തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

സദാചാര 'ഒളിഞ്ഞുനോട്ടകാല'ത്തെ എഴുത്തച്ഛന്‍


തപാല്‍വകുപ്പ് പുറത്തിറക്കിയ ഫസ്റ്റ് ഡേ കവറിലെ എഴുത്തച്ഛന്റെ ചിത്രം

2002 ല്‍ മാധവിക്കുട്ടിക്ക് അന്നത്തെ കേരള സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്കാന്‍ തീരുമാനിച്ചപ്പോള്‍ ചില ഹിന്ദുസംഘടനകള്‍ അതിനെ ശക്തിയുക്തം എതിര്‍ത്ത് രംഗത്തുവരികയുണ്ടായി. മാധവിക്കുട്ടി ലൈംഗികതയെക്കുറിച്ച് എഴുതുന്ന നിലവാരം കുറഞ്ഞ അശ്ലീലഎഴുത്തുകാരിയാണെന്നും എഴുത്തച്ഛനാകട്ടെ ദൈവത്തെക്കുറിച്ചെഴുതിയ പരമഭക്തനായ എഴുത്തുകാരനാണെന്നും അതിനാല്‍ മാധവിക്കുട്ടിക്ക് എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം നല്കാന്‍ പാടില്ലെന്നുമായിരുന്നു അവരുടെ വാദം. ഹിന്ദു ഭക്തരെന്നവകാശപ്പെടുന്ന എഴുത്തുകാരും മറ്റും ഒരുഭാഗത്തും അതല്ലാത്തവരായ എഴുത്തുകാരും മറ്റും മറുഭാഗത്തുനിന്നും നടത്തിയ ഈ തര്‍ക്കം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ആരെന്ത് എഴുതണമെന്നും അതെങ്ങനെ വായിക്കണമെന്നും വ്യാഖ്യാനിക്കണമെന്നും ചില സംഘടനകളും സമുദായങ്ങളും തീരുമാനിക്കുന്ന അവസ്ഥ വളരെക്കാലമായി കേരളത്തിലുണ്ട്. അതിന്റെ ഒരു പ്രകാശനമായിരുന്നു ഇത്. അത്തരം വാദങ്ങള്‍ കൂടുതല്‍ ശക്തമായി ഉയരുന്ന കാലമാണിത്. മതത്തിനെതിരേ വിമത ശബ്ദമുയര്‍ത്തരുതെന്നു കല്പിക്കുന്ന വാദങ്ങള്‍ ഒരുഭാഗത്തും നിലവിലുള്ള സാമൂഹികവഴക്കങ്ങളും ചിട്ടകളും അതേപടി പിന്തുടരണമെന്നും അതൊന്നും ലംഘിക്കാന്‍ പാടില്ലെന്നും പറയുന്ന സദാചാരവാദങ്ങള്‍ മറ്റൊരു ഭാഗത്തും നിന്ന് ജനാധിപത്യബോധത്തെ പലതരത്തില്‍ ഞെരിച്ചുകൊല്ലുന്ന അവസ്ഥയില്‍ സദാചാരത്തെക്കുറിച്ചും അതില്‍ രൂപപ്പെടുന്ന കാഴ്ചകളെയും വായനകളെയും കുറിച്ച് കൂടുതലായി സംസാരിക്കേണ്ടിവരുന്നു.

സംവാദങ്ങളെയും വായനയുടെ തുറവിയെയും അസാദ്ധ്യമാക്കുംവിധം മരവിപ്പിച്ചു നിര്‍ത്തുന്ന ഇടപെടലാണ് സദാചാരമെന്നു പറയുന്നത്. കേരളചരിത്രം, മലയാളസാഹിത്യചരിത്രം എന്നിവ പരിശോധിച്ചാല്‍ മലയാളിയുടെ ബോധം എങ്ങനെ സവിശേഷമായി ഓരോ കാലത്തെയും മലയാളിയുടെ മുഖ്യധാരാ പുരുഷസദാചാരത്തെ സംരക്ഷിക്കുന്നതായി മാറുന്നു എന്നു കാണാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിലനില്ക്കുന്ന സദാചാരബോധത്തെ ന്യായീകരിക്കുന്നതിനോ നീതിമത്കരിക്കുന്നതിനോ ആണ് മിക്ക വായനകളും ശ്രമിക്കുന്നത്. മലയാള സാഹിത്യത്തിലെ കൃതികളുടെ വിശകലനവും അര്‍ഥോത്പാദനവും കാനോനീകരണവും നടത്തിയിരിക്കുന്നത് ഇവയുടെ അടിസ്ഥാനത്തിലാണെന്നു കാണാം. മണിപ്രവാളകൃതികളെ അച്ചീചരിതങ്ങളും അതിനാല്‍ അശ്ലീലങ്ങളുമാണെന്നുമുള്ള നിലയില്‍ വായിച്ചെടുത്തത് ഇതിന് നല്ല ഉദാഹരണമാണ്. മലയാളിയുടെ ശരീരം, ലൈംഗികത തുടങ്ങിയവയിലെ ആധുനികബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രാചീനകൃതികളെ വായിച്ചത്. അതായത് സദാചാരഒളിഞ്ഞുനോട്ടം സമൂഹത്തിലെ ചില സ്ഥലങ്ങളില്‍ മാത്രം നടക്കുന്ന പ്രക്രിയയല്ല, സാഹിത്യം, കല പോലുള്ള മേഖകളെയും ഭരിക്കുന്നത് ഇത്തരം നോട്ടങ്ങളാണെന്നു സാരം. സദാചാരനോട്ടങ്ങളുടെയും വായനകളുടെയും നല്ല ദൃഷ്ടാന്തമാണ് എഴുത്തച്ഛന്‍ വ്യവഹാരങ്ങള്‍.

1

1881 ല്‍ ഇറങ്ങിയ ആദ്യമലയാള സാഹിത്യചരിത്രമായ പി.ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാചരിത്രത്തില്‍ എഴുത്തച്ഛന്റെ ജീവിതകഥ പരത്തി ഇപ്രകാരം പറഞ്ഞിരിക്കുന്നു: തുഞ്ചത്തെഴുച്ഛന്‍ എന്ന ദിവ്യനായ കവിയുടെ പെര രാമാനുജന്‍ എന്നായിരുന്നു. ..... ഇദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി വിശേഷമൊയി ഒരു കഥ പറഞ്ഞു കെട്ടിട്ടുള്ളത ഇവിടെയും പക്ഷെ പ്രസ്താവിക്കെണ്ടിയിരിക്കുന്നു- ഇദ്ദെഹത്തിന്റെ അച്ഛന്‍ ഒരു നംപൂരിയും അദ്ദെഹം സാമാന്യ വ്യുല്പന്നനായ ഒരു ജ്യൊതിഷിയും ആയിരുന്നു. തിരുവനന്തപുരത്തെക്കു പൊയി മടങ്ങി വരുന്ന വഴിക്കു വെട്ടത്തുനാട്ടില്‍ വന്നിരുന്ന- നെരം രാത്രിയാകയാലും പക്ഷെ അക്കാലങ്ങളിലുള്ള ജനങ്ങള്‍ക്കു യാത്രചെയ്യുന്നതിലുണ്ടായിരുന്ന ഓരൊ ദുര്‍ഘടങ്ങളെകൊണ്ടും വിശെഷിച്ചും ഇല്ലത്തെക്കു പിന്നെയും വളരെ ദൂരം ഉണ്ടായിരുന്നിരിക്കാവുന്നതിനാലും വല്ലടത്തും കെറി രാത്രി മുഴുവന്‍ താമസിക്കണമെന്നു നിശ്ചയിച്ചു ഒരു വിട്ടില്‍ കെറുക ഉണ്ടായി- ശുദ്രവംശത്തില്‍ താന്ന ഒരു വര്‍ഗ്ഗമായ ചാക്കാലമാരില്‍ ഒരാളിന്റെ വീടായിരുന്നൂ അത- ആ വീട്ടില്‍ ഒരു വൃദ്ധയും തന്റെ പുത്രിയും മാത്രമെ ഉണ്ടായിരുന്നൊള്ളു- പുത്രിയുടെ പ്രായവും ആകൃതിയുടെ ലാവണ്യവും (അല്ലംകില്‍ വൈരുപ്യവും)ഇപ്പൊള്‍ കേവലം ഊഹഗോചരങ്ങളായിത്തന്നെ ഇരിക്കുന്നു- രം പുത്രിയില്‍ എഴുത്തച്ഛന്‍ ജനിച്ചു എന്നാകുന്നു പറവാന്‍ പോകുന്നത. എഴുത്തച്ഛന്‍ കണ്ടാല്‍ സുന്ദരനായിരുന്നൂ എന്നു കെള്‍വിയുണ്ടു. ആ സ്ഥിതിക്കു മാതാവുംകല്‍ വൈരുപ്യം ആരൊപിപ്പാന്‍ തക്ക ന്യായങ്ങള്‍ അധികം കാണുന്നില്ലാ- പ്രായം കൊണ്ടു നൊക്കുമ്പൊള്‍ അതിയുവതി അല്ലന്നു വരാമെകിലും മദ്ധ്യമവയസ്സിനപ്പുറം തന്നെ ആയിരുന്നിരിക്കണം.

നംപൂരി വീട്ടില്‍ വന്നതിന്റെ ശെഷം യഥായൊഗ്യം ആദരിച്ചു ഗ്രഹത്തില്‍ മാന്യമായ ഒരു സ്ഥലത്തു അദ്ദെഹത്തിനെ ശയിപ്പിച്ചു വൃദ്ധയും പുത്രിയും നിദ്രയെ പ്രാപിച്ചു- എന്നാല്‍ രാത്രിയില്‍ ഉണര്‍ന്നു നൊക്കുമ്പോള്‍ നംപൂരി സ്വസ്ഥനല്ലാത്ത വിധത്തില്‍ വെളിയിലിറങ്ങി നക്ഷത്രങ്ങളൊ നൊക്കുകകയും തിരിയെ കെറി കിടക്കുകയും മറ്റും പലതവണയും ചെയ്യുന്നതു കണ്ടു ആ വൃദ്ധയുടെ പുത്രി തനിച്ചിറങ്ങി ബ്രാഹ്മണന്റെ സമീപത്തില്‍ വന്നു ജാകരണത്തിന്റെയും മറ്റും ഹെതു ചൊദിച്ചപ്പോള്‍ അത്യുത്തമനായ ഒരു ഉല്പത്തി പ്രദമായരിക്കുന്ന സുമുഹൂര്‍ത്തം അചിരെണ വ്യര്‍ത്ഥമായി കഴിയാന്‍ പൊകുന്നു എന്നു വിചാരിച്ചു ഖെദിക്കുന്നു എന്നു കെട്ടു ആ പുത്ര സന്താനലാഭം തനിക്കായിട്ടു അഭ്യര്‍ഥിക്കുകയും താദൃശമായ സമയത്തുംകല്‍ ദയാലുവായ ആ ബ്രാഹ്മണന്‍ അതിനെ അവള്‍ക്കു പ്രദാനം ചെയ്യുകയും ഉണ്ടായി എന്നും എഴുത്തച്ഛന്‍ ഇങ്ങനെ ഉണ്ടായ ആളാണെന്നും ഒരു കിംവദന്തിയുള്ളതും എല്ലാവരും അറിഞ്ഞിരിക്കണം-

ആദ്യസാഹിത്യചരിത്രകാരന്‍ വിശദമായി പറയുന്ന ഇക്കഥ പില്ക്കാലത്ത് പലരും ഒറ്റവാചകത്തില്‍ ഒതുക്കുന്നതായിട്ടാണ് കാണുക. ഒരു നമ്പൂതിരിപുരുഷന് ചാക്കാല സ്ത്രീയിലാണ് എഴുത്തച്ഛന്‍ ജനിച്ചതെന്ന കേള്‍വിയുണ്ട് എന്നുമാത്രമാക്കി. ഈ കഥയുടെ പാഠഭേദവും പ്രസക്തമാണ്- കുളക്കടവില്‍ വച്ചു മറന്ന പണസഞ്ചി കണ്ടെത്തി തിരിച്ചേല്പിച്ച ചാക്കാല സ്ത്രീയോടുള്ള താത്പര്യമാണ് എഴുത്തച്ഛന്റെ പിറവിയുടെ പിന്നിലെന്നാണ് പാഠഭേദം. ഇക്കഥ സാഹിത്യചരിത്രത്തില്‍ പിന്നെ എങ്ങനെ ഉപയോഗിച്ചു എന്നതിനപ്പുറം പൊതുസമൂഹത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ക്ലാസ്സ്മുറിയിലെ എഴുത്തച്ഛന്‍ ഇക്കഥയിലൂടെയാണ് കടന്നുവരിക. എന്നാല്‍ ഇതൊക്കെ ഒരു കഥയാണെന്നും അതിന് അടിസ്ഥാനമോ ചരിത്രപരമായ സാധുതയോ ഇല്ലെന്നും സഹിത്യചരിത്രകാരന്മാര്‍ വാദിച്ചുതുടങ്ങി. സമൂഹത്തില്‍ പലതരത്തില്‍ അറിയപ്പെടുന്നവരെല്ലാം ബുദ്ധിപരമായ മികവുണ്ടായിരുന്നുവെന്നു സ്ഥാപിക്കപ്പട്ടിരിക്കുന്ന നമ്പൂതിരിമാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നു സ്ഥാപിക്കാനുള്ള ശ്രമമായിട്ടാണ് ഇത്തരം കഥകളെ അവര്‍ കാണുന്നത്. പില്ക്കാലത്ത് മികച്ച സാഹിത്യചരിത്രകൃതികളായി ഉപയോഗിക്കപ്പെട്ട എന്‍.കൃഷ്ണപിള്ള, എം.ലീലാവതി മുതലായവരുടെ സാഹിത്യചരിത്രത്തില്‍ എഴുത്തച്ഛന്‍ പ്രത്യക്ഷപ്പെടുന്നത് ഈ കഥയുടെ അകമ്പടി ഇല്ലാതെയാണ്. അങ്ങനെ പരമഭക്തന്‍, ജ്ഞാനി, ഗുരു എന്നിങ്ങനെ ലേബല്‍ പതിഞ്ഞ, ചില കവിതകള്‍ കൊണ്ട് ഒറ്റയടിക്ക് കേരളത്തെ അധര്‍മത്തില്‍നിന്ന് ധാര്‍മ്മികതയിലേക്കു നയിച്ച പക്കാ സന്ന്യാസിയായാണ് എഴുത്തച്ഛന്‍ വരയ്ക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എഴുത്തച്ഛന്റെ നമ്പൂതിരി- ചാക്കല ബന്ധകഥയെ നിരാകരിക്കുന്നതിനു പിന്നില്‍ ഈ ബ്രാഹ്മണാധിപത്യം നിഷേധിക്കുന്നതിനുള്ള ശ്രമമാണോ എന്നുള്ളത് പുനര്‍ചിന്ത അര്‍ഹിക്കുന്നു. വിശേഷിച്ചും ഇവരുടെയൊക്കെ ചരിത്രത്തില്‍ സാഹിത്യത്തിലെ ബ്രാഹ്മണാധിപത്യത്തെ നിലനിര്‍ത്തുന്ന യുക്തികള്‍ ധാരാളം കാണപ്പെടുന്ന പശ്ചാത്തലത്തില്‍.

ഇതേപോലെ മറ്റൊരു കഥയും ഗോവിന്ദപ്പിള്ള പറയുന്നുണ്ട്- എഴുത്തച്ഛന്‍ സംബന്ധം ചെയ്തിട്ടുണ്ടായിരുന്നൂ എന്നും അതിനാല്‍ മക്കള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ ഒരു മകളുടെ കയ്യക്ഷരത്തിണ അദ്ദെഹത്തിന്റെ കവിതകള്‍ എഴുതിയുണ്ടാക്കിയിരിക്കുന്നൂ എന്നും ചിലര്‍ പറയുന്നൂ എന്നതാണത്. എഴുത്തച്ഛന്റെ യോഗിത്വവും ഭക്തിയും ചെറിയ തോതില്‍ പോറലേല്പിക്കുന്നതാണ് ഇക്കഥ. എഴുത്തച്ഛന്റെ പേരുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന മിക്ക കഥകളും മിക്ക സാഹിത്യചരിത്രത്തിലും ചെറിയ രീതിയില്‍ കാണാമെങ്കിലും എഴുത്തച്ഛന്‍ സംബന്ധം/ വിവാഹം ചെയ്തുവെന്ന കഥമാത്രം ആരും പറയുന്നില്ല എന്നത് എടുത്തുപറയണം. നാരായണഗുരു വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ മിക്കവരും ഇക്കഥ ഒഴിവാക്കുകയാണ് ചെയ്തതെന്ന വസ്തുത ഇവിടെ കൂട്ടിവായിക്കണം. എല്ലാ ഭൗതികബന്ധങ്ങളും വിട്ട സന്ന്യാസിയെന്ന പരിവേഷം നിര്‍മ്മിക്കുന്ന സദാചാരബോധമാണ് നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഒരു ഭാഗമെന്ന് ഈ ഭാഗത്തിന്റെ തമസ്കരണത്തിലൂടെ വീണ്ടും വ്യക്തമാകുന്നു. എഴുത്തച്ഛന്റെ കവിത ഭക്തിപ്രധാനമാണെന്നു സ്ഥാപിക്കാനുള്ള ശ്രമമൊന്നും ഗോവിന്ദപ്പിള്ള ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കവിതയിലെ ശൃംഗാരമൊക്കെ പിള്ള നന്നായി എടുത്തുകാട്ടിയിട്ടുമുണ്ട്. ചുരുക്കത്തില്‍ എഴുത്തച്ഛനെ പരമഭക്തനാക്കി മുദ്രകുത്താനുള്ള ശ്രമം പില്കാലത്താണ് നടന്നതെന്നു സാരം.

2

ഈ സാഹിത്യചരിത്രഭാഗം പറഞ്ഞുതരുന്ന കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ വായിച്ചാല്‍ എത്തിച്ചേരാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്-

ക. മലയാള ഭാഷയുടെ പിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛന്‍ ഔപചാരികമായ ആധുനികബോദ്ധ്യത്തിലുള്ള കുടുംബത്തില്‍ പിറന്ന സന്തതിയല്ല. മറിച്ച് 'അവിഹിതത്വം' ആരോപിക്കാവുന്ന ഒരാളാണ്.

ഖ. പഴയകാലത്ത് ഒരു പുരുഷന്, വിശിഷ്യ സവര്‍ണന് , മുന്‍കൂര്‍ അനുമതിയൊ മറ്റോ ഇല്ലാതെ ഏതു സ്ത്രീയുമായി എപ്പോഴും രമിക്കാമായിരുന്നു.

ഗ. സ്ത്രീകളും ഇതിന് മുന്‍കൈയെടുത്തിരുന്നു. ചുരുക്കത്തില്‍ ഇക്കഥയിലൂടെ കടന്നുപോയാല്‍ എത്തിച്ചേരുന്നത് ലൈംഗികത നിയന്ത്രിക്കപ്പെട്ട ഒന്നായിരുന്നില്ലെന്നും തുറന്ന ഒന്നായിരുന്നു എന്നുള്ളതാണ്. ആര്‍ക്കും എവിടെയും വച്ചു നടത്താവുന്നത്. വീടുകള്‍ അതിനായി എപ്പോഴും സന്നദ്ധമായിരുന്നു. പ്രണയത്തിനായിരുന്നില്ല പ്രസക്തി മറിച്ച് കാമത്തിനായിരുന്നു. എന്നിങ്ങനെയുള്ള ആധുനികതയ്ക്കു മുമ്പുള്ള മരുമക്കത്തായ- സംബന്ധ ഫ്യൂഡല്‍ കാലത്തേക്കാണ്. ഇക്കാലത്തിന്റെ സാമൂഹികത ഇളക്കം തട്ടിക്കൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ഗോവിന്ദപ്പിള്ളയുടെ സാഹിത്യചരിത്രം പുറത്തുവരുന്നത്. അന്ന് ഇത്തരം ഒരു കഥയെ അംഗീകരിക്കാന്‍ കഴിയുന്ന സാംസ്കാരികഭാവുകത്വമായിരുന്നു നിലനിന്നത്. വിശേഷിച്ചും നമ്പൂതിരി-നായര്‍ ബന്ധമായിട്ടാണ് പൊതുവേ മരുമക്കത്തായവും സംബന്ധവും ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആധുനികതയും നവോത്ഥാനവും ഈ മരുമക്കത്തായ സംബന്ധത്തെ ചോദ്യം ചെയ്യുകയും അതിന്റെ ലൈംഗികതയെയും ശരീരബോധ്യങ്ങളെയും നിരോധിക്കുകയും ചെയ്തു. മാനസികപ്രണയത്തെ മുന്നോട്ടുവച്ചുകൊണ്ട് ശരീരകാമത്തിന്റെ പ്രകടനപരതയെ സ്വകാര്യയിടത്തേക്ക് ഒതുക്കി (ഇതിനെക്കുറിച്ച് തര്‍ജ്ജനിയിലെ മുന്‍ ലക്കങ്ങളില്‍ എഴുതിയിട്ടുണ്ട്). ഇത്തരം കാല്പനികപ്രണയവൈകാരികതകള്‍ ശക്തിപ്പെടുന്ന കാലത്താണ് പുതിയ സാഹിത്യചരിത്രങ്ങള്‍ എഴുതപ്പെടുന്നത്. ഇവിടെ ആവശ്യം ശരീരത്തെ മറച്ചുവയ്ക്കുന്ന ഭക്തിയുടെ ആളായ എഴുത്തച്ഛനെയാണ്. ലൈംഗികതയെ നിയന്ത്രിക്കുന്ന, ആത്മീയതയെയും ദൈവികതയെയും തുറന്നുവിടുന്ന കവിയെയാണ്. ധാര്‍മ്മികതയ്ക്കും സദാചാരത്തിനും പ്രധാന്യം നല്കുന്ന, ഉപദേശിയായ കവിയെയാണ്. അതിന് പറ്റിയതായിരുന്ന എഴുത്തച്ഛന്റെ കാവ്യശരീരത്തിന്റെ ബാഹ്യരൂപം. അതിലൂടെ ചന്ദനമൊക്കെ വാരിപ്പൂശിയ പരമസാത്വികനായ സന്ന്യാസിവര്യന്റെ രേഖാചിത്രം നാം നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.


lതുഞ്ചന്‍പറമ്പിലെ മ്യൂസിയത്തിലെ എഴുത്തച്ഛന്റെ ചിത്രം

2002ഈ ഭക്തന് ലൈംഗികതയില്‍ മുങ്ങിയ മാതൃ-പിതൃ പാരമ്പര്യവും വിവാഹവും മക്കളും അലങ്കാരമല്ല. അതയാളുടെ പരിവേഷത്തിന് മങ്ങലുണ്ടാക്കുന്നതാണ്. അതുകൊണ്ടാവാം കുത്തഴിഞ്ഞ ലൈംഗികത നിറഞ്ഞ അക്കഥകള്‍ യുക്തമല്ലെന്നു പറഞ്ഞ് പില്ക്കാലത്ത് ഒഴിവാക്കിയത്. ഈ എഴുത്തച്ഛനും അതുപോലെയുള്ള വര്യന്മാരുമാണ് മലയാളസാഹിത്യത്തിന്റെ അളവുകോല്‍. അങ്ങനെ ലൈംഗികതയെക്കുറിച്ച് എഴുതുന്ന സാഹിത്യകാരികളും കാരന്മാരും മോശക്കാരായ എഴുത്തുകാരും ഭക്തിക്കു പ്രാധാന്യം കൊടുത്തവര്‍ മികച്ച / നല്ല എഴുത്തുകാരുമാകുന്ന ഒരു പുരുഷ പൊതുബോധം നിര്‍മ്മിതമായിട്ടുണ്ട്. സാഹിത്യം ഒന്നേയുള്ളൂവെന്നും അതിന് ലിംഗ-ജാതി ഭേദമൊന്നും ഇല്ലെന്നും ഇത്തരക്കാര്‍ ഇടയ്ക്ക് കല്പിക്കുന്നത് കേള്‍ക്കാം. മാധവിക്കുട്ടിയെപ്പോലുള്ള എഴുത്തുകാര്‍ സദാചാരത്തിന്റെ കണ്ണിലൂടെ നിരന്തരം വായിക്കപ്പട്ടതും അക്രമിക്കപ്പട്ടതും ഭക്തിയിലൂന്നിയ സദാചാരത്തിന്റെ വ്യവഹാരങ്ങളിലൂടെയാണ്. ഇത്തരം വ്യവഹാരങ്ങളെ നിരന്തരം പൊളിച്ചെഴുതേണ്ടതുണ്ട്. എല്ലാത്തരം സദാചാരബോധങ്ങളും കാലംതോറും മാറിക്കൊണ്ടിരിക്കുന്നവയാണെന്നും കൂടുതല്‍ ജനാധിപത്യവല്കരിക്കപ്പെടുന്ന സമൂഹത്തിനുവേണ്ടി നിരന്തരം പോരാടേണ്ടതുണ്ടെന്നുമാണ് ഇവ ഉന്നയിക്കുന്ന പ്രശ്നം. ഒളിപ്പിക്കുന്ന, വെട്ടിമാറ്റുന്ന വികാരങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കേണ്ടതുണ്ട്. ഭക്തിയെ/ ആത്മീയതയെ സദാചാരത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കേണ്ടതുണ്ട്.
----------------------------------------------------------------
കുറിപ്പ്: ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാചരിത്രം, കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്നുള്ള പതിപ്പാണ് ഉപയോഗിച്ചത്.

Subscribe Tharjani |