തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

മദ്യവര്‍ജ്ജനം ഗാന്ധിയുടെയും ഉമ്മന്‍ചാണ്ടിയുടെയും വഴികള്‍

കേരളത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയതോടെ ഉണ്ടായ കോലാഹലങ്ങള്‍ എങ്ങനെ പര്യവസാനിക്കുമെന്നതിനെക്കുറിച്ച് സ്വബോധമുള്ള മലയാളികള്‍ക്കും മദ്യപാനികള്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷെ, അതിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമായിരുന്നില്ല. പരിഹരിക്കപ്പെടുന്നതിന്റെ രീതി നമ്മുടെ ജീവിതപരിചയത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗുണനിലവാരമില്ലെന്നതിന്റെ പേരിലായിരുന്നല്ലോ, കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയത്. പ്രശ്നം കോടതിയിലാണെന്നതിനാല്‍ പരിഹാരം പ്രശ്നമല്ലെന്ന് ഊഹിക്കാവുന്നതേ.ഉള്ളൂ. ഒരു കോടതി എതിരായി വിധിച്ചതിനെതിരെ വേറൊരു കോടതി വിധിക്കും. അതിനെതിരെ വേറൊരു കോടതി വിധിക്കും. നമ്മുടെ നിയമപുസ്തകം ഇങ്ങനെ വ്യാഖ്യാനത്തിന്റെ അത്യനന്തസാദ്ധ്യതകള്‍ തുറന്നിട്ടിരിക്കുന്ന കാവ്യപുസ്തകമോ എന്നതില്‍ മാത്രമേ സംശയമുള്ളൂ. ഒരു പ്രശ്നം കോടതിയിലെത്തിയാല്‍ പിന്നെ രക്ഷപ്പെട്ടു എന്നതാണ് പ്രശ്നത്തില്‍ അകപ്പെട്ടവരുടെ നിലപാട്. വിവാദകോലാഹലങ്ങള്‍ അടങ്ങുന്നതുവരെ അത് കോടതിയില്‍ കിടക്കും. നൂറായിരം ചൂടന്‍ പ്രശ്നങ്ങള്‍ അതിനിടയില്‍ പൊങ്ങിവരും. ജനശ്രദ്ധ മാറിയാല്‍ പിന്നെ പ്രശ്നമില്ല. സര്‍ക്കാര്‍ കേസില്‍ തോല്ക്കും. ഇനി അങ്ങനെയൊന്നുമല്ലെ ശിക്ഷിക്കപ്പെട്ടെന്നിരിക്കട്ടെ, ശ്രീമാന്‍ ബാലകൃഷ്ണപിള്ളയെപ്പോലെ രണ്ട് കയ്യും വീശി ജയിലില്‍ നിന്ന് പുറത്തുപോരും. എന്തെല്ലാമോ ആസുഖങ്ങളുണ്ടെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ശിക്ഷ അനുഭവിക്കാതെ പുറത്തുപോന്നത്. ജയിലിനുപുറത്ത് എത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും രോഗലക്ഷണങ്ങളൊന്നും ആരും കണ്ടിട്ടില്ല. വി എസ്സിന്റെ മൂന്നാള്‍സംഘം ഇടുക്കിയിലെ അനധികൃതകയ്യേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ അക്കാലത്ത് ജീവിച്ചിരുന്ന കെ.കരുണാകരന്‍ പറഞ്ഞത്, ഇടിച്ചുപൊളിക്കുകയല്ല വേണ്ടത് എന്നാണ്. അത് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പിന്നെ കേസാക്കാം, അനുകൂലവിധിനേടാം. ഇത്തിരി കാലതാമസം വരാമെന്നേയുള്ളൂ.

നിലവാരമില്ലാത്തതിനാലാണ് ബാറുകള്‍ പൂട്ടിയത് എന്ന് പറഞ്ഞപ്പോള്‍ പൊതുസമൂഹം ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്: ബാറുകള്‍ക്ക് മാത്രം മതിയോ നിലവാരം? പൊതുഖജനാവിലെ പണം ഉപയോഗിച്ച് നടത്തപ്പെടുന്ന ഇവിടുത്തെ സ്ഥാപനങ്ങളില്‍ നിലവാരം പുലര്‍ത്തുന്നവ ഏതൊക്കെയാണ്? പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥയെന്താണ്? കേരളത്തിലെ മഹാനഗരമായ കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെന്താണ്? സംസ്ഥാന ഹൈവേയുടെ നിലയെന്താണ്? പൊതുമരാമത്ത് വകുപ്പ് എക്കാലത്തും ഇപ്പോഴത്തെ നിലവാരം നിലനിറുത്തുന്നുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളുടെ എണ്ണം കൃത്യമായി എണ്ണിപ്പറഞ്ഞ മന്ത്രി എന്ന അപൂര്‍വ്വബഹുമതി നേടിയ ആളാണ് ഡോ. തോമസ് ഐസക്ക്. പറഞ്ഞത് പാര്‍ട്ടിവേദികളിലോ ടെലിവിഷനിലെ ഹാസ്യപരിപാടിയിലോ അല്ല, നിയമസഭയിലാണ്, അതും മന്ത്രിയായിരിക്കെ. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കന്ന സേവനം നിലവാരമുള്ളതാവേണ്ടേ? കെ.എസ്.ആര്‍.ടി.സിക്ക് നിലവാരം വേണ്ടേ? എന്തിന് സര്‍ക്കാര്‍ വക മദ്യവില്പനശാലകളായ ബീവറേജസ് കോര്‍പ്പറേഷന്റെ സേവനത്തിന് നിലവാരം വേണ്ടേ? വാസ്തവത്തില്‍ നിലവാരമില്ലായ്മയുടെ പേരില്‍ ബാറുകള്‍ അടക്കുവാന്‍ കോടതി പറഞ്ഞിടത്തു നിന്ന് ആരംഭിക്കേണ്ടത് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ആലോചനകളായിരുന്നു. പക്ഷെ അതുണ്ടായില്ല.

സുപ്രീംകോടതിയുടെ വിധികാരണം വിദേശമദ്യഷാപ്പുകള്‍ അടക്കേണ്ടിവന്നതോടെ മദ്യവര്‍ജ്ജനം, മദ്യനിരോധനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. വിശേഷിച്ച് ഒരു അപകടവും ചെയ്യാത്ത പ്രസംഗങ്ങളും കുത്തിയിരിപ്പുകളുമായി നടന്നുപോന്ന വര്‍ജ്ജന-നിരോധനപ്രസ്ഥാനങ്ങള്‍ പൊടുന്നനെ കത്തിക്കേറാന്‍ തുടങ്ങി. കെ.പി.സി.സി പ്രസിഡന്റായ വി.എം.സുധീരന്‍ അതിന്റെ നായകത്വമേറ്റെടുത്തു. പ്രസംഗിക്കാനും പറഞ്ഞുകേള്‍ക്കാനും നല്ലരസമുള്ള വിഭവമാണ് ആദര്‍ശം. പക്ഷെ, കെ.പി.സി.സി പ്രസിഡന്റായ വി.എം.സുധീരന് മാത്രം ആദര്‍ശപരിവേഷവും മറ്റുള്ളവര്‍ക്ക് അതില്ലാതെയും ഇരിക്കുന്നതിന് അഭംഗിയുണ്ട്. അതിനാല്‍, സുധീരനെ കടത്തിവെട്ടുന്ന ആദര്‍ശം കളിക്കുകയല്ലാതെ വഴിയില്ല. കേരളത്തില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവാരമില്ലാത്തതു മാത്രമല്ല, പഞ്ചനക്ഷത്രഹോട്ടലിലേതല്ലാത്ത സമസ്തബാറുകളും പൂട്ടുവാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. അങ്ങനെ ആരും നമ്മളെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് രസിക്കേണ്ട!!! അതിനു പുറമെ സര്‍ക്കാര്‍ നടത്തുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകള്‍ വര്‍ഷത്തില്‍ പത്തുശതമാനം എന്ന കണക്കില്‍ പൂട്ടും. അങ്ങനെ പത്തുവര്‍ഷം കഴിഞ്ഞാല്‍ മലയാളികള്‍ക്ക് മദ്യപിക്കണമെങ്കില്‍ കേരളത്തിന് പുറത്തുപോകേണ്ടിവരും എന്ന നിലയിലെത്തിക്കുമെന്ന് വരുത്തി.


ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍.
കടപ്പാട് : മാതൃഭൂമി

ഇങ്ങനെ സമ്പൂര്‍ണ്ണമദ്യനിരോധനമെന്നെല്ലാം പറഞ്ഞ് നടപ്പില്‍ വരുത്തുന്നത് രാഷ്ട്രീയത്തിലെ കളിമാത്രമാണെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ അവര്‍ പ്രതീക്ഷിച്ചു, അധികാം വൈകാതെ കാര്യങ്ങള്‍ നേരെയാവും. അതെ, അതു സംഭവിച്ചു. പൂട്ടിയ ബാറുകളില്‍ ബീര്‍, വൈന്‍ എന്നിവ വില്ക്കാന്‍ ലൈസന്‍സ് നല്കണം എന്ന് ചില രാഷ്ട്രീയക്കാര്‍ പറഞ്ഞുതുടങ്ങി. നാട്ടിലെ മദ്യപാനികളില്‍ ആരും ആവശ്യപ്പെട്ടതല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടതല്ല. പിന്നെ ആരുടെ ആവശ്യമായിരുന്നു, അത്? സംശയമെന്ത്? മദ്യക്കച്ചവടക്കാരുടെ ആവശ്യം. അതിനു സമാന്തരമായി പൂട്ടിയ ബാറുകള്‍ തുറപ്പിക്കാനായി കെ.എം.മാണി കോഴ ചോദിച്ചുവാങ്ങിയെന്ന് മദ്യക്കച്ചവടക്കാരുടെ സംഘടനാനേതാവ് വെളിപ്പെടുത്തി. അപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ഒന്നുകൂടെ വ്യക്തമായിക്കിട്ടി. ഒരു വെടിക്കിതാ രണ്ടുപക്ഷി. കെ.എം.മാണിയുടെ മുഖ്യമന്ത്രിമോഹത്തിന് ഇരുട്ടടി. അദ്ദേഹത്തെ സ്പോണ്‍സര്‍ചെയ്യുന്ന ഇടതുമുന്നണിക്ക് നില്ക്കക്കള്ളിയില്ലാതായി. അതോടൊപ്പം ബാര്‍ തുറക്കാനുള്ള വഴിയും തുറന്നുകിട്ടി. നമ്മുടെ നാട്ടില്‍ കേസില്‍ പെട്ടവര്‍ ഇപ്പോള്‍ ചെയ്യുന്ന പണി മദ്യക്കാരുടെ സംഘടനാനേതാവും തുടങ്ങി. കോഴ വാങ്ങിയ ആളുകളുടെയെല്ലാം പേര് വെളിപ്പെടുത്തും, തെളിവുകള്‍ പുറത്തുവിടും എന്നെല്ലാം പറഞ്ഞുതുടങ്ങി. അക്കാര്യത്തില്‍ സരിതയോളമൊന്നും പോകേണ്ടിവന്നില്ല, അതിനു മുമ്പെ ബീര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു!!! ശുഭം.

കഴിഞ്ഞദിവസം ശ്രീമാന്‍ ഉമ്മന്‍ചാണ്ടി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മദ്യനയത്തിന്റെ കാര്യം വിശദീകരിക്കുന്നതുകേട്ടു. സര്‍ക്കാരിന്റെ നൂറ് ദിവസത്തെ കര്‍മ്മപരിപാടിയിലെ ഒരിനമായിരുന്നു മദ്യനിരോധനം. അതിനാല്‍ ഈ സര്‍ക്കാര്‍ ഒരു പുതിയ ബീവറേജസ് ഔട്ട് ലെറ്റും തുറന്നില്ല. ഞായറാഴ്ച ഡ്രൈഡേയാക്കി. അങ്ങനെയിരിക്കുമ്പോഴാണ് സുപ്രീംകോടതി... നിലവാരമില്ലാത്ത.... ശ്രദ്ധിക്കേണ്ട കാര്യമിതാണ്, നൂറു ദിവസത്തെ കര്‍മ്മപരിപാടിയില്‍ പറഞ്ഞ് നടപ്പിലാക്കിയ അത്രയും കാര്യങ്ങള്‍കൊണ്ട് മദ്യവര്‍ജ്ജനം നടക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുപോലെ ഇപ്പോള്‍ ചെയ്തതുപോലെ അടച്ച ബാറുകള്‍ ബീര്‍ വൈന്‍ പാര്‍ലര്‍ ആക്കുന്നതും മദ്യവര്‍ജ്ജനത്തിനുള്ള വഴിയാണ്.

ഇത്രയേ പറയുന്നുള്ളൂ. മദ്യവര്‍ജ്ജനത്തിന് ഗാന്ധിജിക്ക് ഒരു നയവും പരിപാടിയും. ഉമ്മന്‍ചാണ്ടിക്ക് വളരെ പ്രായോഗികമായ നയവും പരിപാടിയും. അതിലെന്ത് അത്ഭുതം? ഉമ്മന്‍ചാണ്ടി മഹാത്മാഗാന്ധിയല്ലല്ലോ, ആണെന്ന് അദ്ദേഹം അവകാശപ്പെടുകയുമില്ല.

Subscribe Tharjani |