തര്‍ജ്ജനി

പുസ്തകം

ചരിത്രം, എം. എന്‍. വിജയന്‍, ചട്ടമ്പിസ്വാമികള്‍ ....

കേരളചരിത്രത്തില്‍ പെരുമാക്കളുടെ കാലത്തിനുശേഷം സ്വരൂപങ്ങളുടെ ഭരണമായിരുന്നു; നെടിയിരിപ്പ്, പെരുമ്പടപ്പ്, വേണാട് സ്വരൂപങ്ങള്‍. ഇക്കാലം, കേരളചരിത്രത്തിലെ മദ്ധ്യകാലം കൂടിയാണ്. മദ്ധ്യകാലകേരളത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് എം. ആര്‍. രാഘവവാര്യരുടെ ഈ പുസ്തകത്തിലെ പ്രബന്ധങ്ങള്‍ ഓരോന്നും. നാടുവാഴി സ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, കരവാണിജ്യവും കടല്‍വാണിജ്യവും എന്നിങ്ങനെ പതിമൂന്ന് പ്രബന്ധങ്ങള്‍.മദ്ധ്യകാലകേരളത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശേഷിച്ചും കേരളചരിത്രതത്പരര്‍ക്കും ഒരുപോലെ ഒഴിച്ചുകൂടാനാകാത്ത പുസ്തകം.

മദ്ധ്യകാലകേരളം:സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍
എം. ആര്‍. രാഘവവാര്യര്‍
292 പേജുകള്‍
വില : 230 രൂപ
പ്രസാധനം : നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.

ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ചുള്ള സുകുമാര്‍ അഴീക്കോടിന്റെ പ്രശസ്തപുസ്തകത്തിന് ശേഷം ശീര്‍ഷകസ്വീകരണത്തില്‍ അതേ മാര്‍ഗ്ഗം സ്വീകരിച്ച ഈ പുസ്തകം വി.സി. ശ്രീജന്റേതാണ്. പലപ്പോഴായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. കുറ്റവും കുറവും എന്ന ദീര്‍ഘലേഖനം എം. എന്‍. വിജയന്റെ നിരൂപകജീവിതത്തെ വിശകലനവിധേയമാക്കുന്നു. കേസരിയെ മറക്കുക, മനശ്ശാസ്ത്രനിരൂപണം മലയാളത്തില്‍, മൂന്ന് ചോദ്യങ്ങള്‍, മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നിവയാണ് ഈ ചെറുപുസ്തകത്തിലെ മറ്റ് ലേഖനങ്ങള്‍. കേരളത്തിന്റെ പൊതുജീവിതത്തില്‍ ഒരു കാലത്ത് നിറഞ്ഞുനില്ക്കുകയും പ്രഭാഷണങ്ങളിലൂടെ സമൂഹത്തെ അഭിസംബോധനചെയ്യുകയും രാഷ്ട്രീയമാര്‍ഗ്ഗദര്‍ശനം നല്കുകയും ചെയ്ത എം. എന്‍. വിജയനെക്കുറിച്ച് സ്തുതിയല്ലാതെ എഴുതപ്പെട്ട ലേഖനങ്ങള്‍. നിശിതമായ യുക്തിബോധവും ചിന്താപരമായ ജാഗ്രതയുമാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
എം. എന്‍.വിജയന്‍:കുറ്റവും കുറവും
വി.സി.ശ്രീജന്‍
76 പേജുകള്‍
വില : 55 രൂപ
പ്രസാധനം: നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.
ആത്മതത്വത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്നവിധത്തില്‍ ലളിതമായി പ്രതിപാദിക്കുന്ന രണ്ട് കൃതികള്‍ ചട്ടമ്പിസ്വാമികളുടേതായി ഉണ്ട്, വേദാന്തസംഗ്രവും വേദാന്തസാരവും. പന്മന ഉണ്ണികൃഷ്ണന്‍ കണ്ടെടുത്ത ശുദ്ധപാഠമാണ് ഈ പുസ്തകം. ചട്ടമ്പിസ്വാമികളുടെ കൃതികള്‍ പലതും പില്കാലപരിഷ്കരണങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണെന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പ്രസക്തമാണ്. ഗുരു ശിഷ്യന് ആത്മവിദ്യ ഉപദേശിക്കുന്നതാണ് വേദാന്തസാരം. സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ തത്വമസി എന്ന മഹാവാക്യത്തിന്റെ നിരൂപണമാണ് ഇതില്‍ ചട്ടമ്പിസ്വാമികള്‍ നിര്‍വ്വഹിക്കുന്നത്.
വേദാന്തസാരം
ചട്ടമ്പിസ്വാമികള്‍
92 പേജുകള്‍
വില : 125 രൂപ
പ്രസാധനം : സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, കടപ്പനക്കുന്ന്, തിരുവനന്തപുരം. 695 043.
ആവര്‍ത്തിച്ച് വിവര്‍ത്തനം ചെയ്യപ്പെടുകയും ആവേശപൂര്‍വ്വം മലയാളി വായനാസമൂഹം സ്വീകരിക്കുകയും ചെയ്യുന്ന വൈദേശികഭാഷാകൃതികളില്‍ ഖലീല്‍ ജിബ്രാന്റെ സ്ഥാനം അദ്വിതീയമാണ്. ജിബ്രാന്റെ മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അറുപത്തഞ്ച് കഥകളുടെ വിവര്‍ത്തനമാണ് ഈ സമാഹാരം. ആത്മാവിന്റെ നിത്യമായ അര്‍ത്ഥാന്വേഷണങ്ങളും പ്രണയത്തിന്റെ ദിവ്യാനുഭൂതിയും ഇന്ദ്രിയാതീതമായ അനുഭവങ്ങളും ജൈവാംശമാക്കിയ കഥകളുടെ സമാഹാരം. പലപ്പോഴായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ വിവര്‍ത്തനങ്ങള്‍. മനോഹരമായ രീതിയില്‍ അച്ചടിച്ച് പുറത്തിറക്കിയതാണ് ഈ പുസ്തകം.
അലഞ്ഞു തിരിയുന്നവര്‍
ഖലീല്‍ ജിബ്രാന്‍
വിവ. ആര്‍. രാമന്‍ നായര്‍
144 പേജുകള്‍
വില : 125 രൂപ
പ്രസാധനം : സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, കടപ്പനക്കുന്ന്, തിരുവനന്തപുരം. 695 043.
അകാലത്തില്‍ നമ്മെ വേര്‍പിരിഞ്ഞ ചലച്ചിത്രകാരന്‍ സി. പി. പത്മകുമാറിന്റെ ഒടുവിലത്തെ ചലച്ചിത്രസംരംഭമായിരുന്നു നീലാംബരി. എണ്പതുകളുടെ തുടക്കത്തില്‍ പുറത്തുവന്ന അപര്‍ണ്ണ, നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത സമ്മോഹനം എന്നിവയാണ് പത്മകുമാറിന്റെ രചനകള്‍. അനുരഞ്ജനമില്ലാത്ത സൌന്ദര്യസങ്കല്പങ്ങളുമായി ജീവിച്ച ചലച്ചിത്രകാരന്റെ നിര്‍മ്മിക്കപ്പെടാതെപോയ സിനിമയുടെ തിരക്കഥ.

പഠനത്തില്‍നിന്ന് അറിവിലേക്കും കുടുംബത്തില്‍നിന്ന് ലോകത്തിലേക്കും കാമത്തില്‍നിന്ന് സ്നേഹത്തിലേക്കും ഒരുപാട് അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും സഞ്ചരിച്ച് തന്റേതായ മലമുകളില്‍ തിരിച്ചെത്തുകയും ഒടുവില്‍ അവിടുത്തെ മഞ്ഞില്‍ സ്വയം അലിയുകയും ചെയ്യുന്ന മനുഷ്യന്റെ ആത്മപ്രയാണത്തിന്റെ കഥ എന്ന് നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ നീലാംബരിയെ വിശേഷിപ്പിക്കുന്നു.
നീലാംബരി
സി. പി. പത്മകുമാര്‍
79 പേജുകള്‍
വില : 250 രൂപ
പ്രസാധനം : സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, കടപ്പനക്കുന്ന്, തിരുവനന്തപുരം. 695 043 ന്റെ സഹകരണത്തോടെ സി.പി.പത്മകുമാര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ചത്.

Subscribe Tharjani |