തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

പണയംവെച്ച വീട്

പണയംവെച്ച വീട്ടിലാണ്
എന്റെ താമസം
പെണ്‍കുട്ടികളുള്ള അച്ഛനമ്മമാരുടെ
മനസ്സമാധാനം എന്നേ പണയം
വെച്ചിരിക്കുന്നു!
കെട്ടിച്ചുവിടാന്‍ പണമില്ലാതെ
വന്നപ്പോള്‍
കെട്ടിപ്പെറുക്കിക്കൊടുത്തു ആധാരം
പറഞ്ഞറിഞ്ഞിട്ടുണ്ട് വീട്
ഞാന്‍ മറ്റൊരാളുടെ അവകാശിയെന്നു.
കൈ വിടല്ലെയെന്നു കേണപേക്ഷിക്കുന്നുണ്ട്
ഇറങ്ങിപ്പോകുമ്പോഴും കയറി വരുമ്പോഴും
വരാന്‍ അല്പം താമസിച്ചാല്‍
പെരുവിരല്‍ കുത്തി
നിവര്‍ന്നുനോക്കുന്നതുപോലെ
കാത്തുനില്ക്കും വഴിക്കണ്ണുമായി.
എത്ര ഊട്ടിയതും ഉറക്കിയതുമാണ്
വികാരങ്ങളുടെ വേലിയേറ്റങ്ങളെ
വഴക്കുകളെ ,എന്തെന്തു രഹസ്യങ്ങളെ
ഗോപ്യമാക്കി വെച്ചതാണെന്നു
മനസ്സില്‍ പറയുന്നുണ്ടാകും
ഓരോ കല്‍ച്ചുമരും
കുട്ടികളുടെ കൈ വിരല്‍പ്പാടുകളെ,
പെന്‍സില്‍ചിത്രങ്ങളെ,
എണ്ണമിഴുക്കില്‍ കറുപ്പ് ചായങ്ങളെ
മായാതെ കാത്തു വെയ്ക്കുന്നുണ്ട്.
എന്നും അടുക്കിപ്പെറുക്കി
തൂത്ത് വൃത്തിയാക്കുന്നുണ്ട് ഞാനും
ഒരിക്കിലും തോന്നിയിട്ടില്ല
ഇത് പണയംവെച്ച വീടെന്നു

Subscribe Tharjani |