തര്‍ജ്ജനി

ശ്രീകുമാര്‍.പി

ബ്ലോഗ് http://valappotukal.blogspot.in

Visit Home Page ...

കഥ

ഇടവഴിയിലെ കരിനിഴലുകള്‍

ഇര വിഴുങ്ങിയ പെരുമ്പിനെപ്പോലെ അനങ്ങാതെ നീണ്ടുനിവര്‍ന്നു കിടക്കുന്ന വണ്ടികള്‍ക്കിടയിലൂടെ നടക്കുകയായിരുന്നില്ല, നേരം നന്നേ വൈകിയിരിക്കുന്നു. ഇനി അവസാനത്തെ ബസ്സ് കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും? ഓര്‍ത്തിട്ട് തന്നെ കയ്യുകള്‍ വിറക്കുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ത്തന്നെ വൈകി. എന്നത്തേയുംപോലെ അറിയിക്കാമെന്ന ഒരു വാക്കില്‍ അവരൊതുക്കുമ്പോള്‍, കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന കുറെ മോഹങ്ങളുടെ ചീട്ടുകൊട്ടാരമാണ് തകരുന്നത്. എല്ലാവര്‍ക്കും എക്സ്പീരിയന്‍സ് വേണം, എവിടെയെങ്കിലും ഒന്ന് കിട്ടാതെ എങ്ങനെ?

ചിന്തകളുടെ ഹമ്പുകള്‍ താണ്ടി നീണ്ടനിരയുള്ള ബസ്സുകള്‍ക്കിടയില്‍നിന്നും തനിക്കുള്ള ബസ്സ്‌ കണ്ടെത്താന്‍ നന്നേ പണിപെട്ടു, ഹാവൂ! സമാധാനമായി എത്ര വൈകിയാലും വീട്ടിലെത്താമല്ലോ. പക്ഷെ ഈ ഓട്ടത്തിനിടയ്ക്ക് വീട്ടിലെക്കു വിളിക്കാന്‍ മറന്നുപോയി, ഇറങ്ങുമ്പോള്‍ വിളിക്കമെന്ന് ഉച്ചക്ക് അമ്മയെ വിളിച്ചുപറഞ്ഞതാണ്, രാവിലത്തെ തിരക്കിനിടയില്‍ മൊബൈല്‍ വീട്ടില്‍ മറന്നുവയ്ക്കുകയും ചെയ്തു. അവസാന ബസ്‌ 10 മണിക്കാണെന്ന് അമ്മയ്ക്കറിയാം, അച്ഛന്‍ വന്നാല്‍ അമ്മ കവലയിലേക്കു പറഞ്ഞുവിടാതെ ഇരിക്കില്ല. പക്ഷെ ആ വരവ് എപ്പോഴാണ് എങ്ങനെയാണ് എന്നുമാത്രം ആര്ക്കും അറിയില്ല.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്സ്‌ നിറഞ്ഞിരുന്നു, അരികിലായി ഇരിക്കുന്ന പെണ്കുിട്ടിയോട് എവിടേക്കാണെന്നെങ്കിലും ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കയറിയപ്പോള്‍ മുതല്‍ അത് ആരോടോ സംസാരിച്ചു കൊണ്ടിരുന്നു, ഇപ്പോള്‍ ആ ബസ്സ്‌ മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ പാട്ടും കേട്ടിരിപ്പാണ്. എന്ത് ചോദിയ്ക്കാന്‍.

തണുത്ത കാറ്റിന്റെ തലോടല്‍ ഏറ്റപ്പോള്‍ കണ്ണുകള്‍ തുറന്നു, എങ്കിലും പാതിമയക്കതിലെന്നപോലെ ചാഞ്ഞുതന്നെ കിടന്നു. മലനിരക്കുകള്‍ക്കൊപ്പം മുലചുരത്തുന്ന റബര്‍മരങ്ങള്‍ നാണിച്ചിട്ടെന്നപോലെ തനിക്കു പിന്നിലൊളിക്കുന്നത് കാണാമായിരുന്നു. തണുപ്പരിച്ചു കടന്നപ്പോള്‍ പലരും ഷട്ടറുകള്‍ താഴ്ത്തി, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ തണുത്തിട്ടെന്നപോലെ വിറക്കുന്നുണ്ടായിരുന്നു. ഈറ്റകാടുകള്‍ക്കിപ്പുറം മണ്‍പാതയോടു ചേര്‍ന്ന് വിജനമായ സ്ഥലത്തായി ബസ്സ്‌ നിര്‍ത്തി. അവശേഷിക്കുന്ന ചിലര്‍ അവിടെ ഇറങ്ങി, ഇറങ്ങുന്നവരെ തള്ളിമാറ്റി ഒരാള്‍ മാത്രം വണ്ടിയില്‍ കയറി. അയാളുടെ രൂപവും പെരുമാറ്റവും പലരെയും ചിരിപ്പിച്ചു. കയറിയപ്പോള്‍ത്തന്നെ അയാളുടെ നോട്ടം എന്നിലേക്കാണെന്നു കണ്ടതോടെ ഞാന്‍ അയാളെ വെറുത്തു. കൊഴുത്തുരുണ്ട കറുത്ത രൂപം, മുഷിഞ്ഞ പോളിസ്ടര്‍ ഷര്‍ട്ടും കൈലിയും ആണ് വേഷം. ബസ്സ് നീങ്ങിയപ്പോള്‍ വല്ലാത്ത കുളിരുതോന്നി. പുറംകാഴ്ചകള്‍ തനിക്ക് നഷ്ടപ്പെടുകയാണ്. ഇരുട്ട് എല്ലാം തന്റെ കൈകളില്‍ ഒതുക്കുന്നു. ഒറ്റപ്പെട്ട വീടുകളില്‍നിന്നും കാണുന്ന വെളിച്ചത്തിനപ്പുറം എല്ലാം മറന്ന് പതഞ്ഞു നുരഞ്ഞ് വെള്ളച്ചാട്ടം.

വിജനമായ ബസ്സില്‍ ഇരുട്ടുനിറഞ്ഞു, ബസ്സ്‌ പ്രധാനപാത വിട്ട് തിരിഞ്ഞിരിക്കുന്നു. എടുത്തുമറിക്കുന്ന കുഴികളും കൊടുംവളവുകളും നിറഞ്ഞതാണീ റോഡ്. നാലഞ്ചു തൊഴിലാളികള്‍ കയറി. അവരുടെ കൈയ്യില്‍ പണിയായുധങ്ങള്‍ ഉണ്ടായിരുന്നു. ബസ്സ്‌ മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ അവരെന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കൂടണയാന്‍ പോകുന്ന പക്ഷികളുടെ വെമ്പല്‍ അവര്‍ക്കുണ്ടായിരുന്നു. ചുരത്തിനടുത്തായി അവരും ഇറങ്ങി, സീറ്റുകള്‍ വിജനമായി. കറുത്തിരുണ്ട രൂപം കണ്ടക്റ്ററുമായി എന്തോ ചോദിക്കുന്നുണ്ട്. അവരെന്തിനാണ് എന്നെ നോക്കുന്നത്? അയാളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കണ്ടക്റ്ററിലേക്ക് പടരുന്നത്‌ ഞാനറിഞ്ഞു. പുറകിലേക്കു നോക്കുമ്പോള്‍ വിജനമായി ചിരിക്കുന്ന സീറ്റുകള്‍ മാത്രം.

ഒന്നുലഞ്ഞുനിന്ന ബസ്സിലേക്ക് ഇരച്ചുകയറിയത് സ്ത്രീകളാണ്. അതിലൊരാള്‍ എന്റെ അരുകില്‍ത്തന്നെ ഇരുന്നു, ഇത്രയും വിജനമായി സീറ്റുകള്‍ ഉണ്ടായിട്ടും അവരെന്തിനാണ് എന്റെ അരുകില്‍ത്തന്നെ ഇരുന്നത്. മുറുക്കിച്ചുവന്ന ചുണ്ടുകള്‍ കാട്ടി ചിരിക്കുന്നതിനോപ്പം പുറത്തേക്ക് തുപ്പാന്‍ അവള്‍ എന്റെ തുടയില്‍ ആഞ്ഞൊന്നു പിടിച്ചു, എനിക്ക് വിറക്കുന്നുണ്ടായിരുന്നു. വാടിയ പൂക്കളുടെ മണത്തിനൊപ്പം, എവിടേക്കാ?... ഒന്ന് പതറി, കുറച്ചു ദൂരെയാ. ഒറ്റക്കാ...? ഒന്നും പറഞ്ഞില്ല, അറിയാത്തപോലെ ബാഗില്‍ ഒന്ന് തിരഞ്ഞു.

നിരങ്ങി നീങ്ങുകയാണോ? ഇത്രയും പതുക്കെയാണോ ബസ്സ്‌ നീങ്ങിയിരുന്നത്? വാച്ചിലൊന്നു നോക്കി. ഇല്ല, സമയം പോകുന്നില്ല, ഷട്ടര്‍ പാതി തുറന്നുനോക്കി. ഇല്ല, ഒന്നും കാണുന്നില്ല. എവിടാരുന്നു..? അടുത്ത ചോദ്യം. ഒരു ഇന്റര്‍വ്യൂ.. പറഞ്ഞു തീര്‍ന്നില്ല, ഹാ! അപ്പോള്‍ ജോലി ഒന്നും ഇല്ലാ അല്ലേ?.. ചുവന്നു തുടുത്ത മോണകാട്ടി ചിരിച്ചുകൊണ്ടവള്‍ എഴുന്നേറ്റു, വരുന്നോ എന്നൊരു ചോദ്യം അവളുടെ ചിരിയില്‍ മയങ്ങുന്നത്‌ ഞാന്‍ കണ്ടു.

ഇടക്കിടക്ക് അയാളെന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. സങ്കടവും ദേഷ്യവും ഒന്നിച്ചൊരു തിരമാലപോലെ വന്നടുത്തപ്പോള്‍, ഇനിയും കാത്തിരിക്കനാവാതെ ഞാന്‍ എഴുന്നേറ്റു, ആടി ഉലയുന്ന ബസ്സിന്റെ കമ്പിയില്‍ മുറുക്കെ പിടിക്കുമ്പോള്‍, എത്രയും വേഗം വീടെത്തണമെന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍. എനിക്കിറങ്ങണ്ട സ്ഥലമായി. ചാടി ഇറങ്ങി ഇടവഴിയിലേക്ക് കുറച്ചുനടന്നിട്ടാണ് തിരിഞ്ഞുനോക്കിയതുതന്നെ. പക്ഷെ അതൊരു അബദ്ധമായെന്ന് അടുത്ത നിമിഷം എനിക്ക് മനസ്സിലായി. എരിയുന്ന സിഗരട്ട്കനലിനു പിറകിലായി ആ കറുത്തരൂപം ഞാന്‍ കണ്ടു, ആ കനല്‍ പടര്‍ന്നുപിടിക്കുന്നു. റോഡരുകില്‍ കാത്ത് നിന്നിരുന്ന ചില ആള്‍ക്കാരിലേക്ക് . അവര്‍ എന്നെയാണോ നോക്കുന്നത്? അതെ അതിലൊരാള്‍ ഇവിടേയ്ക്ക് ചൂണ്ടുന്നു. അതെ, അവര്‍ ഇങ്ങോട്ട് തന്നെ. ആ പുകമറക്കുള്ളില്‍നിന്നും അവര്‍ ഉണരും മുമ്പേ വീടെത്തണം.

കാലിലൊരു കല്ല്‌ തറഞ്ഞപ്പോള്‍ ഒന്ന് ഇരുന്നു, അടുത്തുള്ള മുളംകാട്ടിലേക്ക് വലിഞ്ഞുകയറുമ്പോള്‍ ദൂരെനിന്നും സിഗരറ്റിന്റെ വെട്ടം കാണാമായിരുന്നു. ആ മണം അകന്നതും ഓടുകയായിരുന്നു, തൊടിയിലേക്കു കയറിയപ്പോള്‍ തന്നെ ശ്വാസം നേരെയായി. കരിയിലകള്‍ അനങ്ങിയത് കൊണ്ടാവും ഒരു നിഴല്‍ ജനാലയില്‍ നീങ്ങുന്നതു കണ്ടു. നാളിതുവരെ തന്നെ മറച്ചു നിര്‍ത്തിയ നിഴല്‍. ആശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് അമ്മയുടെ മുഖം കണ്ടതും കണ്ണുകള്‍ നിറഞ്ഞു. കയ്യുകള്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ അമ്മ പറഞ്ഞു, നീ അറിഞ്ഞോ മാഷ് മരിച്ചു. ഹോ! എത്രമാത്രം ആള്‍ക്കാരാ വന്നു പോകുന്നത്.

Subscribe Tharjani |