിനാല്‍ സ്ഥാപിതതാല്പര്യങ്ങള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് ഒരു ബോധവത്കരണപ്രക്രിയയാകുന്നു. ബ്രീട്ടീഷ് സര്‍ക്കാറിന്റെ സാമ്പത്തികപിന്തുണയോടെ ജോണ്‍ പെന്നിക്വിക്ക് എന്ന എഞ്ചിനീയര്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണചരിത്രം സിനിമ പൊളിച്ചെഴുതുന്നു. വിദേശത്തുനിന്നും സാങ്കേതികവിദ്യാഭ്യാസം സിദ്ധിച്ച ലിംഗേശ്വരന്‍ തമിഴ് ജനതയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മിച്ചത് എന്ന് ചിത്രം ഉറപ്പിക്കുന്നു. ബലക്ഷയത്തെക്കുറിച്ചുള്ള വാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്, ബോംബ് സ്‌ഫോടനത്തിലും അണക്കെട്ട് തകരില്ലെന്ന് സ്ഥാപിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. സിനിമയ്ക്കും ചരിത്രത്തിനും ഭാവനയ്ക്കും അപ്പുറത്തേക്ക് നീളുന്ന തമിഴ് പ്രാദേശികബോധത്തിന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും ബഹിര്‍സ്ഫുരണമാണ് ലിംഗ.

കേവലയാഥാര്‍ത്ഥ്യം (Absolute Reality) എന്നത് ഒരു സങ്കല്പമായി നിലനില്ക്കവേ ചരിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ രേഖീകരണമാകുന്നില്ല. അതിനാല്‍ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതും നവീകരിക്കേണ്ടതുമായ ഒന്നായി വേണം ചരിത്രത്തെ സമീപിക്കേണ്ടത്. മോശ, ഇയ്യോബ്, ലിംഗ എന്നിവര്‍ സാങ്കല്പികകഥാപാത്രങ്ങളാവാം. എന്നാല്‍ അവരെ മുന്‍നിര്‍ത്തി വ്യവഹാരങ്ങള്‍ രൂപപ്പെടുന്നു. ചലച്ചിത്രകാരന്റെ ഭാവന ചരിത്രമാകുന്ന പ്രതിഭാസമാണിത്. ഒരു അബോധത്തെ നിര്‍മ്മിക്കുന്ന പ്രത്യശാസ്ത്ര ഉപകരണമായും സ്ഥാപിതരാഷ്ട്രീയങ്ങളെ വിന്യസിക്കുവാനുള്ള കലാരൂപമായും സിനിമ പരിവര്‍ത്തിക്കപ്പെടുന്നു.

Subscribe Tharjani |