തര്‍ജ്ജനി

രാജേഷ്

Visit Home Page ...

സിനിമ

ഇന്റര്‍സ്റ്റെല്ലാര്‍ - ആസ്വാദനം 2

കഴിഞ്ഞ ലേഖനത്തില്‍ ഇന്റര്‍സ്റ്റെല്ലാര്‍ സിനിമയിലെ ചില പ്രധാന സ്പോയ് ലറുകള്‍ വായിച്ചു. ആ സ്പോയ് ലറുകളില്‍ത്തന്നെ വീണ്ടും ചില വിഷയങ്ങളെപ്പറ്റി പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടെന്ന് ഫേസ്ബുക്ക് കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു. ആദ്യം അതെല്ലാം നോക്കാം, എന്നിട്ട് സിനിമയെപ്പറ്റി സംസാരിക്കാം.

ഇവിടെ നിന്നും സ്പോയ് ലര്‍ തുടങ്ങുന്നു. ലേഖനം അവസാനിക്കുന്നതുവരെ സ്പോയ് ലര്‍ തന്നെ.

1 തമോഗര്‍ത്തത്തില്‍ വീഴുന്ന കൂപ്പര്‍ പെട്ടെന്ന് ടെസറാക്റ്റിനുള്ളില്‍ അകപ്പെടുന്നു. അയാളെ അവിടെയെത്തിച്ചത്, ശാസ്ത്രത്തിലും സാങ്കേതികതയിലും അപ്പോഴുള്ളതിനേക്കാള്‍ പല മടങ്ങ് പുരോഗമിച്ച, അഞ്ച് മാനങ്ങളില്‍ ജീവിക്കുന്ന ഭാവികാലത്തിലെ മനുഷ്യരാണെന്ന് കൂപ്പര്‍ തന്നെ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍, ആ ഭാവികാലമനുഷ്യരും ഒരു കണക്കിന് സിനിമ എടുക്കുന്ന സമയത്ത് തന്നെയാണുള്ളത്. അപ്പോള്‍ അവരെങ്ങിനെ നാശത്തില്‍നിന്നും രക്ഷപ്പെട്ടു?

ഇതൊരു infinite loop ആണെന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കും ഇങ്ങനെ അവര്‍ക്ക് ശേഷം വരുന്ന തലമുറയില്‍നിന്നും സഹായം കിട്ടും. അങ്ങനെ ആ ലൂപ്പ് പോയിക്കൊണ്ടിരിക്കും. അതിന്റെ ആദികാരണം എന്താണെന്ന് നോളന്‍ പറയുന്നില്ല. നമുക്ക് ഇഷ്ടംപോലെ ഓരോന്ന് കരുതാം. എല്ലാത്തിനും മുന്നേ, ഈ സംഭവം നടക്കുമ്പോള്‍ എന്തോ ഒരു സംഭവം നടന്ന് അത് വച്ച് അവര്‍ ഗുരുത്വാകര്‍ഷണത്തിനെപ്പറ്റിയുള്ള സത്യം മനസ്സിലാക്കിക്കാണുമായിരിക്കും.

2 തമോഗര്‍ത്തത്തില്‍ വീണ കൂപ്പര്‍ ചത്ത് പോകാത്തതെന്ത് കൊണ്ട്?

കാരണം, അയാള്‍ മരിക്കാന്‍ പാടില്ലെന്നത് ഭാവികാലത്തിലെ മനുഷ്യരുടെ ആഗ്രഹമാണ്. എന്നാലേ അയാള്‍ വീഴുന്ന തമോഗര്‍ത്തത്തില്‍നിന്നും കിട്ടുന്ന വാര്‍ത്തകള്‍ അയാളുടെ മകളായ മര്‍ഫിയെ അറിയിക്കാന്‍ കഴിയൂ. എന്നാലേ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് മറ്റ് ഗ്രഹങ്ങളില്‍ പോയി ജീവിക്കാന്‍ പറ്റൂ. അയാള്‍ പേടകത്തില്‍നിന്നും ഇജക്റ്റ് ആയി പുറത്ത് വന്നതും ടെസറാക്റ്റില്‍ അകപ്പെടുന്നു. അവിടെ അയാളുടെ ഘടികാരത്തിനുള്ളില്‍ വാര്‍ത്തകള്‍ അയച്ച് അത് മര്‍ഫി മനസ്സിലാക്കിയതും കൂപ്പറിന്റെ ജോലി കഴിഞ്ഞത് കൊണ്ടാണ് അത് പതുക്കെ ഇല്ലാതാകുന്നത്. ഉടനെ തന്നെ കൂപ്പര്‍ ശനി ഗ്രഹത്തിന്റെ അരികിലുള്ള വോം ഹോളില്‍ എത്തുന്നു. അയാളെ ഭൂമിയില്‍ നിന്നും വന്നവര്‍ രക്ഷിക്കുന്നു.

ഇതാണ് സിനിമയിലെ വലിയ രണ്ട് സംശയങ്ങള്‍ എന്ന് തോന്നുന്നു. ഇനി സിനിമയിലേയ്ക്ക് പോകാം.

ഇന്റര്‍സ്റ്റെല്ലാര്‍പോലെ ശാസ്ത്രസംബന്ധിയായ സിനിമകള്‍ ഹോളിവുഡിലും ധാരാളം ഉണ്ടായിട്ടുണ്ട്. സ്റ്റാന്‍ലി ക്യൂബ്രിക്കിന്റെ 2001: A Space Odyssey എന്ന സിനിമയേക്കാള്‍ വലിയ ഉദാഹരണം ഇല്ല. ഫാന്റസികളായ Back to the Future Trilogy, Independence Day, Men in Black Trilogy, Star Wars series, Star Trek, Cowboys & Aliens, Abyss, Alien Series, Predator, Prometheus പോലെയുള്ള ധാരാളം സിനിമകള്‍ ഉണ്ട്. എന്നാല്‍, ഇതൊക്കെ ഭാവന ധാരാളം തിരുകിയിട്ടുള്ളതാണ്, യാഥാര്‍ത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലാത്തവ. ശരിയായ ശാസ്ത്രവും നല്ല തിരക്കഥയും ഉള്ളവ വളരെ കുറവാണ്. പിന്നെ പതിവ് മസാല സിനിമകളിലെ എല്ലാം തന്നെ സിനിമയില്‍ കണ്ട് കാഴ്ചക്കാര്‍ ആനന്ദിക്കും. (അത് രസകരമാണെങ്കിലും ശാസ്ത്രത്തിനെപ്പറ്റിയുള്ള ഒരു തുള്ളി അറിവ് പോലുമില്ലാതെ മന:പൂര്‍വ്വം മസാലക്കാഴ്ചകള്‍ അവയില്‍ ഇടം പിടിക്കും)

അപ്പോള്‍, ഇന്റര്‍സ്റ്റെല്ലാറില്‍ അങ്ങിനെയുള്ള മാരക മസാലക്കാഴ്ചകള്‍ ഇല്ലേ? എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അതില്‍ ഹോളിവുഡ് രീതിയിലുള്ള കൊമേഴ്സ്യല്‍ മസാലയാണ് കൂടുതലുള്ളത്. ആ കാഴ്ചകള്‍ മാത്രം വച്ച് നോക്കിയാല്‍ ഇന്‍ഡിപെന്റന്‍സ് ഡേ എന്ന സിനിമയ്ക്കും ഇന്റര്‍സ്റ്റെല്ലാറിനും വലിയ വ്യത്യാസം ഇല്ലെന്ന് ഞാന്‍ പറയും. ഉദാഹരണത്തിന്, മുമ്പ് റോക്കറ്റില്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത കൂപ്പര്‍, ആദ്യമായി ആ യാത്രയില്‍ പങ്കെടുത്ത്, റോക്കറ്റിനെ ഒരു റിമോട്ട് കണ്ട്രോള്‍ വിമാനം പോലെ ഇഷ്ടം പോലെ ഓടിക്കുന്നു. സിനിമയിലെ ഒരു ഭാഗത്ത് ഡോ.മന്‍ മരിച്ചതിന് ശേഷം അവരുടെ പേടകത്തിനെ സ്പേസ് സ്റ്റേഷനിലേയ്ക്ക് മാനുവല്‍ ആയി ഘടിപ്പിക്കുന്ന രംഗം കണ്ട് തിയേറ്റര്‍ മുഴുവനും കൈയ്യടിച്ച് ആസ്വദിച്ചത് സിനിമ കണ്ടവര്‍ക്കറിയാം. അതൊക്കെ യഥാര്‍ഥത്തില്‍ സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ്. അതുപോലെ ചടപടേന്ന് യാത്രയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൂപ്പര്‍ എടുക്കുന്നത്, തമോഗര്‍ത്തത്തില്‍ കൂപ്പറിന്റെ പേടകം പതിക്കുമ്പോള്‍ കേടുപറ്റാത്തത് (പതുക്കെ പേടകം നശിക്കുന്നത് കാണിക്കുന്നുണ്ട്, വാസ്തവത്തില്‍ ഒരു ഞൊടിയില്‍ പേടകം തകര്‍ന്ന് പോകും) എന്നിങ്ങനെയെല്ലാം വേണമെന്ന് വച്ച് മസാലയ്ക്കായി എഴുതപ്പെട്ട രംഗങ്ങളാണ്. ഇങ്ങനെ ചില രംഗങ്ങള്‍ ഉണ്ടെങ്കിലേ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ പറ്റൂയെന്ന് നോളന്റെ അഭിപ്രായം. ഇങ്ങനെയുള്ള രംഗങ്ങളൊന്നും 2001:A Space odysseyയില്‍ ഇല്ല. നമുക്കൊക്കെ മസാല രംഗങ്ങള്‍ ഉണ്ടെങ്കിലേ സിനിമ വേഗത്തില്‍ നീങ്ങുകയുള്ളൂയെന്ന് തോന്നുന്നതിനാല്‍; പലര്‍ക്കും ആ സിനിമ വളരെ പതുക്കെ നീങ്ങുന്നതായി തോന്നും. എന്നാലും, ഈ രണ്ട് സിനിമകളും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത് എഴുതിയത്. ഉറപ്പായും ക്യൂബ്രിക്കിന്റെ സിനിമയാണ് മികച്ചത്. അതിനെ വെല്ലാനുള്ള സിനിമ ഇന്നും വന്നിട്ടില്ല.


ബ്ലാക്ക് ഹോള്‍

‘എവിടെയൊക്കെ പ്രേക്ഷകരെ കബളിപ്പിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. സിനിമയില്‍ എന്റെ കൂടെ ഉണ്ടായിരുന്ന കിപ് തോണിനോടും അതിനെപ്പറ്റിയെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വെബ്ബില്‍ അത് തെറ്റ്, ഇത് തെറ്റ് എന്ന് എഴുതുന്നുണ്ടല്ലോ… അതൊന്നുമില്ല. അതൊക്കെ എന്താണെന്നറിയാന്‍ നിങ്ങള്‍ കിപ് തോണിന്റെ പുസ്തകങ്ങള്‍ ഒരിക്കലെങ്കിലും വായിക്കണം’ എന്നാണ് നോളന്റെ മറുപടി. ഈ മറുപടി എന്തിനാണെന്നാല്‍, സിനിമയില്‍ വരുന്ന വെള്ളം നിറഞ്ഞ ഗ്രഹത്തിലെ ഒരു മണിക്കൂര്‍ എന്നത് ഭൂമിയിലെ ഏഴ് വര്‍ഷങ്ങള്‍ എന്ന് പറയുന്നത് തെറ്റാണെന്ന് വിമര്‍ശിച്ച് വെബ്ബില്‍ ചില അഭിപ്രായങ്ങള്‍ വന്നത് തെറ്റാണെന്ന് നോളന്‍ പറയുന്നു. അത് കൃത്യമായി കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് നോളന്‍ പറയുന്നു.

അടുത്തത്, സിനിമയില്‍ തുടക്കം മുതലേ തരുന്ന ക്ലൂകള്‍ (മര്‍ഫിയുടെ ലൈബ്രറി തകരുന്നത്, Stay എന്ന മോഴ്സ് കോഡ് ഉണ്ടാകുന്നത്, പുസ്തകങ്ങള്‍ വീഴുന്നത്) എല്ലാം കൃത്യമായിരുന്നു. അതെല്ലാം പിന്നീട് വിശദീകരിക്കുമെന്ന് തുടക്കത്തിലേ മനസ്സിലാകുന്നെങ്കിലും, അതെല്ലാം നീണ്ട് പോയത് കുറച്ച് വിരസമായിപ്പോയി. അതുപോലെത്തന്നെ പയർ നശിക്കുന്നത്; ഓരോ പയറായി ഓരോ വര്‍ഷവും നശിക്കുന്നു; അതൊക്കെ തിടുക്കത്തില്‍ കാണിച്ച്, കൂപ്പര്‍ ബഹിരാകാശത്തിലേയ്ക്ക് പോകുന്ന രംഗത്തിലൂടെ നമ്മെ കൊണ്ടുപോകുന്നത് കൊണ്ട്, തിരശ്ശീലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നു. അടുത്തത് ഒരു ഇന്ത്യന്‍ വിമാനം കൂപ്പര്‍ പിടിക്കുന്നത് കഥയില്‍ ആവശ്യമില്ലാത്ത ഒന്നായിരുന്നു. ആദ്യം ലീക്ക് ആയ തിരക്കഥയില്‍ അതൊരു പ്രധാന രംഗം ആയിരുന്നു. കാരണം, അയാള്‍ അതിന്റെയടുത്ത് ഒരു ദ്വീപില്‍ ഇതുപോലുള്ള നിയന്ത്രണം വിട്ട യന്ത്രങ്ങള്‍ തേടിപ്പോകുന്നുണ്ട്. അതുപോലെ, ആ വേര്‍ഷനില്‍ അതൊരു ചൈനീസ് വിമാനം ആയിരുന്നു. അതിനും സിനിമയിലെ പിന്നീടുള്ള രംഗങ്ങള്‍ക്കും ബന്ധം ഉണ്ടായിരുന്നതിനാല്‍ അത് ആവശ്യമായിരുന്നു. പക്ഷേ, ഈ തിരുത്തിയ തിരക്കഥയില്‍ ആ രംഗത്തിന് ഒരു പ്രാധാന്യവും ഇല്ല. അല്ലെങ്കിലും ഇതെല്ലാം വിരസമാണ് തന്നെ.

സിനിമയുടെ തുടക്കം മുഴുവനായും കൂപ്പര്‍ ബഹിരാകാശത്തിലേയ്ക്ക് പറക്കുന്ന ദൃശ്യങ്ങളിലേയ്ക്കാണ് ലക്ഷ്യമിടുന്നത്. കഴിയുന്നത്ര വേഗത്തില്‍ ആ രംഗം വരണമെന്ന് നോളന്‍ തന്നെ കരുതിയിട്ടുണ്ടാകും. അതുകൊണ്ട്, കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ഒന്നും മനസ്സിലാകുന്നില്ല. കൂപ്പര്‍ എങ്ങിനെയുള്ളയാളാണ്? അയാള്‍ക്കും അയാളുടെ മകന്‍ ഡാമിനും തമ്മിലുള്ള ബന്ധം എങ്ങിനെയാണ്? അയാള്‍ക്ക് കൃഷിയാണോ മുഴുവന്‍ സമയജോലി? കൂപ്പര്‍ യന്ത്രങ്ങളും ഉണ്ടാക്കി. എന്നാലും, പെട്ടെന്ന് അയാള്‍ ഒരു റോക്കറ്റില്‍ കയറി ബഹിരാകാശത്തിലേയ്ക്ക് പോകുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. കുറഞ്ഞപക്ഷം അയാളൊരു പൈലറ്റ് ആണെന്നെങ്കിലും വ്യക്തമാക്കി, പിന്നീട് അയാള്‍ റോക്കറ്റില്‍ പോകുന്നത് കാണിച്ച് ന്യായീകരിക്കാമായിരുന്നെന്ന് തോന്നി. മാത്യൂ മക്കാൻഹേ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരു അവസരവും കൊടുത്തില്ലല്ലോ! നോളന്റെ ഭയങ്കരമായ തീം, കഥയിലെ പിന്നീടുള്ള കാര്യങ്ങള്‍, എന്നിവയാണ് മക്കാൻഹേയെ പിന്തള്ളുന്നത്. അത് തന്നെയാണ് നോളന്റെ കുഴപ്പവും. ഇന്‍സെപ്ഷനില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് അഭിനയിക്കാന്‍ എവിടെയാണ് അവസരം കിട്ടിയത്? നോളന്റെ കളിപ്പാവ പോലെയാണ് അദ്ദേഹം സിനിമയിലുടനീളം കാണിക്കപ്പെട്ടത്. അതുതന്നെയാണ് ക്രിസ്റ്റ്യന്‍ ബേലിനും -- Dark Knight Series ലെ ആദ്യത്തെ പടം ഒഴികെ ബാക്കിയുള്ള രണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചതായി എനിക്ക് തോന്നിയില്ല. മൊമെന്റോ, ഇന്‍സോംനിയ, പ്രസ്റ്റീജ് (എന്തിന്? ഡൂഡില്‍ ബഗ്ഗില്‍പോലും) കഥാനായകന്മാര്‍ നന്നായി അഭിനയിക്കുമായിരുന്നു. പ്രസ്റ്റീജോടെ (ബാറ്റ്മാന്‍ ബിഗിന്‍സും ചേര്‍ക്കാം) കഥാനായകന്റെ personal ഗുണാംശങ്ങള്‍ കാണുന്നത് നിന്ന് പോയി.

അടുത്തത് സിനിമയിലെ സംഭാഷണങ്ങള്‍. പലയിടങ്ങളിലും കൃത്രിമമായ സംഭാഷണങ്ങളുണ്ട്. അവ എഴുതിയതിന് കാരണം, സിനിമയുടെ തീം ആയ Fourth Dimension എന്ന വിഷയം ആണ്. പിന്നീട് വരാന്‍ പോകുന്നൂയെന്ന് പ്രേക്ഷകര്‍ക്ക് സൂചന കൊടുക്കുന്നതിനായാണ് അത്. അതുകൊണ്ട് തന്നെ അത് വഴവഴാ കൊഴകൊഴാന്ന് ആയിപ്പോയി. ആകാശപേടകം പുറപ്പെട്ടതും കൂപ്പറും അമേലിയായും സംസാരിക്കുന്ന എല്ലാ രംഗങ്ങളിലും ഇങ്ങനെയുള്ള – കേള്‍ക്കുമ്പോള്‍ എന്തോ അര്‍ത്ഥം ഒളിപ്പിച്ചിട്ടുള്ളതായി തോന്നുമെങ്കിലും – അതില്‍ ഒരു അര്‍ത്ഥവുമില്ലാതെ, 4th dimension മാത്രം ലാക്കാക്കുന്ന സംഭാഷണങ്ങളാണവ. ഉദാഹരണത്തിന് ഒരു സംഭാഷണം:

Love is the one thing that transcends time and space (Thanks – IMDB) ഇത് അമേലിയ കൂപ്പറിനോട് പറയുന്നതാണ്. കേള്‍ക്കാന്‍ രസമുണ്ട്.പക്ഷേ അതെങ്ങിനെ സാദ്ധ്യമാകും? കാലവും സ്ഥലവും താണ്ടി പ്രണയം അല്ലെങ്കില്‍ സ്നേഹത്തിന് നിലനില്ക്കാന്‍ കഴിയുമോ? ഈ വാചകം ശ്രദ്ധിക്കുകയാണെങ്കില്‍, പിന്നീട് അമേലിയ വേറൊരു ഗ്രഹത്തിലേയ്ക്ക് പുറപ്പെടുന്നു; അവളെ അന്വേഷിച്ച് കൂപ്പര്‍ പുറപ്പെടുന്നു; അതിന് ഒരു ന്യായീകരണം വേണം; അതിനാണ് ആദ്യം തന്നെ ഇങ്ങനെ ഒരു വചനം ഘടിപ്പിച്ചേക്കാം എന്ന് ആലോചിച്ച് വച്ചത് പോലെയുണ്ട് (നോളനോട് ചോദിച്ചാല്‍, കൂപ്പര്‍ തന്റെ മകൾ മർഫിയോട് പല വര്‍ഷങ്ങളായി സ്നേഹം കുഴച്ച് വച്ചിരിക്കുകയല്ലേ? അത് കാലത്തിനേയും സമയത്തിനേയും താണ്ടുന്ന സ്നേഹം തന്നെയല്ലേ? എന്ന് വാദിച്ചേക്കും. എന്നാല്‍ അങ്ങിനെയുള്ള contextല്‍ ഈ വചനം വരുന്നില്ല. ‘പ്രണയം’ എന്ന കോണ്ടക്സ്റ്റില്‍ ആണ് അത് സിനിമയില്‍ വരുന്നത്).

എന്നാലും, ഇതിനെല്ലാമപ്പുറം എനിക്ക് ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. വോം ഹോളും തമോഗര്‍ത്തവുമാണവ. ഇത്ര realisticആയി ഞാന്‍ ഇതുവരെ അവ എവിടേയും കണ്ടിട്ടില്ല. വോം ഹോള്‍ എന്നത് സൃഷ്ടിക്കപ്പെടുന്ന വസ്തുവാണ്. സ്വാഭാവികമായി അവ ഉണ്ടാകുന്നില്ല. അതുകൊണ്ട് അവയെ ഇഷ്ടം പോലെ ഭാവന ചെയ്യാം. എന്നാല്‍ തമോഗര്‍ത്തം എന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണ്. നമ്മുടെ ക്ഷീരപഥത്തിന്റെ നടുക്ക് വലിയൊരു തമോഗര്‍ത്തം ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതുമല്ലാതെ വേറേയും ഗാലക്സികളുടെ നടുക്കും തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തിലുള്ള ഒരു വസ്തുവിനെ തിരശ്ശീലയില്‍ എങ്ങിനെ കാണിക്കുമെന്നതില്‍ ആകാംക്ഷയുണ്ടായിരുന്നു. സിനിമയില്‍ വരുന്ന തമോഗര്‍ത്തം, ഏകദേശം ഒരു വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് ഉണ്ടായതാണ്. കിപ് തോൺ പല equationsപരിശോധിച്ചും പഠിച്ചും തന്റെ അനുമാനങ്ങള്‍ സി ജി ടീമിന് കൊടുത്തിരുന്നു. അത് വച്ച് അവര്‍ നിര്‍മ്മിച്ചതാണ് ആ തമോഗര്‍ത്തം. അത് സി ജിയില്‍ സിമുലേറ്റ് ചെയ്യുമ്പോള്‍, കിപ് തോൺ പ്രതീക്ഷിച്ച തമോഗര്‍ത്തത്തിന്റെ മുകളിലും, താഴേയും, ചുറ്റിലും ഉള്ള സ്പേസ് വലിച്ചെടുക്കുമ്പോള്‍ വര്‍ണ്ണരാശികള്‍ സ്വയം പുറപ്പെടുന്നതായി തോന്നി. സിനിമയില്‍ ശ്രദ്ധിച്ചാൽ, തമോഗർത്തത്തിന്റെ ചുറ്റിലുമുള്ള ഈ സ്പേസ്, വേഗത്തിൽ വലിച്ചെടുക്കപ്പെടുന്നത് കാണാം. അതെല്ലാം വച്ച് രണ്ട് വിശദമായ പേപ്പറുകൾ പ്രസന്റ് ചെയ്യാൻ പോകുന്നതായും കിപ് തോൺ പറഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പ് ഇങ്ങനെ ഒരു വോം ഹോൾ കുറച്ചെങ്കിലും നന്നായി കാണിച്ചത് Event Horizon എന്ന സിനിമയിലാണ്. എന്നാൽ അതിൽ വോം ഹോളും തമോഗർത്തവും ശരിക്ക് കാണിക്കുന്നില്ല. (X Men: Days of the Future Past, Harry Potter and the Prisoners of Azkaban പോലെയുള്ള സിനിമകളിൽ കാണിച്ചിട്ടുള്ളതെല്ലാം വോം ഹോൾ ആണെങ്കിലും, ബഹിരാകാശം, വോം ഹോളിലൂടെയുള്ള സഞ്ചാരം എന്നിവയൊന്നും കാണിക്കുന്നില്ല. അതെല്ലാം വെറും ഫാന്റസികളാണ്).

ഇതുവരെയുള്ള നോളൻ സിനിമകളിൽ സെന്റിമെന്റ്സ് കുറവാണ്. മൊമെന്റോയിൽ കുറച്ചും, ഇൻസപ്ഷൻ, ബാറ്റ്മാൻ സീരീസിൽ കുറച്ചും കാണും. സെന്റിമെന്റ്സിനേക്കാൾ തിരക്കഥയിൽ വിശ്വസിക്കുന്നയാളാണ് നോളൻ. എന്നാൽ ഇതിൽ സെന്റ്റിമെന്റ്സ് കൂടുതലാണ്. കൂപ്പറും മർഫിയും തമ്മിലുള്ള രംഗങ്ങളിൽ സെന്റിമെന്റ്സ് ഒഴുകുന്നുണ്ട്. എന്നാലതും സ്വാഭാവികമായി തോന്നുന്നില്ല. കൂപ്പർ ബഹിരാകാശത്ത് കുടുങ്ങിയതിന് ശേഷം അയാളുടെ മകൻ ഡാം അയച്ച വീഡിയോകൾ നോക്കുമ്പോൾ, പ്രേക്ഷകരുടെ മനസ്സ് ഒട്ടും കുലുങ്ങുന്നില്ല. ഏകാന്തത – ഇനിയൊരിക്കലും അവരെ കാണാൻ കഴിയില്ല – ഡാം വളർന്ന് വലുതായി എന്നിങ്ങനെയുള്ള പല വികാരങ്ങൾ അതിലുണ്ട്. അതുപോലെയാണ് മർഫി ആദ്യമായി കൂപ്പറിനോട് സംസാരിക്കുന്നതും.


വേം ഹോള്‍

ഇതൊന്നുമല്ലാതെ, സിനിമയിൽ ആവശ്യമില്ലാത്ത രംഗങ്ങൾ പലതുണ്ട്. ഡോ. മൻ വരുന്ന എല്ലാ രംഗങ്ങളും അങ്ങിനെയാണ്. ഇതൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് അവരുടെ സംഭാഷണത്തിൽത്തന്നെ മനസ്സിലാക്കാം. കാരണം അദ്ദേഹത്തിനും നോളൻ കൂപ്പറും അമേലിയായും സംസാരിക്കുന്നത് പോലെ ഭംഗിയുള്ള – എന്നാല്‍ അര്‍ത്ഥമില്ലാത്ത വചനങ്ങൾ കൊടുത്തിരിക്കുന്നു.

ഡാർക്ക് നൈറ്റ് റൈസസ് സിനിമയിലെ ക്ലൈമാക്സിൽ ഡാലിയ ആരാണെന്ന് പ്രേക്ഷകർ മനസ്സിലാക്കുമ്പോൾ അതൊരു ഭയങ്കര ട്വിസ്റ്റ് ആയിരിക്കുമെന്ന് നോളൻ കരുതുന്നു. എന്നാൽ ബാറ്റ്മാൻ രസികന്മാർക്ക് അവസാനം വരെ ഒരു ട്വിസ്റ്റും കിട്ടിയില്ല. അവർക്ക് ഡാലിയ ആരാണെന്ന് ആദ്യമേ അറിയാമല്ലോ. അതുപോലെയാണ് ഇതിലും സംഭാഷണങ്ങൾ മൂലം പിന്നാലെ വരുന്ന രംഗങ്ങൾക്ക് ക്ലൂ കൊടുക്കാമെന്ന് നോളന്മാർ ആലോചിച്ചത് എന്ന് മനസ്സിലാകുന്നു. അത് പഴയ തിരക്കഥ ടെക്നിക്ക് ആണ്. അതൊക്കെ മൈക്കൾ ബേയ്ക്ക് ചെയ്യാം, നോളൻ ചെയ്യരുത്. എന്നാലും, നോളൻ ഇപ്പോൾ ഒരു ടിപ്പിക്കൽ ഹോളിവുഡ് സംവിധായകൻ ആയതിനാൽ അദ്ദേഹത്തിനും അത് ചെയ്യാൻ അവകാശമുണ്ട്.

സിനിമയിലെ ക്ലൈമാക്സിൽ കൂപ്പറിന്റെ ടെസരാക്റ്റ് നശിക്കുമ്പോൾ അയാൾ അമേലിയായുമായി കൈകുലുക്കുന്നു (അല്ലെങ്കിൽ അവളുടെ കൈയ്യിൽ തൊടുന്നു). സിനിമയിൽ അമേലിയായുടെ കൈ ഒരു തിരമാല പോലെയുള്ള ഒന്നിൽ തൊടുന്നത് തുടക്കത്തിൽ കാണുന്നുണ്ട്. ‘That, is the first Contact’എന്ന് അമേലിയാ അവളോടൊപ്പമുള്ള കൂപ്പറിനോട് പറയുന്നുണ്ട്. കൂപ്പർ ടെസറാക്റ്റിൽ നിന്നും ശനി ഗ്രഹത്തിന്റെ അടുത്ത് ഭാവികാലത്തിലെ മനുഷ്യരാൽ അയയ്ക്കപ്പെടുമ്പോഴാണ് ഇത് നടക്കുന്നത്. ഇതും മുകളിൽ പറഞ്ഞ ‘ക്ലൂ’ ആണ്.

സിനിമയിൽ ഹോളിവുഡ് മസാല ധാരാളമുണ്ട്. ഒന്നാലോചിച്ച് നോക്കിയാൽ ഡാർക്ക് നൈറ്റ് റൈസസ് സിനിമയിലും ഇത്ര ടിപ്പിക്കൽ രംഗങ്ങൾ ഇല്ലെന്ന് കാണാം. എന്നാലും, തമോഗർത്തവും വോം ഹോളും കാണിച്ച്, അത് വച്ച് സിനിമ കാണുന്നവരുടെ ആഗ്രഹത്തിനെ ഖണ്ഠിച്ച് അവരെ ശാസ്ത്രത്തിലേയ്ക്ക് നയിച്ച നോളന്റെ കഴിവിനെ പ്രശംസിക്കുക തന്നെ വേണം. കിപ് തോൺ, സ്റ്റീഫൻ ഹോക്കിങ് എന്നിവരെപ്പോലെയുള്ള പേരുകൾ ഇപ്പോൾ വെബ്ബിൽ ധാരാളമായി കാണാറുണ്ട്. അവർ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കപ്പെടുന്നുണ്ട്. അതെനിക്ക് സന്തോഷം തരുന്നു. ഞാനും ഇൻസ്റ്റർസ്റ്റെല്ലാർ തിരക്കഥ ഫെബ്രുവരിയിൽ വായിച്ചിട്ടാണ് വീണ്ടും ശാസ്ത്രത്തിലേയ്ക്ക് എത്തുന്നത്.

സിനിമയിൽ ചില മറുപടിയില്ലാത്ത ചോദ്യങ്ങളും ഉണ്ട്.

നമ്മൾ ആദ്യമേ ചോദിച്ചതാണ്. ഭാവികാലത്തിലെ മനുഷ്യർ കൂപ്പറിനെ സഹായിക്കുന്നു. അങ്ങിനെയാണെങ്കിൽ അവർക്ക് ഈ സംഭവങ്ങൾ ഭൂതകാലത്ത് നടന്നപ്പോൾ ആരാണ് സഹായിച്ചത്?

അമേലിയാ, സിനിമയിലെ രണ്ടാം പകുതിയിൽ കൂപ്പർ ടെസറാക്റ്റിൽ ഘടികാരത്തിൽ തമോഗർത്തത്തിനുള്ളിൽ നിന്നും കിട്ടിയ വിവരങ്ങൾ പതിയുമ്പോൾ, തന്റെ പഴയ ലൈബ്രറിയിലേയ്ക്ക് വന്നാലേ തനിക്ക് വേണ്ട മറുപടി കിട്ടുകയുള്ളൂ എന്ന് മർഫിയ്ക്ക് തോന്നിയതെങ്ങിനെ? സിനിമയിൽ വളരെ യാദൃശ്ചികമായിട്ടാണ് കാണിക്കുന്നത്. സിനിമയിലെ വളരെ പ്രധാനപ്പെട്ട സംഗതി ഇങ്ങനെ യാദൃശ്ചികമായി കാണിക്കുന്നത് അതിക്രമമല്ലേ?

ഭാവികാലത്തിലെ, fifth dimension മനുഷ്യരാണ് തന്നെ സഹായിച്ചതെന്ന് ഒരു ഫ്ലാഷ് പോലെ കൂപ്പറിന്റെ മനസ്സിൽ തോന്നുകയാണ്. അതെങ്ങനെ? സിനിമയുടെ തുടക്കം തൊട്ടേ കൂപ്പർ ഇങ്ങനെയുള്ള പ്രധാന വിഷയങ്ങളെ കടയിൽ പോയി ചായ കുടിക്കുന്ന ലാഘവത്തോടേയാണ് സംസാരിക്കുന്നത്. ജീവിതം മുഴുവനും ആസ്ട്രോനട്ട് ആയ അമേലിയയെ പോലുള്ളവരെപ്പോലും അതിശയിപ്പിക്കുന്ന ചിന്തകൾ വാനിൽ വച്ച് പറഞ്ഞ് അതിശയിപ്പിക്കുന്നു. ഇതൊക്കെ എങ്ങിനെ സാധിക്കും?

അവസാനം അമേലിയ, അവർക്ക് പോകേണ്ട മൂന്നാമത്തെ ഗ്രഹത്തിലോ അല്ലെങ്കിൽ അതിന്റെ അരികിലോ ആണുള്ളത്. അവിടെ ആരുമില്ല. അങ്ങിനെയാണെങ്കിൽ കൂപ്പറിന് ശേഷം അവിടേയ്ക്ക് ആരും പോയില്ലേ? കൂപ്പർ ശനിഗ്രഹത്തിന്റെ അരികിലുള്ള കൂപ്പർ സ്റ്റേഷനിലാണല്ലോയുള്ളത്? അതെന്താ അങ്ങിനെ? കൂപ്പർ തന്നെ വീണ്ടും അവളെത്തേടി പോകണമെന്നാണോ?

പല ചോദ്യങ്ങൾ, നോളനേ മറുപടി അറിയൂ.

ആകെമൊത്തം നോക്കുമ്പോൾ, ഇത് ശരാശരി മസാലയാകേണ്ടതാണ്. ‘ക്രിസ്റ്റഫർ നോളൻ’ എന്ന ടാഗ് ഒട്ടിച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന സിനിമയായത്. അതിൽ സംശയമില്ല. അങ്ങിനെയല്ലെന്ന് പറയുന്നവർ Contact എന്ന സിനിമ കണ്ടിട്ടുണ്ടോ? അത് എന്ത് കൊണ്ട് ചർച്ച ചെയ്യപ്പെട്ടില്ല? അതിം ഏകദേശം ഇതേ ആശയമാണല്ലോ. അതിനോടൊപ്പം ഇതേ സിനിമ മൈക്കൾ ബേ എടുത്തിരുന്നെങ്കിൽ - തിരക്കഥയിലെ ഒരു വരി പോലും മാറാതെ അച്ച് കുത്തിയത് പോലെയായിരുന്നാലും – നമ്മൾ കാണുമായിരുന്നോ? കണ്ടാലും ഇങ്ങനെയൊക്കെ ചർച്ച ചെയ്യുമായിരുന്നോ?

അത് നോളന് നന്നായിട്ടറിയാം. തന്റെ പേര് എങ്ങിനെ മാർക്കറ്റ് ചെയ്യണമെന്നത് നോളന്റെ ലക്ഷ്യം തന്നെ. എന്തായാലും നോളന്റെ അടുത്ത സിനിമയെപ്പറ്റിയും നമ്മൾ ഇങ്ങനെയൊക്കെ ചർച്ച ചെയ്യും. ആ സിനിമയുടെ തിരക്കഥയിലും ടിപ്പിക്കൽ രംഗങ്ങൾ തീർച്ചയായും ഉണ്ടാകും. എന്നാലും, ഇന്റർസ്റ്റെല്ലാറിൽ വരുന്ന തമോഗർത്തം & വോം ഹോൾ പോലെ വേറേയെന്തെങ്കിലും നോളൻ കരുതിയിട്ടുണ്ടാകും. ഇൻസപ്ഷനിൽ nested dream loop പോലെ. പ്രസ്റ്റീജിലെ ഇരട്ടകളെപ്പോലെ. അതുകൊണ്ട് ആ സിനിമയും ചർച്ച ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. തുടക്കത്തിൽ നമ്മൾ കണ്ട സയൻസ് ഫിക്ഷൻ സിനിമകളും ഇന്റർസ്റ്റെല്ലാറിനും അത് തന്നെ വിത്യാസം. ഉദാ: പ്രോമിത്യൂസ് സിനിമയേയും ഇൻസ്റ്റർസ്റ്റെല്ലാറിനേയും താരതമ്യം ചെയ്ത് നോക്കൂ. അതിലും മനുഷ്യകുലത്തിന്റെ നാശം എന്ന വിഷയം തന്നെയാണുള്ളത്. അത് ആലോചിക്കുന്നത് രസകരമാണ്. എന്നാലും ആ സിനിമയിൽ മറ്റ് ഏലിയൻ സിനിമകളിലുണ്ടാകാരുള്ള ടെമ്പ്ലേറ്റ് രംഗങ്ങളുണ്ട്. സിനിമയും വളരെ വെറുപ്പിക്കുന്നതായിരുന്നു. അവിടെയാണ് നോളൻ കുറച്ച് വിത്യാസപ്പെടുന്നത്.

ഇന്റർസ്റ്റെല്ലാർ സിനിമ കണ്ടതും ഇനിയും അറിയാനുണ്ടെന്ന് തോന്നൽ എല്ലാവർക്കും ഉണ്ടാകുന്നത് സ്വാഭാവികം. ആദ്യം ഈ ഡോക്യുമെന്ററി കാണൂ. പിന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ നോക്കൂ.

1. ഇന്റർസ്റ്റെല്ലാർ നിരൂപണം ആദ്യഭാഗം
2. http://www.penny4nasa.org/2014/11/07/how-interstellar-black-hole-led-to-an-actual-scientific-discovery/
3. http://arts.nationalpost.com/2014/11/06/the-physics-you-need-to-know-in-order-to-understand-interstellar/
4. http://www.slate.com/articles/health_and_science/space_20/2014/11/interstellar_science_review_the_movie_s_black_holes_wormholes_relativity.2.html
5. http://www.slate.com/blogs/browbeat/2014/11/07/interstellar_explained_the_ending_who_are_they_the_tesseract_the_blight.html
6. http://www.wired.com/2014/10/astrophysics-interstellar-black-hole/
7. http://screenrant.com/interstellar-movie-plot-holes-science-christopher-nolan/
8. http://www.youtube.com/watch?v=6c_CW3Iv6j4
9. http://www.thedailybeast.com/articles/2014/11/10/christopher-nolan-uncut-on-interstellar-ben-affleck-s-batman-and-the-future-of-mankind.html

പി.കു: ഹാൻസ് സിമ്മറിന്റെ സംഗീതത്തിനെപ്പറ്റി പറയാൻ ഒന്നുമില്ല. നോളനെ വളരെയടുത്ത് നിന്ന് പിന്തുടരുന്നയാളാണ് സിമ്മർ. സിനിമയ്ക്ക് യോജിച്ച സംഗീതം. എനിക്കിഷ്ടമായി.

Subscribe Tharjani |