തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

സ്മാരകങ്ങള്‍ പിറവിയെടുക്കുന്നത്

അതിരുകളുടെ കാവല്‍ക്കാരന്,
അരുതുകളുടെ അടുപ്പില്‍
ജീവിതം വേവിച്ചെടുത്തവനേ,
ഇതു നിനക്ക്..
‘നീ‘ യെന്നു പറഞ്ഞു തേഞ്ഞവള്‍ക്ക്
‘ഞാനെ‘ന്നു വ്യാകുലപ്പെടാനുള്ള അവകാശമില്ലെന്ന്
തല്ലിപ്പഠിപ്പിച്ച
അദ്ധ്യാപനശേഷിയ്ക്ക്..
കനല്‍ പഴുപ്പിച്ച വാങ്മയമികവിന്!

മുറിച്ചുമാറ്റാന്‍ വേരുകളില്ലാത്തവര്‍ക്ക്
ആകാശവും ഭൂമിയും തമ്മിലെന്തു വ്യത്യാസമെന്ന്
നീ കൈമലര്‍ത്തും.
എന്റെ വേരുകളുടെ തേരോട്ടങ്ങള്‍
നിനക്കു കാണാനാകാത്ത ആഴങ്ങളിലായിരുന്നെന്ന്
അറിയുന്ന നിമിഷം,
അപകര്‍ഷതയുടെ ഞരമ്പുകള്‍ പൂത്ത്
നീ
നിന്റെ ചെറുപ്പത്തെയോര്‍ത്ത് നിശ്ശബ്ദനാകും.
അതെ,
അദൃശ്യതയുടെ നോവെന്ന വെളിപാട്
നിന്നെ
ചരിത്രത്തിലേയ്ക്കു വിളിയ്ക്കും.

അതല്ല നോവെന്ന്,
അത്രയുമല്ല വേവെന്ന്
കാമുകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട
പെണ്‍കുട്ടിയുടെ മുറിവുകള്‍
വിളിച്ചുപറയും.
ഒരിയ്ക്കല്‍ അവന്റെ തലോടലിനായി തപംചെയ്ത ചുണ്ടുകള്‍
കീറിപ്പോയ ഒരോര്‍മ്മയില്‍ വിറകൊള്ളും.
മുലത്തടങ്ങളിലെ കനച്ച നീലിമ
ഓരോ കാഴ്ചയിലും കുത്തിനോവിയ്ക്കും.
നാഭീരോമങ്ങളില്‍ പറ്റിപ്പിടിച്ച ചോരപ്പാടുകള്‍
നിലവിളിച്ചുകൊണ്ടേയിരിയ്ക്കും.
ഒരു കടല്‍ച്ചൊരുക്കിനും പകരം വെയ്ക്കാനാവാത്ത
ആഴക്കടലില്‍ നിന്ന്,
ഒന്നിച്ചു നീന്തിയ പുഴയുടെ ഓളങ്ങളില്‍ നിന്ന്
വെറുപ്പും നൈരാശ്യവും പതഞ്ഞു ചാടും.
ഓര്‍മ്മകളെ കുടഞ്ഞെറിയാന്‍
ചേര്‍ത്തണയ്ക്കുന്ന ഇരുട്ടും വെളിച്ചവും
കണ്ണീര്‍വറ്റിയ കാലത്തിന്റെ
നെടുവീര്‍പ്പാകും.

അതിരുകള്‍ക്ക് കാവലായവനേ,
ജീവന്റെ ചില്ലയില്‍ ശേഷിയ്ക്കുന്ന പച്ചിലകളുടെ
ആയുസ്സിന്റെ നീളം
നീ പ്രവചിയ്ക്കുമ്പോള്‍
വെട്ടിത്തിരുത്തലുകളുടെ മൂന്നാം നാള്‍
ഉടല്‍ച്ഛേദത്തിന്റെ പാഠഭേദങ്ങള്‍
മരണം തിരുത്തിയെഴുതും.
ഓര്‍മ്മപ്പുണ്ണുകളുടെ അടയാളങ്ങള്‍
ജീവനില്‍ ശേഷിയ്ക്കുന്ന കറകളാകും.

ഇന്നെനിയ്ക്കറിയാം,
സ്മാരകങ്ങള്‍ പിറവിയെടുക്കുന്നത്
എങ്ങനെയാണെന്ന്…!

Subscribe Tharjani |